ഷംഷാബാദ് രൂപതാധ്യക്ഷനെന്ന നിലയില്‍ ഭാരതത്തിന്റെ വിശാലമായ പ്രേഷിതഭൂമിയില്‍ ഇടയശുശ്രൂഷ നിര്‍വഹിച്ച മാര്‍ റാഫേല്‍ തട്ടില്‍ സീറോ മലബാര്‍ സഭയെന്ന മാര്‍ത്തോമ്മാപൈതൃകമുള്ള വലിയ സഭയുടെ വലിയ ഇടയശുശ്രൂഷ ഏറ്റെടുത്തിരിക്കുകയാണ്. 
ഈ അപ്പസ്‌തോലികസഭയുടെ ശുശ്രൂഷാകാലഘട്ടത്തിന്റെ പ്രത്യേകതകള്‍ തിരിച്ചറിഞ്ഞ്ദൈവോന്മുഖതയിലും മനുഷ്യബന്ധത്തിലും ദിശാബോധത്തിലും സഭയെ നയിക്കുന്നതിന് അദ്ദേഹം സന്നദ്ധനും സമര്‍പ്പിതനുമാണെന്നു തിരിച്ചറിഞ്ഞതിന്റെ വെളിച്ചത്തിലാണ് സീറോ മലബാര്‍സഭയിലെ മെത്രാന്മാര്‍ ഈ പരിശുദ്ധാത്മനിയോഗത്താല്‍ അദ്ദേഹത്തില്‍ വിശ്വാസമര്‍പ്പിച്ചു പുതിയ ദൗത്യം ഭരമേല്പിച്ചത്. 
മാര്‍ റാഫേല്‍ തട്ടില്‍ ഇതുവരെ നല്‍കിയിട്ടുള്ള പ്രേഷിതശുശ്രൂഷകള്‍ക്കു പ്രത്യേക മാനവും പുതിയ ദിശാബോധവും കൈവരികയാണ്. സീറോ മലബാര്‍സഭ ലോകത്തിന്റെ എല്ലാ ഭൂഖണ്ഡങ്ങളിലേക്കും വ്യാപിച്ചുകഴിഞ്ഞു. ഈ അപ്പസ്‌തോലികസഭയുടെ പ്രേഷിതചൈതന്യം  സജീവസാക്ഷ്യമായി ലോകത്തിനു നല്‍കുകയെന്ന പ്രേഷിതധര്‍മം അദ്ദേഹത്തെ കാത്തിരിക്കുകയാണ്. ഇതുവരെയും ഈ സഭ നല്‍കിയിട്ടുള്ള പ്രേഷിതചൈതന്യത്തിന്റെ മിഴിവാര്‍ന്ന സാക്ഷ്യവും അടയാളങ്ങളും ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിലും ഇന്നു പ്രകടമാണ്. ഈ ശുശ്രൂഷയ്ക്കു കൂടുതല്‍ കരുത്തേകുന്നതിന് പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പിനു സാധിക്കും. 
സഭയില്‍ സംഭാഷണങ്ങളും സമ്പര്‍ക്കങ്ങളും സമൃദ്ധമാകുമ്പോള്‍ വിസ്മയങ്ങളുണ്ടാകും. സ്വതഃസിദ്ധമായ പുഞ്ചിരിയിലൂടെയും ഹൃദയവിശാലതയിലൂടെയും മാര്‍ റാഫേല്‍ തട്ടിലിനു സഭയെ ധീരമായി നയിക്കാനാവും. ഹൃദയത്തില്‍ എല്ലാവര്‍ക്കും ഇടംകൊടുക്കുന്ന ആളാണ് അദ്ദേഹം. 
സീറോ മലബാര്‍ സഭയുടെ തനിമയും പൈതൃകവും വലിയ സാധ്യതകളും എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുന്ന സഭാധ്യക്ഷന്റെ ശുശ്രൂഷയും ഭദ്രമായിരിക്കും. സാര്‍വത്രികസഭയ്ക്കു കൂടുതല്‍ മിഷനറിമാരെ നല്‍കിയ സഭയാണിത്. സഭയുടെ പ്രേഷിതശുശ്രൂഷകള്‍ക്കു പുതിയ നേതൃത്വം കൂടുതല്‍ ഉണര്‍വാകും.  
                    കവര്‍സ്റ്റോറി
                    
                പ്രേഷിതവഴിയില്‍ വിരിഞ്ഞ പ്രകാശപുഷ്പം
                    
							
 കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് ബാവാ
                    