വത്തിക്കാന്‍സിറ്റി: ഫ്രാന്‍സീസ് മാര്‍പാപ്പാ വിളിച്ചുചേര്‍ത്ത, ലോകം മുഴുവനിലുമുള്ള കത്തോലിക്കാവിശ്വാസികളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന അസാധാരണസിനഡ് സമ്മേളനം വത്തിക്കാനില്‍ ഒക്‌ടോബര്‍ 4 ബുധനാഴ്ച ആരംഭിച്ചു. ഇന്ത്യന്‍സമയം ഉച്ചയ്ക്ക് 12.30 ന് (പ്രാദേശികസമയം രാവിലെ ഒന്‍പത്) വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലാണ് വിശുദ്ധകുര്‍ബാനയോടെ സമ്മേളനത്തിനു തുടക്കംകുറിച്ചത്. ഫ്രാന്‍സീസ് മാര്‍പാപ്പായോടൊപ്പം പ്രത്യേക സിനഡിലെ 370 അംഗങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ വിശ്വാസിസമൂഹവും ഈ ദിവ്യബലിയില്‍ സംബന്ധിച്ചു.
'പൊതുനന്മയ്ക്കുവേണ്ടിയുള്ള ദൗത്യനിര്‍വഹണത്തിലെ കൂട്ടായ്മയും പങ്കാളിത്തവും' എന്ന ആപ്തവാക്യത്തോടെയാണ് മാര്‍പാപ്പാ സമ്മേളനം വിളിച്ചുചേര്‍ത്തത്.
ദൈവശാസ്ത്രപഠനങ്ങളുടെ ആനുകൂല്യമില്ലാത്ത, സാധാരണക്കാരുടെ ഉത്കണ്ഠ വര്‍ധിപ്പിക്കുന്ന തരത്തില്‍ പലതരം വ്യാഖ്യാനങ്ങള്‍ വിശ്വാസജീവിതത്തില്‍ കടന്നുവരുന്ന ഇക്കാലത്ത് യഥാര്‍ഥസത്യത്തിലേക്കു ഒന്നിച്ചുനീങ്ങുക എന്നതാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. വൈരുധ്യങ്ങളുടെ കുത്തൊഴുക്കില്‍ ഒന്നിച്ചുനില്‍ക്കാനുള്ള അവസരംതേടലാണ് ഈ കൂട്ടായ്മകൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് മാര്‍പാപ്പാ വിശദീകരിക്കുന്നത്.
രണ്ടുതരത്തിലുള്ള പ്രത്യേകതകളാണ് ഈ അസാധാരണസിനഡിനുള്ളതെന്നാണ് ഇതില്‍ പങ്കെടുക്കുന്ന സമര്‍പ്പിതര്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍കാര്യാലയത്തിന്റെ അംഗമായ അമേരിക്കന്‍ കര്‍ദിനാള്‍ ജോസഫ് ടോബിന്‍ പറഞ്ഞത്. ഒന്നാമത്, ഇതു വിളിച്ചുചേര്‍ത്ത രീതിയാണ്. നിങ്ങളാഗ്രഹിക്കുന്ന മാറ്റങ്ങള്‍ എന്താണെന്നു സാധാരണവിശ്വാസികളോടു ചോദിച്ചുകൊണ്ട് ആരംഭിക്കുന്ന സിനഡ് ജനകീയനായ ഒരു മാര്‍പാപ്പായുടെ മുഖം വെളിപ്പെടുത്തുന്നു. മറ്റൊരു പ്രത്യേകത, പങ്കെടുക്കുന്നവര്‍ പൗരോഹിത്യപദവിയിലുള്ളവര്‍മാത്രമല്ല എന്നതാണ്. പങ്കെടുക്കുന്ന 370 ല്‍ 70 പേര്‍ മെത്രാന്‍സംഘത്തിനു പുറത്തുനിന്നുള്ളവരാണ്.
കൂടെനടന്നു ശിഷ്യന്മാരെ സാന്ത്വനപ്പെടുത്തിയ ഈശോയെയാണ് സിനഡിന്റെ നേതൃത്വസ്ഥാനത്തു കാണുന്നതെന്ന് സീറോ മലബാര്‍ സഭയ്ക്കുവേണ്ടി സിനഡില്‍ സംബന്ധിക്കുന്ന ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. വി. കുര്‍ബാനയ്ക്കുശേഷം പരിശുദ്ധപിതാവ് സിനഡംഗങ്ങളെ അഭിസംബോധന ചെയ്തു. തുടര്‍ന്ന് മോഡറേറ്റര്‍മാരെ ചര്‍ച്ചകളുടെ ഉത്തരവാദിത്വമേല്പിച്ചു.
ലോകംമുഴുവന്‍ ചര്‍ച്ചയായ മാര്‍പാപ്പായുടെ ചാക്രികലേഖനം 'ലൗദാത്തോ സി' യുടെ രണ്ടാംപതിപ്പ് ഈ സിനഡില്‍ പുറത്തിറങ്ങും. കാലാവസ്ഥാവ്യതിയാനത്തില്‍ ഊന്നിനിന്നുകൊണ്ട് പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മിപ്പിച്ച മാര്‍പാപ്പായുടെ വാക്കുകള്‍ക്ക് ലോകനേതാക്കള്‍ കാതോര്‍ക്കും.
വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ ആരംഭിച്ച സിനഡിന്റെ ആദ്യസമ്മേളനം 29 വരെയാണ്. അടുത്തവര്‍ഷം ഒക്‌ടോബറിലാണ് സമാപനം.