•  16 May 2024
  •  ദീപം 57
  •  നാളം 10
കുടുംബവിളക്ക്‌

കൂദാശകള്‍

വിശുദ്ധ കൂദാശകളെക്കുറിച്ചുള്ള അടിസ്ഥാനബോധ്യങ്ങളില്‍ അനുദിനം ആഴപ്പെടാന്‍ ക്രൈസ്തവകുടുംബങ്ങള്‍ക്കു കഴിയണം. സപ്തകൂദാശകളുടെ സംരക്ഷണം കുടുംബങ്ങള്‍ക്ക് ആവശ്യമാണ്. കൂദാശകള്‍ വിശുദ്ധവും വിശുദ്ധീകരിക്കുന്നവയുമാണ്. അവ മനുഷ്യന്റെ കണ്ടുപിടിത്തമല്ല; മറിച്ച്, ദൈവത്താല്‍ സ്ഥാപിതമാണ്. കുടുംബാന്തരീക്ഷത്തെ വിശുദ്ധീകരിക്കാന്‍ കൂദാശകള്‍ക്കു കഴിയും. നമ്മുടെ സമയവും സൗകര്യവും അനുസരിച്ചല്ല പിന്നെയോ, സഭ നിഷ്‌കര്‍ഷിക്കുന്നപോലെ സമയാസമയങ്ങളില്‍ കൂദാശകള്‍ സ്വീകരിക്കാന്‍ നാം കടപ്പെട്ടവരാണ്. വിശ്വാസജീവിതത്തിനുള്ള പോഷണമായ പരിശുദ്ധാത്മാവിനെയും അവിടുത്തെ വരദാനങ്ങളെയും സംവഹിക്കുന്ന സിരകളാണ് സഭയിലെ സപ്തകൂദാശകള്‍. അവ പ്രദാനം ചെയ്യുന്ന പ്രസാദവരത്തിന്റെ അഭാവത്തില്‍ ആത്മീയശോഷണവും നിര്‍ജീവത്വവും നമ്മിലമുണ്ടാകും. അനുരഞ്ജനത്തിന്റെ കൂദാശയായ കുമ്പസാരവും, ജീവന്റെയും രക്ഷയുടെയും കൂദാശയായ കുര്‍ബാനയും വേണ്ടത്ര യോഗ്യതയോടും ഒരുക്കത്തോടുംകൂടി അടിക്കടി സ്വീകരിക്കാന്‍ കുടുംബാംഗങ്ങള്‍ ശ്രദ്ധിക്കണം. ജ്ഞാനസ്‌നാനവും വിശുദ്ധകുര്‍ബാനയും സ്ഥൈര്യലേപനവും കുട്ടികള്‍ക്ക് യഥാസമയം നല്കുന്ന കാര്യത്തില്‍ മാതാപിതാക്കള്‍ക്കു വീഴ്ച വരാന്‍ പാടില്ല. വൃദ്ധരും രോഗികളുമായിട്ടുള്ളവര്‍ ഉണ്ടെങ്കില്‍ അവര്‍ക്കു മുടക്കംകൂടാതെ കൂദാശകള്‍ സ്വീകരിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കണം. അത് അവരുടെ അവകാശവും ബാക്കിയുള്ളവരുടെ കടമയുമാണ്. നിത്യജീവന്റെ കൈത്തോടുകളായ കൂദാശകള്‍ കുടുംബങ്ങളിലൂടെ നിരന്തരം ഒഴുകട്ടെ. അവിടുത്തെ ആത്മീയതയുടെ പച്ചപ്പ് മാഞ്ഞുപോകാതെ അവ കാത്തുകൊള്ളും. കൂദാശകളെ കൂട്ടുപിടിക്കാം. അവയുടെ ആന്തരികസത്തയെയും പ്രസക്തിയെയുമൊക്കെ പരിഹസിക്കുന്ന തരത്തിലുള്ള പ്രസ്താവനകളെയും പ്രചാരണങ്ങളെയും തള്ളിക്കളയാം. കൂദാശകളെ കുഴിച്ചുമൂടാന്‍ ശ്രമിക്കുന്നവരുടെ സാന്നിധ്യവും സ്വരവും കുടുംബങ്ങളില്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കാം. കൂദാശകളുടെ ആരാച്ചാരന്മാരെ അണിനിരക്കൊണ്ടുള്ള ചര്‍ച്ചകളൊരുക്കുന്ന സാമൂഹികമാധ്യമങ്ങളെ അവ അര്‍ഹിക്കുന്ന അവജ്ഞയോടെ ബഹിഷ്‌കരിക്കാം. ഓര്‍ക്കണം, കൂദാശകളെ കൈവിട്ടുള്ള ജീവിതം ക്രിസ്ത്യാനിക്ക് ഒരിക്കലും ഭൂഷണമല്ല.

''പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ജ്ഞാനസ്‌നാനം നല്കുവിന്‍.'' (മത്താ. 28:20)

Login log record inserted successfully!