•  16 May 2024
  •  ദീപം 57
  •  നാളം 10
കുടുംബവിളക്ക്‌

മക്കള്‍

ക്കളെക്കുറിച്ചുള്ള അടിസ്ഥാനബോധ്യങ്ങളില്‍ അനുദിനം ആഴപ്പെടാന്‍ ക്രൈസ്തവകുടുംബങ്ങള്‍ക്കു കഴിയണം. കുടുംബവൃക്ഷത്തിലെ കനികളും കായ്കളുമാണ് കുഞ്ഞുങ്ങള്‍. വിടിന് അനക്കവും അര്‍ഥവും നല്കുന്നവരാണവര്‍. മാതാപിതാക്കള്‍ മക്കളെക്കുറിച്ചു ചിന്തയുള്ളവരായിരിക്കണം. ജന്മം കൊടുത്താല്‍മാത്രം പോരാ, ഉണര്‍വിലും ഉറക്കത്തിലും അവരെപ്പറ്റി ഓര്‍മയുള്ളവരായിരിക്കണം. അവര്‍ക്കു ക്രൈസ്തവമായ പേരുകളിടണം. കുഞ്ഞുങ്ങളെ സംബന്ധിക്കുന്ന സകലകാര്യങ്ങളും അവര്‍ അറിഞ്ഞിരിക്കണം. അപ്പനമ്മമാര്‍ക്കില്ലാത്ത മക്കള്‍വിചാരം മറ്റാര്‍ക്കാണുണ്ടാവുക? ഉദരഫലങ്ങള്‍ ദൈവത്തിന്റെ ദാനങ്ങളാണെന്ന അടിസ്ഥാനാവബോധമാണ് ആദ്യമുണ്ടാകേണ്ടത്. അതുകൊണ്ടുതന്നെ കുടുംബത്തില്‍ കുഞ്ഞുങ്ങളുണ്ടാകണം. തലമുറകള്‍ക്കു ജന്മം നല്കാനുള്ള ദൈവദത്തമായ ശേഷിയെ സുഖസൗകര്യങ്ങളുടെ പേരില്‍ പ്രയോജനപ്പെടുത്താതിരിക്കുകയും ചില ഭൗതികനേട്ടങ്ങള്‍ക്കുവേണ്ടി  കുട്ടികളുടെ എണ്ണം കുറയ്ക്കുകയുമൊക്കെ ചെയ്യുന്നവര്‍ ഒരു കുഞ്ഞിക്കാലു കാണാന്‍ കണ്ണീരോടെ നോമ്പുനോറ്റു പ്രാര്‍ഥിക്കുന്ന ദമ്പതികളുമുണ്ടെന്നുള്ള വസ്തുത വിസ്മരിക്കരുത്. വളരെ നിസ്സാരമായി ഗര്‍ഭപാത്രത്തെ കൊലക്കളമാക്കി മാറ്റുന്ന ഭാര്യാഭര്‍ത്താക്കന്മാരോടു കര്‍ത്താവ് കണക്കു ചോദിക്കട്ടെ. 
തങ്ങളുടെതന്നെ ചോരയും നീരുമായ മക്കളെക്കുറിച്ചല്ലാതെ മറ്റാരെക്കുറിച്ചാണ് മാതാപിതാക്കള്‍ക്കു കൂടുതല്‍ വിചാരിക്കാനുള്ളത്? ജന്മമേകിയ കുഞ്ഞുങ്ങളുടെ വളര്‍ച്ചയിലും വിളര്‍ച്ചയിലും അവര്‍ ശ്രദ്ധാലുക്കളായിരിക്കണം. അവരുടെ ന്യായമായ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കണം. അവര്‍ എവിടെയാണ്, എന്താണ് എന്നൊക്കെ വ്യക്തമായി അറിഞ്ഞിരിക്കണം. 'കുട്ടികളുടെ കാര്യമെല്ലാം അമ്മയെ/ അപ്പനെ ഏല്പിച്ചിരിക്കുവാ' എന്ന് ദമ്പതികളിലാര്‍ക്കുംതന്നെ പറയാന്‍ അവകാശമില്ല. രണ്ടുപേരുടെയും കൂട്ടുത്തരവാദിത്വമാണത്. സര്‍വോപരി,  അപ്പനമ്മമാര്‍ മക്കളെ പ്രതിദിനം കര്‍ത്താവിനു പ്രതിഷ്ഠിച്ചു കരങ്ങള്‍  വിരിച്ചു പ്രാര്‍ഥിക്കണം. ദിവസവും അവരുടെ നെറ്റിയില്‍ കുരിശുവരച്ച് അനുഗ്രഹിക്കണം. മക്കള്‍ എത്ര മോശക്കാരാണെങ്കിലും അവരെ ശപിക്കരുത്. ഓര്‍ക്കണം, മക്കള്‍വിചാരമില്ലാത്ത മാതാപിതാക്കളാണ് അവരെ അക്ഷരാര്‍ഥത്തില്‍ അനാഥരാക്കുന്നത്. മക്കളെക്കുറിച്ചുള്ള മറവി മേലില്‍ ഒരു ക്രൈസ്തവകുടുംബത്തിനും ഉണ്ടാകാതിരിക്കട്ടെ. 

''കര്‍ത്താവിന്റെ ദാനമാണ് മക്കള്‍, ഉദരഫലം ഒരു സമ്മാനവും.'' (സങ്കീ. 127:3)

Login log record inserted successfully!