•  25 Dec 2025
  •  ദീപം 58
  •  നാളം 42
കവര്‍‌സ്റ്റോറി

സമാധാനത്തിന്റെ തളിരിലകള്‍

ഇസ്രയേല്‍ - ഹമാസ് വെടിനിര്‍ത്തല്‍കരാറില്‍ കണ്ണുംനട്ട് ലോകരാജ്യങ്ങള്‍

ന്നരമാസത്തിലധികമായി സംഘര്‍ഷം നിറഞ്ഞുനിന്ന പശ്ചിമേഷ്യയില്‍നിന്ന്  ആശ്വാസവാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. അടുത്ത ഒരു ലോകയുദ്ധമായി മാറിയേക്കാമെന്നു ഭയപ്പെട്ട ഇസ്രയേല്‍ - ഹമാസ് യുദ്ധം, ആഴ്ചകള്‍ നീണ്ടുനിന്ന മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇരുപക്ഷവും നാലു ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതാണ് ആശ്വാസമായത്.
ഗള്‍ഫുരാജ്യമായ ഖത്തറിന്റെ മധ്യസ്ഥതയും ഈജിപ്തിന്റെയും യു എസിന്റെയും സമയോചിതമായ ഇടപെടലുകളും അല്പം വൈകിയാണെങ്കിലും ഫലം കണ്ടു. 49 ദിവസംകൊണ്ടു പതിനയ്യായിരത്തോളം പേരുടെ ജീവനെടുത്ത യുദ്ധത്തിനു താത്കാലികവിരാമം പ്രഖ്യാപിച്ചു രണ്ടു കൂട്ടരും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പിട്ടു. വെടിനിര്‍ത്തല്‍ തുടങ്ങി  നാലു ദിവസത്തിനുള്ളില്‍ ഹമാസ് മോചിപ്പിക്കുന്ന 50 ബന്ദികള്‍ക്കുപകരം ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന 150 തടവുകാരെ ഇസ്രയേലും വിട്ടയയ്ക്കുമെന്നാണു കരാറിലെ പ്രധാന വ്യവസ്ഥ. അതിന്‍പ്രകാരം, ബന്ദികളിലെയും പലസ്തീന്‍ തടവുകാരിലെയും ആദ്യസംഘത്തെ കഴിഞ്ഞ വെള്ളിയാഴ്ച കൈമാറി. 
റെഡ്‌ക്രോസ് വഴിയായിരുന്നു 24 ബന്ദികളുടെ കൈമാറ്റം. ഇവരില്‍ സ്ത്രീകളും കുട്ടികളുമടക്കം 13 ഇസ്രയേലുകാര്‍ക്കുപുറമേ 10 തയ്‌ലന്‍ഡുകാരും ഒരു ഫിലിപ്പീന്‍ പൗരനും ഉള്‍പ്പെടുന്നു. 24 സ്ത്രീകളും 15 കുട്ടികളുമടങ്ങുന്ന 39 പലസ്തീന്‍തടവുകാരെയാണ് ഇസ്രയേല്‍ മോചിപ്പിച്ചത്. ഒരു ദിവസം പത്തു പേരില്‍ കൂടുതല്‍ ബന്ദികളെ വിട്ടയച്ചാല്‍ വെടിനിര്‍ത്തല്‍ കൂടുതല്‍ ദിവസങ്ങളിലേക്കു നീട്ടാമെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വാഗ്ദാനത്തോടു ഹമാസ്‌നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒക്‌ടോബര്‍ 7 ലെ കടന്നാക്രമണത്തില്‍ സൈനികരടക്കം 229 പേരെയാണ് ഹമാസ്ഭീകരര്‍ ഇസ്രയേലില്‍നിന്നു തട്ടിക്കൊണ്ടുപോയി ഗാസയിലെ ഒളിസങ്കേതങ്ങളില്‍ ബന്ദികളാക്കിയത്.
നവംബര്‍ 23-ാം തീയതി വ്യാഴാഴ്ച രാവിലെ 7 മണിമുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്നു പറഞ്ഞിരുന്നെങ്കിലും ഏതൊക്കെ ബന്ദികളെയാണു വിട്ടയയ്ക്കുന്നതെന്നു തീരുമാനിക്കാന്‍ കാലതാമസമുണ്ടായതിനാലാണ് കൈമാറ്റം ഒരു ദിവസംകൂടി വൈകിയത്. റെഡ്‌ക്രോസിനു ഗാസയില്‍ പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കവും വെടിനിര്‍ത്തല്‍ വൈകാന്‍ കാരണമായി.
'പ്രത്യാശയുടെ നുറുങ്ങുവെട്ടം' എന്നാണ് ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാറിനെ ഖത്തര്‍ വിദേശകാര്യമന്ത്രാലയം വിശേഷിപ്പിച്ചത്. ഹമാസിന്റെ മുഖ്യസാമ്പത്തികസ്രോതസ്സ് ഖത്തറായതിനാല്‍ ഹമാസ് നേതൃത്വത്തിനുമേല്‍ ഖത്തര്‍ ഭരണാധികാരികള്‍ക്കു നിര്‍ണായകസ്വാധീനമുണ്ട്. ഹമാസിന്റെ ചെയര്‍മാന്‍ ഇസ്മയില്‍ ഹനിയ്യ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളില്‍ പലരും ഖത്തര്‍ തലസ്ഥാനമായ ദോഹയിലാണു സ്ഥിരതാമസം. ദുരിതാശ്വാസക്യാമ്പുകളില്‍ അവശ്യവസ്തുക്കളെത്തിക്കുന്ന 200 ട്രക്കുകളും നാല് ഇന്ധനട്രക്കുകളും ദിവസേന ഗാസയിലെത്തിക്കാനും ധാരണയുണ്ട്.
പ്രശ്‌നപരിഹാരം എളുപ്പമാകില്ല
രണ്ടു കൂട്ടരുടെയും ഇടയിലുള്ള കാതലായ പ്രശ്‌നങ്ങള്‍ക്കു താത്കാലികവെടിനിറുത്തല്‍ പരിഹാരമാകില്ലെന്ന് ഇരുപക്ഷത്തുനിന്നും പുറത്തുവരുന്ന പ്രസ്താവനകളില്‍നിന്നു വ്യക്തമാകും. നാലു ദിവസം കഴിയുമ്പോള്‍ ഹമാസിനെതിരേയുള്ള ആക്രമണം തുടരുമെന്നാണു നെതന്യാഹുവിന്റെ ഭീഷണി. പത്തു ദിവസംമുമ്പ് യാഥാര്‍ഥ്യമാകേണ്ടിയിരുന്ന വെടിനിര്‍ത്തലാണ് നെതന്യാഹുവിന്റെ കടുംപിടിത്തംമൂലം   വൈകിയതെന്ന് ഹമാസ് വക്താവ് ഉസാമ ഹംദാന്‍ അഭിപ്രായപ്പെട്ടു. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനു മണിക്കൂറുകള്‍മാത്രം ബാക്കിനില്‍ക്കേ മുന്നൂറോളം ഹമാസ് കേന്ദ്രങ്ങളിലാണ് ഇസ്രയേല്‍സൈന്യം ആക്രമണം നടത്തിയത്. യുദ്ധം തുടങ്ങിയശേഷം 10,000 ബോംബുകളും മിസൈലുകളും ഗാസയില്‍ വര്‍ഷിച്ചതായാണ് ഇസ്രയേല്‍ വെളിപ്പെടുത്തിയത്. ഹമാസ് എന്ന ഭീകരസംഘടനയെ പൂര്‍ണമായും ഇല്ലാതാക്കുന്നതുവരെ യുദ്ധം തുടരുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. വടക്കന്‍ ഗാസയിലെയും ഗാസാനഗരത്തിലെയും പകുതിയിലധികം വീടുകളും പാര്‍പ്പിടസമുച്ചയങ്ങളും തകര്‍ന്നുകിടക്കുകയാണ്. കാണാതായ ഏഴായിരത്തിലധികം പേരും കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ അമര്‍ന്നു മരണപ്പെട്ടിട്ടുണ്ടാകാമെന്നും കരുതുന്നുണ്ട്.
ഇതിനിടെ, അല്‍ ഷിഫ ആശുപത്രി ഡയറക്ടര്‍ മുഹമ്മദ് അബു സാല്‍മിയയെയും ഏതാനും ഡോക്ടര്‍മാരെയും  ജീവനക്കാരെയും ഇസ്രയേല്‍ സൈന്യം അറസ്റ്റുചെയ്തതായി വാര്‍ത്തയുണ്ട്. ആശുപത്രിയും പരിസരവും ഹമാസിന്റെ കമാന്‍ഡ് സെന്ററായി ഉപയോഗിച്ചിരുന്നതായി  ഇസ്രയേല്‍ ആരോപിച്ചിരുന്നു. ആശുപത്രിക്കെട്ടിടങ്ങള്‍ക്കടിയിലുള്ള ടണല്‍ശൃംഖലകളിലാണു കൂടുതല്‍ ബന്ദികളെയും പാര്‍പ്പിച്ചിരുന്നതെന്നതിനുള്ള തെളിവുകളും സൈന്യം ഹാജരാക്കി. കഴിഞ്ഞ മാസം 24-ാം തീയതി പുലര്‍ച്ചെ തെക്കന്‍ ഗാസയിലേക്കു വാഹനത്തില്‍ യാത്രചെയ്യവേ ചെക്ക് പോസ്റ്റില്‍ വച്ചായിരുന്നു അറസ്റ്റ്. കമാന്‍ഡ് സെന്ററിനെക്കുറിച്ചോ ഹമാസ് ഭീകരരുടെ നീക്കങ്ങളെക്കുറിച്ചോ അറിഞ്ഞിരുന്നില്ലെന്ന സാല്‍മിയയുടെ വാദം ഇസ്രയേല്‍ തള്ളിക്കളഞ്ഞു.
കിഴക്കുനിന്നും വടക്കുനിന്നും ആക്രമണം
ഗാസയിലെ ഹമാസ് ഭീകരരുമായി മുഴുവന്‍സമയ യുദ്ധം നടക്കുന്നതിനിടയില്‍ വെസ്റ്റ്ബാങ്കില്‍നിന്നു പലസ്തീനികളും തെക്കന്‍ ലെബനനില്‍നിന്നു ഹിസ്ബുള്ളയും റോക്കറ്റാക്രമണങ്ങള്‍ നടത്തിയത് ഇസ്രയേല്‍നേതൃത്വത്തിനു തലവേദനയായി. ഹമാസിന്റെ ബദ്ധശത്രുവായ 'ഫത്താ' പാര്‍ട്ടിയുടെ നേതാവായ മഹ്‌മൂദ് അബ്ബാസ് പ്രസിഡന്റായ വെസ്റ്റ് ബാങ്കിലെ ജൂതകുടിയേറ്റത്തിനും അല്‍ അഖ്‌സ മസ്ജിദിലെ സൈനികസാന്നിധ്യത്തിനും എതിരേയുള്ള പലസ്തീനികളുടെ ചെറുത്തുനില്പു തുടങ്ങിയിട്ടു വര്‍ഷങ്ങളായി. ഒക്‌ടോബര്‍ ഏഴിനുശേഷം വെസ്റ്റ് ബാങ്കിലുണ്ടായ ഏറ്റുമുട്ടലുകളില്‍ 213 പലസ്തീന്‍ പൗരന്മാരാണു കൊല്ലപ്പെട്ടത്. ഇവരില്‍ 48 പേര്‍ കുട്ടികളാണ്. തെക്കന്‍ ലെബനനില്‍ താവളമുറപ്പിച്ചിട്ടുള്ള ഹിസ്ബുള്ള  എന്ന സായുധസംഘടനയുടെ തലവന്‍ ഷിയാവിഭാഗത്തിന്റെ ആത്മീയാചാര്യനായ ഹസ്സന്‍ നസറുള്ളയാണ്. ഒക്‌ടോബര്‍ ഏഴിന് ഹമാസ് ഭീകരര്‍ ഇസ്രയേലില്‍ നടത്തിയ കൊടുംക്രൂരതകളുടെ വാര്‍ത്തകള്‍ അറിഞ്ഞയുടന്‍ നസറുള്ള പ്രതികരിച്ചത് ഇപ്രകാരമായിരുന്നു: ''ഹമാസിന്റേതു ധീരവും, ബുദ്ധിപൂര്‍വകവും, സമയോചിതവും, വളരെ ശരിയായതുമായ നടപടിയാണ്. ജയിക്കാനാവാത്ത ഒരു യുദ്ധത്തിനാണ് നെതന്യാഹു തുടക്കമിട്ടിരിക്കുന്നത്. അമേരിക്കന്‍ കപ്പല്‍പ്പടയെപ്പോലും നേരിടാന്‍ ഞങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു.'' ഹമാസിന്റേതിനേക്കാള്‍ മൂന്നിരട്ടി സൈനികശേഷിയുണ്ടെന്നു കരുതപ്പെടുന്ന ഹിസ്ബുള്ളയെ ആയുധങ്ങളും പണവും നല്കി സഹായിക്കുന്നത് ഇറാനാണ്. 
ഇസ്രയേലിന്റെ ഏതു ഭാഗത്തും ആക്രമണം നടത്താന്‍ കഴിയുംവിധം സ്ഥാപിച്ചിട്ടുള്ള റോക്കറ്റ് ലോഞ്ചറുകളും  മിസൈല്‍ സംവിധാനങ്ങളും ഇറാന്‍ നിര്‍മിത ഡ്രോണുകളും ഹിസ്ബുള്ളയുടെ കൈവശമുണ്ട്. ഹിസ്ബുള്ളയുടെ ഏറ്റവും പുതിയ ആക്രമണങ്ങളില്‍ ആറ്  ഇസ്രയേലിസൈനികരും മൂന്നു സാധാരണക്കാരും മരണമടഞ്ഞിരുന്നു. ഇസ്രയേലിന്റെ പ്രത്യാക്രമണങ്ങളില്‍ 108 ഹിസ്ബുള്ള ഭീകരരും 14 പൗരന്മാരും മൂന്നു മാധ്യമപ്രവര്‍ത്തകരുമാണു കൊല്ലപ്പെട്ടത്.
അതിനിടെ, വടക്കന്‍ ഗാസയിലേക്കു വെള്ളവും ഭക്ഷണവും മരുന്നും ഇന്ധനവും കടത്തിവിടുന്നതിന് ഇസ്രയേല്‍ തടസ്സം നില്‍ക്കുന്നുവെന്നാരോപിച്ച് രണ്ടാം ദിവസത്തെ ബന്ദി മോചനം നീട്ടിവയ്ക്കുന്നതായി ഹമാസിന്റെ പ്രഖ്യാപനമുണ്ടായി. ഉടമ്പടിപ്രകാരം വെടിനിര്‍ത്തലിന്റെ രണ്ടാം ദിവസം എട്ടു കുട്ടികളടക്കം 14 ബന്ദികളെയായിരുന്നു മോചിപ്പിക്കേണ്ടിയിരുന്നത്. ഒരു ഇസ്രയേല്‍ ബന്ദിക്കുപകരം മൂന്ന് എന്ന കണക്കില്‍ 42 പലസ്തീന്‍തടവുകാരെ ഇസ്രയേലും മോചിപ്പിക്കണം. താരതമ്യേന ശാന്തമായിരുന്ന നാലു ദിവസവും ഗാസാമുനമ്പില്‍ തകര്‍ന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഉറ്റവരെ അന്വേഷിച്ചുനടക്കുന്നവരെ മാധ്യമപ്രവര്‍ത്തകര്‍ കണ്ടെത്തി.
കടമ്പകള്‍ അനവധി
വെടിനിര്‍ത്തല്‍ രണ്ടു ദിവസത്തേയ്ക്കുകൂടി നീട്ടിയെന്ന വാര്‍ത്ത ശുഭസൂചകമാണെങ്കിലും, ഇതൊന്നും, ഒരു യഥാര്‍ഥവെടിനിര്‍ത്തലിനു തുല്യമാകില്ലെന്നു നിരീക്ഷിക്കുന്നവരുണ്ട്. ഗാസ മുനമ്പില്‍ ബന്ദികളാക്കപ്പെട്ടിരുന്ന 229 പേരില്‍ അവശേഷിക്കുന്ന 225 ല്‍നിന്ന് സ്ത്രീകളും കുട്ടികളുമടങ്ങുന്ന 50 പേരെ മോചിപ്പിക്കാനുള്ള ധാരണയാണുണ്ടാക്കിയത്. മാനുഷികാവശ്യങ്ങള്‍ക്കായി വെള്ളം, ഭക്ഷണം, മരുന്ന്, ഇന്ധനം തുടങ്ങിയവ എത്തിക്കുന്ന വാഹനങ്ങളെ മുനമ്പിലേക്കു കടത്തിവിടുന്ന ഒരു താത്കാലികസംവിധാനമാണത്. 'രാഷ്ട്രീയപ്രക്രിയയുടെ ഭാഗമായി കക്ഷികള്‍ സംഘട്ടനങ്ങള്‍ താത്കാലികമായി നിറുത്തിവയ്ക്കുക' എന്നാണ് വെടിനിര്‍ത്തല്‍ സംബന്ധിച്ച ഐക്യരാഷ്ട്രസംഘടനയുടെ നിര്‍വചനം. സ്ഥിരമായ ഒരു രാഷ്ട്രീയ ഒത്തുതീര്‍പ്പിലെത്താനുള്ള സാധ്യതയുള്‍പ്പെടെ ചര്‍ച്ചകളില്‍ ഏര്‍പ്പെടാനും കക്ഷികള്‍ തയ്യാറാകും. പോരാട്ടം നിര്‍ത്തുന്നതിനുള്ള  ദീര്‍ഘകാലക്രമീകരണമായിരുന്നെങ്കില്‍ സമാധാനസാധ്യത കൂടുമായിരുന്നുവെന്നാണ് വിലയിരുത്തല്‍.
വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന ഇസ്രയേല്‍-പലസ്തീന്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള സുവര്‍ണാവസരമാണിതെന്നു കരുതുന്നവരുണ്ട്. ദ്വിരാഷ്ട്രഫോര്‍മുല രണ്ടു കൂട്ടരും അംഗീകരിക്കുകയും, മിതവാദികളായ പലസ്തീനികളെ അധികാരത്തിലെത്തിക്കുകയുമാണു പരിഹാരം. ഇതിനു സമാനമായ 1993 ലെ ഓസ്‌ലോ കരാര്‍ അറബ്‌രാജ്യങ്ങള്‍ നിരാകരിച്ചതാണ് ഇന്നത്തെ ദുരന്തത്തിലേക്കു പശ്ചിമേഷ്യയെ എത്തിച്ചതെന്ന യാഥാര്‍ഥ്യവും വിസ്മരിച്ചുകൂടാ.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)