•  16 May 2024
  •  ദീപം 57
  •  നാളം 10
കുടുംബവിളക്ക്‌

സ്ഥാനം

സ്ഥാനത്തെക്കുറിച്ചുള്ള അടിസ്ഥാനബോധ്യങ്ങളില്‍ അനുദിനം ആഴപ്പെടാന്‍ ക്രൈസ്തവകുടുംബങ്ങള്‍ക്കു കഴിയണം. കുടുംബങ്ങളില്‍ എല്ലാവരും തുല്യരല്ല, ആകാന്‍ പാടില്ല; ആയാല്‍ ശരിയാവുകയുമില്ല. അപ്പനും അമ്മയും മക്കളും അടങ്ങിയതാണ് കുടുംബമെങ്കിലും ഓരോരുത്തര്‍ക്കും അവരവരുടേതായ നിലയുണ്ട്, വിലയുണ്ട്. പിതാവിനു കുടുംബനാഥന്റെ സ്ഥാനവും മാതാവിനു കുടുംബനാഥയുടെ സ്ഥാനവും മക്കള്‍ക്ക് അവരുടെ സ്ഥാനവുമാണുള്ളത്. ഓരോ പദവിക്കും അതിന്റേതായ ആദരവും അംഗീകാരവും ബാക്കിയുള്ളവര്‍ കൊടുക്കണം. 
അമ്മയും മക്കളും അപ്പന് അദ്ദേഹത്തിന്റെ സ്ഥാനം നല്കണം. അപ്പനും അമ്മയും മക്കള്‍ക്ക് അവരുടെ സ്ഥാനം നല്‍കണം. അപ്പനാണ് ആധാരം. അപ്പന്റെ അറിവോ ആരോഗ്യമോ ആസ്തിയോ ഒന്നുമല്ല അദ്ദേഹത്തിനു പ്രഥമസ്ഥാനം കൊടുക്കുന്നത്; മറിച്ച്, ആ കുടുംബത്തിനു രൂപം നല്കിയെന്നുള്ള മഹത്തായ കര്‍മമാണ്. അപ്പന്‍ കഴിഞ്ഞിട്ടുള്ള സ്ഥാനമാണ് അമ്മയുടേത്. അതിനുശേഷമുള്ള സ്ഥാനമേ  അവര്‍ ജന്മം നല്‍കിയ സന്താനങ്ങള്‍ക്കുള്ളൂ. ഈയൊരു സ്ഥാനശ്രേണി കുടുംബാംഗങ്ങള്‍ എല്ലാവരും അംഗീകരിച്ചേ മതിയാകൂ. അര്‍ഹിക്കുന്ന സ്ഥാനം അന്യോന്യം അനുവദിക്കണം. ഓരോരുത്തരും സ്വന്തം നിലയ്ക്കു നില്ക്കണം. എങ്കിലേ, കുടുംബത്തിന് അടുക്കും ചിട്ടയും ഉണ്ടാവൂ. അംഗങ്ങള്‍ എല്ലാവരും ഒരുമിച്ചു കുടുംബത്തിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി പരിശ്രമിക്കുമ്പോഴും അതിനുള്ളിലെ സ്ഥാനമാനങ്ങളെ മറന്നുകൂടാ. ദൈവദത്തമായ അവ ആദരിക്കപ്പെടുകതന്നെ വേണം. ഓരോരുത്തര്‍ക്കും അവരവരുടേതായ പങ്കു വഹിക്കാനുണ്ട്. 
ആരെങ്കിലുമൊക്കെ നിശ്ശബ്ദരാക്കപ്പെടുന്ന ഇടത്തെ കുടുംബമെന്നു വിളിക്കാനൊക്കില്ല. സ്ഥാനങ്ങളെ മാനിക്കണം. അധികാരത്തെ അനുസരിക്കണം. അപ്പനു നേരേ വിരല്‍ ചൂണ്ടുകപോലുമരുത്. അമ്മയെ അധിക്ഷേപിക്കരുത്. മക്കളെ തരംതാഴ്ത്തി സംസാരിക്കരുത്. അങ്ങനെ ചെയ്യുന്നവരുടെ കുടുംബം കുത്തുവിട്ട പുസ്തകത്തിനു തുല്യമാണ്. അപ്പന്‍ മരിച്ചു കാലങ്ങള്‍ കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ കസേര ഇന്നും അതേസ്ഥാനത്ത് ആദരവോടെ സൂക്ഷിക്കുന്നവരുണ്ട്. അപ്പനിരിക്കാന്‍ ഒരു കസേര കൊടുക്കാത്തവരുമുണ്ട്. ഓര്‍ക്കണം, അപ്പന്‍ നിലത്തും, അമ്മ ദിവാന്‍കട്ടിലിലും, മക്കള്‍ കസേരകളിലും ഇരിക്കുന്ന കുടുംബങ്ങള്‍ ക്രൈസ്തവമല്ല.
'ഓരോരുത്തര്‍ക്കും അവകാശപ്പെട്ടിരിക്കുന്നതു കൊടുക്കുവിന്‍' (റോമ. 13:7)

 

Login log record inserted successfully!