•  25 Dec 2025
  •  ദീപം 58
  •  നാളം 42
കവര്‍‌സ്റ്റോറി

വേണം നമുക്കൊരു പരിസ്ഥിതിമാനസാന്തരം

 ഫ്രാന്‍സിസ് പാപ്പായുടെ ലൗദാത്തെ ദേവും എന്ന പുതിയ അപ്പസ്‌തോലികപ്രബോധനത്തിന്റെ പശ്ചാത്തലത്തില്‍ ഭൂമി അഭിമുഖീകരിക്കുന്ന പരിസ്ഥിതിപ്രത്യാഘാതങ്ങളെക്കുറിച്ച് ഒരു പഠനം

നമ്മുടെ ലോകം എങ്ങോട്ടാണ്? 
നമുക്കുചുറ്റും സംഭവിക്കുന്നവ എന്തേ നമ്മെ ആകുലപ്പെടുത്തുന്നില്ല? പ്രകൃതിദുരന്തങ്ങള്‍ ലോകത്താകെ തുടര്‍ക്കഥയാവുകയല്ലേ? കഴിഞ്ഞ രണ്ടു മാസങ്ങളില്‍ പ്രകൃതിദുരന്തങ്ങളില്‍ പൊലിഞ്ഞ ജിവിതങ്ങളെത്ര? എല്ലാം ഒരുതരം നിസ്സംഗതയോടെ കേട്ടുമറക്കുകയല്ലേ നമ്മള്‍? ഒന്നും നമ്മെത്തേടിവരില്ലെന്ന മട്ടിലത്രേ നാം ജീവിക്കുന്നത്. ''ശീലോഹായില്‍ ഗോപുരം വീണു മരിച്ചവര്‍ പാപികളായതു''കൊണ്ടാണെന്നുകരുതി  സമാധാനിച്ച ഫരിസേയരുടെ മനസ്സാണോ നമുക്ക്? ഭുമികുലുക്കത്തിന്റെയും പ്രളയത്തിന്റെയും കഥകള്‍ ദിവസേനയെന്നോണം ഉണ്ടാകുന്നു. സാങ്കേതികവിദ്യയുടെ വളര്‍ച്ചയിലൂടെ ലോകം ഒരു ഗ്രാമംപോലെ ചെറുതായെങ്കിലും മനസ്സുകൊണ്ട് നാം എത്രയോ അകലത്തിലാണ്! ഹമാസ് ഭീകരര്‍ ഇസ്രായേലില്‍ ആഘോഷാരവങ്ങളില്‍ പങ്കെടുത്തുകൊണ്ടിരുന്ന ഇസ്രായേല്‍ക്കാരെ ചതിവില്‍ കടന്നാക്രമിച്ചു നിരപരാധികളെ കശാപ്പുചെയ്ത ഒക്‌ടോബര്‍ ഏഴുമുതല്‍ 15 വരെ അഫ്ഗാനിസ്ഥാനില്‍  ഉണ്ടായത് മൂന്നു ഭൂകമ്പങ്ങളാണ്. ഓരോന്നിലും ആയിരംപേര്‍ വീതം മരിച്ചെന്നാണ് ആദ്യവിവരങ്ങള്‍. യുദ്ധകോലാഹലങ്ങള്‍ക്കിടയില്‍ അഫ്ഗാനിസ്ഥാനില്‍ ഭുകമ്പം 
നടന്നതുപോലും വാര്‍ത്തയായില്ല; അല്ലെങ്കില്‍ ആരും ശ്രദ്ധിച്ചില്ല.
സെപ്റ്റംബറില്‍ ലിബിയയിലെ വെള്ളപ്പൊക്കത്തില്‍ മരിച്ചതു നാലായിരം പേര്‍ എന്നാണു പുറത്തുവന്ന കണക്കുകള്‍. മൊറോക്കോയില്‍  സെപ്റ്റംബറിലുണ്ടായ ഭുമികുലുക്കത്തില്‍ മരിച്ചതു മൂവായിരം പേര്‍. അഫ്ഗാനിസ്ഥാനിലും ലിബിയയിലും മൊറോക്കോയിലും മരിച്ചവര്‍ നമുക്ക് എണ്ണംമാത്രം. അവിടെ പൊലിഞ്ഞുപോയ ജീവിതങ്ങളുടെ കഥകള്‍ നമ്മെ സ്പര്‍ശിക്കുന്നില്ല; ആരും ആകുലപ്പെടുന്നുമില്ല. അതു യുക്രെനിലെ യുദ്ധത്തില്‍ മരിക്കുന്ന കുട്ടികളായാലും 
ഹമാസുകാര്‍ കശാപ്പുചെയ്യുന്ന ഇസ്രായേലികളായാലും നമുക്കു വ്യത്യാസമില്ല.സിക്കിമില്‍ ഒക്‌ടോബര്‍ നാലിനു പുലര്‍ച്ചെ ഒന്നര യ്ക്കുണ്ടായ മേഘവിസ്‌ഫോടനത്തെത്തുടര്‍ന്നു സംഭ
വിച്ച മിന്നല്‍പ്രളയത്തില്‍ നൂറുപേരെ കാണാതായി. ഒരുപക്ഷേ, അത് നാം അത്ര നിസ്സംഗതയോടെയാവില്ല വായിച്ചിരിക്കുക. നാമറിയുന്ന ആരെങ്കിലും പെട്ടുപോയോ എന്ന ഭീതി നമ്മുടെയുള്ളില്‍ ഉയര്‍ന്നിരിക്കാം. മിന്നല്‍പ്രളയവും മേഘവിസ്‌ഫോടനവും കാലംതെറ്റിയുള്ള മഹാമാരികളും കൊടിയ വരള്‍ച്ചയും സഹിക്കാനാവാത്ത സൂര്യതാപവും എല്ലാം അസാധാരണസംഭവങ്ങള്‍ അല്ലാതായി. സിക്കിമില്‍ ജൂണിലും ഉണ്ടായി ഇത്തരമൊരു മഹാദുരന്തം.
സമീപകാലത്ത് എത്ര തവണയാണ് കേരളം പ്രളയം കണ്ടു നടുങ്ങിയത്. 2018 ഓഗസ്റ്റില്‍ എന്തായിരുന്നു ദുരന്തം! 483 പേരാണു മരിച്ചത്. പത്തു പേരെ കാണാതായി.പത്തു ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവന്നു. 14 ജില്ലകളിലും റെഡ് അലര്‍ട്ടായി. കേരളത്തിലെ ജനങ്ങളില്‍ ആറിലൊന്നും വെള്ളപ്പൊക്കക്കെടുതിയിലായി. ഒരിക്കലും വെള്ളം കയറില്ലെന്നു കരുതിയ സ്ഥലങ്ങളില്‍വരെ വെള്ളമെത്തി. വീടുവിട്ടു ജോലി ചെയ്യുന്നവരെല്ലാം നാട്ടിലുള്ളവരെയോര്‍ത്ത് ആകുലപ്പെട്ടു. 
2023 ഒക്‌ടോബര്‍ രണ്ടാം വാരത്തിലും ഉണ്ടായി തലസ്ഥാനത്ത് പേമാരിയും വെള്ളപ്പൊക്കവും. സുരക്ഷിതമെന്നു കരുതിയിരുന്ന സ്ഥലങ്ങള്‍ വെള്ളത്തില്‍ മുങ്ങി. വീടുകളില്‍ വെള്ളം കയറി. വലിയ ദുരന്തങ്ങള്‍ ഉണ്ടായില്ലെങ്കിലും കയറിയ ചെളിവെള്ളം ഉണ്ടാക്കിയ കഷ്ടപ്പാടുകള്‍ എത്ര വലുതാണെന്ന് അനുഭവിച്ചവര്‍ക്കറിയാം. പൊഴി തുറന്നുവിട്ടിട്ടും കായലിലെ വെള്ളം കടലിലേക്കു പോകുന്നില്ല. സമുദ്രത്തിലെ ജലനിരപ്പ്  ഉയരുന്നതാണു കാരണമെന്നു സാധാരണക്കാര്‍വരെ തിരിച്ചറിയുന്നു.
നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങള്‍ പതിവുകാഴ്ചയായി. കാട്ടാന മാത്രമല്ല മയിലും കുരങ്ങും കടുവയും പുലിയും കാടുവിട്ടു പുറത്തുവരുന്നു. ടൗണിലിറങ്ങിയ കാട്ടാന വയോധികനെ ചവിട്ടിക്കൊന്നു. കേരളത്തിലെ മലയോരവിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കു യാത്ര ചെയ്യാന്‍ പലര്‍ക്കും ഭയമായിരിക്കുന്നു.
ലൗദാത്തെ ദേവും
പ്രകൃതിയിലുണ്ടാകുന്ന ഈ മാറ്റങ്ങളെക്കുറിച്ച്, അതിനോടുള്ള  സമൂഹത്തിന്റെ നിസ്സംഗമനോഭാവത്തിനുനേരേ കത്തോലിക്കാസഭയുടെ പരമാചാര്യനായ 
ഫ്രാന്‍സിസ് പാപ്പാ ഉയര്‍ത്തിപ്പിടിക്കുന്ന മുഖക്കണ്ണാടിയാണ് ഒക്‌ടോബര്‍ നാലിന് അദ്ദേഹം പുറത്തി
റക്കിയ 'ലൗദാത്തെ ദേവും' എന്ന പുതിയ അപ്പസ്‌തോലികപ്രബോധനം. ലൗദാത്തെ ദേവും എന്നാല്‍ ദൈവത്തിനു സ്തുതി എന്നാണ് അര്‍ഥം.
മാര്‍പാപ്പാമാരുടെ അപ്പസ്‌തോലികലേഖനങ്ങള്‍ സാധാരണഗതിയില്‍ വിശ്വാസിസമൂഹത്തോടാണെങ്കില്‍ കാലവസ്ഥാപ്രതിസന്ധിയെക്കുറിച്ചുള്ള ഫ്രാന്‍സിസ് മാര്‍പാപ്പായുടെ ഈ അപ്പസ്‌തോലികപ്രബോധനം സുമനസ്സുകളായ എല്ലാവര്‍ക്കുമായാണ് എഴുതപ്പെട്ടിരിക്കുന്നത്. 2015 ല്‍ എഴുതിയ 'ലൗദാത്തൊ സി' എന്ന ചാക്രികലേഖനത്തിന്റെ രണ്ടാം ഭാഗമോ പൂരകമോ ആണ് ഈ രേഖ. കത്തോലിക്കാസഭയില്‍നിന്നുപോലും എനിക്കു നേരിടേണ്ടിവരുന്ന യുക്തിരഹിതവും നിരാശാപൂര്‍ണവുമായ അഭിപ്രായങ്ങള്‍ക്കുമധ്യത്തിലും വളരെ പ്രകടമായ ഈ സത്യങ്ങള്‍ പറയേണ്ടതു കടമയാണെന്നു ഞാന്‍ കരുതുന്നു എന്നു തുറന്നുപറഞ്ഞു കൊണ്ടാണ് പാപ്പാ ഈ പരിസ്ഥിതിയാഥാര്‍ഥ്യങ്ങള്‍ അവതരിപ്പിക്കുന്നത്.
ഈ അപകടകരമായ മാറ്റങ്ങളുടെ കാരണം, കഴിഞ്ഞ രണ്ടു നൂറ്റാണ്ടായി പ്രകൃതിയുടെമേല്‍ മനുഷ്യന്‍ നടത്തിയ അപകടകരമായ കടന്നുകയറ്റങ്ങളാണെന്ന് പാപ്പാ ഓര്‍മിപ്പിക്കുന്നു. അഗ്നിപര്‍വതസ്‌ഫോടനങ്ങള്‍പോലെയുള്ള സ്വാഭാവികകാരണങ്ങള്‍കൊണ്ടു സമീപദശകങ്ങളിലുണ്ടായ മാറ്റങ്ങളുടെ വേഗവും അളവും വിശദീകരിക്കാനാവില്ലെന്ന് മാര്‍പാപ്പാ ചൂണ്ടിക്കാണിക്കുന്നു. ഉപരിതലതാപനിലയുടെ ശരാശരിയിലുള്ള മാറ്റം, ഗ്രീന്‍ഹൗസ് വാതകങ്ങളുടെ വര്‍ധനയുടെ ഫലമെന്ന കാരണംകൊണ്ടല്ലാതെ വിശദീകരിക്കാനാകുന്നില്ല.
ഭൂമി പേറുന്ന യാതനകള്‍
''എന്റെ സഹോദരരേ, യാതനയനുഭവിക്കുന്ന നമ്മുടെ ഗ്രഹത്തെക്കുറിച്ചും നമ്മുടെ പൊതുഭവനത്തെക്കുറിച്ചും എന്റെ ഹൃദയംഗമമായ ആകുലതകള്‍ നിങ്ങളുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിച്ചുകൊണ്ട്  'ലൗദാത്തോ സി' എന്ന ചാക്രികലേഖനം ഞാന്‍ പ്രസിദ്ധീകരിച്ചിട്ട് എട്ടുവര്‍ഷം കഴിയുന്നു. ഇക്കാലത്തെ അനുഭവങ്ങളില്‍നിന്നു മതിയായ പ്രതിക
രണം നമ്മില്‍നിന്നുണ്ടാകുന്നതായി തോന്നുന്നില്ല.'' മാര്‍പാപ്പാ തുടക്കത്തില്‍ത്തന്നെ വേദനയോടെ അനുസ്മരിക്കുന്നു.
''നാം ജീവിക്കുന്ന ലോകം തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ഒരു പൊട്ടിത്തെറിയിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു. ഈ സാധ്യതയ്ക്കു പുറമേ, കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യാഘാതം നിരവധി വ്യക്തികളുടെയും കുടുംബങ്ങളുടെയും ജീവിതങ്ങളെ കൂടുതല്‍ അപകടത്തിലാക്കുമെന്നതു സംശയാതീതമായ യാഥാര്‍ഥ്യമാണ്. 
ആരോഗ്യപരിപാലനം, തൊഴിലവസരങ്ങള്‍, വിഭവങ്ങളുടെ ലഭ്യത, ഭവനനിര്‍മാണം, നിര്‍ബന്ധിത കുടിയേറ്റം തുടങ്ങിയ മേഖലകളില്‍ ഇതിന്റെ പ്രത്യാഘാതം ഉണ്ടാവും.
ദുരന്തത്തിലേക്കു നീങ്ങുന്ന അജഗണത്തെ നോക്കി നിസ്സഹായതയോടെ ചങ്കു പൊട്ടുന്ന ഒരു ഇടയന്റെ ശബ്ദം. ''നാം ജീവിക്കുന്ന ലോകം തകര്‍ന്നുകൊണ്ടിരിക്കുകയാണ്,'' അദ്ദേഹം ഓര്‍മിപ്പിക്കുന്നു. കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യാഘാതം നിരവധി വ്യക്തികളുടെയും കുടുംബങ്ങളുടെയും ജീവിതങ്ങളെ കൂടുതല്‍ അപകടത്തിലാക്കുന്നു. ആരോഗ്യപരിപാലനം, തൊഴിലവസരങ്ങള്‍, വിഭവങ്ങളുടെ ലഭ്യത, ഭവനനിര്‍മാണം, നിര്‍ബന്ധിതകുടിയേറ്റം തുടങ്ങിയ മേഖലകളില്‍ ഇതിന്റെ പ്രത്യാഘാതം ഉണ്ടാവും.
ഒളിച്ചുവയ്ക്കാനാവാത്ത മാറ്റങ്ങള്‍
നിഷേധിക്കുന്നതിനും ഒളിച്ചുവയ്ക്കുന്നതിനും അവഗണിക്കുന്നതിനും ആപേക്ഷികമാക്കുന്നതിനുമുള്ള എല്ലാ ശ്രമങ്ങളുമാണു നടക്കുന്നതെന്ന് പാപ്പാ പറയുന്നു. എന്നാല്‍, അതിനെയെല്ലാം മറികടന്നു കാലവസ്ഥാവ്യതിയാനം നമുക്കൊപ്പമുണ്ട്, കൂടുതല്‍ പ്രകടമായി വരികയും ചെയ്യുന്നു. അടുത്തകാലത്തായി കടുത്ത കാലാവസ്ഥാപ്രതിഭാസങ്ങള്‍ ഉണ്ടാവുന്നുവെന്നത് ആര്‍ക്കും നിഷേധിക്കാനാവാത്ത യാഥാര്‍ഥ്യമാണ്. തണുപ്പിക്കുന്നതിന്റെയും ചൂടാക്കുന്നതിന്റെയും കാലങ്ങള്‍ എല്ലാക്കാലത്തും ഉണ്ടായിരുന്നുവെന്നും അവ ഉണ്ടായിരിക്കുകയും ചെയ്യും എന്നതുപോലുള്ള വാദങ്ങള്‍ ശക്തമായ ശാസ്ത്രീയരേഖകളെന്ന മട്ടില്‍ അവതരിപ്പിക്കപ്പെടുന്നു. എന്നാല്‍, വളരെ പ്രസക്തമായ മറ്റൊരു ഡേറ്റയുണ്ട്, നാം ഇപ്പോള്‍ അനുഭവിക്കുന്ന താപവര്‍ധനയുടെ സമാനതകളില്ലാത്ത അനുഭവം. അതു സത്യമാണെന്നു തെളിയാന്‍ ഏറെക്കാലമൊന്നും വേണ്ടിവരില്ല,  ഒരു തലമുറ പിന്നിട്ടാല്‍ മതിയാവും. സമുദ്രനിരപ്പ് ഉയരുന്നതും മഞ്ഞുപാളികള്‍ ഉരുകുന്നതും ഓരോ വ്യക്തിക്കും അവരുടെ ജീവിതകാലത്തുതന്നെ കാണാനാവും, പാപ്പാ ഓര്‍മിപ്പിക്കുന്നു. ഇക്കാരണങ്ങള്‍മൂലം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നിരവധി ജനങ്ങള്‍ക്കു പുതിയ താമസസ്ഥലങ്ങളിലേക്കു മാറേണ്ടിവരും. അദ്ദേഹം മുന്നറിയിപ്പു തരുന്നു. 
ഇടയ്ക്കിടെ വരുന്ന അസാധാരണമായ ചൂടിന്റെയും വരള്‍ച്ചയുടെയും നാളുകളും ഭൂമി നടത്തുന്ന പ്രതിഷേധത്തിന്റെ മറ്റു നിലവിളികളും എല്ലാവരെയും ബാധിക്കാനിരിക്കുന്ന നിശ്ശബ്ദമായ രോഗത്തിന്റെ തൊട്ടറിയാവുന്ന പ്രകടനങ്ങളാണ്. എല്ലാ ദുരന്തവും ആഗോളകാലാവസ്ഥാവ്യതിയാനംമൂലമാണെന്നു പറയാനാവില്ലെന്നത് അംഗീകരിക്കുന്നു. എന്നാല്‍, മനുഷ്യരുണ്ടാക്കുന്ന പ്രകോപനംമൂലം കൂടുതല്‍ അടുക്കലടുക്കല്‍ ഉള്ളതും തീക്ഷ്ണവുമായ കടുത്ത പ്രതിഭാസങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിക്കുന്നു. 
ആഗോളതാപനം
ആഗോളതാപനിലയില്‍ 0.5 ഡിഗ്രി സെല്‍ഷ്യസ് വര്‍ധനയുണ്ടാകുമ്പോള്‍ ചില പ്രദേശങ്ങളില്‍ കനത്ത മഴയും പ്രളയവും ഉണ്ടാവുകയും മറ്റിടങ്ങളില്‍ കടുത്ത വരള്‍ച്ച ഉണ്ടാവുകയും ചില സ്ഥലങ്ങളില്‍ രൂക്ഷമായ ചൂടുകാറ്റ് അടിക്കുകയും മറ്റു ചില സ്ഥലങ്ങളില്‍ അതിശക്തമായ മഞ്ഞുവീഴ്ച ഉണ്ടാവുകയും ചെയ്യുന്നതായി നാം മനസ്സിലാക്കുന്നു. ഇതുവരെ ഓരോ വര്‍ഷവും വല്ലപ്പോഴുമാണ് ചൂടുകാറ്റു വീശിയിരുന്നതെങ്കില്‍ ആഗോളതാപനിലയില്‍ 1.5 ഡിഗ്രി വര്‍ധന ഉണ്ടായാല്‍ എന്താവും സംഭവിക്കുക? അത് ആസന്നമായിരിക്കുന്നു. മാര്‍പാപ്പാ ചൂണ്ടിക്കാണിക്കുന്നു.
''ഈ ചൂടുകാറ്റുകള്‍ കൂടുതല്‍ അടുക്കലടുക്കലാവും, കൂടുതല്‍ രൂക്ഷവുമാവും. ആഗോളതാപനില രണ്ടു ഡിഗ്രികൂടി ഉയര്‍ന്നാലോ, മാനവകുലത്തിനാകെ വന്‍പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിക്കൊണ്ട് ഗ്രീന്‍ലാന്‍ഡിലെ മഞ്ഞുപാളികളും അന്റാര്‍ട്ടിക്കയുടെ സിംഹഭാഗവും ഉരുകിയില്ലാതാകും. 
കഴിഞ്ഞ 50 വര്‍ഷംകൊണ്ട് ചൂട് ഒരിക്കലുമില്ലാത്തതുപോലെ ഉയര്‍ന്നു. കഴിഞ്ഞ 200 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന അളവിലെത്തി. ഒരു ദശാബ്ദത്തില്‍ 0.15 ഡിഗ്രി സെല്‍ഷ്യസ് വച്ചു ചൂടു കൂടുകയായിരുന്നു. കഴിഞ്ഞ 150 വര്‍ഷംമുമ്പ് ഉണ്ടായിരുന്നതിന്റെ ഇരട്ടിയാണത്. 1850 മുതല്‍ ആഗോളതാപം ശരാശരി 1.1 ഡിഗ്രി സെല്‍ഷ്യസ് കൂടി. ധ്രുവപ്രദേശങ്ങളില്‍ അതിലും വലുതായിരുന്നു പ്രത്യാഘാതം. ഇന്നത്തെ നിരക്കില്‍ പത്തു വര്‍ഷത്തിനകം 1.5 ഡിഗ്രി സെല്‍ഷ്യസ് എന്ന ആഗോളപരിധിയില്‍ നാം എത്തും. പാപ്പാ പറയുന്നു.
''ഭൂമിയുടെ ഉപരിതലത്തില്‍മാത്രമല്ല ഈ വര്‍ധനയുണ്ടാകുന്നത്. അന്തരീക്ഷത്തില്‍ നിരവധി കിലോമീറ്റര്‍ ഉയരത്തിലും സമുദ്രങ്ങളുടെ ഉപരിതലത്തിലും അവയുടെ  നൂറുകണക്കിനു മീറ്ററുകള്‍ അടിയിലും ഈ പ്രത്യാഘാതം പ്രതിഫലിക്കും. അതുകൊണ്ട്, സമുദ്രങ്ങളിലെ അമ്ലത്തിന്റെ തോതു വര്‍ദ്ധിക്കും. ഓക്‌സിജന്റെ അളവു കുറയും. മഞ്ഞുപാളികള്‍ അപ്രത്യക്ഷമാവും. ഭൂമിയുടെ ഉപരിതലത്തിലെ മഞ്ഞിന്റെ ആവരണങ്ങള്‍ ഉരുകും. സമുദ്രനിരപ്പ് സ്ഥിരമായി ഉയര്‍ന്നുകൊണ്ടിരിക്കും. 
തിരിച്ചുപിടിക്കാനാവില്ല
സമുദ്രങ്ങളിലെ ചൂടിന്റെയും അമ്ലത്തിന്റെയും വര്‍ധന, ഓക്‌സിജന്റെ കുറവ് തുടങ്ങിയ കാലാവസ്ഥാപ്രതിസന്ധികള്‍, ഒരിക്കല്‍ ഉണ്ടായാല്‍ ഏതാനും നൂറ്റാണ്ടുകളിലേക്കെങ്കിലും തിരിച്ചുപിടിക്കാവുന്നവയല്ല എന്ന് പാപ്പാ ഓര്‍മിപ്പിക്കുന്നു. സമുദ്രജലത്തിന് ഒരു തെര്‍മല്‍ ഇനേര്‍ഷ്യയുണ്ട്. നിരവധി ജീവികളുടെ അസ്തിത്വത്തെ ബാധിക്കുന്ന അവയുടെ താപനിലയും ഉപ്പുരസവും ഒരിക്കല്‍ ക്രമരഹിതമായാല്‍ സാധാരണഗതിയിലാകാന്‍ നൂറ്റാണ്ടുകള്‍ വേണം.
ലോകത്തിലെ നിരവധിയായ ജീവികള്‍ സഹയാത്രികര്‍ എന്ന പദവി വിട്ട് ഇരകളായതിലൂടെയും അപ്രത്യക്ഷമായതിലൂടെയും നല്‍കുന്ന സൂചനകളില്‍ ഒന്നാണിത്. മഞ്ഞുപാളികളുടെ ക്ഷയിക്കലിന്റെ കാര്യത്തിലും ഇതുതന്നെ പറയാം. നൂറുകണക്കിനു വര്‍ഷങ്ങള്‍കൊണ്ടൊന്നും ഉരുകുന്ന ധ്രുവങ്ങളെ പഴയ നിലയിലാക്കാന്‍ സാധിക്കില്ല. കാലാവസ്ഥയെ സംബന്ധിച്ചിടത്തോളം ദീര്‍ഘകാലമായി തുടരുന്ന ഘടകങ്ങളുണ്ട്. അവയ്ക്കു നിമിത്തമായ സംഭവങ്ങളില്‍നിന്നു സ്വതന്ത്രമായ കാര്യങ്ങളാവാം അവ. ഇക്കാരണംകൊണ്ട് നാം ഉണ്ടാക്കിയ ഭീകരമായ നാശത്തെ തടയാന്‍ നമുക്കാവില്ല. കൂടുതല്‍ ദാരുണമായ ദുരന്തം ഒഴിവാക്കുന്നതിനുമാത്രമാണ് നമുക്കു സാധിക്കുന്നത്.
പരിസ്ഥിതിമാനസാന്തരം
അതുകൊണ്ട് മാര്‍പാപ്പാ പറയുന്നു: ഒരു പരിസ്ഥിതിമാനസാന്തരം ഉണ്ടാവണം. പ്രകൃതിയോടുളള സമീപനം മാറണം. തലമുറയ്ക്കുവേണ്ടി ഈ ഭൂമിയെ കാത്തുസൂക്ഷിക്കാന്‍ നമുക്കാവണം. ബൈബിള്‍ പറയുന്നതനുസരിച്ച് 'കൃഷി ചെയ്യാനും സംരക്ഷിക്കാനുമായി' ദൈവം ഏല്പിച്ച പ്രപഞ്ചത്തിന്റെ സംരക്ഷണം എല്ലാ മനുഷ്യരുടെയും ഒന്നാം പ്രമാണമാകണം. ഇല്ലെങ്കില്‍ ഈ പ്രപഞ്ചം അധികം വൈകാതെ അധിവാസയോഗ്യമല്ലാതാവും. അതാണ് 'ലൗദാത്തെ ദേവും' നമ്മെ ഓര്‍മിപ്പിക്കുന്നത്.
കാലഘട്ടത്തിന്റെ അടയാളങ്ങളെ കൃത്യമായി വ്യാഖ്യാനിച്ച് വരാനിരിക്കുന്ന ഭീകരദുരന്തങ്ങളില്‍നിന്നു രക്ഷപ്പെടാന്‍ മുന്നറിയിപ്പു നല്കുന്ന പ്രവാചകനാവുകയാണ് ഫ്രാന്‍സിസ് പാപ്പാ. ഈ പ്രവചനങ്ങളെ സ്വീകരിച്ചു മാനസാന്തരപ്പെട്ട് ദുരന്തങ്ങളില്‍നിന്നു രക്ഷപ്പെടുകയോ അല്ലെങ്കില്‍ പ്രവചനത്തെ നിന്ദിച്ച്, നടക്കുന്ന വഴികളിലൂടെത്തന്നെ നടന്ന് മഹാദുരന്തത്തില്‍ വീഴുകയോ ആവാം. അതു തീരുമാനിക്കേണ്ടത് ജനങ്ങളും അവരുടെ ഭരണാധികാരികളുമാണ്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)