ഫാ. ഡോ. തോമസ് മൂലയില്‍ ''കലാലയങ്ങളില്‍ കൊഴുക്കുന്ന കാടത്തങ്ങള്‍'' എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനം (2023 ജൂലൈ 6) ഏറെ ചിന്തനീയമായിരുന്നു. ക്രൈസ്തവസ്ഥാപനങ്ങളെ  ഒറ്റതിരിഞ്ഞാക്രമിക്കാനുള്ള ഒരു പ്രവണത പുരോഗമനക്കുപ്പായമണിഞ്ഞു നടക്കുന്ന ചില വിദ്യാര്‍ഥിസംഘടനകളുടെ പൊതുസ്വഭാവമാണ്. പൊതുവേദിയില്‍ ക്രൈസ്തവസ്ഥാപപനങ്ങളെ വാനോളം പുകഴ്ത്തുന്ന മുഖ്യധാരാകക്ഷികളും മന്ത്രിമാരും മറ്റും അണിയറയിലിരുന്നുകൊണ്ട് ഇത്തരം വിദ്യാര്‍ഥിസംഘടനകളുടെ പേക്കൂത്തുകള്‍ക്കു ചൂട്ടുപിടിക്കുന്നതാണ് ഏറെ വൈരുദ്ധ്യമായിട്ടുള്ളത്. ഒറ്റപ്പെട്ട ചില മാധ്യമങ്ങളും ഇവര്‍ക്കു ചുക്കാന്‍ പിടിക്കുന്നില്ലെന്നു പറഞ്ഞുകൂടാ. ഇതിനെ കേവലം അസൂയ എന്നല്ലാതെ എന്തുവിളിക്കാന്‍? ലേഖകന്‍ ചൂണ്ടിക്കാട്ടുന്നതുപോലെ സ്വന്തം മക്കള്‍ക്കും സില്‍ബന്ധികള്‍ക്കും കോളജിലോ സ്‌കൂളിലോ  ഒരു അഡ്മിഷന്‍ വേണ്ടിവന്നാല്‍ മേല്‍പ്പറഞ്ഞ കൂട്ടര്‍ക്ക് അച്ചന്മാരുടെയോ കന്യാസ്ത്രീകളുടെയോ കാലുപിടിക്കുന്നതിന് ഒരു മടിയുമില്ലതാനും. ഈ  ഇരട്ടത്താപ്പ് കേരളത്തിലെ നിഷ്പക്ഷസമൂഹം പണ്ടേ തിരിച്ചറിഞ്ഞിട്ടുള്ളതാണ്. 
പൊതുതിരഞ്ഞെടുപ്പു സമീപിക്കുമ്പോഴും മേല്‍പറഞ്ഞ കൂട്ടരുടെ പ്രഹസനങ്ങള്‍ നാം കാണുന്നതാണ്. ദാസന്മാരുടെ ദാസന്മാരായി അരമനകളും കന്യാസ്ത്രീമഠങ്ങളും കയറിയിറങ്ങി താണുവണങ്ങുന്നതിന് ഒരു മടിയുമില്ല.
ക്ലാസ്സില്‍ കയറാതെയും പരീക്ഷയെഴുതാതെയും ബിരുദസര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി സമ്പാദിച്ച് കേരളീയസമൂഹത്തെ കൊഞ്ഞനം  കുത്തുന്ന വിദ്യാര്‍ഥിനേതാക്കളുടെ കാടത്തങ്ങളെ ശക്തമായി അപലപിക്കാന്‍ ഡോ. തോമസ് മൂലയിലിനു കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിനും ദീപനാളത്തിനും അഭിനന്ദനങ്ങള്‍!
സെബാസ്റ്റ്യന്‍ ജോസഫ് കാഞ്ഞിരപ്പള്ളി
ഗോത്രത്തര്‍ക്കത്തെ വര്‍ഗീയമാക്കുമ്പോള്‍
ഇന്ന്, ഇന്ത്യയിലെന്നല്ല, ലോകമാകെത്തന്നെ വലിയ ചര്‍ച്ചാവിഷയമായ മണിപ്പൂര്‍ കലാപത്തെ സമഗ്രമായി വിലയിരുത്തിക്കൊണ്ടുള്ള അഡ്വ. വി.സി. സെബാസ്റ്റ്യന്റെ ലേഖനം 'മണിപ്പൂരില്‍  മരണമണി മുഴങ്ങുന്നതാര്‍ക്കുവേണ്ടി' (നാളം 18) കാലോചിതവും പഠനാഹര്‍വുമായിരുന്നുവെന്നു  പറയട്ടെ. വിഷയത്തിന്റെ നാനാവശങ്ങളും അപഗ്രഥിക്കുന്നതില്‍ ലേഖകന്‍ ഏറെ ശ്രദ്ധിച്ചിട്ടുണ്ട്.
അടിസ്ഥാനപരമായി ചിന്തിച്ചാല്‍ ഗോത്രവര്‍ഗങ്ങള്‍ക്കിടയില്‍ കാലങ്ങളായി തുടരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ക്ക് ആക്കംകൂട്ടുന്ന തരത്തില്‍ സമീപകാലത്തുണ്ടായ  കോടതിവിധിയാണ് ഇപ്പോള്‍ കൈവിട്ട നിലയിലെത്തിനില്ക്കുന്ന മണിപ്പൂര്‍ കലാപത്തിനു  പിന്നിലെ യഥാര്‍ഥകാരണം. സംവരണാനുകൂല്യങ്ങളനുഭവിക്കുന്ന കുക്കി-നാഗ വിഭാഗങ്ങളില്‍ നിന്നു വ്യത്യസ്തമായി താഴ്‌വരകളില്‍ താമസിക്കുന്ന മെയ്ത്തിവിഭാഗത്തിന് ഈ ആനുകൂല്യങ്ങളില്ലാതിരിക്കേ, ഇവരെയുംകൂടി പട്ടികവര്‍ഗവിഭാഗപ്പട്ടികയില്‍ ഉള്‍പ്പെടുത്തിക്കൂടേയെന്ന്  2023 മാര്‍ച്ച് 17 ന് ഹൈക്കോടതി ചോദിക്കുകയുണ്ടായി. ഇതൊരു കാരണമാക്കി മുതലെടുക്കാന്‍ തത്പരകക്ഷികള്‍ നടത്തിയ നീക്കങ്ങളാണ് വലിയ കലാപത്തിനു വഴിമരുന്നായിത്തീര്‍ന്നത്. ഉള്ളതുപറഞ്ഞാല്‍ ഗോത്രങ്ങള്‍ തമ്മിലുള്ള പകയും വിദ്വേഷവുമായി നിലനിന്ന തര്‍ക്കത്തെ സ്ഥാപിതതാത്പര്യങ്ങള്‍ക്കുവേണ്ടി തത്പരകക്ഷികള്‍ വര്‍ഗീയവത്കരിക്കുകയായിരുന്നു. അടിസ്ഥാനവിഷയത്തില്‍നിന്നു  വ്യതിചലിച്ചകൊണ്ടുള്ള  മാധ്യമചര്‍ച്ചകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
കെ. ടി.  ജോസഫ് പാലാ
							
 *
                    
                    