•  16 May 2024
  •  ദീപം 57
  •  നാളം 10
കുടുംബവിളക്ക്‌

ഭവനം

വനത്തെക്കുറിച്ചുള്ള അടിസ്ഥാനബോധ്യങ്ങളില്‍ അനുദിനം ആഴപ്പെടാന്‍ ക്രൈസ്തവകുടുംബങ്ങള്‍ക്കു കഴിയണം. കല്ലും മരവും മണലുമൊക്കെ ഉപയോഗിച്ച് നാം കെട്ടിപ്പൊക്കുന്ന പാര്‍പ്പിടങ്ങളൊക്കെ വെറും വീടുകളേ ആകുന്നുള്ളൂ. ഇതരജീവജാലങ്ങളുടെ വാസസ്ഥലങ്ങളില്‍നിന്ന് അവ വാസ്തവത്തില്‍ അധികം വ്യത്യസ്തമാകുന്നില്ല. എന്നാല്‍, ഒരു ക്രൈസ്തവകുടുംബം കേവലം വീടായി നില്ക്കാനുള്ളതല്ല. പിന്നെയോ, ഒരു 'ഭവന'മായി പരിണമിക്കാനുള്ളതാണ്. വീട് ഭവനമായി മാറുന്നത് അതില്‍ കര്‍ത്താവിന്റെ കാല്പാടുകള്‍ പതിയുമ്പോഴാണ്. സുവിശേഷത്തിലെ സക്കേവൂസിന്റെ 'വീട്' (ലൂക്കാ 19:5) ഈശോയുടെ സന്ദര്‍ശനത്തോടെ 'ഭവനം' ആയി മാറി (ലൂക്കാ 19:9). ഓര്‍ക്കണം, വീട്ടില്‍നിന്നു ഭവനത്തിലേക്കുള്ള ദൂരമാണ് ഒരു കുടുംബത്തിന്റെ രക്ഷയുടെ അനുഭവത്തിലേക്കുള്ള അകലം. മലയാളിയുടെ 'വീടുഭ്രമം' അനിതരസാധാരണമായ ഒന്നാണ്. 'അടുപ്പെരിഞ്ഞില്ലേലും വീട് അടിപൊളിയായിരിക്കണം' എന്ന മനോഭാവം മനുഷ്യര്‍ക്കിടയില്‍ മലയാളികള്‍ക്കേയുള്ളൂ എന്നു തോന്നുന്നു. കിടന്നുറങ്ങാന്‍ ഒരു പുര പണിയുന്ന കാര്യത്തില്‍ നാം കാട്ടുന്ന ആര്‍ഭാടവും അമിതച്ചെലവും മത്സരവുമൊക്കെ ഇല്ലാതാകാന്‍ എത്ര പ്രളയവും ഉരുള്‍പൊട്ടലും വേണ്ടിവരും? വീട് കൂടുതല്‍ മോടിപിടിപ്പിക്കാന്‍ കോടികള്‍ മുടക്കാന്‍ മടിക്കാത്ത നാം അതിനെ ഭവനമാക്കി മാറ്റാന്‍ എന്തു വില നല്കും? കര്‍ത്തൃസാന്നിധ്യമില്ലാത്ത കുടുംബം കിളിയൊഴിഞ്ഞ കൂടുപോലെയായിരിക്കും. അതിനുള്ളില്‍ ജീവന്റെ ചങ്കിടിപ്പും ചിറകടിയുമൊന്നും കാണുകയില്ല. ബാഹ്യമോടിയല്ല, ആന്തരികഭംഗിയാണ് ഭവനത്തിന്റെ ആഭരണം. അതുണ്ടാകണമെങ്കില്‍ അതിലെ  ഒരംഗമായി ദൈവമുണ്ടാകണം. നാം നാളിതുവരെ താമസിച്ചിരുന്ന വീട്ടുവാസത്തോടു വിട പറഞ്ഞ് ഇനിമുതല്‍ ഭവനവാസം തുടങ്ങാം. അപ്പോള്‍ സന്തോഷവും സമാധാനവും താനേ വന്നുചേരും. ഓര്‍ക്കാം, കുടുംബാംഗങ്ങളോടൊപ്പം ദൈവം വസിക്കുന്ന ഭവനമാണ് ഭുവനത്തിലെ സ്വര്‍ഗം. നമ്മുടെ വീട് ഭവനമായി രൂപാന്തരപ്പെടട്ടെ. കര്‍ത്താവിന്റെ കൂടാരമാകട്ടെ. അപ്പോള്‍ അതില്‍ ഭാവുകങ്ങളുണ്ടാകും. ഭയം കൂടാതെ, അതില്‍ കഴിയാനും കിടന്നുറങ്ങാനും നമുക്കു സാധിക്കും.

Login log record inserted successfully!