•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കഥ

ശിരസ്സ്

  • കെ.ആര്‍. മോഹന്‍ദാസ്‌
  • 7 December , 2023

ഉറക്കത്തിന്റെ ഏതോ മുഹൂര്‍ത്തത്തില്‍ അന്തിപ്പാസ് ഞെട്ടിയുണര്‍ന്നു. രാജകീയവസ്ത്രങ്ങള്‍ വിയര്‍പ്പില്‍ കുതിര്‍ന്നിരിക്കുന്നു. വിലാപ്പുറത്തുനിന്നു വിയര്‍പ്പുമണികള്‍ അത്തിപ്പഴങ്ങള്‍പോലെ അടര്‍ന്നുവീഴുന്നു. തന്റെ വിയര്‍പ്പിനു ചോരയുടെ മണമാണോ...?
അന്തിപ്പാസ് വിയര്‍പ്പില്‍ നനഞ്ഞ സ്വന്തം കൈത്തലങ്ങള്‍ മണപ്പിച്ചുനോക്കി.
ശരിയാണ്.
തന്റെ വിയര്‍പ്പിനു കൊഴുത്ത ചോരയുടെ ഗന്ധമാണ്. താന്‍ ഉറങ്ങിയിട്ടു നാളുകളായ കാര്യം അന്തിപ്പാസ് ഓര്‍ത്തു. കണ്ണടച്ചാല്‍ എന്നും ഒരേ ദൃശ്യം.
വയ്യ.
അതോര്‍ക്കാന്‍കൂടി ശക്തി പോരാ.
തീരങ്ങളില്ലാത്ത, കുമിളകളുയരുകയും ഉടഞ്ഞുചിതറുകയും ചെയ്യുന്ന രക്തസമുദ്രം!
ഓളങ്ങളുടെ തല്ലേറ്റ് ആടിയുലഞ്ഞ്, ഒരു യാനപാത്രംപോലെ ഒഴുകിയൊഴുകി വരുന്ന ഒരു കൂറ്റന്‍ വെള്ളിത്താലം.....
അതില്‍ നിര്‍ത്താതെ പൊട്ടിപ്പൊട്ടി ചിരിക്കുന്ന ആ മുഖം!
ഛേദിച്ചിട്ടും, ശോഭ മായാത്ത യോഹന്നാന്റെ വിശുദ്ധ ശിരസ്സ്.  തന്നോടുള്ള നിറഞ്ഞ പുച്ഛം, ജ്വലിക്കുന്ന ആ കണ്ണുകളില്‍നിന്ന് ഇപ്പോഴും മാഞ്ഞുപോയിട്ടില്ല.
''സത്യം ചൊല്ലുന്ന ശിരസ്സറുത്തുമാറ്റിയാല്‍ സത്യം സത്യമല്ലാതാകുമോ രാജാവേ..''
ദൈവമേ...?
ഇല്ല.
ദൈവനാമം ഉരുവിടാനുള്ള യോഗ്യത തന്റെ നാവിനില്ല. അന്തിപ്പാസ് സ്വയം ശപിച്ചു. കൊടുംപാപിയാണു ഞാന്‍. സ്ത്രീലമ്പടന്‍, പെണ്‍മൊഴി കേട്ടു മയങ്ങി, വിശുദ്ധന്റെ ശിരച്ഛേദം നടത്തിയവന്‍. നരകത്തിന്റെ കറുത്ത ഗര്‍ത്തങ്ങള്‍ എന്നെ മാടിവിളിക്കുന്നു.
ഹെറോദ്യായുടെ നീലമിഴികളില്‍ ആത്മാവിനെ മുക്കിക്കൊന്ന അഭിശപ്തനിമിഷത്തെ അന്തിപ്പാസ് ശപിച്ചു, പാപത്തിന്റെ വിഷക്കനി തിന്ന മുഹൂര്‍ത്തങ്ങളെ ശപിച്ചു.
റോമിലെ ഫിലിപ്പിന്റെ കൊട്ടാരത്തിലെ പട്ടുപരവതാനികള്‍ വിരിച്ച അന്തഃപുരത്തിന്റെ കിളിവാതിലിലൂടെ തന്നെ കീഴ്‌പ്പെടുത്തിയ കരിനീലക്കണ്ണുകള്‍. അവള്‍ ജ്യേഷ്ഠപത്‌നിമാത്രമായിരുന്നില്ല ഭാഗിനേയികൂടിയായിരുന്നു.
റോമില്‍നിന്ന് ഗലീലിയിലേക്കുള്ള ഒളിച്ചോട്ടം, ഹെറോദ്യ ഒന്നാവശ്യപ്പെട്ടിരുന്നു. അന്തിപ്പാസ് സ്വന്തം പത്‌നിയെ വെടിയണം.
കഷ്ടം!
ആത്മനിന്ദയുടെ കനലുകള്‍ ചുട്ടുപൊള്ളിച്ച മനസ്സിലേക്ക് യോഹന്നാന്റെ വാക്കുകള്‍ തുളച്ചുകയറുന്നു.
''ഇതു നീതിയാണോ...?''
''ചെയ്തതെല്ലാം നീതിയാണോ...?''
സ്വന്തം ചെവിക്കരുകിലി
രുന്ന് ആരാണ് ആ വാക്കുകള്‍ മന്ത്രിച്ചത്? അന്തിപ്പാസ് ചെവിയോര്‍ത്തു.
അതോ, തന്റെ തോന്നലോ?
തന്റെ തിരുനാള്‍ ദിനം. അന്തിപ്പാസ് ഓര്‍ത്തു
നൃത്തപീഠത്തിനു മുന്നില്‍ വലിച്ചുകെട്ടിയ കറുത്ത തിരശ്ശീല. കാഴ്ചക്കാരുടെ അക്ഷമ നിറഞ്ഞ മുഖങ്ങള്‍, മര്‍മരം, ഇരുവശത്തേക്കും ഒഴുകിമാറുന്ന യവനിക, രണ്ടാമത്തെ അഭിശപ്തനിമിഷം! നൃത്തപീഠത്തില്‍ തീനാളംപോലെ അവള്‍. ഹെറോദ്യായുടെ മകള്‍! കണ്ണുകള്‍ മിഴിച്ച്, ബോധം മറഞ്ഞുപോയ കാണികള്‍. കരഘോഷത്തിന്റെ ആരവത്തില്‍ കൊട്ടാരംപോലും വിറച്ചുപോയി. നില മറന്നനിമിഷം!
അവളെ മാറോടുചേര്‍ത്തു ചോദിച്ചു:
''നിനക്കെന്തു വേണം... പറയൂ. എന്തും ഈ അന്തിപ്പാസ് തരും.'' 
സ്വബോധം മറഞ്ഞ നിമിഷം  നാവില്‍നിന്നു വീണ വാക്കുകളില്‍ നരകം ഒളിച്ചിരുന്നത് താന്‍ കാണാതെ പോയല്ലോ.
ഹെറോദ്യയുടെ മുഖത്തു വിജയത്തിളക്കം.
അരുകിലണഞ്ഞ മകളുടെ ചെവിയില്‍ മന്ത്രിക്കുമ്പോള്‍ ആ മുഖത്തെ പൈശാചികഭാവം താന്‍ കണ്ടില്ലല്ലോ...
അവള്‍ അടുത്തെത്തി...
പതിനാറുകാരിക്കു വേണ്ടത്...
''എനിക്ക്...''
''പറയൂ.'' താന്‍ നിര്‍ബന്ധിച്ചു.
''എനിക്കു വേണ്ടത്....''
ബാക്കി കേള്‍ക്കാന്‍ കഴിഞ്ഞില്ല.
വേച്ചുവേച്ചാണു നൃത്തശാലയില്‍നിന്നു പോയത്. പോകുന്ന പോക്കില്‍ തന്നെ താങ്ങിപ്പിടിക്കാനെത്തിയ സേനാനായകനോടു പറഞ്ഞു:
''അവള്‍ക്കു വേണ്ടതു കൊടുക്കൂ...''
കല്‍ത്തുറുങ്കിന്റെ ഇരുളില്‍ നിന്നു പുറത്തേക്കു കൊണ്ടു വന്നപ്പോഴും യോഹന്നാന്റെ മുഖത്തെ ദൈവികമായ ശാന്തത. അതിന്നും തന്റെ രാവുകളെ കഴുത്തുഞെരിച്ചു കൊല്ലുന്നു.
അന്തിപ്പാസ് കണ്ണുകള്‍ ഇറുക്കിയടച്ചു. അപ്പോള്‍,
മനക്കണ്ണുകള്‍ക്കു മുന്നില്‍ തീരങ്ങളില്ലാത്ത, അലറുന്ന രക്തസമുദ്രം, സമുദ്രത്തിലൂടെ ഒഴുകിവരുന്ന വെള്ളിത്താലം. അതില്‍...
അന്തിപ്പാസ് തീവ്രമായ വേദനയില്‍ പുളഞ്ഞു.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)