•  16 May 2024
  •  ദീപം 57
  •  നാളം 10
കുടുംബവിളക്ക്‌

വൃദ്ധര്‍

വൃദ്ധരെക്കുറിച്ചുള്ള അടിസ്ഥാനബോധ്യങ്ങളില്‍ അനുദിനം ആഴപ്പെടാന്‍ ക്രൈസ്തവകുടുംബങ്ങള്‍ക്കു കഴിയണം. വല്യപ്പന്‍, വല്യമ്മ, മാതാപിതാക്കള്‍, ബന്ധുക്കള്‍ തുടങ്ങി പ്രായംചെന്ന ആരെങ്കിലുമൊക്കെ കുടുംബങ്ങളിലുണ്ടാകും. അവരെക്കുറിച്ചുള്ള ചിന്തയും കരുതലും കുടുംബാംഗങ്ങള്‍ക്കുണ്ടാകണം. അവരെ ആദരിക്കാനും ആവശ്യമായ ശുശ്രൂഷയും പരിചരണവും കൊടുക്കാനുമുള്ള കടമ വളരെ വലുതാണ്. അതില്‍ വീഴ്ചയുണ്ടാകാതെ ശ്രദ്ധിക്കണം. വൃദ്ധര്‍ പരാശ്രിതരാണ്. സ്വയമേ  അവശ്യകാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ക്കു കഴിഞ്ഞെന്നുവരില്ല. എന്തിനും ഏതിനും മറ്റുള്ളവരുടെ നേര്‍ക്കു കൈകള്‍ നീട്ടാനേ അവര്‍ക്കു സാധിക്കൂ. അവയെ തട്ടിമാറ്റരുത്. എന്നെങ്കിലും നാമും ആ അവസ്ഥയില്‍ എത്തേണ്ടവരാണ്. വാടാത്ത ഇലകള്‍ വാഴ്‌വിലില്ല എന്നോര്‍ക്കണം. കുടുംബത്തില്‍ വയസ്സായവരുടെ സാന്നിധ്യം വലിയ ഒരനുഗ്രഹമാണ്. വിദ്യാസമ്പന്നരല്ലെങ്കിലും അനുഭവസമ്പന്നരായ അവരുടെ വാക്കുകളിലെ വിജ്ഞാനം അമൂല്യമാണ്. അവരുടെ പ്രാര്‍ഥനകള്‍ വിലയേറിയവയാണ്. സന്തോഷത്തോടെ അവരെ സേവിക്കുക. സംരക്ഷിക്കുക. അവരുടെ തൃപ്തി കുടുംബത്തിന്റെ തീരാത്ത ഐശ്വര്യത്തിനു ഹേതുവാകും. അവരെ അവഹേളിക്കുന്ന തരത്തിലുള്ള സംസാരങ്ങളും പ്രവൃത്തികളും ക്രൈസ്തവകുടുംബങ്ങളില്‍ ഒരു കാരണവശാലും ഉണ്ടാകരുത്. എത്ര സമയക്കുറവാണെങ്കിലും അവര്‍ക്കുവേണ്ടിയുള്ള സമയത്തിനു കുറവുണ്ടാകരുത്. അടിച്ചുതീര്‍ന്ന കുറ്റിച്ചൂലുകണക്കെ അവരാരുംതന്നെ മുറിയുടെ മൂലയില്‍ കുത്തിച്ചാരിവയ്ക്കപ്പെടരുത്. ഉപയോഗം കഴിഞ്ഞ് ഉപേക്ഷിക്കുന്ന 'വലിച്ചെറിയല്‍ സംസ്‌കാര'ത്തിന് അവര്‍ ഇരകളാകരുത്. അവരുടെ ശാഠ്യങ്ങളെ ശപിക്കരുത്, കളിയാക്കരുത്. വരുമാനമാര്‍ഗമായിട്ടുള്ള ജോലിപോലും വേണ്ടെന്നുവച്ച് പ്രായമായ മാതാപിതാക്കളെ പരിപാലിക്കുന്ന പുണ്യജന്മങ്ങളും ഭൂമിയിലുണ്ടെന്ന് ഓര്‍ക്കുന്നതു നന്ന്. അവര്‍ മണ്ണിലെ മാലാഖമാരാണ്. 'ഇവരുടെയൊക്കെ സ്‌നേഹം കണ്ടിട്ടു മരിക്കാന്‍ തോന്നുന്നില്ല' എന്നു നിറമിഴികളോടെ പറയുന്ന വൃദ്ധരുള്ള കുടുംബങ്ങള്‍ ഭാഗ്യമുള്ളവ. ആയുസ്സില്‍ കേള്‍ക്കാന്‍ പറ്റുന്ന ഏറ്റവും വിശിഷ്ടമായ വാക്കുകളാണവ. ലോകത്തിലെ മറ്റൊരു ബഹുമതിപത്രവും അത്രത്തോളം വിലയുള്ളതാകില്ല.
''വൃദ്ധരെ നിന്ദിക്കരുത്; നമുക്കും പ്രായമാവുകയല്ലേ?'' (പ്രഭാ. 8:6)

 

Login log record inserted successfully!