സപ്ത സഹോദരികളിലൊന്ന്
സങ്കടത്തിന്റെ നെടുംകയത്തില്‍
ഇന്ത്യയുടെ ആഭരണമെന്ന്
ഇന്നലെകളില്‍ വാഴ്ത്തപ്പെട്ടവള്‍
ആ ഭരണത്തെയോര്‍ത്ത്
ആതപ കണ്ണീര്‍ പൊഴിക്കുന്നു
മണ്ണില്‍ കനകം വിളഞ്ഞതും
മനസ്സില്‍ സുകൃതം നിറഞ്ഞതും
മഞ്ഞണിഞ്ഞ മലമടക്കുകളില്‍
മാലേയ സൗഗന്ധം പടര്‍ന്നതും
മനസ്സില്‍ പതിഞ്ഞു മറഞ്ഞൊരു
മൗനനൊമ്പരമായ് മാറുന്നു.
മതം മതിയിലൊരു മഥിയായ് പതിക്കുന്നു
മനം മനുജനെ കാണാതെ പോകുന്നു.
ആളുന്ന തീയിലിന്നരിയല്ല വേവത്
ആരോ കരുതിയ നിറമാര്‍ന്ന സ്വപ്നങ്ങള്‍.
മതമെന്ന ചിന്ത മദംപൊട്ടി നില്‍ക്കുന്നു
മതില്‍ കെട്ടി തിരിക്കുന്നു മനുജന്റെ മാനസം.
മനുഷ്യനെ മയക്കുന്ന കറുപ്പായ മതിമിന്ന്
മരണത്തിന്റെ മകുടി ഊതി തിമിര്‍ക്കുന്നു.
ആനന്ദനൃത്തം ചവിട്ടിയ കുടികളില്‍
ആര്‍ത്തലയ്ക്കുന്നിതാ മരണത്തിന്‍ തുടിതാളം.
മരിച്ചതും ഞാനാണ്, കൊന്നതും ഞാനാണ്,
മതം പറയുന്നു, മദോന്മത്തനെപ്പോലെ.
മനുജനെ സ്വന്തമായ് കാണാന്‍ കഴിയാത്ത
മതം, മതമേയല്ലയെന്നതാണെന്‍ മതം.