•  16 May 2024
  •  ദീപം 57
  •  നാളം 10
കുടുംബവിളക്ക്‌

അമ്മ

മ്മയെക്കുറിച്ചുള്ള അടിസ്ഥാനബോധ്യങ്ങളില്‍ അനുദിനം ആഴപ്പെടാന്‍ ക്രൈസ്തവകുടുംബങ്ങള്‍ക്കു കഴിയണം. അമ്മയെ അനുസരിക്കുന്നവരും ആദരിക്കുന്നവരുമാകണം ക്രിസ്ത്യാനികളെന്ന് അഭിമാനിക്കുന്നവര്‍. കാരണം, ദൈവമായിരുന്നിട്ടുപോലും തന്റെ ആയുഷ്‌കാലമൊക്കെയും സ്വന്തം അമ്മയ്ക്ക് അര്‍ഹമായ ബഹുമാനം നല്കിക്കൊണ്ട് അവള്‍ക്കു വിധേയനായി ജീവിക്കുകയും തന്റെ മൃതിക്കുമുമ്പ് അവളെ അമ്മയായി അരുമശിഷ്യന്റെ സുരക്ഷിതമായ കരങ്ങളില്‍ ഏല്പിച്ചവനുമായ ക്രിസ്തുവിനെയാണ് അവര്‍ അനുഗമിക്കുന്നത്. അതേ, അമ്മ അമൂല്യയാണ്. അവളിലൂടെയാണ് നാമെന്ന അസ്തിത്വം മണ്ണിലേക്കു വന്നത്. മാതാവില്ലെങ്കില്‍ മക്കളില്ല. അവളുമായുള്ള പൊക്കിള്‍ക്കൊടിബന്ധമാണു ഭൂമിയില്‍ ഏതൊരു മനുഷ്യജന്മത്തിന്റെയും ഏറ്റവും ബലിഷ്ഠമായ ബന്ധം. 
മാതാവ് മണ്‍വിളക്കാണ്. വീടിന്റെ വെട്ടമാണ്. കൂടെയുള്ളവരുടെ സ്‌നേഹവാത്സല്യങ്ങളാണ് അവളുടെ തിരിവെട്ടത്തിനു തെളിച്ചമേകുന്നത്. അതു കെട്ടുപോകുമ്പോഴേ വെളിച്ചത്തിന്റെ വിലയും ഇരുട്ടിന്റെ ഭയാനകതയും കുടുംബമറിയാന്‍ തുടങ്ങൂ. അവള്‍ സര്‍വംസഹയാണ്. നൊമ്പരങ്ങള്‍ പലതും നെഞ്ചിനുള്ളിലൊതുക്കി പുഞ്ചിരിക്കുന്നവള്‍. അവളെപ്പറ്റി കുടുംബാംഗങ്ങള്‍ക്കു ചിന്തയുണ്ടാകണം. അവളുടെ ആവശ്യങ്ങള്‍ അവള്‍ പറയാതെതന്നെ അറിയാന്‍ അവര്‍ക്കു കഴിയണം. 
അമ്മ അനുഗ്രഹമാണ്. അവള്‍ക്കുവേണ്ടി അനുദിനം പ്രാര്‍ഥിക്കണം. പെറ്റുപോറ്റിയവരും പങ്കാളിയുമൊക്കെ ജീവിച്ചിരിക്കുമ്പോള്‍ ഒരമ്മയും ഒരിടത്തും ഒറ്റപ്പെടരുത്. മാതൃമിഴികള്‍ ഈറനണിയാന്‍ നാം ഇടയാക്കരുത്. അവളുടെ കണ്ണീരു വീണു കുതിരുന്ന കുടുംബം പാര്‍ത്തലത്തിലെ ഏറ്റവും ശപിക്കപ്പെട്ട ഇടങ്ങളില്‍ ഒന്നായിരിക്കും. 
അമ്മയൊരു സാന്ത്വനമാണ്. അവളുടെ മടിത്തട്ടില്‍ സുഖശയനമുണ്ട്. തലോടലില്‍ സൗഖ്യവും. അമ്മയെ അനുസ്മരിക്കുക, അവളോടു പറ്റിച്ചേര്‍ന്നു നില്ക്കുക. അതിനുള്ള ഭാഗ്യമില്ലാത്തവര്‍ അനേകരുണ്ട്. ഓര്‍ക്കണം, അമ്മ അവഗണിക്കപ്പെടുന്ന കുടുംബത്തില്‍നിന്ന് അനര്‍ഥങ്ങള്‍ അകലില്ല. മാതൃസ്മൃതികള്‍ മുഴങ്ങിനില്ക്കുന്ന ''എന്നമ്മയെ ഓര്‍ക്കുമ്പോള്‍ മാതാവേ...'' എന്ന പാട്ട് സന്ധ്യാപ്രാര്‍ഥനയില്‍ ഒരുമിച്ചുപാടുന്നത് ഒത്തിരി ഉചിതമായിരിക്കും.
'നൊന്തുപെറ്റ അമ്മയെ മറക്കരുത്.' (പ്രഭാ. 7:27).

 

Login log record inserted successfully!