•  16 May 2024
  •  ദീപം 57
  •  നാളം 10
കുടുംബവിളക്ക്‌

ശിക്ഷണം

ശിക്ഷണത്തെക്കുറിച്ചുള്ള അടിസ്ഥാനബോധ്യങ്ങളില്‍ അനുദിനം ആഴപ്പെടാന്‍ ക്രൈസ്തവകുടുംബങ്ങള്‍ക്കു കഴിയണം. കുടുംബാംഗങ്ങള്‍ എല്ലാവരും അച്ചടക്കത്തില്‍ വളരേണ്ടതുണ്ട്. ഇക്കാര്യത്തില്‍ മുതിര്‍ന്നവര്‍ ഇളയവര്‍ക്കു മാതൃകകളാകണം. മാതാപിതാക്കള്‍ അടുക്കും ചിട്ടയുമുള്ളവരായെങ്കിലേ മക്കളും അങ്ങനെയാകൂ. 
ഭക്ഷണവും രക്ഷണവുംപോലെതന്നെ പ്രധാനപ്പെട്ടതാണ് ശിക്ഷണവും. നസറത്തില്‍ ബാലനായ ഈശോ വളര്‍ന്നതുപോലെ എല്ലാത്തരത്തിലുമുള്ള പക്വത പ്രാപിച്ചുകൊണ്ട് ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയില്‍ തങ്ങളുടെ സന്താനങ്ങളും വളരുന്നുവെന്ന് ഉത്തരവാദിത്വമുള്ള മാതാപിതാക്കള്‍ ഉറപ്പുവരുത്തണം. തൊട്ടതിനും പിടിച്ചതിനുമൊക്കെ ശിക്ഷിക്കുന്നതല്ല ശിക്ഷണം. കുറ്റം ചെയ്തതിനു കൊടുക്കുന്ന ദണ്ഡനവിധിയുമല്ല. മറിച്ച്, ഒരുതരം അഭ്യസിപ്പിക്കലാണ്, പ്രബോധിപ്പിക്കലാണ്, നന്മയില്‍ വളരാനുള്ള പ്രചോദിപ്പിക്കലാണ്. ശാരീരികമായ ശിക്ഷ അതിന് അധികം ആവശ്യമില്ല. അപ്പനമ്മമാരുടെയും മുതിര്‍ന്നവരുടെയുമൊക്കെ മാന്യമായ പെരുമാറ്റരീതി ധാരാളം മതിയാകും. 
ആവശ്യത്തിനുള്ള സ്വാതന്ത്ര്യം കുഞ്ഞുങ്ങള്‍ക്ക് അനുവദിക്കുന്നതോടൊപ്പം എല്ലാക്കാര്യങ്ങളിലും ചില അതിരുകള്‍ സൂക്ഷിക്കുകയും വേണം. ശിലയില്‍നിന്നു ശില്പത്തെ കൊത്തിയെടുക്കുന്ന ശില്പിയുടെ ശ്രദ്ധയും ആകാംക്ഷയും മാതാപിതാക്കള്‍ തങ്ങളുടെ മക്കളുടെ സ്വഭാവരൂപീകരണത്തില്‍ കാണിക്കണം. പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടിക്ക് ആഹാരം വാരിക്കൊടുക്കുന്ന അപ്പനമ്മമാര്‍ ആ കുട്ടിയുടെ വളര്‍ച്ചയെ തളര്‍ത്തുന്ന വാത്സല്യംമാത്രമാണു നല്കുന്നത്. ഓര്‍ക്കണം, നല്ല നിഷ്ഠകളാണ് കുടുംബത്തെ ബലിഷ്ഠമാക്കുന്നത്. തെറ്റുകണ്ടാല്‍ താമസംവിനാ തിരുത്തണം. നല്ലതിനെ പ്രോത്സാഹിപ്പിക്കണം. ദോഷങ്ങളെ ദ്വേഷിക്കാനും ഗുണങ്ങളെ ഗണിക്കാനും അവരെ ശീലിപ്പിക്കണം. മക്കളെ ആത്മാര്‍ഥമായി സ്‌നേഹിക്കുന്ന മാതാപിതാക്കള്‍മാത്രമേ അവര്‍ക്കു ശിക്ഷണം നല്കൂ. കുഞ്ഞുങ്ങള്‍ ഇക്കാര്യം നന്നായി മനസ്സിലാക്കണം. കുടുംബത്തില്‍ ആരും ആര്‍ക്കും ഉതപ്പുണ്ടാക്കാത്തവിധം സ്വന്തം വാക്കുകളെയും പ്രവൃത്തികളെയും നിയന്ത്രിക്കണം. ശിക്ഷണം ഒരു കുത്തിക്കെട്ടാണ്. അതു പൊട്ടിപ്പോകാതെ കാക്കേണ്ടതുണ്ട്.

'ശിക്ഷണം ഇഷ്ടപ്പെടുന്നവര്‍ അറിവിനെയാണ് സ്‌നേഹിക്കുന്നത്' (സുഭാ. 12:1)

Login log record inserted successfully!