•  25 Dec 2025
  •  ദീപം 58
  •  നാളം 42
കവര്‍‌സ്റ്റോറി

ഈ ചെങ്കോല്‍ : ജനാധികാരത്തിന്റെയോ രാജാധികാരത്തിന്റെയോ

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായ ഇന്ത്യയുടെ പുതിയ പാര്‍ലമെന്റുമന്ദിരം ഇങ്ങനെയായിരുന്നോ രാജ്യത്തിനു സമര്‍പ്പിക്കപ്പെടേണ്ടിയിരുന്നത് എന്ന സന്ദേഹം മനസ്സില്‍ സൂക്ഷിക്കുന്നവരുടെ കൂട്ടത്തിലാണ് ഈ ലേഖകനും.
പുതിയ പാര്‍ലമെന്റുമന്ദിരം എന്തിന് എന്ന ചോദ്യത്തിനു മറുപടിയായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞ വിശദീകരണം ഇതാണ്: നിലവിലെ പാര്‍ലമെന്റുമന്ദിരത്തിന് നൂറുവര്‍ഷത്തോളം പഴക്കമായി; സ്ഥലവും സൗകര്യവും സാങ്കേതികവിദ്യയും അപര്യാപ്തം; ഭാവിയിലെ ആവശ്യങ്ങള്‍കൂടി കണക്കിലെടുക്കേണ്ടതുണ്ട്; 440 പേര്‍ക്കുമാത്രം ഇരിക്കാന്‍ സൗകര്യമുള്ള സെന്‍ട്രല്‍ ഹാളില്‍ സംയുക്തസമ്മേളനം നടക്കുമ്പോള്‍ ഇരിപ്പിടമൊരുക്കാന്‍ പ്രയാസം.
നൂറു വര്‍ഷത്തെ പഴക്കം പുതിയ മന്ദിരം പണിയാന്‍ ഒരു അനിവാര്യതയല്ലെങ്കിലും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞ  മറുവാദങ്ങള്‍ യുക്തിസഹമായിരുന്നു. എന്നാല്‍, ലോകത്തെ പല പ്രമുഖരാജ്യങ്ങളുടെയും (ബ്രിട്ടണ്‍, ജര്‍മനി, യു.എസ്.എ. തുടങ്ങിയവ) പാര്‍ലമെന്റുമന്ദിരങ്ങള്‍ക്ക്  അനേകം ശതാബ്ദങ്ങളുടെ പഴക്കമുണ്ട്. എങ്കിലും രാജ്യത്തിന്റെ ജനാധിപത്യഭവനം പണിപൂര്‍ത്തീകരിച്ചു ഗൃഹപ്രവേശനച്ചടങ്ങ് നടക്കുന്ന ചരിത്രമുഹൂര്‍ത്തത്തില്‍ ഭരണപ്രതിപക്ഷവ്യത്യാസമില്ലാതെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും സഹകരണം ഉറപ്പുവരുത്താന്‍ കേന്ദ്രസര്‍ക്കാരിനു കഴിയേണ്ടതായിരുന്നു.അതിനുപകരം, ആരും പങ്കെടുത്തില്ലെങ്കിലും ഉദ്ഘാടനം നടക്കുമെന്ന മനോഭാവമാണ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സ്വീകരിച്ചത്. നിര്‍ഭാഗ്യവശാല്‍ ഇത്തരമൊരു ജനാധിപത്യവിരുദ്ധസമീപനം, അതിനെത്തുടര്‍ന്നുള്ള വിവാദങ്ങള്‍, പുതിയ മന്ദിരം പണിയാന്‍ തീരുമാനിച്ചതുമുതലുണ്ട്.
പുതിയ പാര്‍ലമെന്റുമന്ദിരവും സെന്‍ട്രല്‍ സെക്രട്ടേറിയറ്റും ഉപരാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും വസതികളും ഉള്‍പ്പെടുന്ന 20000 കോടി രൂപ ചെലവിട്ടുള്ള സെന്‍ട്രല്‍ വിസ്റ്റ പദ്ധതിക്കു തുടക്കമിടുന്നത് കൊവിഡ് ആരംഭിച്ച കാലത്താണ്. 2020 ഏപ്രില്‍ 23 നാണ് സെന്‍ട്രല്‍ വിസ്റ്റ സമിതി പാര്‍ലമെന്റുമന്ദിരനിര്‍മാണത്തിന് ഓണ്‍ലൈന്‍ യോഗത്തിലൂടെ അനുമതി നല്‍കിയത്. പുതിയ പാര്‍ലമെന്റു മന്ദിരത്തിന്റെ രൂപരേഖമുതല്‍ ശിലാസ്ഥാപനം, നിര്‍മാണം, സൗകര്യങ്ങള്‍, ഉദ്ഘാടനം ഈവക കാര്യങ്ങളെക്കുറിച്ചൊന്നും പ്രതിപക്ഷത്തെ ഏറ്റവും തലമുതിര്‍ന്ന അംഗങ്ങളോടുപോലും ആശയവിനിമയം നടത്തുകയോ അഭിപ്രായം ആരായുകയോ ചെയ്തില്ലെന്നത്, എത്ര ഏകപക്ഷീയവും ഏകാധിപത്യപരവുമായിട്ടാണ് പാര്‍ലമെന്റുമന്ദിരം പണികഴിപ്പിച്ചത് എന്നു വ്യക്തമാക്കുന്നുണ്ട്.
പാര്‍ലമെന്ററിജനാധിപത്യത്തില്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും തുല്യപ്രാധാന്യവും പരിഗണനയും നല്‍കുകയെന്ന കേവലമര്യാദ ഒരു ഘട്ടത്തിലും ഉണ്ടായതായി കാണുന്നില്ല. നിലവിലുള്ള അംഗങ്ങളും ഭാവിയില്‍ അംഗങ്ങളാകേണ്ടവരും നിയമനിര്‍മാണത്തിനായി ഒത്തുചേരേണ്ട ഇടം എങ്ങനെയായിരിക്കണം എന്നതില്‍ പ്രതിപക്ഷാംഗങ്ങള്‍ക്കും ഭരണപക്ഷത്തെ അംഗങ്ങള്‍ക്കും ഒരഭിപ്രായംപോലും പ്രകടിപ്പിക്കാന്‍അവസരം ഉണ്ടായില്ലെന്നത് രാജ്യത്തിനുതന്നെ അപമാനകരമാണ്. ഫെഡറലിസത്തില്‍ അധിഷ്ഠിതമായ ഭരണമാണ് രാജ്യത്തു നിലവിലുള്ളതെങ്കിലും പുതിയ മന്ദിരം എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ചു സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയിട്ടില്ല.
പുതിയ പാര്‍ലമെന്റുമന്ദിരനിര്‍മാണപദ്ധതിയുടെ രൂപകല്പന, ആസൂത്രണം, നിര്‍മാണം എന്നിങ്ങനെ സര്‍വകാര്യങ്ങളും പ്രതിപക്ഷത്തില്‍നിന്നും ജനങ്ങളില്‍നിന്നും മറച്ചുപിടിക്കാന്‍ ശ്രമിച്ചുവെന്നത് അക്ഷന്തവ്യമായ അപരാധമാണെന്നു പറയാതെവയ്യ.
പദ്ധതിയുടെ നിര്‍മാണം കൊവിഡ്പ്രതിസന്ധി ബാധിക്കാതെ വളരെ ചെറിയ സമയത്തിനുള്ളില്‍ പൂര്‍ത്തീകരിച്ചു എന്നതു നേട്ടംതന്നെ. എങ്കിലും പ്രതിപക്ഷം ഉന്നയിച്ച പല വിമര്‍ശനങ്ങളും പ്രസക്തിയുള്ളതാണ്. പദ്ധതിയുടെ ഡിസൈന്‍ കണ്‍സള്‍ട്ടന്റിനെ തീരുമാനിച്ചത് ഓപ്പണ്‍ ടെന്‍ഡറില്ലാതെ പ്രധാനമന്ത്രിയുടെ ജന്മനാടായ ഗുജറാത്തിലെ കമ്പനിയെയായിരുന്നു. നിര്‍മാണം പുരോഗമിക്കുന്നതിനിടെ പാര്‍ലമെന്റുമന്ദിരത്തിനു മുകളില്‍ സ്ഥാപിച്ച അശോകസ്തംഭത്തിലുള്ളത് സാരാനാഥിലെ സിംഹങ്ങളുടെ യഥാര്‍ഥ രൂപമല്ല, രൗദ്രഭാവമുള്ള സിംഹങ്ങളാണെന്നത് ആരോപണമായെങ്കിലും ഭരണകൂടം അതു ഗൗനിച്ചില്ല. അശോകസ്തംഭത്തിന്റെ അനാച്ഛാദാനംപോലും രാഷ്ട്രപതിയല്ല, പ്രധാനമന്ത്രിയാണു നിര്‍വഹിച്ചത്.
ലോകസഭയും രാജ്യസഭയും കൂടിച്ചേരുന്നതാണ് പാര്‍ലമെന്റ്. രണ്ടു സഭകള്‍ക്കുംകൂടി ഒരു നേതാവല്ല ഉള്ളത്. ജനങ്ങള്‍ നേരിട്ടു തിരഞ്ഞെടുക്കുന്ന അംഗങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ലോകസഭയിലെ നേതാവാണ് നരേന്ദ്രമോദി. പിയൂഷ് ഗോയലാണ് രാജ്യസഭയിലെ ബി.ജെ.പിയുടെ നേതാവ്. രാഷ്ട്രത്തിന്റെയും പാര്‍ലമെന്റിന്റെയും ഇപ്പോഴത്തെ അധിപതി ദ്രൗപദിമുര്‍മു ആണ്. കേന്ദ്രമന്ത്രിസഭയുടെ ശിപാര്‍ശപ്രകാരം സഭാസമ്മേളനം വിളിച്ചുകൂട്ടാനുള്ള അധികാരം രാഷ്ട്രപതിക്കാണ്. ഭാരതത്തിന്റെ പ്രഥമപൗരനായ പ്രസിഡ
ന്റാണ് രാജ്യത്തെ സര്‍വസൈന്യാധിപന്‍. രാജ്യത്തിന്റെയും പാര്‍ലമെന്റിന്റെയും അധിപന്‍ അല്ലെങ്കില്‍ അധിപ രാഷ്ട്രപതിയാണ്. പാര്‍ലമെന്റിന്റെ സംയുക്തസമ്മേളനത്തിലെ നയപ്രഖ്യാപനപ്രസംഗം നടത്തുന്നതും പ്രസിഡന്റാണ്. ഇന്ത്യന്‍ പ്രധാനമന്ത്രിയും സുപ്രീംകോടതി ചീഫ് ജസ്റ്റീസും പ്രസിഡന്റിന്റെ മുമ്പില്‍ സത്യപ്രതിജ്ഞ ചെയ്താണ് അധികാരത്തിലെത്തുന്നത്. ഇനി വായനക്കാര്‍ക്കു തീരുമാനിക്കാം, ആരായിരുന്നു പുതിയ പാര്‍ലമെന്റുമന്ദിരം ഉദ്ഘാടനം ചെയ്യേïിയിരുന്നത്?
വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കു തുല്യമായ അവകാശം ഉറപ്പുവരുത്തിയിട്ടുള്ള ഭരണഘടനയാണ് ഇന്ത്യയുടേത്. അങ്ങനെ മതനിരപേക്ഷമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പാര്‍ലമെന്റുമന്ദിരോദ്ഘാടനം ജാതിവത്കരിച്ചു എന്ന ആക്ഷേപമാണ് പുറത്തുവരുന്നത്. മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, സിക്ക്, പാഴ്‌സി, ദളിത്, പിന്നാക്ക, ആദിവാസി, ഗോത്രവിശ്വാസങ്ങളെ ഇല്ലാതാക്കി ഏകമുഖവിശ്വാസത്തിലേക്ക് ഇന്ത്യയെ മാറ്റുമെന്ന പ്രചാരണം നടക്കുന്ന കാലഘട്ടത്തില്‍ ഇത്തരം ചടങ്ങുകള്‍ നടത്തുമ്പോള്‍ വിവേകപൂര്‍വമായ നടപടികളായിരുന്നു ഭരണാധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടിയിരുന്നത്. ബ്രിട്ടീഷുകാരില്‍നിന്നു സ്വാതന്ത്ര്യം പ്രാപിച്ച ഇന്ത്യ ഏകാധിപത്യത്തിലേക്കും അടിമത്തത്തിലേക്കും തിരിച്ചുപോകുന്നതിന്റെ ചൂണ്ടുപലകയാണോ പുതിയ മന്ദിരോദ്ഘാടനത്തിലെ ചെങ്കോലിന്റെ ''റോള്‍''. ബ്രിട്ടീഷുകാര്‍ ഭാരതം പിടിച്ചെടുത്തത് പല നാട്ടുരാജാക്കന്മാരുടെ കൈകളില്‍നിന്നായിരുന്നു. അല്ലാതെ 'ഒരു' രാജാവിനെ കീഴടക്കി അദ്ദേഹത്തിന്റെ അധികാരചിഹ്നമായ 
ചെങ്കോല്‍ കൈക്കലാക്കുകയല്ല ചെയ്തത്.
ലോകസഭയാണ് ജനങ്ങളുടെ അധികാരത്തിന്റെ പ്രതീകം. അവിടെ രാഷ്ട്രപതിക്കും സ്പീക്കര്‍ക്കുമാണ് അധികാരം. ബ്രിട്ടണിലെ ഭരണസംവിധാനത്തില്‍ ഇപ്പോഴും രാജാവും പാര്‍ലമെന്റും സ്പീക്കറും ഉണ്ട്. അതാണ് അവിടെ ഇപ്പോഴും രാജാവ് അധികാരം ഏല്ക്കുമ്പോള്‍ ചെങ്കോല്‍ പിടിക്കുന്നത്. (ചെങ്കോല്‍ മാത്രമല്ല തലയില്‍ വയ്ക്കാന്‍ കിരീടവും ഉണ്ട്.)
1947 ല്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന് തമിഴ്‌നാട്ടിലെ തിരുവാവാടു തുറൈ ആധീനം സമ്മാനിച്ച ചെങ്കോല്‍ ഹിന്ദുത്വആഖ്യാനത്തിന്റെ പട്ടില്‍ പൊതിഞ്ഞാണ് അധികാരക്കൈമാറ്റത്തിന്റെ പ്രതീകമായി പുതിയ പാര്‍ലമെന്റുമന്ദിരത്തില്‍ എത്തിച്ചത്. 
മദ്രാസില്‍നിന്നു ചെങ്കോല്‍ പ്രത്യേക വിമാനത്തില്‍ എത്തിച്ചാണ് നെഹ്‌റുവിനു കൈമാറിയതെന്നാണ് ആഭ്യന്തരമന്ത്രി അമിത്ഷായുടെ ഭാഷ്യം. എന്നാല്‍, 1947 ഓഗസ്റ്റ് 11 നു പുറത്തിറങ്ങിയ ഹിന്ദുപത്രത്തിലെ വാര്‍ത്തയില്‍ പറയുന്നത്, മദ്രാസ് സെന്‍ട്രല്‍ റെയില്‍വേസ്റ്റേഷനില്‍നിന്ന് സന്ന്യാസിമാര്‍ ചെങ്കോലുമായി ഡല്‍ഹിക്കു പുറപ്പെട്ടെന്നാണ്. എന്തായാലും 1947 ല്‍ സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു പാര്‍ലമെന്റോ അധികാരകേന്ദ്രമോ ഇല്ലായിരുന്നു എന്നതാണു സത്യം.
പുതിയ പാര്‍ലമെന്റുമന്ദിരം ഉദ്ഘാടനം ചെയ്യാനുള്ള അവകാശം തനിക്കാണെന്ന ഔദ്ധത്യം പ്രകടിപ്പിക്കുകയും ഏതു കാര്യത്തിലും താന്‍മാത്രം എന്നു സ്വയം ഉയര്‍ത്തിക്കാട്ടാന്‍ ബോധപൂര്‍വമായി ശ്രമിക്കുകയുംവഴി താനാണ് ഇന്ത്യ കണ്ട ഏറ്റവും കഴിവുറ്റ പ്രധാനമന്ത്രിയെന്നു ലോകത്തിന്റെ മുമ്പില്‍ സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ് നരേന്ദ്രമോദി. കഴിഞ്ഞ ഒമ്പതുവര്‍ഷത്തെപ്പോലെ പാര്‍ലമെന്ററിനടപടിക്രമങ്ങള്‍ക്കു പ്രാധാന്യമില്ലാതായ കാലഘട്ടം ഉണ്ടായിട്ടില്ല. വളരെ പരിമിതമായി മാത്രമേ സഭാനേതാവായ പ്രധാനമന്ത്രി സഭയില്‍ ഹാജരായിട്ടുള്ളൂ. ഒരു രാജാവിനോ ചക്രവര്‍ത്തിക്കോ വിചാരിക്കുന്ന സമയത്ത് പടുകൂറ്റന്‍മന്ദിരം പണിയാന്‍ കഴിഞ്ഞേക്കാം. എന്നാല്‍, എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ചുകൊണ്ടുപോകാന്‍ ഒരു മതേതരജനാധിപത്യവാദിക്കുമാത്രമേ കഴിയൂ.
ബി.ജെ.പി. സംവിധാനത്തിന്റെ എല്ലാ അധികാരസ്ഥാനങ്ങളെയും തള്ളിമാറ്റിക്കൊണ്ടാണ് പാര്‍ട്ടിസംവിധാനത്തില്‍ താഴേക്കിടയിലായിരുന്ന ഗുജറാത്ത് മുഖ്യമന്ത്രി  ഒമ്പതു കൊല്ലംമുമ്പ് സര്‍വാധിപതിയായത്. മുതിര്‍ന്ന നേതൃത്വത്തിന്റെ ഉപദേശംപോലും സ്വീകരിക്കാന്‍ പിന്നീട് അദ്ദേഹം തയ്യാറായിട്ടില്ല. യഥാകാലങ്ങളില്‍ അദ്ദേഹം കണ്ടെത്തുന്നവര്‍ക്ക് മുഖ്യസഹായിസ്ഥാനം നല്‍കിക്കൊണ്ടാണ് ഈ മുന്നേറ്റം. അമിത്ഷായില്‍നിന്നു മാറി ഇപ്പോള്‍ ആ സ്ഥാനം നിര്‍മലാ സീതാരാമനില്‍ എത്തിയതിന്റെ പ്രതീകംകൂടിയാണ് തമിഴ്പുരോഹിതന്മാരുടെ സാന്നിധ്യം. ജനങ്ങളുടെയും രാഷ്ട്രപതിയുടെയും സ്പീക്കറുടെയും പ്രതിപക്ഷത്തിന്റെയും എല്ലാ മതവിശ്വാസങ്ങളുടെയും മറ്റു വിശ്വാസങ്ങളുടെയുംമേല്‍ ഇതുവരെയുള്ള അധികാരങ്ങള്‍ എല്ലാം മാറ്റി തനിക്കുമാത്രമാണ് അധികാരമെന്നു പ്രഖ്യാപിക്കുന്നതിന്റെ അടയാളമാണോ ഈ ചെങ്കോല്‍?
ബാബാസാഹിബ് അംബേദ്കറുടെ നേതൃത്വത്തില്‍ 299 പ്രഗല്ഭവ്യക്തികള്‍ രണ്ടു വര്‍ഷവും 11 മാസവും ഏഴുദിവസവും നീണ്ട ചര്‍ച്ചകളുടെയും ആലോചനകളുടെയും ഫലമായി എഴുതിയ ഭരണഘടനയാണ് നമ്മുടേത്. ഭരണഘടനാ അസംബ്ലിയിലെ അംബേദ്കറുടെ പ്രസംഗത്തിനു പ്രവാചകസ്വരം ഉണ്ടായിരുന്നുവെന്നു മനസ്സിലാക്കാന്‍ എഴുപത്തിയഞ്ചു വര്‍ഷം വേണ്ടിവന്നു: ''നിങ്ങള്‍ രാഷ്ട്രത്തിന്റെ മുകളില്‍ വിശ്വാസത്തെ സ്ഥാപിക്കുമോ? രാഷ്ട്രത്തിന്റെ മുകളില്‍ വിശ്വാസത്തെ സ്ഥാപിച്ചാല്‍ നമ്മുടെ സ്വാതന്ത്ര്യംതന്നെ ഇല്ലാതാകും.''

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)