•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കവര്‍‌സ്റ്റോറി

ജീവിതം സുവിശേഷമാക്കിയ മഹാത്മജി

  • ജസ്റ്റീസ് കുര്യന്‍ ജോസഫ്
  • 1 October , 2020

ഓരോ വ്യക്തിയുടെയും ജന്മം ദൈവം തന്നതാണ്. ആ ജന്മം എങ്ങനെ ജീവിക്കുന്നു എന്നത് ദൈവത്തിനു തിരിച്ചു കൊടുക്കുന്ന സമ്മാനമാണ്. 
Life is a gift of God and how you live is a thanks giving to God. മഹാത്മാഗാന്ധിയെ സംബന്ധിച്ചിട ത്തോളം ഈ തത്ത്വം വളരെ അന്വര്‍ത്ഥമാണ്. കുട്ടിക്കാലം മുതലുള്ള ജീവിതം പരിശോധിച്ചാല്‍ താളപ്പിഴകള്‍ വന്നിട്ടില്ലായെന്ന് അര്‍ത്ഥമില്ല. പക്ഷേ, താളപ്പിഴകളില്‍നിന്ന് അദ്ദേഹം പഠിച്ചു. തെറ്റുകള്‍ തിരുത്തി. ബോധ്യമായ തെറ്റുകളിലേക്ക് ഒരിക്കലും അദ്ദേഹം തിരിച്ചുപോയില്ല. അതാണ് ആ ജീവിതത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഗാന്ധിജിയുടെ ശൈശവകാലം വളരെയേറെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു. പത്തുവയസ്സിനുള്ളില്‍ പത്തുസ്‌കൂളുകള്‍ മാറേണ്ടി വന്നു. 
സല്‍സ്വണ്ടാവി എന്ന സര്‍ട്ടിഫിക്കറ്റ് എപ്പോഴും അദ്ദേഹത്തിനു ലഭിച്ചിരുന്നു. പക്ഷേ, പഠനത്തില്‍ അദ്ദേഹം അത്ര മിടുക്കനായിരുന്നില്ല. അദ്ദേഹത്തി ന്റെ മാര്‍ക്കുകള്‍ എപ്പോഴും 45% നും 50% നും ഇടയ്ക്കുനിന്നു. ഏങ്കിലും അദ്ദേഹത്തിന്റെ സത്യസന്ധത ശൈശവത്തില്‍ത്തന്നെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. അദ്ദേഹത്തിന്റെ സ്‌കൂള്‍ ഇന്‍സ്‌പെക്ഷന്റെ കഥ നാമെല്ലാവരും കേട്ടിട്ടുള്ളതാണ്. ഇന്‍സ്‌പെക്ടര്‍ 
ആവശ്യപ്പെട്ട  KETTLE  എന്ന വാക്കിന്റെ സ്‌പെ ല്ലിംഗ് തെറ്റിപ്പോയി. ടീച്ചര്‍ പറഞ്ഞു കൊടുത്തിട്ടും അതു ശരിയാക്കിയെഴുതാന്‍ അദ്ദേഹം തയ്യാറായില്ല. അങ്ങനെ സ്‌കൂളിനു കിട്ടേണ്ട ഒരു ഗ്രേഡ് പോയതിനാല്‍ ടീച്ചറിന് ഗാന്ധിജിയോടു ദേഷ്യമായി. പ്രായ
മായവരുടെ തെറ്റുകള്‍ക്കു മുമ്പില്‍ അന്ധനാവുക എന്റെ സ്വഭാവമായിരുന്നു. അവരുടെ പ്രവൃത്തി കള്‍ സൂക്ഷ്മപരിശോധന ചെയ്യാറില്ല എന്നതായിരുന്നു കൊച്ചുഗാന്ധിയുടെ നിലപാട്. 
ഗാന്ധിജി യേശുക്രിസ്തുവിനെ വളരെയേറെ അടുത്തു പഠിച്ചിരുന്നു. സുവിശേഷം ഗാന്ധിജിയുടെ ജീവിതത്തില്‍ വളരെയേറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതില്‍നിന്നൊക്കെയായിരിക്കണം സത്യത്തിനുവേണ്ടി നിലകൊള്ളാനുള്ള ഒരു വ്യക്തമായ തീരുമാനം അദ്ദേഹത്തിനുണ്ടായത്.
പശ്ചാത്താപവും മാനസാന്തരവും ഏറ്റുപറച്ചിലും - ഈ മൂന്നു കാര്യത്തിലും ഗാന്ധിജിയുടെ സമീപനം വളരെ പ്രസക്തമാണ്. കുമ്പസാരത്തെക്കുറിച്ചു നാം പറയുന്നതുപോലെ, ഓര്‍ക്കുക, മനസ്സിലാക്കുക, പശ്ചാത്തപിക്കുക, ഏറ്റുപറയുക, പ്രായ
ശ്ചിത്തമനുഷ്ഠിക്കുക, അനുതപിക്കുക. എന്നീ അഞ്ചുകാര്യങ്ങള്‍ അനുവര്‍ത്തിക്കുന്നതില്‍ ഗാന്ധിജി ഏറെ നിഷ്ഠപുലര്‍ത്തി. ഒരുപക്ഷേ, മുടിയനായ പുത്രനെ ഓര്‍മ്മിപ്പിക്കുന്ന ചെറിയ കാലഘട്ടം ഗാന്ധിജിയുടെ ജീവിതത്തിലും ഉണ്ടായിരുന്നു. കുറെ ചുറ്റിക്കറങ്ങി നടന്നുകഴിഞ്ഞപ്പോഴാണ് അദ്ദേഹത്തിന് തെറ്റുകളെല്ലാം മനസ്സിലായത്. അദ്ദേഹത്തിന്റെ പിതാവ് രോഗശയ്യയിലായിരുന്നു. ഇന്ന് പാര്‍ക്കിന്‍സണ്‍സ് ഡിസീസ് എന്നറിയപ്പെടുന്ന വിറയല്‍ രോഗം ആയിരുന്നു ഗാന്ധിജിയുടെ പിതാവിന്. അച്ഛന്റെ അടുത്തേക്കു തെറ്റ് ഏറ്റുപറയാന്‍ ചെന്നാല്‍ അദ്ദേഹത്തിനതു വലിയ വിഷമമുണ്ടാക്കും എന്ന തോന്നലിന്റെ പേരില്‍ ഗാന്ധിജി ഇതിനെക്കുറിച്ചെല്ലാം ഓര്‍ത്ത് പശ്ചാത്തപിച്ച്, മാനസാന്തരപ്പെട്ട് ഇനി അവയിലേക്കു പോകില്ല എന്നുറപ്പിച്ച് പിതാവിന് നീണ്ട കത്തെഴുതുകയായിരുന്നു.
ഗാന്ധിജി അതേക്കുറിച്ചു പറയുന്നുണ്ട്: തന്റെ ധാര്‍മ്മികതയില്‍ ഉണ്ടായ പുഴുക്കുത്തുകള്‍ തന്റെ പിതാവിനോടു പശ്ചാത്തപിച്ച് ഏറ്റു പറയണമെന്നു തീരുമാനിച്ചു. പക്ഷേ, അദ്ദേഹത്തോടു സംസാരിക്കാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. 
പിതാവ് അടിക്കും എന്ന ഭയം കൊണ്ടല്ല. മറിച്ച് താന്‍ അദ്ദേഹത്തെ വേദനിപ്പിക്കും എന്ന ഭയത്താലത്രേ! അതുകൊണ്ടത്രേ അദ്ദേഹം നീണ്ട ഒരു കത്തെഴുതിയത്.

ഗാന്ധിജിയുടെ പിതാവ് കരംചന്ദ് ഗാന്ധി ഈ കത്തുവായിച്ചു. കണ്ണുനീര്‍ ധാരധാരയായി അദ്ദേഹത്തിന്റെ കവിളിലൂടൊഴുകി. കണ്ണുകളടച്ച് കുറച്ചുനേരം ധ്യാനത്തില്‍ മുഴുകിയതിനുശേഷം, അദ്ദേഹം ആ കടലാസ് കീറിക്കളഞ്ഞു. വീണ്ടും അദ്ദേഹം ആ കട്ടിലില്‍ത്തന്നെ കിടന്നു. ഗാന്ധിജി അച്ഛന്റെ അടുത്തിരുന്നു പൊട്ടിക്കരഞ്ഞു. അപ്പോള്‍ തനിക്കു ലഭിച്ച ആശ്വാസത്തെക്കുറിച്ച് ഗാന്ധിജി പറയുന്നത്, അച്ഛന്റെ കണ്ണുകളില്‍നിന്ന് അടര്‍ന്നുവീണ കണ്ണീര്‍ത്തുള്ളികളിലെ സ്‌നേഹത്തില്‍ തന്റെ പാപങ്ങളെ കഴുകി വെടിപ്പാക്കിയെന്നാണ്. സ്‌നേഹത്തിന്റെ കൂരമ്പുകള്‍ തറയ്ക്കപ്പെട്ടപ്പോഴത്രേ സ്‌നേഹത്തിന്റെ ശക്തി അദ്ദേഹം മനസ്സിലാക്കിയത്. സ്വന്തം കണ്ണുനീരുകൊണ്ട് യേശുവിന്റെ പാദങ്ങള്‍ കഴുകിയ മഗ്ദലനാമറിയത്തെപ്പോലെ അച്ഛന്റെ കണ്ണുനീരുകൊണ്ട് ഗാന്ധിജി തന്റെ പാപങ്ങള്‍ കഴുകിക്കളയുകയായിരുന്നു.
ഗാന്ധിജി പറയുന്നു: അഹിംസയുടെ ആദ്യപാഠങ്ങള്‍ താന്‍ പഠിക്കുന്നത് ഈ സംഭവത്തില്‍നിന്നാണ്. സകലത്തെയും കീഴ്‌പ്പെടുത്തുകയും നവീകരിക്കുകയും ചെയ്യുന്നതാണ് ഈ സ്‌നേഹത്തിന്റെ സ്പര്‍ശം. സഹിക്കാവുന്ന ശിക്ഷകളുടെയും വേദനകളുടെയും എത്രയോ അപ്പുറമായിരുന്നു ആ പിതാവിന്റെ സമാധാനത്തോടുകൂടിയ കണ്ണുനീരും പെരുമാറ്റവും. ശിക്ഷ ഒരു മനുഷ്യനെ ശാരീരികമായി മാത്രമേ വേദനിപ്പിക്കുന്നുള്ളൂ. എന്നാല്‍, ശിക്ഷിക്കപ്പെടാത്തത് ശാരീരികമായും മാനസികമായും ആത്മീയമായും തുളച്ചുകയറുന്ന ശിക്ഷ തന്നെയാണ്. ഹിംസയെക്കാളും അക്രമത്തെക്കാളും വലിയ ശക്തിയുള്ള അഹിംസയത്രേ യഥാര്‍ത്ഥ ശത്രുതാമനോഭാവം ഇല്ലാതാക്കാനുള്ള ഏറ്റവും ശക്തമായ ആയുധം. ക്രൂശിച്ചവരോടുപോലും ക്ഷമിക്കുവാനും ഒരു കവിളത്തടിച്ചാല്‍ മറുകരണംകൂടി കാണിച്ചുകൊടുക്കാനും പറയുന്ന ആ അഹിംസാസിദ്ധാന്തം യേശുക്രിസ്തുവില്‍നിന്നുതന്നെ ഗാന്ധിജി സ്വായത്തമാക്കി എന്നാണ് എനിക്കു മനസ്സിലാവുന്നത്.
അഹിംസയെ ഗാന്ധിജി സ്വാംശീകരിച്ചത് ഇങ്ങനെയാണ്: വേദനാജനകമായ കാര്യങ്ങളില്‍ നിന്നു മാറിനില്ക്കുക, മുറിവേല്പിക്കുന്ന പ്രവൃത്തികള്‍ ചെയ്യാതിരിക്കുക, അക്രമത്തില്‍നിന്നൊഴിഞ്ഞു വിശ്വസ്തത പാലിച്ച് അന്യരുടെമേലുള്ള അനധികൃതമായ ഇടപെടലുകളില്‍നിന്നു വേറിട്ട് അവരുടെ നന്മയെ മാത്രം ലാക്കാക്കി ശരീരത്തെ വിശുദ്ധിയില്‍ സംരക്ഷിച്ചു പരിപാലിക്കുക.
യേശുവിനെക്കുറിച്ച് ഗാന്ധിജി പറയുന്നതു വളരെ ശ്രദ്ധേയമാണ്: ''എന്റെ ജീവിതത്തെ സ്വാധീനിച്ച അനേകം ഗുരുക്കന്മാരെക്കാള്‍ ശ്രേഷ്ഠനായി ഞാന്‍ യേശുവിനെ കാണുന്നു. എന്റെ അവിശ്വാസം മാറിയപ്പോള്‍, അവതീര്‍ണനായ യേശു മാത്രമാണ് ദൈവത്തിനും മനുഷ്യനും ഇടയിലുള്ള ഏക മധ്യസ്ഥനെന്ന തെളിവുമാത്രമാണ് എന്നില്‍ അവശേഷിച്ചത്. സത്യമല്ലാതെ മറ്റൊരു ദൈവമില്ല. സത്യത്തിന്റെ സാക്ഷാത്കാരം സ്‌നേഹത്തിലൂടെയും അഹിംസയിലൂടെയുമാണ്.
എന്താണു സത്യമെന്ന് പീലാത്തോസ് ചോദിച്ചുകഴിഞ്ഞപ്പോള്‍ ഉത്തരം കൊടുക്കാതെ സത്യമെന്നത് വസ്തുതയല്ല ഒരു വ്യക്തിയാണ് എന്ന് യേശു തന്നെത്തന്നെ മുന്നില്‍ നിര്‍ത്തി പരമമായ സത്യത്തെ കാണിച്ചുകൊടുക്കുന്ന ആ സംഭവം എന്റെ ഓര്‍മ്മയില്‍ വരുന്നു. സ്‌നേഹംകൊണ്ടാണ് അപരനെയും പ്രപഞ്ചത്തെയും കീഴടക്കാന്‍ സാധിക്കുക എന്ന് യേശു സ്വജീവിതത്തിലൂടെ നമുക്കു കാണിച്ചുതന്നു. ഗാന്ധിജിയും അതേപോലെ സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി. 
'രാഷ്ട്രപിതാവ്' എന്ന് ഗാന്ധിജിക്കു പേരിട്ടത് ജവഹര്‍ലാല്‍ നെഹ്രുവാണ്. 'മഹാത്മാ' എന്ന് അദ്ദേഹത്തെ വിളിച്ചത് രവീന്ദ്രനാഥ ടാഗോര്‍ ആണ്.
ഗാന്ധിജി ഏഴു തലപ്പെട്ട ദോഷങ്ങളെക്കുറിച്ചു സൂചിപ്പിച്ചിരുന്നു:
1. ജോലിയില്ലാതെയുള്ള സമ്പാദനം. തട്ടിപ്പും വെട്ടിപ്പും നടത്തി കാശുണ്ടാക്കുന്ന പ്രവണതയാണിത്. ഇത് അഴിമതിയാണ്. ഇത് ഈ കാലഘട്ടത്തിന്റെ ഒരു പ്രത്യേകതയായി മാറിയിരിക്കുന്നു.
2. മനസ്സാക്ഷിയില്ലാത്ത സുഖം. അവനവന്റെ കാര്യം മാത്രം നോക്കി ജീവിതം ആഘോഷിക്കുന്നു. മനഃസാക്ഷി എന്നത് അപരനെക്കുറിച്ചുള്ള ഒരു പരിഗണനകൂടിയാണ്.
3. സ്വഭാവശുദ്ധിയില്ലാത്ത അറിവ്. നെറിവില്ലാത്ത അറിവ് ഏറ്റവും അപകടമാണ്. അറിവിലെ തിരിച്ചറിവാണ് നെറിവ്. നമ്മുടെ പെരുമാറ്റത്തില്‍ മറ്റുള്ളവരുടെ നന്മ ആഗ്രഹിക്കുന്നുവെങ്കില്‍ അതാണ് നല്ല സ്വഭാവം. തന്റെ അറിവ് പൊതുനന്മയ്ക്കുവേണ്ടി ഉപയോഗിക്കുന്ന, മറ്റുള്ളവരോടു കടപ്പാടുള്ള വ്യക്തികളെ വാര്‍ത്തെടുക്കുകയെന്നുള്ളതാണ് നമ്മുടെ കടമയെന്ന് ഗാന്ധിജി ഓര്‍മ്മിപ്പിക്കുന്നു.
4. തത്ത്വദീക്ഷയില്ലാത്ത കച്ചവടം. തൂക്കത്തില്‍ കൃത്യതയില്ലാത്തതും മായം ചേര്‍ത്തുമുള്ള കച്ചവടം യാതൊരു ധാര്‍മ്മികതയുമില്ലാത്തതാണ്.
5. മനുഷ്യത്വമില്ലാത്ത ശാസ്ത്രം. മാനവികമൂല്യങ്ങള്‍ ഉള്‍ക്കൊള്ളാത്ത ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങളെല്ലാം മനുഷ്യനെ നശിപ്പിക്കുന്നതാണ്. മനുഷ്യന്റെ പുരോഗതിക്കുവേണ്ടിയുള്ള ശാസ്ത്രം മനുഷ്യനാശത്തിനുകൂടി കാരണമാകുന്നുവെങ്കില്‍ ഗാന്ധിജി അതു പാപമായിത്തന്നെ കണക്കാക്കുന്നു.
6. ഹൃദയമുയര്‍ത്താതെയുള്ള പ്രാര്‍ത്ഥന. ഹൃദയത്തിന്റെ ഭാഷയാണ് ദൈവത്തോടുള്ള സംഭാഷണം. ഹൃദയമുയര്‍ത്താതെയുള്ള പ്രാര്‍ത്ഥന നിര്‍ജീവമാണ്. സഹോദരനെ കുടിയിരുത്താത്ത ഹൃദയത്തില്‍ ഈശ്വരനു വസിക്കാന്‍ സാധിക്കില്ല.
7.തത്ത്വദീക്ഷയില്ലാത്ത രാഷ്ട്രീയം. എങ്ങനെയും അധികാരത്തിലെത്തുക എന്ന വളഞ്ഞ വഴിയിലൂടെയുള്ള രാഷ്ട്രീയമാണ് നമ്മുടെ സമൂഹത്തെ ദുഷിപ്പിക്കാന്‍ കാരണം.
തലപ്പെട്ട ദോഷങ്ങളായി വിശദീകരിച്ചുകൊണ്ട് 'യംഗ് ഇന്ത്യ'യില്‍ ഗാന്ധിജി എഴുതിയിരുന്നതാണ് ഇക്കാര്യങ്ങള്‍. സമകാലികജീവിതത്തിലും ഇതൊക്കെ പ്രസക്തമാണല്ലോ.
എന്റെ ജീവിതമാണ് സുവിശേഷം എന്നു പറഞ്ഞ യേശുക്രിസ്തുവിനുശേഷം എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്നു പറയാന്‍ ധൈര്യം കാണിച്ചിട്ടുള്ള ഒരേയൊരു വ്യക്തി ലോകചരിത്രത്തില്‍ ഞാന്‍ കണ്ടിട്ടുള്ളത് ഗാന്ധിജിയെയാണ്. പലരുടെയും ജീവിതങ്ങള്‍ തീര്‍ച്ചയായും നമുക്ക് വലിയ പാഠങ്ങളാണ്. പക്ഷേ, എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന് ചങ്കൂറ്റത്തോടെ പറയാന്‍ സാധിച്ച ഒരേയൊരു വ്യക്തി ചരിത്രത്തില്‍ ഗാന്ധിജി മാത്രമാണ്.
ഗാന്ധിജിയുടെ ജന്മദിനമാഘോഷിക്കുമ്പോള്‍ പറയാനുള്ളത്, നമ്മുടെ ജീവിതക്രമത്തില്‍ ഒരു വിശുദ്ധീകരണം നടത്താന്‍ സമയമായിരിക്കുന്നു എന്നാണ്. പണത്തോട്, സുഖഭോഗങ്ങളോട്, അറിവിനോട്, കച്ചവടത്തോട്, ശാസ്ത്രത്തോട്, മതാത്മകതയോട്, രാഷ്ട്രീയത്തോട് ഒക്കെയുള്ള കാഴ്ചപ്പാടിന് ഒരു തിരിഞ്ഞെഴുത്ത് ആവശ്യമാണ്. എങ്കില്‍ മാത്രമേ മാനവരാശിക്കു പുരോഗതി ഉണ്ടാവുകയുള്ളൂ.

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)