•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കവര്‍‌സ്റ്റോറി

വിലതീരാത്ത സ്വാതന്ത്ര്യം വിഷലിപ്തമാക്കുന്നുവോ നമ്മള്‍?

  • ഡോ. ബി. സന്ധ്യ
  • 17 August , 2023

ഭാരതത്തില്‍ സ്വാതന്ത്ര്യത്തിന്റെ ത്രിവര്‍ണപതാക പാറിപ്പറക്കാന്‍ തുടങ്ങിയിട്ട് 76 വര്‍ഷം പിന്നിട്ടു. നിരവധി അധിനിവേശങ്ങള്‍ക്കിരയായ രാജ്യമാണ് ഇന്ത്യ. അത്തരം കടന്നു കയറ്റങ്ങളെയൊക്കെ പ്രതിരോധിച്ചും അതിജീവിച്ചും നാം 1947 ല്‍ സ്വാതന്ത്ര്യം പ്രാപിച്ചു. അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ ആയിരങ്ങള്‍ക്ക് ജീവന്‍ ബലി നല്‌കേണ്ടിവന്നു. മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ നെഹ്‌റുവും ഗോഖലെയും ഭഗത്‌സിങും സുഭാഷ് ചന്ദ്രബോസും തിലകനും പട്ടേലും സരോജനിനായിഡുവുമൊക്കെ സ്വാതന്ത്ര്യസമരപ്രക്ഷോഭണങ്ങളെ മുന്നോട്ടുനയിച്ച മഹാരഥന്മാരായിരുന്നു. 

1757 ലെ പ്ലാസിയുദ്ധവും 1857 ലെ  ഒന്നാം സ്വാതന്ത്ര്യസമരവും 1917 ലെ ചമ്പാരന്‍ സമരവും 1930 ലെ ഉപ്പുസത്യാഗ്രഹവും 1942 ലെ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭവും ഇരമ്പുന്ന സമരഗാഥകളാണ്. ഈ സ്വാതന്ത്ര്യസമരസംഭവങ്ങളൊക്കെത്തന്നെയാണ് നമ്മുടെ രാജ്യത്തെ ഇന്നും ലോകത്തിലെ ഏറ്റവും വിസ്മയകരമായ സംജ്ഞകളിലൊന്നായി വിലയിരുത്തപ്പെടുന്നതിനു കാരണം.
സ്വാതന്ത്ര്യാനന്തരഭാരതത്തിനും നിരവധി വെല്ലുവിളികളെ നേരിടേണ്ടിവന്നിട്ടുണ്ട്. വിഭജനവും തുടര്‍ന്നുണ്ടായ വര്‍ഗീയകലാപവും ഇന്നും മായാത്ത രക്തപ്പാടുകളാണ്. രാജ്യത്തിന് സ്വതന്ത്രമായ ഭരണഘടന നിര്‍മിക്കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ച ഒട്ടേറെ മഹിതാക്കള്‍ നമുക്കുണ്ട്. അംബേദ്കറിനെപ്പോലുള്ള ഭരണഘടനാശില്പികളെ ഈ സ്വാതന്ത്ര്യദിനത്തില്‍ പ്രത്യേകം സ്മരിക്കണം. സ്വതന്ത്രേന്ത്യയെ  മുന്നോട്ടുനയിക്കുന്നതില്‍ നെഹ്‌റുവും അബ്ദുള്‍കലാം 
ആസാദും പട്ടേലും മറ്റും വഹിച്ച പങ്ക് നിസ്തുലമാണ്. ആധുനിക ഇന്ത്യയ്ക്ക് അടിത്തറ പാകിയവരാണിവര്‍.
നമ്മുടെ സ്വാതന്ത്ര്യസമരപ്രക്ഷോഭണങ്ങള്‍ കേവലം കൊളോണിയല്‍വാഴ്ചയ്‌ക്കെതിരേയുള്ള പോരാട്ടംമാത്രമായിരുന്നില്ല. ജാതിക്കും ജാതിജന്യമായ അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരേയുള്ള നവോത്ഥാനപ്രവര്‍ത്തനങ്ങള്‍കൂടിയായിരുന്നു. കേരളവും തീക്ഷ്ണമായ ദേശീയസമരത്തിന്റെ ഭാഗമായിരുന്നു. ഒപ്പം നവോത്ഥാനപ്രവര്‍ത്തനങ്ങള്‍ക്കും കേരളം വേദിയായി. വൈക്കം സത്യാഗ്രഹവും നിവര്‍ത്തനപ്രക്ഷോഭവും മറ്റും കേരളത്തിന്റെ 
സ്വാതന്ത്ര്യസമരചരിത്രത്തിലെ തിളങ്ങുന്ന അധ്യായങ്ങളാണ്.
ഇത്തരം മഹിതമായ പാരമ്പര്യസ്മരണകള്‍ ഓരോ ഭാരതീയനും മനസ്സില്‍ സൂക്ഷിക്കണം. വ്യക്തിപരമായിപ്പറഞ്ഞാല്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് അഭിമാനമുണര്‍ത്തുന്ന അനേകം ഓര്‍മകളുറങ്ങുന്ന ഒരു വീട്ടിലാണ് എന്റെ ജനനം. അതിതീവ്രമായ സ്വാതന്ത്ര്യസമരപ്രക്ഷോഭണങ്ങളുടെ കാലഘട്ടത്തിലായിരുന്നു എന്റെ പിതാവിന്റെ ജനനവും ബാല്യവും കൗമാരവുമൊക്കെ. രാജ്യത്തിന്റെ അഭിമാനപോരാട്ടത്തെ എന്റെ പിതാവിന്റെ പേരിനോടൊപ്പം ചേര്‍ക്കാന്‍ സ്വാതന്ത്ര്യകുതുകികളായിരുന്ന അദ്ദേഹത്തിന്റെ രക്ഷിതാക്കള്‍ തയ്യാറായി. അങ്ങനെ പിതാവിന്റെ പേര് ഭാരതത്തെ സ്മരിക്കുന്ന ഭാരതദാസ്  എന്നും പിതൃസഹോദരിയുടെ പേര് സരോജിനി നായിഡുവിനെ സ്മരിക്കുന്ന സരോജിനി എന്നുമായി. രാജ്യസ്‌നേഹത്തിന്റെ തീവ്രചിന്തകള്‍ നിറഞ്ഞ എന്റെ കുടുംബത്തിന്റെ പാരമ്പര്യം എന്റെ വ്യക്തിജീവിതത്തിലും ഔദ്യോഗികജീവിതത്തിലും ഏറെ സ്പര്‍ശിച്ചിട്ടുണ്ട്.
ദേശസ്‌നേഹികളായ അനേകം മഹാരഥന്മാര്‍ പിറന്നുവീണ നാട്ടില്‍, മഹിതമായ പാരമ്പര്യങ്ങളുറങ്ങുന്ന മീനച്ചില്‍ താലൂക്കില്‍ ജനിക്കാന്‍ കഴിഞ്ഞതില്‍, ഞാന്‍ അഭിമാനിക്കുന്നു. സ്വാതന്ത്ര്യസമരസേനാനികളായിരുന്ന ആര്‍.വി. തോമസ്,  ജോര്‍ജ് തോമസ് കൊട്ടുകാപ്പള്ളി, പ്രൊഫ. കെ.എം.ചാണ്ടി, ചെറിയാന്‍ കാപ്പന്‍ എന്നിവരെയൊക്കെ പാലാ
യിലെ പുതുതലമുറ വേണ്ടവിധം അറിയുന്നുണ്ടോയെന്നു ഞാന്‍ സന്ദേഹിക്കുന്നു. എന്തായാലും, 76-ാം സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന ഈ വേളയില്‍ തലമുറതലമുറയായി പാലാക്കാര്‍ താലോലിച്ചുപോരുന്ന മതസൗഹാര്‍ദം ഇന്നും തിളക്കമാര്‍ന്നു നില്ക്കുന്നു എന്നത്  അഭിമാനാര്‍ഹമായ ഒരു കാര്യമാണ്. ഈ പ്രദേശങ്ങള്‍ ഭരിച്ചിരുന്ന മീനച്ചില്‍ രാജകുടുംബം പുലര്‍ത്തിപ്പോന്ന മതമൈത്രിയുടെ ശക്തമായ സന്ദേശമാവാം ഇന്നും അതു തുടര്‍ന്നുപോകാന്‍ കാരണം.
പാലായില്‍ സ്‌കൂളില്‍ പഠിച്ചിരുന്നകാലത്ത് കൈയിലുയര്‍ത്തിയ ദേശീയപതാകയും മിഠായികളും ദേശീയഗാനാലാപനവുമൊക്കെയായി സ്വാതന്ത്ര്യദിനമാഘോഷിച്ചത് ഇന്നും മനസ്സില്‍ മായാതെ നില്ക്കുന്നു. ഒരിക്കല്‍, ഓഗസ്റ്റ് 15 ന് ചാച്ചാനെഹ്‌റുവായി വേഷമിടാന്‍ ഇടയായത് ഒരു പ്രത്യേക അനുഭവമായിരുന്നു. അന്ന് പ്രധാനാധ്യാപകന്‍ പതാക ഉയര്‍ത്തി 
സല്യൂട്ട് ചെയ്തതിന്റെ  ഓര്‍മച്ചിത്രം പിന്നീട് ഔദ്യോഗികജീവിതത്തില്‍ പല ചടങ്ങുകളും നിര്‍വഹിക്കുമ്പോഴും എന്റെ മനസ്സിലേക്കു കടന്നുവരുമായിരുന്നു.
നമ്മുടെ രാജ്യത്തിന്റെ ഭാവി പുതുതലമുറയില്‍ നിക്ഷിപ്തമാണ്. സ്വാതന്ത്ര്യത്തിന്റെ അര്‍ഥം ഉള്‍ക്കൊണ്ട്, മനുഷ്യോചിതമായ നവീനാശയങ്ങള്‍ സ്വീകരിച്ച്, അവയെ നടപ്പിലാക്കി ലോകത്തിന്റെ നിറുകയിലേക്ക് എത്തിച്ചേരാനുള്ള പോരാട്ടത്തില്‍ ഓരോ ഭാരതീയനും അണിചേരണം. അതിനു വേണ്ടത് വലിയ പഠനവും ഉയര്‍ന്ന ദേശീയബോധവും അര്‍പ്പണമനോഭാവവുമാണ്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ പുതുതലമുറ ഇന്ന് ഒരു ദൂഷിതവലയത്തിലാണ്. മദ്യത്തോടും മയക്കുമരുന്നുകളോടുമുള്ള ആസക്തി, സൈബര്‍ ഇടങ്ങളിലെ ചതിക്കുഴികളില്‍ വീഴുക, മൊബൈല്‍ ഫോണുകളുടെ നിരന്തരവും വിവേകപൂര്‍വമല്ലാത്തതുമായ ഉപയോഗം, സങ്കുചിതവും വിഭാഗീയവുമായ ചിന്തകള്‍കൊണ്ട് വിധ്വംസകശക്തികളുടെ കൈകളില്‍ എത്തിച്ചേരുന്ന അവസ്ഥ തുടങ്ങിയ വിഷയങ്ങളില്‍ വളരെ അവധാനതയോടെ സമൂഹം ഇടപെടണം. അതിന് രക്ഷിതാക്കളും അധ്യാപകരും വിദ്യാര്‍ഥികളും രാഷ്ട്രീയക്കാരും ഭരണാധികാരികളും മാധ്യമങ്ങളും ഉദ്യോഗസ്ഥരും ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ടതുണ്ട്. നമുക്കു ലഭിച്ച മഹത്തായ ഈ സ്വാതന്ത്ര്യത്തെ എല്ലാ അര്‍ഥത്തിലും കാത്തുസൂക്ഷിക്കാനുള്ള വലിയ ഉത്തരവാദിത്വം നാം ഓരോരുത്തരും ഏറ്റെടുക്കണം. 
                           

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)