•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കഥ

ആത്മാവില്‍ സമ്പന്നന്‍

  • ജോര്‍ജ് നെയ്യശ്ശേരി
  • 28 September , 2023

കഴിഞ്ഞയാഴ്ചയും മകന്‍ വിളിച്ചിരുന്നു, കുഞ്ഞിനെ നോക്കാന്‍ ഇനിയും ആരെയും കിട്ടിയില്ലെന്നും പറഞ്ഞ്.
ഞാനും ഭാര്യയും നേരത്തേ അവനോടു പറഞ്ഞതാണ്. ഞങ്ങള്‍ അവന്റെ വീട്ടില്‍വന്നു താമസിക്കാമെന്ന്. അപ്പോള്‍ അവന്‍ പറഞ്ഞു: ''അതൊക്കെ പപ്പയ്ക്കും മമ്മിക്കും വലിയ ബുദ്ധിമുട്ടാവും. അവിടെ പറമ്പ് ഇട്ടേച്ചുപോന്നാല്‍ കൃഷി നാട്ടുമൃഗങ്ങളും കാട്ടുമൃഗങ്ങളും കേറി നശിപ്പിക്കും. പിന്നീട് തിരിച്ചുചെല്ലുമ്പോള്‍ ഒന്നും കാണില്ല.''
അതിനു മറുപടി ഞാനൊന്നും പറഞ്ഞില്ല. അന്ന് ഉറങ്ങാന്‍നേരത്ത് ഭാര്യ എന്നോടു പറഞ്ഞു: ''നമ്മളങ്ങോട്ടു ചെല്ലുന്നത് അവക്കു പിടിക്കില്ല. അതാ അവനങ്ങനെ പറഞ്ഞത്.''
അതിനും ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല.
മകന്‍ ആഴ്ചയില്‍ ഒരു ദിവസമേ ഫോണ്‍ ചെയ്യൂ. ''ജോലിത്തിരക്കാണ്. അതേ പറ്റൂ.''
ഞങ്ങള്‍ക്ക് എന്നും പേരക്കുട്ടിയുടെ കിളിക്കൊഞ്ചല്‍ കേള്‍ക്കണമെന്നുണ്ട്. പക്ഷേ, ആഗ്രഹം അടക്കും.
ഇവിടെ എനിക്ക് അരയേക്കര്‍ സ്ഥലവും ചെറിയൊരു വീടും മാത്രമാണുള്ളത്. ഞങ്ങള്‍ക്ക് ഏകമകന്‍. അവന്‍ പി.എസ്.സി. വഴി ജോലി കിട്ടി കാസര്‍കോഡിനും പോയി. അവന്റെ ഭാര്യയ്ക്കും അവിടെയാണു ജോലി. ഞങ്ങളുടെ പേരക്കുട്ടിക്ക് ഒരു വയസ്സു കഴിഞ്ഞു. ഇത്രയുംനാള്‍ കുഞ്ഞിനെ നോക്കിയിരുന്നത് അവളുടെ അമ്മയായിരുന്നു.
അവരുടെ മറ്റൊരു മകളുടെ പ്രസവശുശ്രൂഷയ്ക്കായി ന്യൂസിലന്‍ഡിനു പോയതുകൊണ്ടാണ് ഇപ്പോള്‍  ആളെ ആവശ്യം വന്നത്.
കുഞ്ഞിനെ നോക്കാന്‍ നല്ലൊരു സ്ത്രീയെ ലഭിക്കണേയെന്നു ഞാനും ഭാര്യയും മുട്ടിപ്പായി പ്രാര്‍ഥിച്ചു.
ഞങ്ങളുടെ പ്രാര്‍ഥന ദൈവം കേട്ടു. സ്ത്രീയല്ല പുരുഷനാണ് കുഞ്ഞിനെ നോക്കാനായി വന്നത്. ഒരു മത്തായിച്ചേട്ടന്‍. മകന്‍ പറയുന്നതു കേട്ടാല്‍ മതി: ''ആ അപ്പച്ചനെ ദൈവം കൊണ്ടുവന്നു തന്നതാ, കുഞ്ഞിന്റെ എല്ലാക്കാര്യങ്ങളും മത്തായിച്ചേട്ടന്‍ നോക്കും, അവനെ കുളിപ്പിക്കും ഭക്ഷണം കൊടുക്കും ആന കളിപ്പിക്കും, ചിരിപ്പിക്കും. അവനും അപ്പൂപ്പനെ വല്യ കാര്യമാ.''
''മത്തായിച്ചേട്ടന്‍ നല്ല കുക്കാ. അതുകൊണ്ട് ജെയ്മിക്കും സന്തോഷമായി. ചേട്ടന്‍ സ്വന്തമായി അടുക്കളത്തോട്ടം  ഉണ്ടാക്കിയിട്ടുണ്ട്. ചേനയും ചേമ്പും പയറും  വെണ്ടയും വഴുതനയുമെല്ലാം  കൃഷി ചെയ്തിട്ടുണ്ട്.'' മകന്‍ ആഹ്ലാദത്തോടെ പറഞ്ഞു.
''മത്തായിച്ചേട്ടന്റെ നാടെവിടെയാ?'' ഞാന്‍ ചോദിച്ചു.
''അതു ചേട്ടന്‍  പറയുന്നില്ല. എന്റെ ജോലി നോക്കിയാല്‍പ്പോരേ, എന്തോരം ബംഗാളികള്‍ വന്ന് ഇവിടെ ജോലി ചെയ്യുന്നു. എന്നേം ഒരു ബംഗാളിയായി കണ്ടാല്‍ മതിയെന്ന്. ഞാന്‍ പിന്നെ നാടും വീടുമൊന്നും ചോദിക്കാന്‍ പോയില്ല.''
എനിക്കെന്തോ പന്തികേട് മണത്തു. ഞാനൊന്നും മിണ്ടിയില്ല. അവന്‍ തുടര്‍ന്നു:
''ചേട്ടന് കൂലിയൊന്നും വേണ്ടെന്നാ പറഞ്ഞത്. ആഹാരവും കിടക്കാനിടവും മതിയത്രേ. ചേട്ടനൊരു  ദുശ്ശീലവുമില്ല. പുകവലിയില്ല, മദ്യപാനമില്ല. പിന്നെ എന്നെ അതിശയിപ്പിച്ച മറ്റൊരു കാര്യമുണ്ട്. ബൈബിള്‍ ഏതു ഭാഗവും അദ്ദേഹത്തിനു കാണാപ്പാഠമാണ്. പ്രാര്‍ഥന കഴിഞ്ഞ് നമ്മളോടു ചോദിക്കും, ബൈബിളിലെ ഏതു ഭാഗമെന്ന്. എല്ലാവരും ബൈബിള്‍ വായിക്കും. ഇദ്ദേഹം ബൈബിള്‍ കൈയിലെടുക്കും തുറക്കില്ല. ഞാന്‍ പറയും ലൂക്കാ 20:9 എന്ന്. അദ്ദേഹം ആരംഭിക്കും: ''അവന്‍ ജനങ്ങളോട് ഈ ഉപമ പറഞ്ഞു. ഒരു മനുഷ്യന്‍ ഒരു മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു...
''മോന്‍ ഉറങ്ങുമ്പോള്‍ ആ അപ്പച്ചന്‍ അടുക്കളയിലോ അടുക്കളത്തോട്ടത്തിലോ ജോലി ചെയ്യും. സിറ്റിക്കൊന്നും പോകുന്ന സ്വഭാവമില്ല. രാത്രി ഒന്‍പതുമുതല്‍ വെളുപ്പിന് അഞ്ചുമണിവരെ ഒറ്റ ഉറക്കമാണ്. ഒന്നിനും ഒരു പരാതിയോ പരിഭവമോ ഇല്ല.'' അവന്‍ പറഞ്ഞുനിറുത്തി.
''ഇങ്ങനെ മനുഷ്യരുണ്ടാവുമോ?'' എനിക്കെന്തല്ലാമോ സംശയം ഉരുണ്ടുകൂടി.
ഇന്നത്തെക്കാലത്ത് എത്ര കൂലി കിട്ടിയാലും മതിയാകാത്തവരാണ് ഏതു ജോലിക്കാരും. അങ്ങനെയുള്ളിടത്ത് കൂലിയൊന്നും വേണ്ട എന്നും പറഞ്ഞ് ഒരാള്‍. അതും ആത്മാര്‍ഥതയോടെ ജോലി ചെയ്യുന്നു.
''ബൈബിള്‍ കാണാതെപറയുന്നതു വല്ല മാജിക്കുമായിരിക്കുമോ?''
'എന്റെ കൊച്ചുമോനെ തട്ടിക്കൊണ്ടുപോകാന്‍ വന്ന വല്ല മന്ത്രവാദിയുമായിരിക്കുമോ അയാള്‍?'
അസ്വസ്ഥതയുടെ വേരുകള്‍ എന്നെ വരിഞ്ഞുമുറുക്കി. ഞാന്‍ മകനോടു പറഞ്ഞു:
''എനിക്കു മത്തായിച്ചേട്ടനെ ഒന്നു കാണണം. രാത്രിവണ്ടിക്ക് ഞാന്‍ അങ്ങോട്ടു വരുന്നു.''
മകന്‍ എന്തെങ്കിലും എതിര്‍ശബ്ദം പുറപ്പെടുവിക്കുന്നതിനുമുമ്പേ ഞാന്‍ ഫോണ്‍  വച്ചു.
''ഞാന്‍ അത്യാവശ്യമായി കാസര്‍കോഡിനു പോകുന്നു'' ഭാര്യയോടു ഞാന്‍  പറഞ്ഞു. ഭാര്യ എന്നെ ആശ്ചര്യത്തോടെ നോക്കി.
''ഇപ്പോ എന്താ പെട്ടെന്ന്?'' അവള്‍ ചോദിച്ചു.
''കൊച്ചിനെ നോക്കാന്‍ വന്ന ആള്‍ എങ്ങനെയുണ്ടെന്ന് എനിക്കറിയണം. ജേക്കബിനു വിദ്യാഭ്യാസമുണ്ട്. ലോകപരിചയം കുറവാ. ഞാനൊന്നു  ചെന്ന് ഈ മത്തായിച്ചേട്ടന്‍ എന്നു പറയുന്നയാളെ ഒന്നു കണ്ടിട്ടു വരാം.''
ഭാര്യ എതിരൊന്നും പറഞ്ഞില്ല.
പുലര്‍ച്ചെ അഞ്ചുമണിക്കുള്ള കെഎസ്ആര്‍ടിസി ക്കു ഞാന്‍ പുറപ്പെട്ടു. ഒറ്റവണ്ടി കിട്ടിയതു ഭാഗ്യം. ഇറങ്ങിക്കേറണ്ടല്ലോ.
അവന്റെ വീടിരിക്കുന്ന സ്ഥലത്തിനടുത്ത ബസ് സ്റ്റോപ്പില്‍ ഇറങ്ങുമ്പോള്‍ രാത്രി പത്തുമണികഴിഞ്ഞു.
മൊബൈല്‍ വെളിച്ചത്തില്‍ ഞാനവന്റെ വീട്ടിലെത്തി. മകന്‍ വരാന്തയില്‍ കാത്തുനില്പുണ്ടായിരുന്നു. അവന്റെ ഭാര്യയും കുഞ്ഞും ഉറങ്ങിയിരുന്നു.
മേശപ്പുറത്ത് തയ്യാറാക്കിവച്ചിരുന്ന അത്താഴം ഞാനും മകനും കഴിച്ചു.
''മത്തായിച്ചേട്ടന്‍ ഉറങ്ങിയോ?'' ഞാന്‍ ചോദിച്ചു.
''എന്നും ഒന്‍പതിന് ഉറങ്ങും'' മകന്‍ പ്രതിവചിച്ചു.
ഞാന്‍ ഊണുകഴിഞ്ഞ് ചാര്‍ത്തിലേക്കു പ്രവേശിച്ചു. അവിടെയാണ് മത്തായിച്ചേട്ടന്‍ കിടക്കുന്നത്. ഇലക്ട്രിക് ലൈറ്റ് തെളിക്കാതെ മൊബൈല്‍ വെളിച്ചത്തില്‍ ഞാന്‍ അയാള്‍ കിടക്കുന്ന കട്ടിലിനടുത്തെത്തി.
വെളുത്ത താടിയുള്ള ഒരാള്‍ മലര്‍ന്നുകിടന്ന്  ഉറങ്ങുന്നു. ശാന്തമായ മുഖം. മന്ദസ്മിതം തങ്ങി നില്‍ക്കുന്ന ചുണ്ടുകള്‍. നരച്ച മുടി.
'ഇത് ഈപ്പച്ചന്‍മുതലാളിയല്ലേ?' ഞാന്‍ സൂക്ഷിച്ചു വീണ്ടും നോക്കി.
'അതേ. ഇത് ഈപ്പച്ചന്‍ മുതലാളിതന്നെ.' ഞാന്‍ ഞെട്ടലോടെ പിന്തിരിഞ്ഞു.
ചാര്‍ത്തില്‍നിന്നു പുറത്തേക്കിറങ്ങി വന്ന എന്നെ മകന്‍ ആശങ്കയോടെ നോക്കി.
''പപ്പയെ വിയര്‍ക്കുന്നുണ്ടല്ലോ. എന്തു പറ്റി. പപ്പ അറിയുന്ന ആളാണോ?'' അവന്‍ ചോദിച്ചു.
ഞാന്‍ ദീര്‍ഘനിശ്വാസമുതിര്‍ത്തു.
''ഇത്രയുംദൂരം യാത്ര ചെയ്തുവന്നതല്ലേ, അതായിരിക്കും വിയര്‍ക്കുന്നത്. ഇതു ഞാന്‍ ഉദ്ദേശിച്ച ആളല്ല. ഞാന്‍ ഉദ്ദേശിച്ച ആള്‍ ഒരു ചീത്ത മനുഷ്യനാ. ഇദ്ദേഹം നല്ല മനുഷ്യനാ. കാഴ്ചയില്‍ത്തന്നെ എനിക്കതു മനസ്സിലായി'' 
മകന്റെ മുഖത്ത് പ്രകാശം പരന്നു.
''ഞാന്‍ പപ്പയോടു പറയണമെന്നു കരുതിയതാ ഓടിപ്പിടിച്ച് ഇങ്ങോട്ടു വരണ്ടാ എന്ന്. ആളുകളെ കാണുമ്പം  എനിക്കും കുറച്ചൊക്കെ വിലയിരുത്താനറിയാം.'' അയാള്‍ അഭിമാനത്തോടെ പറഞ്ഞു.
ഞാന്‍  വെളുപ്പിനുതന്നെ മടങ്ങിപ്പോകണമെന്നു പറഞ്ഞപ്പോള്‍ മകന് അത് ഉള്‍ക്കൊള്ളാനായില്ല.
''പപ്പ മോനെപ്പോലും കണ്ടില്ലല്ലോ. പപ്പ രണ്ടു ദിവസം കഴിഞ്ഞേ പോകൂ എന്നു കരുതിയാ ജെയ്മി രാത്രി എഴുന്നേറ്റുവരാത്തത്. അപ്പച്ചന് പപ്പയെ കാണാന്‍ ആഗ്രഹമുണ്ടാകും. അതുകൊണ്ട് ഒരു ദിവസം ഇവിടെ നിന്നിട്ട് നാളെ രാത്രിവണ്ടിക്കു പോകാം.''
മകന്‍ പ്രതീക്ഷയോടെ എന്നെ നോക്കി.
''മറ്റന്നാള് അത്യാവശ്യമായി വില്ലേജാഫീസില്‍ പോകണം. വെളുപ്പിനുള്ള വണ്ടിക്കു പോയെങ്കിലേ അതു നടക്കൂ. പൊസഷന്‍ സര്‍ട്ടിഫിക്കറ്റു വാങ്ങി ബാങ്കില്‍ കൊടുക്കണം. ഞാനിങ്ങു പോന്നു കഴിഞ്ഞാ അക്കാര്യമോര്‍ത്തത്.''
ഞാന്‍ പറഞ്ഞ കള്ളം മകന്‍ വിശ്വസിച്ചുവെന്നു തോന്നുന്നു.
ഞാന്‍ വന്ന ബസ് മടങ്ങിപ്പോകുന്നത് പുലര്‍ച്ചേ നാലരയ്ക്കാണ്.
നാലു  മണിക്കു ഞാന്‍ ഉണര്‍ന്നു റെഡിയായി.
''ഞാന്‍ ആ അപ്പച്ചനെ വിളിച്ചുണര്‍ത്തട്ടെ'' മകന്‍ ചോദിച്ചു.
''വേണ്ട. ഇനി സംസാരിക്കാന്‍ സമയമില്ല. മത്തായിച്ചേട്ടനെ കാണാന്‍ ഞാന്‍ വേറൊരു ദിവസം വരാം.''
മകന്റെ ഭാര്യ ഇട്ടുതന്ന കട്ടനും കുടിച്ച് ഞാന്‍ ബസ്‌സ്റ്റോപ്പിലേക്കു നടന്നു.
ബസ്സിലിരുന്നു ഞാന്‍  ചിന്തിച്ചതുമുഴുവന്‍ ഈപ്പച്ചന്‍മുതലാളിയെക്കുറിച്ചാണ്.
എന്റെ വീട്ടില്‍നിന്നും രണ്ടു കിലോമീറ്റര്‍ അകലെയായിരുന്നു അദ്ദേഹത്തിന്റെ വീട്. പത്തിരുപതേക്കര്‍ സ്ഥലവും ബംഗ്ലാവുമുള്ള ആള്‍.
പലരും അദ്ദേഹത്തെ മുതലാളി എന്നു  സംബോധന ചെയ്യുന്നതു കേട്ടിട്ടുണ്ട്. ''എന്നെ മുതലാളി എന്നൊന്നും വിളിക്കണത് എനിക്കിഷ്ടമില്ല.'' അദ്ദേഹം അങ്ങനെ ചിലരോടു പറയുന്നതു ഞാന്‍ കേട്ടിട്ടുണ്ട്.
ഞാന്‍ ഒരിക്കലും അദ്ദേഹത്തെ മുതലാളി എന്നു സംബോധന ചെയ്തിട്ടില്ല. ഞാന്‍ ചേട്ടാ എന്നേ വിളിച്ചിട്ടുള്ളൂ.
വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാന്‍ അദ്ദേഹത്തിന്റെ പറമ്പില്‍ പാട്ടത്തിന് കപ്പ കൃഷി ചെയ്തിട്ടുണ്ട്. അങ്ങനെയാണ് എനിക്ക് അദ്ദേഹവുമായി പരിചയം. അന്നേ എനിക്കു തോന്നിയിരുന്നു. ഇദ്ദേഹം നല്ലൊരു മനുഷ്യനാണല്ലോ എന്ന്.
അദ്ദേഹത്തിന്റെ ജീവിതത്തിലെ ദുഃഖം നിറഞ്ഞ സംഭവങ്ങള്‍ ഞാന്‍ അറിയുന്നുണ്ടായിരുന്നു.
അദ്ദേഹത്തിന് ഒരു മകന്‍ മാത്രം. ഭാര്യ അദ്ദേഹത്തിന്റെ യൗവനകാലഘട്ടത്തില്‍ത്തന്നെ മരിച്ചു. പിന്നീടദ്ദേഹം വിവാഹം കഴിച്ചില്ല. മകനുവേണ്ടി മാത്രമായി അദ്ദേഹം ജീവിച്ചു.
ദുശ്ശീലങ്ങളൊന്നുമില്ലാത്ത ഈപ്പച്ചന്‍ചേട്ടന്റെ മകന് ഇല്ലാത്ത ദുശ്ശീലങ്ങളില്ല. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ അയാള്‍ വീട്ടില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചു.
ഈപ്പച്ചന്‍ചേട്ടന്റെ മകന്‍ വിവാഹിതനായി. വിവാഹശേഷം മകന്‍ അപ്പനോടു നിരന്തരം വഴക്കടിച്ചു.
ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ ഏറെനാള്‍ ഈപ്പച്ചന്‍ചേട്ടന്‍ സഹിച്ചു.
തന്റെ പേരിലേക്ക് സ്വത്തുക്കള്‍ എഴുതി വാങ്ങാനായി മകന്‍ അപ്പനെ മര്‍ദ്ദിച്ചു.
പലരും ഈപ്പച്ചന്‍ചേട്ടനോടു പറഞ്ഞു:
''അവനെതിരേ കോടതിയില്‍ കേസു കൊടുക്ക്.''
''നമുക്ക് എംഎല്‍എയോടു പറഞ്ഞു കാര്യങ്ങള്‍ക്കു തീരുമാനമുണ്ടാക്കാം.''
ആരുടെയും ഉപദേശത്തിനു വഴങ്ങാതെ ഈപ്പച്ചന്‍ ചേട്ടന്‍ സ്വത്തുക്കള്‍ മുഴുവന്‍ മകന്റെ പേരിലേക്ക് എഴുതിക്കൊടുത്തു.
ഇനിയെങ്കിലും സ്വസ്ഥതയോടും സമാധാനത്തോടും കഴിയാമെന്ന് അദ്ദേഹം കരുതി.
ഒരു വേലക്കാരന്റെ സ്ഥാനംപോലും സ്വന്തം വീട്ടില്‍ ലഭിക്കാതായപ്പോള്‍ അദ്ദേഹം എങ്ങോ പോയി മറഞ്ഞു.
അദ്ദേഹത്തെ ആരും അന്വേഷിച്ചില്ല. എവിടെയെല്ലാമോ കറങ്ങിത്തിരിഞ്ഞായിരിക്കും അദ്ദേഹം എന്റെ മകന്റെ വീട്ടിലെത്തിയിരിക്കുക. ഞാനറിയാതെതന്നെ എന്റെ കണ്ണില്‍ നീര്‍പൊടിഞ്ഞു.
അദ്ദേഹത്തെപ്പോലൊരാള്‍  എങ്ങനെ ജീവിക്കേണ്ടതാണ്!
എന്റെ മകന്‍ അദ്ദേഹത്തെ 'അപ്പച്ചാ' എന്നു സംബോധന ചെയ്യുന്നത് എനിക്കു സന്തോഷപ്രദവും ആശ്വാസകരവുമാണ്.
എന്റെ മകന്റെ വീടാണെന്നറിഞ്ഞ് അദ്ദേഹം ആ വീട്ടില്‍ നിന്നു പോയെങ്കിലോ എന്നു കരുതിയാണ് ഞാന്‍ നേരത്തേ അവിടെനിന്നു പോന്നത്.
ഭൗതികതലത്തില്‍ അല്പംപോലും തളര്‍ച്ച സഹിക്കാന്‍ പറ്റാതെ പലരും ആത്മഹത്യയിലേക്കും മദ്യത്തിലേക്കും തിരിയുന്ന ലോകത്ത് ഈപ്പച്ചന്‍ചേട്ടന്‍ വേറിട്ടു നില്‍ക്കുന്നു.
എന്തെല്ലാം നഷ്ടപ്പെട്ടാലും ആത്മാവു നഷ്ടപ്പെടാന്‍ ഇട നല്‍കാതെ അദ്ദേഹം പ്രതിരോധം സൃഷ്ടിക്കുന്നു.
ബൈബിള്‍ മുഴുവനും അദ്ദേഹത്തിന് കാണാപ്പാഠം ആയതില്‍ ഇപ്പോള്‍ ഞാന്‍ ഒരു  അദ്ഭുതവും കാണുന്നില്ല.
സ്വന്തം ആത്മാവിന്റെ രക്ഷയ്ക്കായി ഈപ്പച്ചന്‍മുതലാളി തിരഞ്ഞെടുത്ത വഴി എന്നില്‍ മതിപ്പുളവാക്കി.
ആത്മാവില്‍ സമ്പത്തു സൃഷ്ടിച്ച അദ്ദേഹം ഇപ്പോഴാണ് മുതലാളിയായത്.

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)