ഒടുവില്‍, അതു നടന്നു. ഭാരതസ്ത്രീകളുടെ ചിരകാലമഹാസ്വപ്‌നം പൂവണിഞ്ഞു. വനിതാസംവരണബില്‍ പാര്‍ലമെന്റില്‍ പാസായി. സ്ത്രീശബ്ദങ്ങള്‍ കേള്‍പ്പിക്കാന്‍,സ്ത്രീസ്വത്വങ്ങള്‍ അടയാളപ്പെടുത്താന്‍,ഇനി, പഞ്ചായത്തുതൊട്ടു പരമോന്നത ഭരണസഭകളില്‍വരെ സ്ത്രീകള്‍ക്കായി നീക്കിവയ്ക്കപ്പെടുന്നത് 33 ശതമാനത്തോളം വരുന്ന അംഗത്വപദവികള്‍!
അവഗണനകളുടെയും അക്രമങ്ങളുടെയും ആക്ഷേപങ്ങളുടെയും ഇരകളാവുന്നവരുടെ ആര്‍ത്തനാദങ്ങള്‍ വേണ്ടരീതിയില്‍ പ്രതിധ്വനിപ്പിക്കാന്‍, ഏതിനും തക്കതായ പരിഹാരം സാധ്യമാക്കാന്‍, സ്ത്രീസൗഹൃദനിയമനിര്‍മാണത്തില്‍ മുന്‍കൈയെടുക്കാന്‍, ഏതിനുമിനി, ഉയരുമൊരുപാടു സ്ത്രീമുഴക്കങ്ങള്‍, ഏതു ഭരണസഭയിലായാലും!
27 വര്‍ഷംമുമ്പ്, 1996 സെപ്റ്റംബറിലായിരുന്നു പാര്‍ലമെന്റില്‍ ആദ്യമായി വനിതാസംവരണബില്‍ അവതരിപ്പിക്കപ്പെട്ടത്. ശ്രീ ദേവഗൗഡയുടെ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു അത്.തുടര്‍ന്ന് പല ഭരണഘട്ടങ്ങളിലുമായി നടന്നിട്ടുള്ള അവതരണശ്രമങ്ങള്‍ക്കൊടുവില്‍, ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 21 നാണ്, നിയമമന്ത്രിയായ അര്‍ജുന്‍ മേഘ്‌വാളിന്റെ അവതരണത്തോടെ വനിതാസംവരണ ബില്‍ പൂര്‍ണമായും അംഗീകരിക്കപ്പെടുന്നത്.
ഇതൊരു ചെറിയകാര്യമല്ല! മറിച്ച്, ലിംഗസമത്വത്തിലേക്കുള്ള വലിയൊരു കാല്‍വയ്പ്പാണിത്. സ്ത്രീനേതൃത്വവികസനത്തില്‍, അവളുടെ കഴിവുകളില്‍, അര്‍പ്പിക്കപ്പെടുന്ന വിശ്വാസത്തിന്റെ അടയാളവുമാണ്!
ചരിത്രപ്രധാനമായ ഈയൊരു സംഭവം പുതിയ പാര്‍ലമെന്റിലെ ആദ്യത്തെ നിയമനിര്‍മ്മാണം എന്ന നിലയിലും ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. എന്നാല്‍, താത്ത്വികമായി, 454 വോട്ടര്‍മാരുടെ പൂര്‍ണമനസ്സോടെ അംഗീകരിക്കപ്പെട്ടതെങ്കിലും, പ്രായോഗികമായ സാക്ഷാത്കാരത്തിന്, ഏതാനും സംവത്സരങ്ങള്‍കൂടി കാത്തിരിക്കണമെന്നുള്ളതു വസ്തുതയാണ്.
അതേസമയം, സ്ത്രീയെ അവള്‍ അര്‍ഹിക്കുന്ന രീതിയില്‍, അംഗീകരിക്കണം, ആഘോഷിക്കണം, ആചരിക്കണം എന്നുള്ള അവബോധം സമൂഹത്തില്‍ പടര്‍ത്താന്‍, ഇതൊരു കെടാച്ചൂട്ടാവാകുകതന്നെ ചെയ്യും.
പൊതുവേദികളിലും പലതരത്തിലുമുള്ള സംഘടനകളുടെ അരങ്ങുകളിലും വിളക്കൊരുക്കാനും ഏറിയാല്‍ ഒരു തിരിയോ മറ്റോ കൊളുത്താനും അതിഥികളെ താലപ്പൊലിയുമായി സ്വീകരിക്കാനും മാത്രമായി, സ്ത്രീകളെ ഉപയോഗിക്കുന്ന രീതി പലപ്പോഴും, പതിവുകാഴ്ചയാകാറുണ്ട്.
അരങ്ങിലെ കസേരകളില്‍, ആണ്‍പ്രജകള്‍ മാത്രമായിരിക്കും ആസനസ്ഥരായിരിക്കുക. ഒരു സ്ത്രീയെയെങ്കിലും അവിടെ കാണാറായാല്‍ അതു മഹാഭാഗ്യം!
കാര്യങ്ങള്‍ പറയാനും വിഷയാധിഷ്ഠിതമായ വാക്കുകള്‍ സംസാരിക്കാനും, പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കാനും, കഴിവുള്ള സ്ത്രീകളെപ്പോലും, ഒപ്പം ഇരുത്താനുള്ള ആര്‍ജവം കാട്ടുന്ന ആണ്‍പ്രജകള്‍, ഇന്നും ചുരുക്കമാണ്.
ഇത്തരുണത്തില്‍, വനിതാസംവരണനിയമം, സമൂഹമനസ്സില്‍ തീര്‍ച്ചയായും ചില ശുഭചലനങ്ങള്‍ സൃഷ്ടിക്കാന്‍പര്യാപ്തമാവും. പുതിയ കാഴ്ചപ്പാടുകള്‍ക്കു വഴിയൊരുക്കാനും അതു നിമിത്തമാകും. എന്നാല്‍, സംവരണം സാര്‍ഥകമാകുന്നതും അതൊരു മുഴുവിജയമാകുന്നതും തീര്‍ച്ചയായും അതെത്രത്തോളം ഫലവത്തായി, കൈകാര്യം ചെയ്യപ്പെടുന്നു എന്നുള്ളതിനെക്കൂടി ആശ്രയിച്ചിരിക്കുന്നു. പുരുഷമേധാവിത്വത്തിന്റെ, അഥവാ അവരുടെ സ്വാര്‍ഥതാത്പര്യങ്ങളുടെ പ്രകാശനത്തിനുമാത്രമായി ഒരുക്കപ്പെടുന്ന പാവകളാകരുത് സ്ത്രീകള്‍! എങ്കില്‍ വഞ്ചി തിരുനക്കരത്തന്നെയാകും നില്പ്!പല അഴിമതിക്കേസുകളിലും കുടുങ്ങുന്ന ഭരണാധികാരികള്‍, അവരുടെ ഒഴിയുന്ന കസേരകളില്‍ സ്വന്തം കുടുംബത്തിലെ സ്ത്രീകളെ ഇരുത്തിക്കൊണ്ടു തങ്ങളുടെ ഇച്ഛകള്‍ക്കും ആവശ്യങ്ങള്‍ക്കുമനുസരിച്ചു കാര്യങ്ങള്‍ സാധിച്ചെടുക്കുന്നതു, നമ്മള്‍ കാണാത്ത കാര്യമല്ല!
അധികാരമെന്നത് അവശരായ സ്ത്രീകള്‍ക്കുവേണ്ടി, നാടിന്റെ പൊതുക്ഷേമത്തിനുവേണ്ടി പ്രയോജനപ്പെടുത്തേണ്ടതായ ഒരു മഹാകര്‍ത്തവ്യംകൂടിയാണെന്നത്, തിരഞ്ഞെടുക്കപ്പെടുന്ന സ്ത്രീകള്‍ ഒരിക്കലും മറന്നുകൂടാ! തീര്‍ച്ചയായും, ഒരു വീട് അഥവാ കുടുംബം, നേരാംവണ്ണം കൊണ്ടുനടത്താനാവുന്ന സ്ത്രീയെ സംബന്ധിച്ചിടത്തോളം, നാടിനെ വീടായും, പൗരരെ മക്കളായുംകണ്ട്, കാര്യനിര്‍വഹണം മികവോടെ ഏറ്റെടുക്കാനാകും.സ്ത്രീശക്തീകരണത്തിന്റെ വഴി മലര്‍ക്കെ തുറന്നിട്ടുകൊടുക്കുന്ന വനിതാസംവരണനിയമം, സ്ത്രീക്കു സാധിക്കാവുന്ന കാര്യങ്ങള്‍ക്കു പരിമിതികളില്ലെന്നതു പറയാതെ പറയുമ്പോഴും, എന്തും പൊതുനന്മയ്ക്കു വേണ്ടിയുള്ളതാവണമെന്നുകൂടി സാമാജികര്‍ നിഷ്‌കര്‍ഷിക്കണം!
ഇന്ദിരാഗാന്ധിയും പ്രതിഭ പട്ടേലും, ദ്രൗപദി മുര്‍മുവും, എന്നപോലെ, ഇനിയും പല സ്ത്രീനാമങ്ങളും ഭരണനേതൃസ്ഥാനീയരായി, ലോകത്തെ കേള്‍പ്പിക്കേണ്ട ശബ്ദങ്ങളായി, ലോകമറിയുന്നവരായി, നമുക്കിടയിലുണ്ടാകട്ടെ!