കൊച്ചി: കാഷ്‌കൗണ്ടറില്ലാത്ത ഹോട്ടല്‍ എന്നുള്ളത് സങ്കല്പങ്ങളില്‍ മാത്രമുള്ളതാണ്. എന്നാല്‍ തൃപ്പൂണിത്തുറയിലെ 'കപ്പൂച്ചിന്‍ മെസ്' ഒരു സങ്കല്പമല്ല, യാഥാര്‍ത്ഥ്യമാണ്. ഇവിടെ വരുന്ന ആര്‍ക്കും അവിടെയുള്ള എന്തു ഭക്ഷണവും കഴിക്കാം. ഭക്ഷണശേഷം ബില്ല് ഉണ്ടാവില്ല. ആരും കണക്കു പറയുന്നില്ല. ഒരു ചെറിയ വിലവിവരപ്പട്ടിക ചുവരില്‍ തൂക്കിയിട്ടുണ്ട്. അധികം തുകയിട്ടാല്‍ പണമില്ലാതെ വരുന്നവര്‍ക്കുള്ള ഭക്ഷണത്തിനായി ഉപയോഗിക്കുമെന്നും അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നാളേക്കുള്ള കരുതലിനായി നമ്മുടെ വിഹിതം അവിടെ സ്ഥാപിച്ചിട്ടുള്ള തപാല്‍പ്പെട്ടിയില്‍ സൗകര്യവും സന്മനസ്സുമുള്ളവര്‍ക്കു നിക്ഷേപിക്കാം.
എന്തുകൊണ്ടിവിടെ ഒരു ക്യാഷ് കൗണ്ടര്‍ ഇല്ല എന്നു ചോദിച്ചാല്‍ ഇതൊരു ഹോട്ടലല്ല; മെസാണ് എന്ന മറുപടി ഒരു പുഞ്ചിരിയോടൊപ്പം നമുക്കു ലഭിക്കും.
ഈ കൊവിഡ്കാലത്ത് സമീപവാസികളെങ്കിലും പട്ടിണി കിടക്കരുതെന്ന തീരുമാനത്തിലാണ് ധ്യാനഗുരുവും എഴുത്തുകാരനുമായ കപ്പൂച്ചിന്‍ സന്ന്യാസി ഫാ. ബോബി ജോസ് കട്ടികാട് മുന്‍കൈയെടുത്ത് ഇങ്ങനെയൊരു കാരുണ്യപദ്ധതി ആരംഭിച്ചത്.
കപ്പൂച്ചിന്‍ ശാന്തി ആശ്രമത്തിന്റെ കീഴിലാണ് ഈ മെസ് പ്രവര്‍ത്തിക്കുന്നത്. ആശ്രമത്തിലെ അന്തേവാസികള്‍ക്കുണ്ടാക്കുന്ന അതേ ആഹാരംതന്നെ ഇവിടെയും വിളമ്പുന്നു. അതുകൊണ്ടുതന്നെ വീട്ടിലുണ്ടാക്കുന്നതുപോലെതന്നെയുള്ള ഭക്ഷണമാണ് ഇവിടെ ലഭിക്കുന്നത്.
ശാന്തമായ അന്തരീക്ഷത്തിലിരുന്ന് ഭക്ഷണം കഴിക്കാമെന്ന ചിന്തയിലും, ഒരു നേരത്തെ ആഹാരം കഴിക്കാന്‍ നിവൃത്തിയില്ലാത്തവര്‍ക്ക് ഒരു കൈത്താങ്ങാകട്ടെ എന്നു കരുതിയും ഇവിടെ ഭക്ഷണം കഴിക്കാനെത്തുന്നവരും ഭക്ഷണം കഴിക്കാതെതന്നെ പണം പെട്ടിയില്‍ നിക്ഷേപിക്കുന്നവരും നിരവധിയാണ്.
നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ അലഞ്ഞുതിരിയുന്ന ഒരുപാടുപേര്‍ക്ക് കപ്പൂച്ചിന്‍ മെസ് ആശ്രയമാകുന്നുണ്ട്. അതിജീവനത്തിന്റെ ഇക്കാലത്ത് ആഹാരത്തിനൊപ്പം സ്‌നേഹംകൂടി വിളമ്പുകയാണിവിടെ.