•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കവര്‍‌സ്റ്റോറി

കടക്കെണിയില്‍ താളംതുള്ളി കേരളീയം

  • ഡിജോ കാപ്പന്‍
  • 16 November , 2023

 ലോകത്തിനു മുന്നില്‍ കേരളത്തെ അടയാളപ്പെടത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനസര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ''കേരളീയ,''ത്തിന് കേരളപ്പിറവിദിനത്തിലാണല്ലോ തിരുവനന്തപുരത്തു തുടക്കംകുറിച്ചത്. ചലച്ചിത്രതാരങ്ങളായ കമല്‍ഹാസന്‍, മമ്മൂട്ടി,  മോഹന്‍ലാല്‍, ശോഭന, വിദേശരാജ്യപ്രതിനിധികള്‍, മന്ത്രിമാര്‍, വ്യവസായ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങു ഗംഭീരമായി. മലയാളികള്‍ വ്യക്തിത്വത്തിന്റെ സത്ത തിരിച്ചറിയുന്നില്ലെന്നു പരിഭവപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ ഓരോ കേരളീ യന്റെയും ആത്മവിശ്വാസം കേരളീയം ഉയര്‍ത്തുമെന്നു പ്രതീക്ഷ പ്രകടിപ്പിച്ചു. എന്നാല്‍, കേരളീയം ആഘോഷം നടന്ന ദിവസങ്ങളിലുണ്ടായ ചില സംഭവങ്ങളും അതു സംബന്ധിച്ചു വന്ന വാര്‍ത്തകളും ശ്രദ്ധിക്കുന്ന മലയാളിക്ക് ആത്മവിശ്വാസമാണോ, ഭാവിയെക്കുറിച്ച് ഉത്കണ്ഠയാണോ ഉണ്ടാകുന്നതെന്നു ചര്‍ച്ച ചെയ്യപ്പെടുകയാണ്. 

കാലാവധി പൂര്‍ത്തിയായിട്ടും ശ്രീരാമകൃഷ്ണമിഷനിലെ നിധി കേജ്‌രിവാളിന്റെ  മുപ്പതുകോടിയുടെ നിക്ഷേപത്തുക കേരള ട്രാന്‍സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ തിരിച്ചുനല്‍കുന്നില്ലെന്ന കേസ് നിലവിലുï്. കേരളപ്പിറവിദിനത്തില്‍ കേസ്  ഹൈക്കോടതിയുടെ പരിഗണനയ്‌ക്കെത്തിയപ്പോള്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നതു സ്ഥാപനം വലിയ സാമ്പത്തികഞെരുക്കത്തിലാണെന്നും പണം തിരിച്ചുനല്‍കാന്‍ ബാധ്യതയില്ലെന്നു
മാണ്. നിക്ഷേപത്തിന് ഗാരന്റി നിന്നിട്ട് ഇത്തരത്തില്‍ സത്യവാങ്മൂലം നല്‍കുന്നത് സംസ്ഥാനത്തിന് നാണക്കേടാണെന്ന് കേസു പരിഗണിച്ച ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ സ്ഥാപനം എന്ന വിശ്വാസത്തിലാണു ജനം പണം നിക്ഷേപിച്ചത്. പിന്നെ എങ്ങനെ സര്‍ക്കാരിനു കൈയൊഴിയാനാകും? നിക്ഷേപം തിരിച്ചുനല്‍കാന്‍ ബാധ്യതയില്ലേയെന്ന് ആരാഞ്ഞ കോടതി ഇക്കാര്യം വ്യക്തമാക്കി അധിക സത്യവാങ്മൂലം നല്‍കാന്‍ നിര്‍ദേശിച്ചിരിക്കുക
യാണ്. കെ.ടി.ഡി.എഫ്.സി. യില്‍നിന്ന് 2018 ല്‍ കെ.എസ്.ആര്‍.ടി.സി. വായ്പയെടുത്ത 350 കോടി രൂപ പലിശയും പിഴപ്പലിശയുമായി ഇപ്പോള്‍ 780 കോടിയുടെ ബാധ്യതയില്‍ എത്തിയിട്ടും ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ പണം തിരിച്ചടയ്ക്കാതെവന്നതാണ് പ്രതിസന്ധിക്കിടയാക്കിയതെന്നു മനസ്സിലാക്കുന്നു.
പണം വായ്പ നല്‍കുമ്പോള്‍ ജാമ്യക്കാരനെയോ അല്ലെങ്കില്‍ മുതലും പലിശയും ഈടാക്കാന്‍ തക്കതായ ഭൂമിയോ സ്വര്‍ണമോ ഈടു വാങ്ങിയശേഷമേ ബാങ്കുകള്‍ പണം നല്‍കാറുള്ളൂ. വായ്പയെടുത്തയാള്‍ പണം തിരിച്ചടയ്ക്കുന്നില്ലെങ്കില്‍ ജാമ്യംനിന്നയാള്‍ പണം അടച്ചുകൊള്ളാമെന്ന വ്യവസ്ഥയിലാണു പണം കടം കൊടുക്കുന്നത്. സ്വര്‍ണമാണെങ്കില്‍ അതു വിറ്റ് ബാങ്കു പണം സ്വരൂപിക്കും. കോടതിക്കേസുകളില്‍ പ്രതിയാകുന്നവര്‍ക്കു ജാമ്യം ലഭിക്കണമെങ്കില്‍ കരം കുടിശ്ശിക ഇല്ലാത്ത വ്യക്തി കരം അടച്ച രസീതുമായി എത്തിയാണു പ്രതികളെ ജാമ്യത്തിലിറക്കുന്നത്. പ്രതി യഥാസമയം ഹാജരായില്ലെങ്കില്‍ തുടര്‍നടപടി  ജാമ്യക്കാരന്റെ പേരിലാവും കോടതി എടുക്കുക. കെ.റ്റി.ഡി.എഫ്.സി. കേസിലെ നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നാല്‍ വ്യക്തികള്‍ക്കും ഈ പണം കൊടുക്കാനുള്ള കാര്യത്തില്‍ ഇതേ നിലപാട് എടുക്കാന്‍ പറ്റില്ലെന്നു പ്രോസിക്യൂഷനു പറയാന്‍ കഴിയാതെ വരും.
ധനകാര്യസ്ഥാപനങ്ങളില്‍നിന്നു പണം കടം എടുത്തിട്ടു തിരിച്ചടയ്ക്കാതിരുന്നാല്‍ എന്താണ് അനുഭവം എന്നതിനു നവംബര്‍ ഒന്നിന് ഇന്ത്യയില്‍നിന്നുതന്നെ ഉത്തരമുണ്ട്. ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ എഴുപത്തിനാലു വയസ്സുള്ള നരേഷ് ഗോയലിനു കള്ളപ്പണ ഇടപാട് ഉള്‍പ്പെടെയുള്ള കേസില്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലായിരിക്കേ നവംബര്‍ ഒന്നിന് 538 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയ വിവരം അറിയേണ്ടിവന്നു. വിമാനക്കമ്പനിക്ക് വിവിധ ബാങ്കുകള്‍ നല്കിയ 848 കോടിയുടെ വായ്പയില്‍ 538 കോടിയുടെ കുടിശ്ശിക ഉïായതിനെത്തുടര്‍ന്ന് ബാങ്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി.ഡ്രൈവിങ് ടെസ്റ്റ് പാസായിട്ടും സര്‍ക്കാര്‍ മൂന്നുകോടി രൂപയോളം കൊടുക്കാത്തതുകൊണ്ട് വാഹനമോടിക്കാന്‍ സാധിക്കുന്നില്ലെന്ന പരാതിയുമായി കുറേപ്പേര്‍ കേരളത്തിലുണ്ട്. വാഹനരജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളുടെയും ഡ്രൈവിങ് ലൈസന്‍സുകളുടെയും വിതരണം തപാല്‍വകുപ്പു മുഖേനയാണ്. സംസ്ഥാനത്തെ ജോയിന്റ് ആര്‍.ടി.ഒ. ഓഫീസില്‍ പ്രിന്റ് ചെയ്തിരുന്ന ലൈസന്‍സ് 2022 ഏപ്രില്‍മുതലാണ് കേന്ദ്രീകൃതസ്വഭാവത്തില്‍ കാക്കനാട്ടേക്കു മാറ്റിയത്. ജൂലൈമുതല്‍ സെപ്റ്റംബര്‍ വരെ പ്രിന്റു ചെയ്ത ലൈസന്‍സുകള്‍ മേല്‍വിലാസക്കാര്‍ക്കെത്തിച്ചു നല്‍കിയ ഇനത്തില്‍ 2.84 കോടി രൂപയാണ്  തപാല്‍വകുപ്പിനു സര്‍ക്കാര്‍ നല്‍കാനുള്ളത്. ഈ പണം കിട്ടാതെ ഇനി ലൈസന്‍സുകളുടെ കൈമാറ്റം ഉണ്ടാവില്ലെന്നാണ് തപാല്‍വകുപ്പിന്റെ നിലപാട്. ടെസ്റ്റു പാസായിട്ടും കാര്യമില്ല, സര്‍ക്കാരിന്റെ കൈയില്‍ പണം വേണ്ടേ വണ്ടിയോടിക്കാന്‍!
നവംബര്‍ ഒന്നിന് സംസ്ഥാന ക്രൈംറെക്കോര്‍ഡ് ബ്യൂറോ വാഹനാപകടങ്ങള്‍ സംബന്ധിച്ച്  പുറത്തുവിട്ട കണക്കനുസരിച്ച്  2022 സെപ്റ്റംബറിനെ അപേക്ഷിച്ച് 2023 സെപ്റ്റംബറില്‍ 524 അപകടങ്ങള്‍ അധികമുണ്ടായി. എ.ഐ. കാമറ സ്ഥാപിച്ചതോടെ  വാഹനാപകടങ്ങള്‍ കുറഞ്ഞെന്ന സര്‍ക്കാരിന്റെ  അവകാശം തെറ്റായിരുന്നുവെന്ന് ഓഗസ്റ്റുമാസവും  തെളിഞ്ഞിരുന്നെങ്കിലും പിഴയിനത്തില്‍ ജനങ്ങളെ പിഴിയുന്ന തുകയില്‍ വന്‍വര്‍ധനയുണ്ടാകുന്നുണ്ട്.
2022 ല്‍ തുടങ്ങിയ ജലജീവന്‍മിഷന്റെ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ചു കേരളപ്പിറവി ദിനത്തില്‍ പുറത്തുവന്ന കണക്കുപ്രകാരം 35.82 ലക്ഷം കണക്ഷനുകളാണ് നല്‍കിയിട്ടുള്ളത്. 2024 മാര്‍ച്ചിനകം 34.10 ലക്ഷം വീടുകളില്‍ക്കൂടി കണക്ഷന്‍ നല്‍കാനുണ്ട്. സര്‍ക്കാരിന്റെ സാമ്പത്തികപ്രതിസന്ധി കാരണം കരാറുകാര്‍ക്കു നല്‍കാനുള്ള 1397 കോടി രൂപ കുടിശ്ശിക ആയതുകൊണ്ടു ജലജീവന്‍ മിഷന്‍ പദ്ധതി പ്രതിസന്ധിയിലായിരിക്കുകയാണ്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ 50 ശതമാനം വീതം പണം മുടക്കിയാണു പദ്ധതിയുടെ നടത്തിപ്പ്. കേന്ദ്രസര്‍ക്കാരിന്റെ ആദ്യഗഡുവായ 335 കോടി രൂപ നേരത്തേ ലഭിച്ചെങ്കിലും സംസ്ഥാനത്തിന്റെ സാമ്പത്തികപ്രതിസന്ധി കാരണം പണം ലഭിക്കാന്‍ താമസം നേരിട്ടു.
കേരളപ്പിറവിദിനത്തില്‍ കൊച്ചിയിലെ സപ്ലൈകോ ആസ്ഥാനത്ത് ഒരു സൂചനാസമരം നടക്കുകയുണ്ടായി. ആന്ധ്രാ, കര്‍ണാടക, തമിഴ്‌നാട്, കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിലെ അഞ്ഞൂറിലേറെ വിതരണക്കമ്പനികള്‍ക്കു സപ്ലൈകോ നല്‍കാനുള്ള 719 കോടി രൂപയുടെ കുടിശ്ശിക ഉടന്‍ തന്നുതീര്‍ക്കണമെന്നതായിരുന്നു അവിടെ മുഴങ്ങിയ മുദ്രാവാക്യം. 15 കോടി രൂപ പ്രതിദിനം വിറ്റുവരവുണ്ടായിരുന്ന സപ്ലൈകോയില്‍ ഇപ്പോള്‍ 4 കോടിയുടെ ബിസിനസാണു നടക്കുന്നത്.
സഹകരണവകുപ്പിന്റെയും പ്രാഥമികസഹകരണസംഘങ്ങളുടെയും നേതൃത്വത്തില്‍ കര്‍ഷകരുടെ നെല്ലുസംഭരണം നടത്താനുള്ള നടപടികളില്‍നിന്നു സര്‍ക്കാര്‍ തത്കാലം പിന്‍വാങ്ങാനുള്ള തീരുമാനം മന്ത്രിസഭ കൈക്കൊണ്ടതും നവംബര്‍ ഒന്നിനുതന്നെ. നെല്ലുസംഭരണത്തിനുള്ള നോഡല്‍ ഏജന്‍സിയായി സപ്ലൈകോതന്നെ തുടരാനാണു മന്ത്രിസഭാതീരുമാനം. കര്‍ഷകരുടെ നെല്ല് ഈടുവച്ച് അവര്‍ക്ക് അതിന്റെ വില പാഡി രസീത് ഷീറ്റ് (പി.ആര്‍.എസ്.) അടിസ്ഥാനമാക്കി വായ്പ നല്‍കുന്നതു തുടരാനും തീരുമാനമുണ്ട്. ലോകത്തെവിടെയെങ്കിലും ഒരു ഉത്പാദകന്റെ ഉത്പന്നം വിറ്റുകഴിയുമ്പോള്‍ അതിന്റെ പണം നല്‍കുന്നതിനുപകരം ആ ഉത്പന്നത്തിന്റെ മൂല്യത്തിനുള്ള തുക ലോണായി നല്‍കുന്ന ഏര്‍പ്പാടുണ്ടായിട്ടുണ്ടോ?  കര്‍ഷകന്റെ നെല്ല്  സപ്ലൈകോ അരിയാക്കി വിറ്റ്  ആ പണം കേരളീയംപോലുള്ള ആര്‍ഭാടങ്ങള്‍ക്കുവേണ്ടി സര്‍ക്കാര്‍ ഉപയോഗിക്കുന്നു. പണം ലഭിക്കാന്‍ കര്‍ഷകര്‍ ഒപ്പിട്ടുനല്‍കുന്ന രേഖ എന്താണെന്നുപോലും ഭൂരിപക്ഷം  കര്‍ഷകരും മനസ്സിലാക്കുന്നില്ല. സപ്ലൈകോ  അരി വിറ്റു കിട്ടുന്ന പണം  ബാങ്കില്‍ അടയ്ക്കാത്ത പക്ഷം കര്‍ഷകന്റെ സ്ഥാവരജംഗമവസ്തുക്കള്‍ ജപ്തി ചെയ്യാന്‍ ബാങ്കിനെ അനുവദിച്ചുകൊണ്ടുള്ള എഗ്രിമെന്റിലാണ് ഓരോ കര്‍ഷകനും അവന്റെ നെല്ലു കൊടുത്തശേഷം ഒപ്പിട്ടു നല്‍കുന്നത്. ഇത്തരത്തില്‍ ഒരു എഗ്രിമെന്റ് എഴുതിയുണ്ടാക്കിയ ഉദ്യോഗസ്ഥന്‍ അവരുടെ ഉത്പന്നമായ ആ മാസത്തെ ജോലി ചെയ്തതിന്റെ ശമ്പളം കര്‍ഷകന്‍ നെല്ലുകൊടുത്തശേഷം ബാങ്കില്‍നിന്നു  പണം വാങ്ങുമ്പോള്‍ ഒപ്പിട്ടുകൊടുക്കുന്ന എഗ്രിമെന്റുപോലെ സര്‍ക്കാര്‍ ബാങ്കിലേക്കു പണം അടച്ചില്ലെങ്കില്‍ ഉടമസ്ഥന്റെ സ്ഥാവരജംഗമവസ്തുക്കള്‍ ജപ്തി ചെയ്തു കൊള്ളാമെന്നു സമ്മതിച്ച് രേഖ ഒപ്പിട്ടുകൊടുക്കാന്‍ തയ്യാറാകുമോ?
തീരദേശവേലിയേറ്റരേഖയില്‍നിന്ന് 50 മീറ്റര്‍ പരിധിക്കുള്ളില്‍ കഴിയുന്ന മുഴുവന്‍ മത്സ്യത്തൊഴിലാളികളെയും സുരക്ഷിതമേഖലയില്‍ പുനരധിവസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2020 ല്‍ തുടങ്ങിയ 'പുനര്‍ഗേഹം' പദ്ധതി പണമില്ലാത്തതിനാല്‍ വെള്ളത്തിലായി എന്ന വാര്‍ത്ത പുറത്തുവന്നത് കേരളീയത്തിന്റെ ഉദ്ഘാടനദിവസമാണ്. പദ്ധതിപ്രകാരം ഈ വര്‍ഷം വീടുകളുടെയും ഫ്‌ളാറ്റുകളുടെയും  നിര്‍മാണം പൂര്‍ത്തിയാക്കാന്‍ വേണ്ടത് 100 കോടിയാണ്.
2016 ലെ നിയമസഭാതിരഞ്ഞെടുപ്പുസമയത്ത് ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ പങ്കാളിത്തപെന്‍ഷന്‍ പദ്ധതി പുനഃപരിശോധിക്കുമെന്നു വാഗ്ദാനം ചെയ്തിരുന്നു. ഏഴു വര്‍ഷമായി ഇടതുപക്ഷഭരണം  തുടര്‍ന്നിട്ടും ഇതു സംബന്ധിച്ച നടപടിയൊന്നും എടുക്കാത്തതില്‍ അസ്വസ്ഥരായ ഇടത് അനുകൂലസംഘടനകള്‍ ഹൈക്കോടതിയില്‍ കേസു നടത്തുകയാണ്. ഈ കേസില്‍നിന്നു രക്ഷപ്പെടാനുള്ള തീരുമാനവും കേരളപ്പിറവിദിനത്തിലെ മന്ത്രിസഭാതീരുമാനത്തിലുണ്ടായി. പങ്കാളിത്തപെന്‍ഷന്‍ പദ്ധതി സംബന്ധിച്ച പുനഃപരിശോധനാസമിതിയുടെ ശിപാര്‍ശകള്‍ വിശദമായി പഠിക്കാന്‍ ധന,നിയമമന്ത്രിമാരും ചീഫ് സെക്രട്ടറിയുമുള്‍പ്പെട്ട സമിതിയെ നിയോഗിക്കാനാണു സര്‍ക്കാര്‍തീരുമാനം. പെന്‍ഷന്‍ നല്‍കാനായി വരുമാനത്തിന്റെ 20 ശതമാനം നീക്കിവയ്ക്കുന്നിടത്ത്  പങ്കാളിത്തപെന്‍ഷന്‍ നടപ്പാക്കുന്നതിലൂടെ ചെലവ് മൂന്നു ശതമാനമായി കുറയ്ക്കാന്‍ കഴിയുമെന്നതാണ് ഇതിനായി ചുമതലപ്പെടുത്തിയ സമിതിയുടെ കണ്ടെത്തലെന്നാണു പുറത്തുവരുന്ന വാര്‍ത്ത. ശമ്പളത്തിനും പെന്‍ഷനും പലിശയ്ക്കുമായി വരുമാനത്തിന്റെ 90 ശതമാനവും നീക്കിവയ്ക്കുന്ന കേരളത്തിന് പങ്കാളിത്തപെന്‍ഷനില്‍നിന്നു പഴയ രീതിയിലേക്കു മടങ്ങാനുള്ള ധനശേഷിയില്ലെന്നാണു സാമ്പത്തികവിദഗ്ധരുടെ അഭിപ്രായം.
ആര്‍ഭാടമായി കേരളപ്പിറവി ആഘോഷിച്ചപ്പോള്‍ കരാറുകാര്‍ക്കും സര്‍ക്കാര്‍ജീവനക്കാര്‍ക്കും സാധാരണക്കാര്‍ക്കും ക്ഷേമപെന്‍ഷന്‍കാര്‍ക്കുമൊക്കെയായി സര്‍ക്കാര്‍ കുടിശ്ശിക തീര്‍ക്കാനുള്ളത് അരലക്ഷം കോടി രൂപയാണ്. സംസ്ഥാനത്ത് കരാറുകാര്‍ക്കു നല്‍കാനുള്ളത്  12000 കോടി രൂപ വരും. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുംകൂടി കുടിശ്ശികയായിട്ടുള്ളത്  23000 കോടി രൂപ. തദ്ദേശസ്ഥാപനങ്ങള്‍ക്ക് രണ്ടാം ഗഡു ഗ്രാന്റായി നല്‍കാനുള്ളത് 1850 കോടി. ലൈഫിന്റെ രണ്ടാം ഗഡു മുടങ്ങി. സാധാരണക്കാര്‍ക്ക് സൗജന്യചികിത്സ നല്‍കാനുള്ള കാരുണ്യ ആരോഗ്യസുരക്ഷാപദ്ധതിക്കു മൂന്നു വര്‍ഷമായി നല്‍കാനുള്ള കുടിശ്ശിക 2210 കോടി. ക്ഷേമപെന്‍ഷനുകള്‍ പലതും മാസങ്ങളായി മുടക്കമാണ്.
കേരളപ്പിറവി ആഘോഷങ്ങള്‍ക്കിടെ കേരളീയരെ മുഴുവന്‍ ഷോക്കടിപ്പിക്കുന്ന നടപടിയായിപ്പോയി വൈദ്യുതിചാര്‍ജു വര്‍ധന. തെലുങ്കാനയിലും തമിഴ്‌നാട്ടിലുമൊക്കെ  കാര്‍ഷികാവശ്യത്തിനുള്ള വൈദ്യുതി പൂര്‍ണമായും സൗജന്യമായി നല്‍കുമ്പോള്‍  ഇക്കഴിഞ്ഞ ദിവസം കേരളത്തിലെ വൈദ്യുതിചാര്‍ജില്‍ ഏറ്റവും കൂടുതല്‍ നിരക്കു വര്‍ധിപ്പിച്ചത് കാര്‍ഷികാവശ്യത്തിനുള്ള വൈദ്യുതിക്കാണ്. നവംബര്‍ ഒന്നുമുതല്‍ ഫിക്‌സഡ് ചാര്‍ജ് 10 മുതല്‍ 40 വരെ രൂപ  വര്‍ധിപ്പിച്ചു. ചെറിയ പെട്ടിക്കടകള്‍ക്കുവരെ ഫിക്‌സഡ് ചാര്‍ജിന്റെ വര്‍ധനയുണ്ട്. വര്‍ധിപ്പിച്ച ഫിക്‌സഡ് ചാര്‍ജുകളുടെ അടിസ്ഥാനത്തില്‍ 200 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന വീടുകളില്‍ 50 രൂപയോളം വര്‍ധനയുണ്ടാകും.
കടമെടുത്താണ് കുറേ നാളുകളായി കേരളം മുന്നോട്ടു പോയിരുന്നത്. എന്നാല്‍, ഇപ്പോള്‍ ആ വഴിയും അടഞ്ഞിരിക്കുകയാണ്. ഈ സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ അഞ്ചു മാസംകൂടി അവശേഷിക്കവേ സാമ്പത്തികവര്‍ഷത്തിലെ കടമെടുപ്പുപരിധിയായ 21,852 കോടിയും സംസ്ഥാനം കടമെടുത്തുകഴിഞ്ഞു. സര്‍ക്കാര്‍ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ശമ്പളാനുകൂല്യത്തിന്റെ അവസ്ഥ കെഎസ്ആര്‍ടിസി ജീവനക്കാരുടെ സ്ഥിതിയിലായാല്‍ അദ്ഭുതപ്പെടേണ്ടാ. ഈ നിലയിലാണു മുന്നോട്ടുപോകുന്നതെങ്കില്‍ നവംബറിനുശേഷം ദൈനംദിനചെലവുകള്‍ക്കുപോലും മുടക്കം സംഭവിക്കും. ഇതാണു കേരളത്തിന്റെ ചിത്രമെങ്കില്‍ ഇങ്ങനെയൊരു കേരളത്തെ ലോകത്തിനുമുന്നില്‍ അവതരിപ്പിക്കണമോയെന്നു ബഹുമാനപ്പെട്ട മുഖ്യമന്ത്രി ആലോചിക്കണമായിരുന്നു.

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)