•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കഥ

നഷ്ടസ്വപ്‌നങ്ങള്‍

  • ഇഗ്നേഷ്യസ് കലയന്താനി
  • 19 October , 2023

നരച്ച താടിരോമങ്ങളിലൂടെ വിരലുകളോടിച്ച്  റോഡിലേക്കു കണ്ണുംനട്ട്  ഇരിക്കുകയായിരുന്നു കറിയാച്ചന്‍.
മുഖത്തുനിന്ന് ഊര്‍ന്നുവീഴാന്‍ തുടങ്ങിയ കണ്ണട നേരേയാക്കിയിട്ട് കറിയ ആലോചിച്ചു.
എത്ര ദിവസമായി ഈ ഇരിപ്പു തുടങ്ങിയിട്ട്! ഈ പോക്കു പോയാല്‍ വീടു പട്ടിണിയായതുതന്നെ.
മുറിയുടെ മൂലയില്‍ കൂട്ടിയിട്ടിരിക്കുന്ന പലകകളിലേക്കും പണിയായുധങ്ങളിലേക്കും  കണ്ണുകള്‍ പായിച്ചുകൊണ്ട് കറിയ പിറുപിറുത്തു.
''വല്ല സര്‍ക്കാര്‍ ആശുപത്രിയുടെയും മുമ്പില്‍ പോയിരുന്നു കച്ചവടം നടത്തിയിരുന്നെങ്കില്‍ കുടുംബം രക്ഷപെട്ടേനെ.''
''എന്നതാ   കറിയാച്ചേട്ടാ  ഒറ്റയ്ക്കിരുന്നു  പിറുപിറുക്കുന്നെ?''
പരിചിതമായ ശബ്ദം കേട്ട് കറിയ മുഖം തിരിച്ചു  നോക്കി.
പൂവത്തുങ്കലെ ജോണിക്കുട്ടിയാണ്. കറിയാച്ചന്റെ നാട്ടുകാരന്‍. ഏറെക്കാലമായി  വിദേശത്തായിരുന്നു. ഈയിടെയാണു നാട്ടില്‍ വന്നത്.
''എന്നാ പറയാനാ എന്റെ ജോണിക്കുട്ടീ. പത്തു പൈസേടെ കച്ചോടം നടക്കുന്നില്ല.  ഇക്കണക്കിനു  പോയാല്‍ കുടുംബം പട്ടിണിയായതു തന്നെ.''  
''എന്നാ പറ്റി ?''
''ഇതില്‍ കൂടുതല്‍ എന്നാ പറ്റാന്‍.  പണ്ടൊക്കെ മാസത്തില്‍ നാലോ അഞ്ചോ  പെട്ടി പോകുമായിരുന്നു. ഇപ്പൊ  രണ്ടുമാസം കൂടുമ്പോള്‍ ഒന്നോ രണ്ടോ പോയാലായി പോയില്ലേലായി. വൈദ്യശാസ്ത്രം പുരോഗമിച്ചപ്പോള്‍ എന്റെ ഗതി അധോഗതിയായി ജോണിക്കുട്ടീ. തലേവര എന്നല്ലാതെ എന്തു പറയാന്‍.  എണ്‍പതുകഴിഞ്ഞ പത്തമ്പതു പേര് ഈ നാട്ടില്‍ ഉണ്ടായിട്ടും ഈ കറിയാച്ചനു വല്ല പ്രയോജനോം ഒണ്ടോ? ഇന്നു ചാകും  നാളെ ചാകും എന്നോര്‍ത്തിരിക്കാമെന്നല്ലാതെ ഒരുത്തനെയും ദൈവം അങ്ങു വിളിക്കുന്നില്ലല്ലോ.''
''എന്നാ  കറിയാച്ചേട്ടന്   സന്തോഷം ഉണ്ടാക്കുന്ന  ഒരു കാര്യവുമായിട്ടാ ഞാനിപ്പം വന്നത്''
''എന്നതാ ജോണിക്കുട്ടീ?'' കറിയാച്ചന്റെ    കണ്ണുകള്‍ വിടര്‍ന്നു. മുഖത്തുനിന്നു കണ്ണടയെടുത്ത് മുണ്ടിന്റെ തുമ്പുകൊണ്ടു തുടച്ചിട്ട് കറിയ ആകാംക്ഷയോടെ ജോണിക്കുട്ടിയുടെ  മുഖത്തേക്കു നോക്കിനിന്നു.
''മാസംതോറും നൂറു പെട്ടി വീതം എനിക്കു വേണം''
''നൂറു പെട്ടിയോ? അതെന്നാത്തിനാ?''
''വിദേശത്തേക്ക് കേറ്റി അയയ്ക്കാനാ. വില  എത്രയായാലും വേണ്ടില്ല. പെട്ടി സൂപ്പര്‍ ആയിരിക്കണം. ആരു കണ്ടാലും നോക്കിനിന്നു പോണം''
''നേരാണോ ജോണിക്കുട്ടീ?''
''ജോണിക്കുട്ടി ഒരു വാക്ക് പറഞ്ഞാല്‍ വാക്കാ കറിയാച്ചേട്ടാ. വിദേശത്തൊക്കെ ഇപ്പം പെട്ടിക്ക് നല്ല മാര്‍ക്കറ്റാ. നല്ല വിലയ്ക്കു വില്‍ക്കാം.  കറിയാച്ചേട്ടന് പറ്റിയേലേല്‍ പറഞ്ഞേരെ, ഞാന്‍ വേറെ ആളെ നോക്കിക്കോളാം.''
''പറ്റിയേലെന്ന് ആരു പറഞ്ഞു? എത്ര പെട്ടി വേണേലും ഞാനേറ്റു.  രാത്രിയും പകലും പണിയെടുത്ത് ഉണ്ടാക്കിത്തരാം. കാശുകിട്ടുന്ന ഏര്‍പ്പാടല്ലിയോ?  ആട്ടെ, ഒരു പെട്ടിക്ക് എന്നാ വച്ചു തരും?''
''കറിയാച്ചേട്ടന്‍ ചോദിക്കുന്ന വില തരും. വിദേശത്തേക്കു കേറ്റിവിടാനല്ലേ. എനിക്ക് എത്ര വില കൂട്ടിയും വില്‍ക്കാല്ലോ. പെട്ടി സൂപ്പര്‍ ആയിരിക്കണം.''
''ഞാനേറ്റു  ജോണിക്കുട്ടീ'' കറിയാച്ചന്‍ ജോണിക്കുട്ടിയെ ചേര്‍ത്തുപിടിച്ച് ഒരുമ്മ കൊടുത്തിട്ട് പറഞ്ഞു: 
''മോനെ ദൈവം അനുഗ്രഹിക്കും.''
''എന്നാ സാമ്പിള്‍ ഒരെണ്ണം ഒണ്ടാക്കിവയ്ക്ക്. മൂന്നു  ദിവസം കഴിഞ്ഞു ഞാന്‍ വരാം. പെട്ടി കണ്ടിട്ട് ഇഷ്ടപ്പെട്ടാലേ കൂടുതല്‍ എണ്ണത്തിന്    ഓര്‍ഡര്‍ തരൂ കേട്ടോ.''
''മതി, അതുമതി.''
''തല്‍ക്കാലം അഡ്വാന്‍സായിട്ട് ഇതിരിക്കട്ടെ''
പോക്കറ്റില്‍നിന്ന് അഞ്ഞൂറിന്റെ ഒരു നോട്ടെടുത്തു  ജോണിക്കുട്ടി കറിയാച്ചനു നീട്ടി. രണ്ടു കൈയും നീട്ടി കറിയ അതു വാങ്ങിയിട്ട്  ഭവ്യതയോടെനിന്നു.
''എന്നാ ഞാന്‍ പോട്ടെ കറിയാച്ചേട്ടാ. മൂന്നു ദിവസം കഴിഞ്ഞു വരാം. പെട്ടി സൂപ്പറായിരിക്കണം കേട്ടോ. ങ്ഹാ പിന്നെ ഇത്  വേറാരോടും പറയണ്ടാ. അസൂയക്കാരാ ചുറ്റിലും. കറിയാച്ചേട്ടന്‍ കാശു വാരാന്‍ പോകുവാണെന്നറിഞ്ഞാല്‍  പാര വയ്ക്കാന്‍ ഒരുപാടുപേരുണ്ടാകും.''
''അതു പിന്നെ എനിക്കറിയത്തില്ലയോ ജോണിക്കുട്ടീ. ഒരു കുഞ്ഞും അറിയില്ല. ജോണിക്കുട്ടി ധൈര്യമായി പോ.''
ജോണിക്കുട്ടി പോയിക്കഴിഞ്ഞപ്പോള്‍ കറിയ കൈയിലിരുന്ന അഞ്ഞൂറിന്റെ നോട്ടിലേക്ക് ഒന്നു നോക്കിയിട്ട് അതു കൊണ്ടുപോയി പെട്ടിയില്‍ ഭദ്രമായി വച്ചു. എന്നിട്ട് മുറിയുടെ മൂലയില്‍ കൂട്ടിയിട്ടിരുന്ന പലകകളിലേക്കു നോക്കി കണക്കു കൂട്ടി.
ഒരു പെട്ടിക്ക് മൂവായിരം രൂപ വച്ച് ലാഭം കൂട്ടിയാല്‍ 100  പെട്ടിക്ക് മാസം മൂന്നു ലക്ഷം രൂപ വരുമാനം. ഒരുവര്‍ഷം 36 ലക്ഷം. മൂന്നുവര്‍ഷം കൊണ്ടു താന്‍ കോടീശ്വരന്‍.
പിന്നെ കട ഒന്നു വിപുലീകരിക്കണം. പത്തോ  പതിനഞ്ചോ ബ്രാഞ്ചുകള്‍. പത്തുനൂറു ജോലിക്കാര്‍. കറങ്ങി നടക്കാന്‍ വില കൂടിയ ഒരു കാര്‍.
ഇപ്പോഴത്തെ വീട് പൊളിച്ചുകളഞ്ഞിട്ട് പുതിയതൊരെണ്ണം പണിയണം. ഈ നാട്ടിലെ ഏറ്റവും വലിയ വീടായിരിക്കണം അത്. മുറ്റത്ത് മനോഹരമായ ഒരു പൂന്തോട്ടവും  അതിനു നടുക്ക് ഒരു ഫൗണ്ടനും.
കറിയാച്ചന്റെ സ്വപ്നങ്ങള്‍ അപ്പൂപ്പന്‍താടിപോലെ പറന്നുയര്‍ന്നു.
മോളുടെ കല്യാണം പൊടിപൂരമായി നടത്തണം. അതുകഴിഞ്ഞ് ഒരു വിദേശയാത്ര. പറ്റുമെങ്കില്‍ രാഷ്ട്രീയത്തിലിറങ്ങി അവിടെയും ഒന്നു പയറ്റണം. കാശു കൊടുത്താല്‍  മത്സരിക്കാന്‍ സീറ്റു കിട്ടും.  ഉറപ്പുള്ള ഒരു സീറ്റ് കിട്ടിയാല്‍ പിന്നെ കറിയ ആരാ? എംഎല്‍എ കറിയാച്ചന്‍. ഛെ, കറിയാച്ചന്‍. ആ പേരൊന്നു പരിഷ്‌കരിക്കണം. പള്ളിയിലിട്ട സ്‌കറിയ ജോസഫ്, അതുമതി.  സ്‌കറിയ ജോസഫ് എംഎല്‍എ നന്നായി ചേരും.
കറിയാച്ചന്റെ സ്വപ്നങ്ങള്‍ ആകാശത്തോളം പറന്നുയര്‍ന്നു വെള്ളിമേഘങ്ങള്‍ക്കിടയില്‍ ഒഴുകിനടന്നു.
പിന്നെ താമസിച്ചില്ല. പലകകള്‍ നീക്കിയിട്ടിട്ട്  കറിയാച്ചന്‍ ഉളിയും കൊട്ടുവടിയും കൈയിലെടുത്തു.
സന്തതസഹചാരിയായ പണിയായുധങ്ങള്‍ക്ക് മുമ്പെങ്ങുമില്ലാത്ത ചലനവേഗം. ജീവിതത്തില്‍ ഇന്നേവരെ നിര്‍മ്മിച്ചിട്ടുള്ളതില്‍വച്ച് ഏറ്റവും മനോഹരമായ പെട്ടി ഉണ്ടാക്കണമെന്ന നിശ്ചയദാര്‍ഢ്യത്തോടെ കൈകള്‍ ചലിച്ചു. തട്ടും മുട്ടും കൊണ്ട് മുറിക്കകം ശബ്ദമുഖരിതമായി.
രണ്ടു പകലും രാത്രിയും.
പണി പൂര്‍ത്തിയായപ്പോള്‍ കറിയ ദീര്‍ഘമായി ഒരു ശ്വാസം വിട്ടു.  എന്നിട്ട്  പെട്ടിയിലേക്കു നോക്കി അതിന്റെ  ഭംഗി ആസ്വദിച്ചു.
കൊള്ളാം. മനോഹരമായിരിക്കുന്നു. ഇത്രയും ഭംഗിയുള്ള ഒരു പെട്ടി താന്‍ ഇന്നേവരെ ഉണ്ടാക്കിയിട്ടില്ല. തീര്‍ച്ചയായും ഇത് ജോണിക്കുട്ടിക്ക് ഇഷ്ടപ്പെടും.
സുഹൃത്തുക്കളെയും പരിചയക്കാരെയും വിളിച്ചു  കറിയ പെട്ടി കാണിച്ചു.
''ഗംഭീരമായിരിക്കുന്നു. ഇതാര്‍ക്കുവേണ്ടി ഉണ്ടാക്കിയതാ?'' സുഹൃത്ത് തോമാച്ചന്‍ ചോദിച്ചു.
''ഒരു വിഐപിക്കു വേണ്ടിയാ. തല്‍ക്കാലം അത്രയും അറിഞ്ഞാല്‍ മതി.'' അതു പറഞ്ഞിട്ട് കറിയാച്ചന്‍ ഒരു വളിച്ച ചിരി ചിരിച്ചു.
എല്ലാ നാവുകളില്‍നിന്നും  മനോഹരം എന്ന വാക്കു  കേട്ടപ്പോള്‍ കറിയാച്ചന് ആത്മഹര്‍ഷം. തീര്‍ച്ചയായും ജോണിക്കുട്ടിക്ക് ഇതു നന്നേ ഇഷ്ടപ്പെടും.
പെട്ടി ഉണ്ടാക്കി കറിയാച്ചന്‍ കാത്തിരുന്നു.
മൂന്നുദിവസം... നാലു ദിവസം... ഒരാഴ്ച...
ജോണിക്കുട്ടിയെ കാണാഞ്ഞപ്പോള്‍ അന്വേഷിച്ചിറങ്ങി.
''അറിഞ്ഞില്ലയോ, ജോണിക്കുട്ടി മെന്റല്‍ ഹോസ്പിറ്റലിലാ. വിദേശത്ത് എന്തോ ബിസിനസ് നടത്തി പൊളിഞ്ഞ് ആകെ മനോനില തെറ്റി ഇരിക്കയായിരുന്നു. വീട്ടുകാര്‍ നാട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നതാ.  മരുന്നു കഴിക്കുന്നുണ്ടായിരുന്നു.  ഒരാഴ്ചയായി സുഖമില്ലാതെ  ഓരോന്നു പറഞ്ഞു നടക്കുവായിരുന്നു.    രണ്ടുദിവസം മുമ്പ്  ആശുപത്രീല്‍ അഡ്മിറ്റാക്കി.''
സുഹൃത്ത്  തോമാച്ചനാണ് അതു  പറഞ്ഞത്. ഷോക്കേറ്റപോലെ കറിയാച്ചന്‍ സ്തബ്ധനായി നിന്നുപോയി. മനസ്സില്‍ കെട്ടിയുയര്‍ത്തിയ സ്വപ്‌നമന്ദിരത്തിന്റെ ഇഷ്ടികകള്‍ ഒന്നൊന്നായി അടര്‍ന്നു വീഴുന്നതയാള്‍  അറിഞ്ഞു. ഇടനെഞ്ചില്‍നിന്ന് ഒരു വേദന പൊട്ടിപ്പുറപ്പെട്ടു. അത് ശരീരമാകെ വ്യാപിക്കാന്‍ അധികനേരം വേണ്ടിവന്നില്ല. നെഞ്ചകം പിളരുകയാണ്. കലശലായ ഹൃദയവ്യഥകൊണ്ടയാള്‍ പുളഞ്ഞു. പൊടുന്നനെ ശരീരം തളര്‍ന്ന്  അയാള്‍ കുഴഞ്ഞുവീണു.
നാട്ടുകാര്‍  താങ്ങിയെടുത്ത് വണ്ടിയില്‍ കയറ്റി ആശുപത്രിയിലേക്കു കൊണ്ടുപോയി. ആശുപത്രിയില്‍ എത്തും മുമ്പേ കറിയാച്ചന്റെ ആത്മാവ് ശരീരത്തില്‍നിന്നു പറന്നുപോയിരുന്നു.
കറിയാച്ചന്‍ അവസാനമായി പണിത ശവപ്പെട്ടിയില്‍ കറിയാച്ചന്റെ മൃതദേഹം അടക്കം ചെയ്ത്,   വിലാപയാത്രയായി, ഒറ്റയും പെട്ടയും  മണിമുഴക്കി പള്ളിയിലേക്കു കൊണ്ടുപോകുന്ന ദൃശ്യം കണ്ടു നാട്ടുകാര്‍ താടിക്കു കൈയും കൊടുത്തു പിറുപിറുത്തു:
''ഇത്രേയുള്ളൂ മനുഷ്യന്റെ കാര്യം.''

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)