•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കഥ

ഒരു പ്രതിമയുടെ വിലാപം

  • സലിം കുന്ദംകുളം
  • 17 August , 2023

എന്താ സംശയമുണ്ടോ.. ഒരു പ്രതിമ എങ്ങനെയാ വിലപിക്കുന്നതെന്ന്? സംശയിക്കേണ്ട, വിലപിച്ചുപോകും നിങ്ങള്‍ ചെയ്തുകൂട്ടുന്ന അനീതിയും അക്രമവും കണ്ട്. എന്റെ ശരീരം മാത്രമേ നശിച്ചിട്ടുള്ളൂ. ആത്മാവ് ഇപ്പോഴും ഇവിടെത്തന്നെയുണ്ട്. ഞാന്‍ വിലപിക്കാനുണ്ടായ ഒരു കാരണം നിങ്ങള്‍ക്കു കേക്കണോ.. കേട്ടോളൂ..
പട്ടണത്തിലെ ഒരു വിശാലമായ മൈതാനത്തിനടുത്തായിരുന്നു എന്റെ വാസം. ഒരു ദിവസം ഉറങ്ങാന്‍ തയ്യാറെടുക്കുംനേരം എവിടെനിന്നോ ഒരു തേങ്ങല്‍ എന്റെ കാതോരം വന്നുനിന്നു. തോന്നലാകുമെന്നു കരുതി ഇമകള്‍ ചേര്‍ത്തടച്ച നേരത്ത് ആ തേങ്ങല്‍ ഒരു രോദനമായി ഉച്ചത്തില്‍ വീണ്ടും കാതിലണഞ്ഞു. ഒരു ചില്ലുപൊട്ടിയ കണ്ണാടിയും വച്ച് എന്റെ ഊന്നുവടിയും കുത്തി ചുറ്റിനും കണ്ണാല്‍ പരതി നോക്കി. ഇരുട്ടിലെന്തൊക്കെയോ നടക്കുന്നുണ്ട്. ശ്വാസോച്ഛാസത്തിന്റെ സ്വരം കേള്‍ക്കുന്നുണ്ട്. അങ്ങോട്ടു പോകാന്‍ കഴിയില്ല, മാത്രമല്ല, വെളിച്ചവുമില്ല. അല്പനേരത്തിനുശേഷം ആ കേട്ട ശബ്ദം നേര്‍ത്തുനേര്‍ത്ത് ഇല്ലാതെയായി.
കുറച്ചു കഴിഞ്ഞപ്പോള്‍ മൂന്നാലു പേര്‍ എന്നെ കടന്നുപോയി. വെളിച്ചത്തിലെത്തിയപ്പോള്‍ ഞാനറിയുന്ന മുഖങ്ങളാണ് അതെല്ലാം എന്നു മനസ്സിലായി. നാട്ടിലെ മാന്യവ്യക്തികളാണ്. കൊല്ലം കുറച്ചായി മഴയും വെയിലുമേറ്റ് ഞാനിവിടെ താമസം തുടങ്ങിയിട്ട്.
പിറ്റേന്നു രാവിലെ ഉണര്‍ന്നപ്പോള്‍ എന്റെ ചുറ്റിനും ഒരു ജനസാഗരം. കാര്യമെന്തെന്നറിയാതെ കണ്ണുമിഴിച്ചു നില്ക്കുമ്പോള്‍ വന്നവരില്‍ ചിലര്‍ സ്വകാര്യം പറയണത് കേട്ടു:
പട്ടണത്തില്‍ അലഞ്ഞുനടന്നിരുന്ന  ആ ഭ്രാന്തിപ്പെണ്ണിനെ ആരോ കൊന്നിരിക്കുന്നു. കാമം തീര്‍ക്കാനുള്ള ശ്രമത്തിനിടയില്‍ ശരീരത്തിന്റെ പലഭാഗത്തും മുറിവുകള്‍ പറ്റിയിട്ടുണ്ടെന്നും ആരോ കണ്ട് പോലീസിലറിയിച്ചതാണെന്നും മറ്റും.
ഒരുനേരം എന്റെ ശ്വാസം നിലച്ചുപോയി. ഇന്നലെക്കണ്ടത് ഇതായിരുന്നോ? ഇവരെയല്ലേ ഞാനന്നേരം ഇവിടെ കണ്ടത്? സംശയമില്ല അവളെ കൊന്നത് ഇവര്‍ തന്നെ. നെഞ്ചിലെവിടെയൊക്കെയോ മിന്നല്‍പ്പിണരുകള്‍ പാഞ്ഞുനടക്കുന്നുണ്ട്.
അല്പസമയം കഴിഞ്ഞ് പൊലീസെത്തി. അവിടെ കൂടിനിന്നവരെ ചോദ്യംചെയ്തു:
'ഈ സംഭവം നടക്കുന്നതോ അല്ലെങ്കില്‍ ഇന്നലെ രാത്രിസമയത്ത് ആരെയെങ്കിലും സംശയാസ്പദമായോ ഇവിടെ കണ്ടവരുണ്ടോ?
ആരും ഒന്നും മിണ്ടുന്നില്ല. 
'ഞാന്‍ കണ്ടു' എന്നു പറഞ്ഞെങ്കിലും ശബ്ദം പുറത്തുവന്നില്ല. കൈമാടി വിളിക്കാന്‍ ശ്രമിച്ചതും വിഫലമായി. അതിനിടയില്‍ ആംബുലന്‍സ് എത്തി അവളെ പൊതിഞ്ഞുകെട്ടി കൊണ്ടുപോയി. ആ രോദനം വീണ്ടും വീണ്ടുമെന്റെ കാതില്‍ ആര്‍ത്തലച്ചു വന്നുകൊണ്ടിരുന്നു. 
ഒരു പ്രതിമയായ എന്റെ കരളുപോലും അലിഞ്ഞുപോയി അതില്‍. എന്നിട്ടും മനുഷ്യനെന്ന മാന്യനോ കരളറുത്തു കൊന്നിരിക്കുന്നു. 
അടിച്ചമര്‍ത്തപ്പെട്ട് സ്വരംനഷ്ടമായവരുടെ ശബ്ദമായിമാറി പോരാടി എന്തിനുവേണ്ടിയാണോ ഞാനെന്റെ ജീവന്‍ വെടിഞ്ഞത്, അതുമാത്രം ഇന്ന് ഇവിടെയില്ലാതായി... സ്വാതന്ത്ര്യം, അതിനിനി ആരോടാണു പടപൊരുതേണ്ടത്? അതൊന്നുപുലര്‍ന്നുകിട്ടാന്‍ ഇനിയെത്രനാള്‍ കാത്തിരിക്കണം? നന്മയുടെ ഒരു പുതുലോകപ്പിറവികാണാന്‍ ഇനി കഴിയുമെന്നു തോന്നുന്നില്ല. 
നിങ്ങള്‍ക്കും അതില്‍ പങ്കുണ്ട്. അനീതിയും അക്രമവും കണ്ടിട്ട് അതിനെതിരേ പ്രതികരിക്കാതെ മൗനം പാലിക്കുന്നത് അതിനെ പ്രോത്സാഹിപ്പിക്കുന്നതിനു തുല്യമാണ്.  
ഇനി പറയൂ... ഒരു ക്രൂരകൃത്യം കണ്‍മുമ്പില്‍ക്കണ്ട നിസ്സഹായനായ എനിക്ക് എന്തുകൊണ്ടു വിലപിച്ചുകൂടാ? 
അന്നു വൈകിട്ട് വീണ്ടും നാലഞ്ചുപേര്‍ കുറച്ച് മുളകളും കൊടിതോരണങ്ങളുമായി പ്രതിമയ്ക്കു ചുറ്റുംകൂടി, കുഴികുത്തി മുളനാട്ടി തോരണങ്ങള്‍ ചാര്‍ത്തി പ്രതിമയ്ക്കു ചുറ്റും പൂക്കള്‍ വിതറിഅലങ്കരിച്ചു. ആ സമയം റോഡിലൂടെ പോയ ഒരു വാഹനത്തില്‍ ഇപ്രകാരം വിളിച്ചുപറയുന്നുണ്ടായിരുന്നു: 
''സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയാറാം വാര്‍ഷികാഘോഷപരിപാടികള്‍ മൈതാനത്തിനടുത്തുള്ള ഗാന്ധിപ്രതിമയ്ക്കുമുമ്പില്‍നിന്ന് ആരംഭിക്കുന്നതാണ്. എല്ലാവരും പങ്കെടുത്തു വിജയിപ്പിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.''
അതുകേട്ട് എന്റെയുള്ളില്‍ ചിരിപൊട്ടി. 

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)