•  25 Dec 2025
  •  ദീപം 58
  •  നാളം 42
കവര്‍‌സ്റ്റോറി

ദൈവത്തിന്റെ കൈയൊപ്പുള്ള കുഞ്ഞച്ചന്‍

വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍ ഒരു സാധാരണമനുഷ്യനായിരുന്നു. വലിയകാര്യങ്ങളോ അസാധാരണമായ എന്തെങ്കിലുമോ അദ്ദേഹം ഈ ലോകത്തില്‍ നിര്‍വഹിച്ചിട്ടില്ല. എന്തെങ്കിലും ചെയ്തതാകട്ടെ, ലോകം തിരസ്‌കരിച്ച ഒരുപറ്റം മനുഷ്യരുടെ ഉന്നമനത്തിനുവേണ്ടിയും. കര്‍ത്താവിന്റെ പ്രതിപുരുഷനായി നൂറുശതമാനവും സത്യസന്ധതയോടും വിശ്വസ്തതയോടുംകൂടി പ്രവര്‍ത്തിച്ചിരുന്ന ഒരു പുണ്യപുരോഹിതനായിരുന്നു അദ്ദേഹം. ജാതീയമായ വേര്‍തിരിവുകളാല്‍ സമൂഹം വെറുത്തുപേക്ഷിച്ചവരെത്തേടിയായിരുന്നു എന്നും അദ്ദേഹത്തിന്റെ യാത്ര. അവര്‍ക്കുവേണ്ടി അദ്ദേഹം നിരന്തരം പോരാടി. ഒരര്‍ഥത്തില്‍, സാമൂഹികപരിഷ്‌കര്‍ത്താവായിരുന്നു കുഞ്ഞച്ചന്‍.
രാമപുരത്തും സമീപപ്രദേശങ്ങളിലുമുള്ള ദളിത്മക്കളുടെ ക്ഷേമത്തിനായി അദ്ദേഹം എപ്പോഴും ഉത്സുകനായിരുന്നു. ആ സംലഭ്യതയായിരുന്നു അദ്ദേഹത്തിന്റെ പ്രേഷിതപ്രവര്‍ത്തനത്തെ
വ്യത്യസ്തമാക്കിയതും. കടനാടുപള്ളിയിലെ അസിസ്റ്റന്റ് വികാരിയായി വളരെ കുറച്ചുമാസങ്ങള്‍ സേവനമനുഷ്ഠിച്ചതൊഴിച്ചാല്‍ പൗരോഹിത്യജീവിതത്തില്‍ മറ്റു സ്ഥാനങ്ങളോ പദവികളോ ഒന്നും അദ്ദേഹത്തിനു വഹിക്കാനായില്ല. രോഗപീഡകള്‍ അദ്ദേഹത്തെ പലപ്പോഴും അലട്ടിയിരുന്നതുകൊണ്ടു സ്വന്തം നാടായ രാമപുരത്തേക്ക് വിശ്രമാര്‍ഥം തിരിച്ചുപോരേണ്ടിവന്നു. പിന്നീട് അദ്ദേഹം കണ്ടെത്തിയ ഒരു പ്രേഷിതഭൂമിയാണ് രാമപുരത്തും പരിസരങ്ങളിലുമുള്ള ദളിത്‌ക്ഷേമത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍.
അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും കൊടിയ പാപങ്ങളിലും കുടുങ്ങിക്കിടന്നിരുന്ന ദളിത്മക്കളെ ദൈവത്തിനു പ്രിയപ്പെട്ട മനുഷ്യരാക്കി മാറ്റുന്നതില്‍ കുഞ്ഞച്ചന്റെ കുമ്പസാരക്കൂടുകള്‍ വഹിച്ച പങ്കു ചെറുതല്ല. പാപസങ്കീര്‍ത്തനവേദിയായിരുന്നു കുഞ്ഞച്ചന്റെ പ്രധാന മതബോധനരംഗവും കൗണ്‍സിലിങ് സെന്ററും. കുഞ്ഞച്ചന്റെ ഉപദേശവും ആശ്വാസവും തേടാന്‍ ആളുകള്‍ ഓടിക്കൂടുമായിരുന്നു. പാപഭാരവുമായി വരുന്നവര്‍ക്ക് ദൈവത്തിന്റെ കാരുണ്യം ഒഴുക്കിക്കൊടുക്കുന്നതില്‍ അദ്ദേഹം വിജയിക്കുകതന്നെ ചെയ്തു.
ലോകത്തിനു വേണ്ടാത്തവര്‍ ദൈവത്തിനു വേണ്ടപ്പെട്ടവരാണ്. അതുകൊണ്ടുതന്നെ, അവര്‍ കുഞ്ഞച്ചനും പ്രധാനപ്പെട്ടവരായിരുന്നു. ഈയൊരു വീക്ഷണപ്രകാരമാണ് കുഞ്ഞച്ചന്‍ ദളിത്മക്കളെ കണ്ടിരുന്നത്. അവര്‍ ദൈവത്തിന്റെ ഛായയും സാദൃശ്യവും പേറുന്ന സൃഷ്ടികളാണ്. അതുകൊണ്ട്, ദൈവത്തിന്റെ കണ്ണിലൂടെ കുഞ്ഞച്ചന്‍ അവരെ കണ്ടു. അതിലാണ് അദ്ദേഹത്തിന്റെ അനിതരസാധാരണമായ വിശുദ്ധിയും മനുഷ്യത്വവും അടങ്ങിയിരിക്കുന്നത്.
“A humple, simple and dedicate priest’’  അതായിരുന്നു കുഞ്ഞച്ചന്റെ ജീവിതം. വാക്ചാതുരി, നേതൃപാടവം, ആകര്‍ഷണീയത തുടങ്ങി എടുത്തുപറയാനൊന്നുമില്ലാത്ത ഒരു സാധാരണവൈദികന്‍. വാക്കുകള്‍ക്കപ്പുറത്ത് പ്രവൃത്തിയിലൂടെ വിശുദ്ധി അടയാളപ്പെടുത്തിയ ഒരു മാതൃകാപുരോഹിതന്‍. അസാധ്യമായി ഒന്നുമില്ല എന്ന സന്ദേശം കുഞ്ഞച്ചന്റെ ലളിതവും നിശ്ശബ്ദവുമായ ജീവിതം നമ്മുടെ മുമ്പില്‍ വരച്ചിട്ടുതരുന്നു. വിശുദ്ധജീവിതം ആര്‍ക്കും എത്തിപ്പിടിക്കാന്‍ സാധിക്കുമെന്ന് സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം തെളിയിച്ചു. കുഞ്ഞച്ചന്‍ പ്രസിദ്ധനായ വൈദികനായിരുന്നില്ല; വിശുദ്ധനായ വൈദികനായിരുന്നു.
കുഞ്ഞച്ചന്‍ എന്റെ അമ്മയുടെ ഒരു ചിറ്റപ്പനാണ്. കുഞ്ഞച്ചന്റെ പിതാവും എന്റെ അമ്മയുടെ വല്യപ്പച്ചനും സഹോദരങ്ങളാണ്. അതായത്, കുഞ്ഞച്ചനും എന്റെ വല്യപ്പനും (അമ്മയുടെ അപ്പന്‍) ഫസ്റ്റ് കസിന്‍സാണ്. അമ്മവഴി യുള്ള ഈ ബന്ധംമൂലം രാമപുരത്തു പോകുമ്പോഴൊക്കെ കുഞ്ഞച്ചനെയുംകണ്ട് അനുഗ്രഹം വാങ്ങി വരണമെന്ന് വീട്ടില്‍നിന്നു പറയുമായിരുന്നു. ഞങ്ങള്‍ക്കും അതു സന്തോഷമായിരുന്നു.
കുട്ടികളെ കുഞ്ഞച്ചനു വലിയ ഇഷ്ടമായിരുന്നു. പരീക്ഷക്കാലങ്ങളില്‍ പേനയും പാഠപുസ്തകങ്ങളും വെഞ്ചരിക്കാന്‍ കുഞ്ഞച്ചന്റെ അടുക്കല്‍ കൊണ്ടുവന്നിരുന്നു. കുട്ടികളെ ആകര്‍ഷിക്കുന്ന ഒരു പ്രകൃതം കുഞ്ഞച്ചനുണ്ടായിരുന്നു. പൊക്കം കുറഞ്ഞ്, മെലിഞ്ഞ ഒരു കുഞ്ഞ് അച്ചന്റെ രൂപമായിരുന്നതുകൊണ്ടാവാം ഒരുപക്ഷേ, കുട്ടികള്‍ അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നത്. കൃശഗാത്രനായി കാണപ്പെട്ടെങ്കിലും അദ്ദേഹം വിശുദ്ധനായ ഒരു വൈദികനാണെന്ന് കൊച്ചുകുട്ടികള്‍ക്കുപോലും അറിയാമായിരുന്നു.
എന്നെ മാമ്മോദീസാ മുക്കിയത് കുഞ്ഞച്ചനാണ്. കുഞ്ഞച്ചന്റെ സംസ്‌കാരശുശ്രൂഷയ്ക്ക് കാര്‍മികത്വം വഹിക്കാനുള്ള നിയോഗം എനിക്കായിരുന്നു. മെത്രാനായശേഷം വൈദികരുടേതായി ഞാന്‍ കാര്‍മികത്വം വഹിച്ച ആദ്യത്തെ സംസ്‌കാരശുശ്രൂഷയായിരുന്നു അത്. അന്ന് വയലില്‍പിതാവ് ഇലഞ്ഞിമറ്റംപിതാവിന്റെ മെത്രാഭിഷേകവുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യന്‍യാത്രയിലായിരുന്നതുകൊണ്ടാണ് എനിക്ക് അതിനുള്ള അവസരവും ഭാഗ്യവുമുണ്ടായത്.
കുഞ്ഞച്ചന്‍ ഒരു വൈദ്യനുമായിരുന്നു. കുഞ്ഞുങ്ങള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും രോഗം വന്നാല്‍ ആളുകള്‍ കുഞ്ഞച്ചനെ സമീപിക്കുമായിരുന്നു. അദ്ദേഹം പ്രാര്‍ത്ഥിച്ചു മരുന്നു കൊടുത്താല്‍ സുഖപ്പെടുന്ന രോഗങ്ങളേ അന്നുണ്ടായിരുന്നുള്ളൂ.  പറമ്പിലും പാടത്തുമുള്ള കീടങ്ങളെയും ചാഴികളെയും വിലക്കി കാര്‍ഷികാഭിവൃദ്ധി കൈവരിക്കുന്നതിന് കുഞ്ഞച്ചന്റെ പ്രാര്‍ഥന തേടി ജാതിമതഭേദമെന്യേ വിദൂരങ്ങളില്‍നിന്നുപോലും ആളുകള്‍ എത്തിയിരുന്നു. പ്രാര്‍ഥനയുടെ മനുഷ്യനായിരുന്നു കുഞ്ഞച്ചന്‍. ഓരോ ദിവസവും ദീര്‍ഘനേരം ദിവ്യകാരുണ്യസന്നിധിയില്‍ ചെലവഴിച്ചു. അതിരാവിലെ ഉണര്‍ന്ന് ദിവ്യബലിക്കും യാമപ്രാര്‍ഥനയ്ക്കുംശേഷം ദളിത്മക്കളുടെ കുടിലുകള്‍ തേടിയുള്ള യാത്രയായിരുന്നു പതിവ്. ഉച്ചഭക്ഷണമായി മുട്ടയോ ഏത്തപ്പഴമോ കൈയില്‍ കരുതിയിരിക്കും. ക്രിസ്തീയ വേദോപദേശങ്ങള്‍ ആകര്‍ഷകമായി അവതരിപ്പിക്കാനോ പറഞ്ഞുമനസ്സിലാക്കിക്കൊടുക്കാനോ വേണ്ടത്ര പാടവം അദ്ദേഹത്തിനു കുറവായിരുന്നെങ്കിലും ദളിത്മക്കളുടെ ഹൃദയത്തില്‍ അദ്ദേഹം ചിരപ്രതിഷ്ഠ നേടിയത് ദൈവത്തിന്റെ കൈയൊപ്പുള്ള മനുഷ്യനായതുകൊണ്ടാണ്. കര്‍ത്താവിന്റെ പ്രതിപുരുഷനായും വിശ്വസ്തദാസനായും വിശുദ്ധിയോടെ ജീവിച്ചതുകൊണ്ടാണ് ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പില്‍ അദ്ദേഹം ഒരുപോലെ സ്വീകാര്യനായത്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)