•  16 May 2024
  •  ദീപം 57
  •  നാളം 10
നര്‍മഭാവന

ഷഷ്ടിപൂര്‍ത്തി

സീന്‍ ഒന്ന്
ഗംഗാധരന്‍മാഷ് രാവിലെ സിറ്റൗട്ടില്‍ ഖിന്നനായി ഇരിക്കുന്നു. ഇന്ന് പ്രായം അറുപതു തികയുകയാണ്. കള്ളിമുണ്ടും ഷര്‍ട്ടുമാണു വേഷം. മൊട്ടത്തലയില്‍ അങ്ങിങ്ങായി ഏരിയല്‍പോലെ പൊങ്ങിനില്‍ക്കുന്ന മുടിയെക്കഴിഞ്ഞും നീളമുണ്ട് ചെവിയിലെ മുടിക്ക്. എല്ലാം വെള്ളികെട്ടിയിരിക്കുന്നു.
മീശമാത്രം ഡൈ ചെയ്തിട്ടുണ്ട്. തലയിലെ മുടി ഡൈ ചെയ്യുക എന്നതു ഭഗീരഥപ്രയത്‌നമാണെന്നറിഞ്ഞ് അതില്‍നിന്നു പിന്മാറി. 
മുന്‍നിരമധ്യത്തിലെ രണ്ടുപല്ലുകള്‍ സ്‌കൂട്ടര്‍ ആക്‌സിഡന്റില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ഗംഗാധരന്‍മാഷ് അങ്ങനെ ചിരിക്കാറില്ല. 
ചില പരിചിതമുഖങ്ങള്‍ കാണുമ്പോള്‍ ചിരിക്കണമെന്നു തോന്നിയാലും ചിരിപിടിച്ചു നിര്‍ത്തി ചിരിച്ചെന്നു വരുത്തിത്തീര്‍ക്കും. വെറ്റിലക്കറ പുരണ്ട പല്ലുകള്‍ മാഷ് അധികമാരെയും കാണിക്കാറില്ല. 
ഉച്ചത്തിലുള്ള സംസാരം മാഷിന്റെ ട്രേഡ് മാര്‍ക്കാണ്. 
സീന്‍ രണ്ട്
ഗംഗാധരന്‍മാഷിന്റെ ഭാര്യ സുമംഗല അകത്തുനിന്ന് സിറ്റൗട്ടിലേക്കു വന്നു. വയസ്സ് അന്‍പത്. സെറ്റുസാരിയാണു വേഷം. നെറ്റിയില്‍ വലിയ ചെമന്ന പൊട്ട്. വെളുത്തനിറം. സുന്ദരി. 
''ഷഷ്ടിപൂര്‍ത്തിയല്ലേ. നമുക്കു പായസം വച്ചാലോ.''
ചെറുചിരിയോടെ അവര്‍ മാഷിനടുത്തായി ഇരുന്നു. മാഷ് രണ്ടു കൈകൊണ്ടും ഇടത്തേ കാല്‍ പിടിച്ചുയര്‍ത്തി. 
''കണ്ടോ മന്തുകാല്. ഇനി പായസത്തിന്റെ കുറവേയുള്ളൂ. പ്രഷറും ഷുഗറും കൊളസ്‌ട്രോളും എല്ലാം ചേര്‍ന്ന് ഒരു പരുവമാക്കിയിരിക്കയാ. അപ്പഴാ നിന്റെയൊരു പായസം.''
അയാളുടെ കറുത്ത മുഖം ഒന്നുകൂടി കറുത്തു.
''ഇപ്പോ കൊതിവിട്ടിട്ടു കാര്യമുണ്ടോ. നല്ല പ്രായത്തില്‍ ഞാന്‍ പായസം ഉണ്ടാക്കിത്തരുമ്പം നിങ്ങക്കു കുടിക്കാന്‍ നേരമുണ്ടായിരുന്നോ. പാര്‍ട്ടി നന്നാക്കാന്‍ ഓടുമ്പം ഓര്‍ക്കണമായിരുന്നു. ആരോഗ്യം നോക്കാതെ അന്ന് ഓടി മിച്ചം കിട്ടിയതാ ഈ  മന്തുകാല്. ആ ഓട്ടംകൊണ്ട് ബാക്കിയുള്ളോരു ഗുണം കണ്ടു.'' 
സുമംഗല ഈര്‍ഷ്യയോടെ ഭര്‍ത്താവിനെ നോക്കി. ഗംഗാധരന്‍മാഷ് വെറുതെ റോഡിലേക്കു നോക്കി വണ്ടികള്‍ പോവുന്നതും കണ്ടിരുന്നു.
''ആ സേതുസാറിന്റെ ഷഷ്ടിപൂര്‍ത്തിക്ക് ഈ വഴിക്ക് എന്തോരം വണ്ടികളാ പോയത്. ആ സാറിന്റെ ശിഷ്യരായിരുന്നു കൂടുതലും. അങ്ങേരു പിള്ളേരെ നന്നായിട്ടു പഠിപ്പിച്ചു.''
''ഇങ്ങേരു പകുതിദിവസം  സ്‌കൂളില്‍പ്പോയോ? പകുതി സമയവും പാര്‍ട്ടിപ്പരിപാടിക്കു നടക്കുവല്ലാര്‍ന്നോ. ഇപ്പോ പാര്‍ട്ടിക്കാരുമില്ല ശിഷ്യരുമില്ല.''
''പഠിപ്പിക്കാന്‍ പോയാലോ, എന്താ പഠിപ്പിക്കണതെന്ന് മാഷിനുമറിയില്ല പിള്ളേര്‍ക്കുമറിയില്ല. പത്താം ക്ലാസിലെ പിള്ളേരെ പഠിപ്പിക്കാന്‍ എട്ടിലെ പുസ്തകവുമായി പോയ വിദ്വാനല്ലേ.''
പറഞ്ഞതും സുമംഗല കിലുകിലെ ചിരിച്ചു.
''നല്ലോരു ഷഷ്ടിപൂര്‍ത്തിയായിട്ട് അവളു ചൊറിയണ വര്‍ത്തമാനവുമായി വന്നിരിക്കയാ.''
ഗംഗാധരന്‍മാഷ് വിറകൊണ്ടു.
''നല്ലോരു ഷഷ്ടിപൂര്‍ത്തിയായിട്ട് ആരെങ്കിലും നിങ്ങളെ കാണാന്‍ വന്നോ. ഞാന്‍ ഷഷ്ടിപൂര്‍ത്തിയാണെന്ന് ഫേസ് ബുക്കിലിട്ടിട്ട് ഒരു ലൈക്കുമില്ല കമന്റുമില്ല.''
''നീ കോളേജില്‍ ഒത്തിരി ലൈക്കും കമന്റും മേടിച്ചവളാന്ന് എനിക്കറിയാം. എന്നെക്കൊണ്ടൊന്നും പറയിപ്പിക്കേണ്ട.''
അയാള്‍ ഉണ്ടക്കണ്ണുകള്‍ ഒന്നുകൂടി വലുതാക്കി. 
''സുന്ദരികള്‍ക്കങ്ങനെ ലൈക്കും കമന്റുമൊക്കെ കിട്ടും. അതെല്ലാം അറിഞ്ഞോണ്ടല്ലേ എന്നെ കെട്ടാന്‍ വന്നത്. എന്റെ അച്ഛന് എന്നേക്കഴിഞ്ഞും കാര്യം പാര്‍ട്ടിക്കാരനെയായിരുന്നു.'' സുമംഗല ചുണ്ടുകള്‍ കോട്ടി.
''കൂടുതലു ചെലയ്ക്കാതെ അടുക്കളയില്‍ വല്ലപണിയും ഉണ്ടോന്നു നോക്കടീ.''
അയാള്‍ വാ പൊളിച്ച് വോള്യം കൂട്ടി.
''ഞാന്‍  ചെലച്ചിട്ട് എന്തു കാര്യം? ഇപ്പം രൂപ ഇരുപത്തഞ്ചു ലക്ഷം സ്വാഹ ആയില്ലേ. പെന്‍ഷന്‍ പറ്റിയപ്പം കിട്ടിയ കാശ് പല ബാങ്കിലായിട്ട് ഇടാന്‍ ഞാനും മോനും ആകുന്ന പറഞ്ഞതല്ലേ. അറിയാത്ത പുള്ളയ്ക്കു ചൊറിയുമ്പം അറിയുമെന്നാ ചൊല്ല്. ഇതു ചൊറിഞ്ഞാലും അറിയില്ല. അതിന് ബല്യ ഡയറക്ടര്‍ ബോര്‍ഡ് മെമ്പറല്ലേ. മുഴുവനും സ്വന്തം ബാങ്കിലോട്ടു തട്ടി. പലരും കൈയിട്ടു നക്കി. ഇനി മിച്ചമൊന്നും കിട്ടുമെന്ന് എനിക്കു തോന്നുന്നില്ല.''
സുമംഗല വീറോടെ പറഞ്ഞു ഭര്‍ത്താവിനെ നോക്കി.
''ചങ്കീ കുത്തണ വര്‍ത്താനം പറയാതെടീ.'' മാഷിന്റെ തല താണു.
മൊബൈല്‍ ശബ്ദിച്ചപ്പോള്‍ ഗംഗാധരന്‍മാഷ് ചെറുചിരിയോടെ അതെടുത്തു.
ഒരാളെങ്കിലും ആശംസ നേരാല്‍ വിളിച്ചല്ലോ. ആരായിരിക്കും?
''മാഷേ, പളപള മിന്നണ ഒരു വലിയ കറുത്ത കാറില്‍ മുന്നാലു തടിയന്മാര്‍ അങ്ങോട്ടു വരണ്ണ്ട്. മാഷിന്റെ വീടു ചോദിച്ചു. ഞാന്‍ പറഞ്ഞുകൊടുത്തു. കണ്ടിട്ട് ഇ.ഡി. ആണെന്നു തോന്നുന്നു.''
കോ ഓപ്പറേറ്റീവ് ബാങ്കിലെ പ്യൂണ്‍ രാജന്‍ പറഞ്ഞു.
മിടയിറക്കി മാഷ് ഫോണ്‍ താഴെ വച്ചു.
മാഷിനെ വിയര്‍ക്കാന്‍ തുടങ്ങി.
''എന്താ മാഷേ, ആരാ വിളിച്ചെ.'' സുമംഗല ആശങ്കയോടെ ഭര്‍ത്താവിന്റെ കൈയില്‍പ്പിടിച്ചു.
''ഇഡി ഇങ്ങോട്ടു വരണ്ണ്ട്ന്ന്.''
അയാള്‍ വല്ല വിധേനയും പറഞ്ഞൊപ്പിച്ചു.
സന്തോഷവാര്‍ത്ത കേട്ടപോലെ സുമംഗലയുടെ മുഖം വിടര്‍ന്നു. 
''പൊലീസിനെയും പട്ടാളത്തെയും ഞാന്‍ കണ്ടിട്ടുണ്ട്. ഇഡിയെ ഞാന്‍ ഇന്നുവരെ കണ്ടിട്ടില്ല. ടി.വിയില്‍ പറയണ കേക്കാം. അവിടെയും ഇവിടെയുമൊക്കെ ഇഡി വന്നെന്ന്. ഇഡി വരണതൊരു സ്റ്റാറ്റസാ മാഷേ.''
''എടീ പോത്തേ. ഇഡി വന്നാ എന്നെ അറസ്റ്റു ചെയ്‌തോണ്ടു പോവും. വിവരമില്ലാത്ത കഴുത. നീയിപ്പം എന്റെ കൈയീന്നു മേടിക്കും.''
അയാള്‍ ഭാര്യയുടെ നേരേ കൈയോങ്ങി.
സുമംഗല മോങ്ങാന്‍ തുടങ്ങി. 
സീന്‍ മൂന്ന്
റോള്‍സ് റോയ്‌സ് കാര്‍ ഗംഗാധരന്‍ മാഷിന്റെ പടിക്കല്‍ നിന്നു. കാറില്‍നിന്ന് മൂന്ന് ആജാനുബാഹുക്കള്‍ പുറത്തിറങ്ങി. പാന്റും കോട്ടും ടൈയും കൂളിങ് ഗ്ലാസും ധരിച്ചവര്‍.
ഒരുവന്റെ കൈയില്‍ പൂമാലയും ബൊക്കെയും. അപരന്റെ കൈയില്‍ സ്യൂട്ട് കേസും.
സാധാരണപൊലീസുകാരെപ്പോലെ ആയിരിക്കില്ല ഇഡി പൊലീസുകാര്‍. ഇവര്‍ മാലയിട്ടു സ്വീകരിച്ചായിരിക്കും സ്റ്റേഷനിലേക്കുകൊണ്ടുപോവുക. പിന്നെയായിരിക്കും ഇടിയുടെ പൂരം. ഇവര്‍ വലിയ ഇടിയന്മാരായിരിക്കും. അതാ ഇഡി എന്നു പേരിട്ടിരിക്കുന്നത്.''
ഗംഗാധരന്‍ മാഷിനു ടോയ്‌ലറ്റില്‍ പോകണമെന്നു തോന്നി.
ഒളിക്കാന്‍പോയതാണെന്നോര്‍ത്ത് അതിനുവേറെ ഇടി കിട്ടിയെങ്കിലോ എന്നോര്‍ത്ത് മാഷ് നിന്നിടത്തുതന്നെ നിന്നുപോയി. മാഷ് അവരുടെ നേരേ കൈകൂപ്പി. 
''ഹാപ്പി ഷഷ്ടിപൂര്‍ത്തി മാഷേ.''
തടിയന്മാരുടെ നേതാവെന്നു തോന്നിക്കുന്ന വലിയ തടിയന്‍ കൂളിങ്ഗ്ലാസ് തലയിലേക്കു കേറ്റി വച്ച് മാഷിന്റെ ഇരുകൈകളും കവര്‍ന്നു.
നക്കിക്കൊല്ലുന്ന പാര്‍ട്ടികളാന്നു തോന്നണു.
മാഷിന്റെ തൊണ്ടയിലെ വെള്ളം വറ്റി.
വലിയ തടിയന്‍ കൂടെയുള്ളവന്റെ കൈയില്‍നിന്നു മാല വാങ്ങി മാഷിന്റെ കഴുത്തിലിട്ടു. ബൊക്കെ വാങ്ങി കൈയില്‍ കൊടുത്തു.
സുമംഗല പന്തം കണ്ട പെരുച്ചാഴിയെപ്പോലെ നിന്നു.
''മാഷ്‌ക്ക് എന്നെ മനസ്സിലായോ?''
വെളുക്കെ ചിരിച്ച് അയാള്‍ മാഷിനോടു ചോദിച്ചു.
ഇഡിയല്ലേ എന്നു മാഷ് ചോദിക്കുന്നതിനു മുമ്പേ അയാള്‍ പറഞ്ഞു:
''ഞാന്‍ മാഷ്‌ന്റെ ശിഷ്യന്‍ അപ്പുക്കുട്ടനാ. മാഷ് അല്ലേ എന്നെ പത്തില്‍ പഠിപ്പിച്ചത്. മാഷ് പഠിപ്പിച്ചതുകൊണ്ടു മാത്രമാ ഞാന്‍ പത്തില്‍ തോറ്റത്. അതുകൊണ്ട് ഞാന്‍ എന്നും മാഷിനെ നന്ദിയോടെ ഓര്‍ക്കും.''
അയാള്‍ വെളുക്കെ ചിരിച്ചു.
''പത്തു ജയിച്ചിരുന്നെങ്കീ ഞാനിപ്പം തുക്കടാ ജോലിക്കാരനായി ഏതെങ്കിലും ആഫീസിലിരുന്ന് എണ്ണിച്ചുട്ട അപ്പം മേടിച്ചേനെ. സമൂഹത്തില്‍ എനിക്കിത്രയും വിലയുണ്ടാക്കിത്തന്നത് മാഷിന്റെ പഠിപ്പീരാ.''
''ഞാനിപ്പം അപ്പുക്കുട്ടനല്ല മാഷേ. ആ പേര് എനിക്കിഷ്ടമായില്ല. ഞാനിപ്പം സമ്പത്ത്കുമാറാ.''
മാഷ് ആശ്വാസനിശ്വാസം വിട്ടു. പുലിപോലെ വന്നത് എലിപോലെ ആയി.
''ഞാന്‍ കുടിക്കാനെടുക്കാം.''
സുമംഗല ചിരിയോടെ അകത്തേക്കു പോകാനൊരുങ്ങി.
''മേഡം. അവിടെ നിക്ക്. ഞങ്ങക്ക് കുടിക്കാനൊന്നും വേണ്ട.'' അയാള്‍ സ്യൂട്ട്‌കേസ് തുറന്ന് ഒരു പായ്ക്കറ്റെടുത്ത് സുമംഗലയ്ക്കു നീട്ടി. ''ഒരു ഗിഫ്റ്റാ, സാരിയാ.''
സാരിയെന്നു കേട്ടതും സുമംഗല രണ്ടു കൈകൊണ്ടും റാഞ്ചി. ''മാഷിനും ഗിഫ്റ്റുണ്ട്.''
സമ്പത്ത്കുമാര്‍ സ്യൂട്ട്‌കേസില്‍നിന്ന് ഒരു പാക്കറ്റെടുത്തു മാഷിനു കൊടുത്തു.
''ഒരു ലക്ഷം രൂപയുണ്ട്.''
സമ്പത്ത്കുമാറില്‍നിന്നു പൊതി വാങ്ങുമ്പോള്‍ മാഷ് സ്വന്തം കൈയിലൊന്നു നുള്ളിയിട്ടാണു വാങ്ങിയത്, ഇതു സ്വപ്നമല്ലെന്ന് ഉറപ്പുവരുത്താനായി.
''ഞാനിപ്പം സമ്പത്ത്കുമാര്‍ ഫൈനാന്‍സിയേഴ്‌സിന്റെ എം.ഡി.യാ. ഞങ്ങക്കിപ്പം ഓള്‍ ഓവര്‍ ദി വേള്‍ഡ്  ഫിഫ്റ്റി ബ്രാഞ്ചസുണ്ട്. അടുത്ത ബ്രാഞ്ച് ഉടനെ മാഷിന്റെ നാട്ടില്‍ത്തന്നെ ഓപ്പണ്‍ ചെയ്യും. എല്ലാവരും സഹായിക്കണം.''
സമ്പത്ത്കുമാര്‍ പ്രതീക്ഷയോടെ സുമംഗലയെ നോക്കി. സുമംഗലയ്ക്ക് സമ്പത്ത്കുമാറിനെ 'ക്ഷ' പിടിച്ചു.
''കോപ്പറേറ്റീവീന്ന് പൈസ കിട്ടിയാലുടനെ ഞങ്ങള്‍ അവിടെ കൊണ്ടിടാം.''
മാഷിന്റെ അനുവാദത്തിനു കാക്കാതെ സുമംഗല തട്ടിവിട്ടു.  
''ഇതാ എന്റെ കാര്‍ഡ്.'' അയാള്‍ വിസിറ്റിങ് കാര്‍ഡെടുത്തു സുമംഗലയ്ക്കു കൊടുത്തു.
''ഇനിയും ഗിഫ്റ്റുകള്‍ പ്രതീക്ഷിക്കാം.'' അയാള്‍ സുമംഗലയോടു ചിരിച്ചുകൊണ്ടു പറഞ്ഞു.
''മാഷിന്റെ ഒരു ഫോട്ടോ എടുത്തോ. 'ഈ സ്ഥാപനത്തിന്റെ ഐശ്വര്യം' എന്ന അടിക്കുറിപ്പോടെ വയ്ക്കാനാ.''
സമ്പത്ത്കുമാറിന്റെ കൂടെയുള്ള ഒരുവന്‍ മൊബൈലില്‍ ഗംഗാധരന്‍മാഷിന്റെ ഫോട്ടോ എടുത്തു.

 

Login log record inserted successfully!