•  16 May 2024
  •  ദീപം 57
  •  നാളം 10
ഇസ്രയേലിന്റെ വഴികളിലൂടെ

വാഗ്ദത്തനാടും ചവിട്ടിമെതിക്കപ്പെട്ട ജനവും

വിജാതീയരുടെ അധിനിവേശത്തെയും ക്രൂരമായ മതപീഡനങ്ങളെയും അതിജീവിച്ച മക്കബായര്‍ കര്‍ത്താവിനാല്‍ നയിക്കപ്പെട്ട് നഗരവും ദൈവാലയവും വീണ്ടെടുത്തു. മക്കബായരുടെ മുന്‍തലമുറക്കാരിലൊരാളായിരുന്ന ഹസ്‌മോണിയസിന്റെ പേരിലാണ് അവരുടെ വംശം പില്‍ക്കാലത്ത് അറിയപ്പെട്ടത്. ഹസ്‌മോണിയന്‍ വംശത്തിലെ ആദ്യഭരണാധികാരിയും  പ്രധാന പുരോഹിതനും യൂദാസ് മക്കബേയൂസിന്റെ സഹോദരപുത്രനായ സൈമണ്‍ മക്കബേയൂസായിരുന്നു. അദ്ദേഹവും പിന്‍ഗാമികളും ബി സി 167 മുതല്‍ ഒരു നൂറ്റാണ്ടുകാലം യൂദയായില്‍ ഭരണം നടത്തി.
ഈജിപ്തിന്റെ ആക്രമണങ്ങള്‍
യഹൂദജനത്തിന്റെ നാനൂറ്റിമുപ്പതുവര്‍ഷത്തെ ഈജിപ്തിലെ പ്രവാസജീവിതവും അവിടെനിന്നു വാഗ്ദത്തനാട്ടിലേക്കുള്ള തിരിച്ചുവരവും എണ്ണപ്പെട്ടതായി കാണുന്നില്ലെങ്കിലും, ഇസ്രയേലിന്റെയും  യൂദയായുടെയും നേരേയുള്ള ഫറവോമാരുടെ നിരന്തരമായ ആക്രമണങ്ങള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഫറവോമാരായ മര്‍നെപ്ത ബി സി 1207 ല്‍ ഇസ്രയേലും, ഷീഷാക്ക് ബി സി 926 ല്‍ യൂദയായും കീഴടക്കിയതായും ചരിത്രത്തില്‍ കാണുന്നു. ഷീഷാക്കിന്റെ ജറുസലെം ആക്രമണത്തെക്കുറിച്ചും വിശുദ്ധഗ്രന്ഥം ഇപ്രകാരം പരാമര്‍ശിച്ചിരിക്കുന്നു: റഹോബോവാമിന്റെ വാഴ്ചയുടെ അഞ്ചാംവര്‍ഷം  ഈജിപ്തിലെ രാജാവായ ഷീഷാക്ക് ജറുസലെമിനെ ആക്രമിച്ചു. ദൈവാലയത്തിലെയും കൊട്ടാരത്തിലെയും നിധികളും സോളമന്‍ നിര്‍മിച്ച സുവര്‍ണപരിചകളും അവന്‍ കവര്‍ന്നെടുത്തു. എല്ലാം അവന്‍ കൊണ്ടുപോയി (1 രാജാ. 14:25). യഹൂദര്‍ അമൂല്യനിധിയായി ജറുസലെംദൈവാലയത്തില്‍ അതിവിശുദ്ധസ്ഥലത്തു പ്രതിഷ്ഠിച്ചിരുന്ന വാഗ്ദാനപേടകവും ഷീഷാക്ക് കൈവശപ്പെടുത്തിയതായും ടാനിസ് പട്ടണത്തിലെ ഒരു കിണറിനുള്ളില്‍ ഒളിപ്പിച്ചതായും 'റെയ്‌ഡേഴ്‌സ് ഓഫ് ദി ലോസ്റ്റ് ആര്‍ക്ക്' എന്ന ചലച്ചിത്രത്തില്‍ ചിത്രീകരിച്ചതിനു  ചരിത്രപിന്‍ബലമുണ്ടോ എന്നതില്‍ തര്‍ക്കമുണ്ട്. എബ്‌നേസര്‍ എന്ന സ്ഥലത്തു നടന്ന യുദ്ധത്തില്‍ ഇസ്രയേലിനെ പരാജയപ്പെടുത്തിയ ഫിലിസ്ത്യര്‍ വാഗ്ദാനപേടകം കവര്‍ന്നെടുക്കുകയും ഏഴുമാസം കൈവശം വയ്ക്കുകയും ചെയ്തുവെന്ന് സാമുവലിന്റെ പുസ്തകത്തില്‍ വായിക്കാനാകും: ഫിലിസ്ത്യര്‍ ദൈവത്തിന്റെ പേടകം കൈവശപ്പെടുത്തി എബ്‌നേസറില്‍നിന്ന് അഷ്‌ദോദിലേക്കു കൊണ്ടുപോയി. അവിടെ ദാഗോന്റെ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കു സമീപം സ്ഥാപിച്ചു (1 സാമുവല്‍ 5:1-2). കര്‍ത്താവിന്റെ പേടകം ഏഴുമാസം ഫിലിസ്ത്യരുടെ രാജ്യത്തായിരുന്നു (1 സാമുവല്‍ 6:1). പേടകം കൈവശം വച്ചിരുന്ന കാലത്ത് ഫിലിസ്ത്യരില്‍ അനേകം പേര്‍ മരിച്ചതായും അവശേഷിച്ചവരുടെ ശരീരങ്ങളില്‍ കുരുക്കള്‍ ബാധിച്ചു കഷ്ടപ്പെട്ടതായും തുടര്‍ന്നു വിവരിക്കുന്നുണ്ട്. ഗത്യന്തരമില്ലാതെ അവര്‍ വാഗ്ദാനപേടകം തിരിച്ചുനല്‍കിയതായും വിശുദ്ധഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു: കര്‍ത്താവിന്റെ സന്നിധിയില്‍, പരിശുദ്ധനായ ഈ ദൈവത്തിന്റെ സന്നിധിയില്‍ നില്‍ക്കാന്‍ ആര്‍ക്കുകഴിയും? കര്‍ത്താവിന്റെ പേടകം ഫിലിസ്ത്യര്‍ തിരിച്ചയച്ചിരിക്കുന്നു. നിങ്ങള്‍ വന്ന് ഏറ്റെടുത്തുകൊള്ളുവിന്‍ (1 സാമുവല്‍ 6:20-21). 
എന്നാല്‍, ബി സി 586 ല്‍ ജറുസലെം ദൈവാലയം നശിപ്പിച്ച നബുക്കദ്‌നേസര്‍ രാജാവാണ് വാഗ്ദാനപേടകം ബാബിലോണിലേക്കു കടത്തിക്കൊണ്ടുപോയതെന്നും, പിന്നീട്, ചരിത്രത്തില്‍നിന്ന് അപ്രത്യക്ഷമായി എന്നും നിരീക്ഷിക്കുന്നവരുണ്ട്. ഈ നിരീക്ഷണത്തില്‍നിന്നു വിഭിന്നമായി മക്കബായരുടെ പുസ്തകത്തിലെ ഒരു പരാമര്‍ശം കൂടുതല്‍ വിശ്വസനീയമായിത്തോന്നി: ദൈവത്തിന്റെ അരുളപ്പാടനുസരിച്ചു കൂടാരവും പേടകവും തന്റെ പിന്നാലെ കൊണ്ടുവരാന്‍ ജറെമിയ കല്പിച്ചു. ദൈവം നല്കുന്ന അവകാശഭൂമി കാണാന്‍ മോശ  കയറിയ മലയിലേക്ക് അവന്‍ പോയി. അവിടെ ജറെമിയ ഒരു ഗുഹ കണ്ടു. കൂടാരവും പേടകവും ധൂപപീഠവും അതില്‍വച്ച് പ്രവേശനദ്വാരം അടച്ച് ഭദ്രമാക്കി. ദൈവം തന്റെ ജനത്തെ വീണ്ടും ഒരുമിച്ചുകൂട്ടുകയും അവരോടു കരുണ കാണിക്കുകയും ചെയ്യുന്നതുവരെ ഈ സ്ഥലം അജ്ഞാതമായിരിക്കും. അന്ന് കര്‍ത്താവ് ഇതു വെളിപ്പെടുത്തുമെന്നും ജറെമിയ ജനത്തോടു പറഞ്ഞു. (2 മക്കബായര്‍ 2:4-7). കര്‍ത്താവിന്റെ അഭീഷ്ടപ്രകാരം വാഗ്ദത്തദേശം വിദൂരതയില്‍നിന്നു വീക്ഷിച്ചശേഷം മരണമടഞ്ഞ മോശയെ മൊവാബുദേശത്തെ നെബോ മലയുടെ താഴ്‌വരയില്‍ സംസ്‌കരിച്ചു. മോശയുടെ ശവകുടീരത്തിന്റെ സ്ഥലവും ഇതുവരെ കണ്ടുപിടിക്കാന്‍ കഴിയാത്തത് ഈ സംഭവത്തോടു ചേര്‍ത്തുവായിക്കണം (നിയമാവര്‍ത്തനം 34:6). മോശയുടെ ശരീരം സ്വര്‍ഗത്തിലേക്കെടുക്കപ്പെട്ടതിനു സമാനമായി വാഗ്ദാനപേടകവും സ്വര്‍ഗത്തിലേക്കു സംവഹിക്കപ്പെട്ടിരിക്കാമെന്നു സാക്ഷ്യപ്പെടുത്തുന്ന വെളിപാടുപുസ്തകത്തിലെ വചനം ഇപ്രകാരമാണ്: അപ്പോള്‍, സ്വര്‍ഗത്തില്‍ ദൈവത്തിന്റെ ആലയം തുറക്കപ്പെട്ടു. അതില്‍ അവിടുത്തെ വാഗ്ദാനപേടകം കാണായി. മിന്നല്‍പ്പിണരുകളും ഘോഷങ്ങളും ഇടിമുഴക്കങ്ങളും ഭൂകമ്പവും വലിയ കന്‍മഴയും ഉണ്ടായി. (വെളിപാട് 11:19) സോളമന്‍ രാജാവിനെ സന്ദര്‍ശിക്കാനെത്തിയ എത്യോപ്യയിലെ ഷേബാ രാജ്ഞിയുടെ മകന്‍ മെനെലിക് സാക്ഷ്യപേടകവുമായാണ് തിരികെപ്പോയതെന്നും പറയപ്പെടുന്നുണ്ട്. മെനെലിക് എത്യോപ്യയിലെത്തിച്ച കര്‍ത്താവിന്റെ പേടകം, ആക്‌സും നഗരത്തിലുള്ള സിയോണിലെ പരിശുദ്ധ കന്യകാമാതാവിന്റെ കത്തീദ്രലില്‍ അതീവസുരക്ഷയോടെ സംരക്ഷിച്ചുവരുന്നതായി അവിടത്തെ ഓര്‍ത്തഡോക്‌സ് സഭാധികാരികള്‍ അവകാശപ്പെടുന്നു.
നാലടി നീളവും രണ്ടടി വീതിയും അത്രതന്നെ ഉയരവുമുള്ള  പേടകത്തില്‍ അമൂല്യവും വിശുദ്ധവുമായ മൂന്നു വസ്തുക്കളാണുള്ളത്. കര്‍ത്താവായ ദൈവം സ്വന്തം വിരലുകള്‍കൊണ്ടെഴുതി സീനായ് മലമുകളില്‍വച്ച് മോശയെ ഏല്പിച്ച പത്തു കല്പനകളടങ്ങിയ രണ്ടു കല്പലകകള്‍, അഹറോന്റെ പുഷ്പിക്കുന്ന വടി, മന്ന അടങ്ങിയ ഒരു പാത്രം എന്നിവ. അക്കേഷ്യമരത്തിന്റെ തടിയില്‍ തീര്‍ത്ത് പരിശുദ്ധമായ സ്വര്‍ണത്തില്‍ പൊതിഞ്ഞ പേടകത്തിന്റെ അടപ്പ് തനി തങ്കത്തില്‍ തീര്‍ത്തതായിരുന്നു. സ്വര്‍ണപ്പാളികള്‍കൊണ്ടു നിര്‍മിച്ച രണ്ടു കെരൂബുകള്‍ പേടകത്തിനു മുകളില്‍ നിലയുറപ്പിച്ചിരുന്നു. ഈജിപ്തിലെ അടിമത്തത്തില്‍നിന്നു വാഗ്ദത്തനാട്ടിലേക്കുള്ള 40 വര്‍ഷത്തെ മരുഭൂയാത്രയിലുടനീളം കര്‍ത്താവിന്റെ പേടകം ഇസ്രയേല്‍ജനത്തോടൊപ്പമുണ്ടായിരുന്നു. ബി സി 609 ല്‍ നെക്കോ എന്ന ഫറവോ യൂദയാ കീഴടക്കി ജോസിയാ രാജാവിനെ വധിക്കുകയും, യൂദയായെ ഈജിപ്തിന്റെ ഒരു പ്രവിശ്യയായി മാറ്റുകയും ചെയ്ത ചരിത്രസംഭവത്തിനു വിശുദ്ധഗ്രന്ഥത്തിന്റെ പിന്‍ബലമുണ്ട്: ജോസിയായുടെ ഭരണകാലത്ത് ഈജിപ്തിലെ ഫറവോയായിരുന്ന നെക്കോ, യൂഫ്രട്ടീസ് നദിയുടെ സമീപത്ത് അസ്‌സീറിയാ രാജാവിന്റെ അടുത്തേക്കു പോയി. ജോസിയാ രാജാവ് അവനെ നേരിട്ടു. മെഗിദോയില്‍വച്ച് നെക്കോ അവനെ യുദ്ധത്തില്‍ നിഗ്രഹിച്ചു (2 രാജാ. 23:29). ദൈവതിരുമുമ്പില്‍ നീതിമാനായിരുന്ന ജോസിയാ രാജാവിനെക്കുറിച്ചുള്ള വചനഭാഗം പ്രസക്തമാണ്: മോശയുടെ നിയമങ്ങളനുസരിച്ച് പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണശക്തിയോടുംകൂടെ കര്‍ത്താവിനെ പിന്‍ചെന്ന മറ്റൊരു രാജാവു മുമ്പോ പിന്‍പോ ഉണ്ടായിട്ടില്ല (2 രാജാ.  23:25). ബി സി 605 ല്‍ സിറിയയിലെ കാര്‍ക്കെമിഷ് നഗരത്തില്‍വച്ച് ബാബിലോണ്‍ രാജാവായ നബുക്കദ്‌നേസര്‍ നെക്കോയെ തോല്പിച്ചോടിക്കുകയും സിറിയയുടെയും വാഗ്ദത്തനാടുകളുടെയും സമ്പൂര്‍ണനിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. ജറുസലെം ദൈവാലയം നശിപ്പിക്കപ്പെട്ടത് നബുക്കദ്‌നേസറിന്റെ ഭരണകാലത്തായിരുന്നല്ലോ. ബി സി 539 ല്‍ പേര്‍ഷ്യന്‍ ചക്രവര്‍ത്തിയായിരുന്ന സൈറസ് ബാബിലോണിനെ കീഴടക്കുംവരെ വാഗ്ദത്തനാടുകള്‍ ബാബിലോണിന്റെ ഭരണത്തിന്‍കീഴിലായിരുന്നു.


(തുടരും)

 

Login log record inserted successfully!