•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കഥ

മൂന്നിന്റെയന്ന്

  • ടോം ജോസ് തഴുവംകുന്ന്
  • 20 July , 2023

''ഹലോ അങ്കിളേ... 
എന്തായി?''
''തീര്‍ച്ചയായും നീയെത്തണം. പ്രതീക്ഷയില്ലെന്നുറപ്പിച്ചു... മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയെന്നാണ് ഡോക്ടര്‍ പറയുന്നത്. ഈ മണിക്കൂറുകളാകട്ടെ, നിന്റെ വരവിനായുള്ള ഒരു ''നീട്ടിവയ്ക്കല്‍'' മാത്രമാണെന്നാണ് കരുതാനാകുന്നത്!''
''എന്റെയങ്കിളേ... ഇതല്ലേ രണ്ടുമൂന്നു ദിവസമായി പറഞ്ഞുകൊണ്ടിരിക്കുന്നത്? എന്നിട്ട് ഒന്നുമായില്ലല്ലോ!''
''അതുപോലല്ല മോനേ, സംഗതി സീരിയസാ... എത്തിയേ തീരൂ... എത്തണം... കഴിയുമെങ്കില്‍ എല്ലാവരും! ഇനിയൊരു വരവില്‍ അര്‍ഥമില്ലല്ലോ... ഈയവസരം പാഴാക്കരുത്...''
''അങ്കിളെന്താ ഈ പറയുന്നേ... ആര്‍ക്കും ലീവില്ലാത്ത നേരമാ... പിള്ളേര്‍ക്കാണെങ്കില്‍ മത്സരപ്പരീക്ഷകളുടെ കാലം...''
''ഇതൊന്നും പറഞ്ഞിട്ടു കാര്യമില്ല. കണ്ണുതുറന്നാല്‍ നിന്റെ കാര്യമാ തിരക്കുന്നത്. എത്തിയോയെന്ന ചോദ്യത്തിന് ഞങ്ങളെന്തു പറയും... സങ്കടം കണ്ടുനില്‍ക്കാനാകുന്നില്ല... ഹാര്‍ട്ടിന്റെ പമ്പിങ് കുറയുന്നെന്നാ ഡോക്ടര്‍ പറയുന്നേ... ഒപ്പം, പള്‍സിന്റെ റേറ്റും താഴുന്നു... ബി.പി.യും കുറയുകയാണ്... ശ്വാസമെടുക്കുമ്പോള്‍ ഒരു വിമ്മിട്ടം കാണുന്നു... നിന്നെ പ്രതീക്ഷിച്ചുള്ള ജീവന്റെ ഒരു പിടിച്ചുനിര്‍ത്തലാണ് ആശുപത്രിക്കാര്‍ ചെയ്യുന്നതെന്നാ പറയുന്നത്. ഡോക്ടര്‍ കൂടക്കൂടെ നീയെത്തിയോയെന്നു ചോദിക്കുന്നുണ്ട്... ആകെ ഒരങ്കലാപ്പിലാണ് എല്ലാവരും... സമയം കളയാനില്ല... നീയെത്തണം. ഇനിയൊരു വിളിക്കായി കാത്തിരിക്കരുത്... അത് ഒരുപക്ഷേ...''
''ഇല്ലങ്കിളേ... എത്താന്‍ ശ്രമിക്കാം... ഞാനെത്തിയാലും മൂന്നിന്റെയന്ന് ഇങ്ങുപോരും... അങ്ങനെയൊരുറപ്പിലാണ് ഞാനെത്തുക... വരവ് വെറുതെയാകില്ലെന്ന് അങ്കിളിന്റെ സംസാരത്തില്‍നിന്നു തിരിച്ചറിയാനാകുന്നുണ്ട്... ഓക്കെ!''
കിടക്കയ്ക്കു ചുറ്റും ആളേറുകയാണ്; നിരാശയുടെയും സങ്കടത്തിന്റെയും അടക്കിപ്പിടിച്ച സംസാരമാണ്... ഈ അച്ചായന്‍ അവനെ എങ്ങനെ കൊണ്ടുനടന്നതാ... ഇല്ലാത്ത കാലത്തും അവന്റെ കാര്യത്തില്‍ ഇല്ലായ്മയില്ലായിരുന്നു... അച്ചായന്‍ വിശപ്പറിയുമ്പോഴും അവനതറിഞ്ഞിട്ടില്ല... അഞ്ചുവയസ്സിലേ അവന്റെ അമ്മ പോയതാണെന്നോര്‍ക്കണമെന്ന് ആരോ പറയുന്നതു കേട്ടു... നന്നേ ചെറുപ്പമായിരുന്നെങ്കിലും അച്ചായന്‍ അവനുവേണ്ടി ജീവിക്കുകയായിരുന്നു... ഓടിയതും ഓടിത്തളര്‍ന്നതും അവനുവേണ്ടി മാത്രമായിരുന്നു. അവനിതൊന്നും ഓര്‍ക്കാതിരിക്കുന്നതില്‍ സര്‍വര്‍ക്കും അമര്‍ഷം. അവനോടു പോകണ്ടായെന്ന് എല്ലാവരും പറഞ്ഞതാ... ബുദ്ധിമുട്ടുകാലമൊക്കെ കഴിഞ്ഞ് അച്ചായന്‍ മകനുള്ളതെല്ലാം സമ്പാദിച്ചിരുന്നു. എല്ലാമിട്ടെറിഞ്ഞുള്ള അവന്റെ പോക്കില്‍ അച്ചായന്‍ തളര്‍ന്നു. 
കുഞ്ഞിലേ അവന്‍ അസുഖക്കാരനായിരുന്നു. അടുത്ത് ആശുപത്രിയില്ലെങ്കിലും, കൈയില്‍ പണമില്ലെങ്കിലും അവന്റെ ആരോഗ്യം അച്ചായനു പ്രധാനമായിരുന്നു. ഇമ വെട്ടാതെ അവന്റെയരികില്‍ കൂട്ടിരുന്ന കാലം പലരും ഓര്‍ത്തെടുത്തു. ഇന്ന് അച്ചായന് ഉള്ളുതുറക്കാന്‍ ആരുമില്ലാതായി... കൂട്ടിനു മകന്‍ നല്‍കിയത് ഇതരഭാഷക്കാരിയായ ഹോംനേഴ്‌സിനെയാണ്; അതുകൊണ്ടുതന്നെ, മിണ്ടാട്ടം നന്നേ കുറഞ്ഞു... ഹൃദയഭാരം ശരീരത്തെയാകമാനം തളര്‍ത്തി.  അപ്പോഴും അവന്റെ വിളി വന്നിരുന്നു. അപ്പന് ഒരു കുറവും ഉണ്ടാകരുതത്രേ! പക്ഷേ, മകന്റെ അസാന്നിധ്യം തീര്‍ത്ത ശൂന്യത അപ്പനെ രോഗിയാക്കി.
നീരസത്തോടെയുള്ള ചര്‍ച്ചകള്‍ക്കിടയില്‍ ആരോ വന്നു പറഞ്ഞു: ''അവരെത്തി.''
കേട്ടതേ നഴ്‌സ് പറഞ്ഞു: ''അച്ചായന്റെ മകനും കുടുംബവും എത്തീട്ടോ.'' 
ശരീരമാകെയൊന്ന് ഇളകി അയാള്‍ കണ്ണുതുറന്നു: ''മോനേ...'' മൗനം വാചാലമായി... നിറകണ്ണുകള്‍ സ്‌നേഹത്തിന്റെ നീര്‍ച്ചാലൊഴുക്കി... ആര്‍ദ്രതയുടെ അകംപൊരുളില്‍നിന്ന് അപ്പന്റെ മുഖപ്രസാദം മറനീക്കി കടന്നുവന്നു. സംസാരങ്ങള്‍ ഔഷധക്കൂട്ടുകളായി മാറിയ നേരം. 
''എന്നെയൊന്ന് എഴുന്നേല്‍പ്പിക്കാവോ?''
ചുറ്റും നിന്നവര്‍ അമ്പരന്നു. അയാള്‍ കട്ടിലില്‍ എഴുന്നേറ്റിരുന്നു. ആശുപത്രിമുറിയില്‍ മരുന്നിന്റെ ഗന്ധം മാറി സ്‌നേഹത്തിന്റെ സുഗന്ധം നിറഞ്ഞനേരം!
ഡോക്ടര്‍ പറഞ്ഞു: എന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ഒരു മകന്‍ അച്ഛനെ മരണത്തില്‍നിന്നു ജീവനിലേക്ക് കൈപിടിച്ചുയര്‍ത്തിയിരിക്കുന്നു. ഇത് എന്റെ ചികിത്സാവഴിയില്‍ അദ്ഭുതം തീര്‍ത്തിരിക്കുന്നു. ലോകത്തോടു പറയാന്‍ ചില വിശേഷങ്ങള്‍ ബാക്കിയായിരിക്കുന്നു. ഈ ഉണര്‍വു തുടര്‍ന്നാല്‍ മൂന്നുദിവസങ്ങള്‍ക്കകം ഡിസ്ചാര്‍ജ് ചെയ്യാമെന്നും ഡോക്ടര്‍ പറഞ്ഞു.
മൂന്നിന്റെയന്നുള്ള മടക്കമെന്ന് അങ്കിളിനോടു പറഞ്ഞത് ഇതായിരിക്കുമോ? ഊന്നുവടിയും ഹോംനഴ്‌സും മാറിനിന്ന് കാഴ്ചക്കാരായി. മക്കളുടെ കൈപിടിച്ച്  അച്ചായന്‍ ആശുപത്രി ഇടനാഴിയിലൂടെ നടന്നുനീങ്ങുന്നത് ഏവരും അദ്ഭുതത്തോടെ നോക്കിനിന്നു. മൂന്നിന്റെയന്നുമില്ല. ഇനിയൊരു മടക്കവുമില്ലെന്ന് മക്കള്‍... തിരിച്ചറിവിന്റെ നേരം!

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)