പാലാ: സെന്റ് തോമസ് പ്രസ് ബുക്സ്റ്റാളിന്റെ ഭാഗമായി സെന്റ് തോമസ് ആര്‍ട്ട് ഗാലറി എന്ന പേരില്‍ പുതിയ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചരിപ്പും ഉദ്ഘാടനവും നിര്‍വഹിച്ചു. രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, രൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് മലേപ്പറമ്പില്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, രൂപത പ്രൊക്യുറേറ്റര്‍ ഡോ. ജോസഫ് മുത്തനാട്ട് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
വിവിധ തരത്തിലുള്ള പെയിന്റിങ്ങുകളുടെയും കലാശില്പങ്ങളുടെയും അതിവിപുലമായ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വാട്ടര്‍കളര്‍, അക്രിലിക്, എണ്ണച്ചായം മീഡിയത്തിലുള്ള പരമ്പരാഗത ക്രൈസ്തവ കലാരൂപങ്ങളുടെയും ഛായാചിത്രങ്ങളുടെയും പ്രകൃതിദൃശ്യങ്ങളുടെയും സമ്പന്നമായ ശ്രേണി ആര്‍ട്ട് ഗാലറിയെ ആകര്‍ഷകമാക്കുന്നു. കൂടാതെ, ദൈവാലയങ്ങള്‍ക്കും ഭവനങ്ങള്‍ക്കും ഉപയുക്തമായ രൂപക്കൂടുകളും ഫോട്ടോ ഫ്രെയിമുകളും ആര്‍ട്ട് ഗാലറിയില്‍ ലഭ്യമാണ്.
സെന്റ് തോമസ് പ്രസ് മാനേജര്‍ ഫാ. കുര്യന്‍ തടത്തില്‍, അസി. മാനേജര്‍ ഫാ. കുര്യാക്കോസ് പാത്തിക്കല്‍പുത്തന്‍പുര, ബ്രദര്‍ റീജന്റ് റിജു തുളുവനാനി, മാത്യു ഇ.എസ്., ജോഷി ജെ.യു., ജോര്‍ജ് കെ.എം. തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.