•  16 May 2024
  •  ദീപം 57
  •  നാളം 10
കുടുംബവിളക്ക്‌

വിശ്വാസം

വിശ്വാസത്തെക്കുറിച്ചുള്ള അടിസ്ഥാനബോധ്യങ്ങളില്‍ അനുദിനം ആഴപ്പെടാന്‍ ക്രൈസ്തവകുടുംബങ്ങള്‍ക്കു കഴിയണം. കുടുംബവൃക്ഷത്തെ താങ്ങിനിറുത്തുന്ന തായ്‌വേരാണ് വിശ്വാസം. വിശ്വാസത്തിനു മൂന്നു മാനങ്ങളുണ്ട്. അവയില്‍ ആദ്യത്തേത്, ദൈവവിശ്വാസമണ്. തങ്ങള്‍ ആയിരിക്കുന്ന അവസ്ഥയില്‍ തങ്ങളെ മുഴുവനായും അറിയുന്ന തമ്പുരാന്‍ തങ്ങളുടെ തലയ്ക്കുമീതെ ഉണ്ടെന്നുള്ള ഉറപ്പായ വിശ്വാസം കുടുംബാംഗങ്ങള്‍ക്കുണ്ടാകണം. ദൈവവിശ്വാസമാകുന്ന പാറപ്പുറത്ത് പടുത്തുയര്‍ത്തപ്പെട്ടതാകണം ഓരോ കുടുംബവും. പ്രസ്തുത വിശ്വാസത്തില്‍ പ്രതിദിനം വളര്‍ന്നുവരാന്‍ ഓരോരുത്തരും ശ്രദ്ധിക്കണം. രണ്ടാമത്തേത്, പരസ്പരവിശ്വാസമാണ്. കുടുംബാംഗങ്ങള്‍ അന്യോന്യം വിശ്വസിക്കുന്നവരാകണം. ഒരേ മേല്ക്കൂരയ്ക്കുകീഴെ വസിക്കുന്നവരും, ഒരേ പാത്രത്തില്‍നിന്നു ഭക്ഷിക്കുന്നവരും പരസ്പരം സംശയിക്കേണ്ട കാര്യം സാധാരണരീതിയിലില്ല. കൂടെക്കഴിയുന്നവരെ ചതിക്കുകയും കൊല്ലുകയുംവരെ ചെയ്യുന്ന ചുരുക്കം ചില ശപിക്കപ്പെട്ട ജന്മങ്ങളുണ്ടെങ്കിലും, തമ്മില്‍ത്തമ്മില്‍ ഉണ്ടായിരിക്കേണ്ട അടിസ്ഥാനവിശ്വാസത്തിന്റെ പ്രസക്തിയും ആവശ്യകതയും ഇന്നും ഇല്ലാതെ പോയിട്ടില്ല. ഒപ്പമുള്ളവരെ സ്വന്തം ശ്വാസത്തെപ്പോലെ കരുതുന്നതാണ് പരസ്പരവിശ്വാസം. മൂന്നാമത്തേത്, ആത്മവിശ്വാസമാണ്. ഒരാള്‍ക്ക് അയാളില്‍ത്തന്നെയുള്ള വിശ്വാസമാണത്. ഒരു വ്യക്തിയുടെ സമഗ്രമായ വളര്‍ച്ചയ്ക്കും വ്യക്തിത്വവികസനത്തിനുമൊക്കെ ആത്മവിശ്വാസം അത്യന്താപേക്ഷിതമാണ്. ദൈവദത്തമായ ജന്മവാസനകളെയും സ്വര്‍ഗസിദ്ധികളെയും അംഗീകരിച്ചുകൊണ്ട് ദൈവാശ്രയബോധത്തോടെയും ശുഭാപ്തിവിശ്വാസത്തോടെയും ജീവിതത്തില്‍ മുന്നേറാന്‍ ഓരോരുത്തര്‍ക്കും സാധിക്കണം. ദൈവവിശ്വാസവും, പരസ്പരവിശ്വാസവും, ആത്മവിശ്വാസവുമുള്ളവരുടെ കുടുംബങ്ങളില്‍ യഥാര്‍ഥ ആനന്ദവും ആന്തരികബലവും ഉണ്ടാകും. അനര്‍ഥങ്ങളെ അതിജീവിക്കാനുള്ള അതിശ്രേഷ്ഠമായ അനുഗ്രഹം അവരുടെ കൈമുതലായിരിക്കും. കാറ്റിലുലയുന്ന കൊമ്പിലിരുന്നു പാട്ടുമൂളുന്ന പക്ഷിയെപ്പോലെ സങ്കടങ്ങളുടെ നടുവിലും വിശ്വാസത്തിന്റെ ചില്ലയില്‍ മുറുകെപ്പിടിച്ചിരുന്ന് ദൈവത്തെ സ്തുതിക്കാന്‍ അവര്‍ക്ക് അനായാസം കഴിയും.

''വിശ്വാസം എന്നത് പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും, കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ്.'' (ഹെബ്രാ. 11:1)

Login log record inserted successfully!