•  16 May 2024
  •  ദീപം 57
  •  നാളം 10
കുടുംബവിളക്ക്‌

അപ്പന്‍

പ്പനെക്കുറിച്ചുള്ള അടിസ്ഥാനബോധ്യങ്ങളില്‍ അനുദിനം ആഴപ്പെടാന്‍ ക്രൈസ്തവകുടുംബങ്ങള്‍ക്കു കഴിയണം. പിതാവാണ് കുടുംബത്തിന്റെ കാരണവും നാഥനും. കുടുംബത്തിന്റെ വാഴ്ചയും വീഴ്ചയും അപ്പനെ ആശ്രയിച്ചാണിരിക്കുക. അതുകൊണ്ടുതന്നെ, ഭവനാംഗങ്ങള്‍ എല്ലാവര്‍ക്കും അദ്ദേഹത്തെപ്പറ്റിയുള്ള ചിന്തയുണ്ടായിരിക്കണം. അപ്പന്റെ ആരോഗ്യാനാരോഗ്യങ്ങളാണ് കുടുംബത്തിന്റെയും. ആകയാല്‍, ആ മനസ്സു വിഷമിക്കുന്നവിധത്തിലുള്ള വാക്കുകളോ വര്‍ത്തമാനങ്ങളോ   കുടുംബാംഗങ്ങളില്‍നിന്ന് ഉണ്ടാകരുത്. കുടുംബത്തിലെ കുറവുകള്‍ പരിഹരിക്കുന്നവനും ആകുലതകളെ ആദ്യം അറിയുന്നവനുമാണ് അദ്ദേഹം. കുടുംബത്തെക്കുറിച്ച് ഏറ്റവും കൂടുതല്‍ ശ്രദ്ധയുള്ള വ്യക്തി. അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ അറിഞ്ഞു നിറവേറ്റിക്കൊടുക്കാന്‍ കുടുംബാംഗങ്ങള്‍ ഒരുപോലെ ബാധ്യസ്ഥരാണ്. 

വേണ്ടപ്പെട്ടവര്‍ ജീവിച്ചിരിക്കുമ്പോള്‍ അപ്പന്‍ അനാഥരാകരുത്. ജന്മം നല്കിയവന്‍ ഒരു ബാധയും ബാധ്യതയും ആകുന്നിടം കുടുംബമല്ല; കാട്ടുമൃഗക്കൂട്ടമാണ്. അപ്പന്‍ അപ്പമാണ്, കുടുംബത്തിന്റെ വിശപ്പകറ്റുന്നവന്‍. അന്നത്തെക്കുറിച്ചെന്നപോലെ അപ്പനെപ്പറ്റിയുള്ള ഓര്‍മയും കൂടെയുണ്ടാകണം. പിതാവ് വീടിന്റെ വാതിലാണ്. വാതില്‍ സംരക്ഷണത്തിന്റെ പ്രതീകമാണ്. അപ്പനാണ് കുടുംബത്തിനു സുരക്ഷിതത്വം ഉറപ്പുവരുത്തുന്നത്. ആ വാതില്‍ ഇല്ലാതാകുമ്പോഴേ അതിന്റെ വില മനസ്സിലാകൂ. അപ്പനെ നഷ്ടപ്പെട്ടവര്‍ക്കേ ആ ശൂന്യതയുടെ നോവറിയൂ. 'അച്ഛനുണ്ടായിരുന്നെങ്കില്‍...' എന്ന് പിന്നീട് ഓര്‍ത്തു വിലപിക്കേണ്ടതായി വരാതിരുന്നാല്‍ നന്ന്. അപ്പന്റെ ഹൃദയതാളമാണ് കുടുംബത്തിന്റെ താളം. അതു തെറ്റാതെ നോക്കണം. 
പിതാവ് ഏതു വരെ പഠിച്ചു എന്നല്ല, പിതാവില്‍നിന്ന് ഞാന്‍ എന്തു പഠിച്ചു എന്നാണ് ഓരോരുത്തരും ചോദിക്കുന്നത്. അപ്പന്‍ അടയാളമാണ്. ദൈവത്തിന്റെ ജീവശ്വാസം ഇന്നും തലമുറകളില്‍ തുടിക്കുന്നു എന്നതിന്റെ വ്യക്തമായ വെളിപാട്. 'എന്നെപ്പറ്റി ഇവിടാര്‍ക്കും ഒരു ചിന്തയുമില്ല' എന്നു നെടുവീര്‍പ്പിട്ടുകൊണ്ട് ഒറ്റപ്പെട്ടു കഴിയുന്ന 'അച്ഛനുറങ്ങാത്ത വീട്' ഒരിടത്തും ഉണ്ടാകാതിരിക്കട്ടെ. നിനവിലും ഉണര്‍വിലും പിതൃസ്മരണകള്‍ കാത്തുസൂക്ഷിക്കുന്നവരുള്ള ഭവനങ്ങള്‍ ഭാഗ്യപ്പെട്ടവ. അവയ്ക്ക് ദൈവമെന്ന പിതാവിന്റെ കാവലുണ്ടായിരിക്കും. ഓര്‍ക്കണം, അപ്പനെ മറക്കുന്ന കുടുംബമാണ് അപ്പന്‍ മരിച്ചതിനെക്കാള്‍ അനാഥം.
'പിതാവിനെ പരിത്യജിക്കുന്നത് ദൈവദൂഷണത്തിനു തുല്യമാണ്.' (പ്രഭാ. 3:16)

Login log record inserted successfully!