ക്രൈസ്തവസമൂഹം ഇന്നു വലിയ വെല്ലുവിളികളെ നേരിടുകയാണ്. ലോകചരിത്രത്തിലെ വിവിധ സംസ്കാരങ്ങളുടെ ഉദയവും അസ്തമയവും പഠനവിധേയമാക്കിയ ആര്‍ണോള്‍ഡ് ജെ. ടോയന്‍ബി സംസ്‌കാരങ്ങളുടെ അസ്തമയത്തിന്റെ പ്രധാന കാരണങ്ങള്‍ വിവരിക്കുന്നുണ്ട്. വെല്ലുവിളികള്‍ വരുമ്പോള്‍ അവയോടു ക്രിയാത്മകമായി പ്രതികരിക്കുന്ന ചെറിയ ക്രിയാത്മക ന്യൂനപക്ഷ (creative minority) മാണ് സംസ്‌കാരത്തെ മുന്നോട്ടുനയിക്കുന്നത്.
ക്രൈസ്തവരില്‍ ക്രിയാത്മകന്യൂനപക്ഷത്തിന്റെ നേതൃത്വം ഓരോ കാലഘട്ടത്തിന്റെയും പ്രതിസന്ധികളെ അതിജീവിക്കുന്നതായി ഭാഗ്യസ്മരണാര്‍ഹനായ ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പാ ചൂണ്ടിക്കാണിച്ചിരുന്നു. ഇത്തരമൊരു ക്രിയാത്മകന്യൂനപക്ഷനേതൃത്വത്തിന്റെ അഭാവമാണ് ഭാരതക്രൈസ്തവര്‍
നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം. സാമ്പത്തികവും സാംസ്‌കാരികവും രാഷ്ട്രീയവുമായി നാം നേരിടുന്ന വെല്ലുവിളികളുടെ അപഗ്രഥനം ഇത്തരമൊരു ക്രിയാത്മകന്യൂനപക്ഷത്തിന്റെ ആവശ്യകത കൂടുതല്‍ വ്യക്തമാകും.
ക്രൈസ്തവന്റെ സാമ്പത്തികത്തകര്‍ച്ച
കേരളം ഇടനാട്, മലനാട്, തീരപ്രദേശം എന്നീ മൂന്നു മേഖലകളായി വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. ഇടനാട്ടില്‍ ഭൂമി പ്രകൃത്യാതന്നെ കൃഷിഭൂമിയാണ്. അവ കൈവശം വച്ചിരിക്കുന്നതു ക്രൈസ്തവരല്ല. എന്നാല്‍, മലയോരപ്രദേശത്തും തീരദേശത്തും ഭൂമി കൃഷിഭൂമിയാക്കാന്‍ അധ്വാനവും മൂലധനവും ആവശ്യമാണ്.
മാത്രമല്ല, ഇത്തരം മേഖലകളില്‍ കടലാക്രമണവും വന്യമൃഗശല്യവും രൂക്ഷമാണ്. ഈ രണ്ടു മേഖലയിലുമാണ് ക്രൈസ്തവര്‍ തിങ്ങിപ്പാര്‍ക്കുന്നത്. ഒരുതരത്തില്‍, ഫലഭൂയിഷ്ഠമായ ഇടനാട്ടില്‍നിന്നു ചരിത്രപരമായി പുറംതള്ളപ്പെട്ടവരാണ് ക്രൈസ്തവര്‍. കാര്‍ഷികവിളകളുടെ വിലയിടിവ്, വന്യമൃഗങ്ങളുടെ ആക്രമണം, കപടപരിസ്ഥിതിവാദികളുടെ തെറ്റായ നയങ്ങള്‍മുതലായവ ക്രൈസ്തവരുടെ സ്രോതസ്സുകളെ ഇല്ലാതാക്കുകയാണ്. വന്യമൃഗങ്ങളുടെ ആക്രമണം തടയാനുള്ള അധികാരവും ഉത്തരവാദിത്വവും ഭരണകര്‍ത്താക്കള്‍ക്കാണ്. ഈ ഉത്തരവാദിത്വം നിറവേറ്റാതിരിക്കുന്നത് ക്രൈസ്തവരെ തകര്‍ക്കാനുള്ള വിശാലമായ അജണ്ടയുടെ ഭാഗമാണോ?
വ്യാപകമായ നുണപ്രചാരണങ്ങള്‍
സാമൂഹികമാധ്യമങ്ങളിലൂടെ നടത്തപ്പെടുന്ന ചില പ്രവര്‍ത്തനങ്ങള്‍ അത്തരംഅജണ്ടകളെക്കുറിച്ചുള്ള സംശയം ജനിപ്പിക്കുന്നു. ക്രൈസ്തവര്‍ക്കു കോടാനുകോടികളുടെ സ്വത്തുണ്ടെന്നും ഇവയെല്ലാം ബ്രിട്ടീഷുകാര്‍ക്കു പാദസേവ ചെയ്തു നേടിയതാണെന്നും വ്യാപകമായി
പ്രചരിപ്പിക്കപ്പെടുന്നു. മാത്രമല്ല, 'കുരിശു
കൃഷി' എന്ന ഒരു പദം അക്രൈസ്തവരു
ടെയിടയില്‍ പ്രചരിപ്പിക്കുന്നതില്‍ ചില വര്‍ഗീയവാദികള്‍ വിജയിച്ചിട്ടുണ്ട്. അമ്പലങ്ങളിലെ സ്വത്തെല്ലാം സര്‍ക്കാര്‍ കൈക്കലാക്കി അവയെല്ലാം ക്രൈസ്തവസമൂഹത്തിനു നല്‍കുന്നുവെന്ന വ്യാജപ്രചാരണം ശക്തമാണ്. എല്ലാ അമ്പലങ്ങളും സര്‍ക്കാര്‍ഭരണത്തിലാണെന്ന വലിയ നുണകേരളീയ പൊതുബോധത്തില്‍ ആഴത്തില്‍പതിഞ്ഞിരിക്കുന്നു. എന്നാല്‍, വസ്തുത തിരിച്ചാണ്. പ്രസിദ്ധമായ തൃശൂര്‍പൂരം നടത്തുന്നതു സര്‍ക്കാരിന്റെ കീഴിലല്ല എന്ന് ആര്‍ക്കുമറിയില്ല. അതെല്ലാംസ്വകാര്യട്രസ്റ്റുകളുടേതാണ്. ആദ്യംതന്നെ എത്ര അമ്പലമുണ്ട്, അതില്‍ എത്രയെണ്ണം കുടുംബക്ഷേത്രം, എത്രയെണ്ണം ദേശക്കാരുടേത്, എത്രയെണ്ണം സര്‍ക്കാര്‍ നേതൃത്വത്തില്‍ എന്ന് കേരളസര്‍ക്കാര്‍ സെന്‍സസ് നടത്തി പുറത്തുവിട്ടാല്‍മാത്രമേ ഈ നുണപ്രചാരണം തടയാനാകൂ. നൂറു ലക്ഷം കോടിയുടെ ആസ്തിയുള്ള ശ്രീ പത്ഭനാഭസ്വാമിക്ഷേത്രഭരണംപോലും രാജകുടുംബത്തിന്റെ ട്രസ്റ്റിന്റേതാണ്. അതില്‍ സര്‍ക്കാരിനു യാതൊരു പങ്കുമില്ല. എന്നിട്ടാണ് കേരളസര്‍ക്കാര്‍ പണമെടുത്തു ക്രൈസ്തവര്‍ക്കു നല്‍കുന്നുവെന്ന് ആരോപിക്കുന്നത്.
എന്നാല്‍, ക്രൈസ്തവസ്ഥാപനങ്ങള്‍ സഭയുടെ പൊതുസ്വത്താണ്. ഇവയില്‍നിന്നു സ്വകാര്യവ്യക്തികള്‍ക്കു കൊള്ളയടിക്കാന്‍ കഴിയില്ല എന്നതാണു നമ്മുടെ വളര്‍ച്ചയുടെ കാരണം. മാത്രമല്ല, ഈ സമ്പത്തെല്ലാം പൊതുസമൂഹത്തിന് ഉപകാരപ്രദമായ വിദ്യാഭ്യാസ, ആതുരശുശ്രൂഷാസ്ഥാപനങ്ങള്‍ ആരംഭിക്കാനാണു ക്രൈസ്തവസഭ പരിശ്രമിച്ചത്. കൂടാതെ, കത്തോലിക്കാസഭയിലെ 50,000 വൈദികരും സന്ന്യസ്തരും തങ്ങളുടെ അധ്വാനഫലം സഭാസമ്പത്തിലേക്കു
മുതല്‍ക്കൂട്ടുകയാണ്.
ക്രൈസ്തവര്‍ കാട്ടുകള്ളന്മാരോ?
വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി മനുഷ്യനെ അക്രമിക്കുന്നത് ക്രൈസ്തവര്‍ കാടു കൈയേറിയിട്ടാണെന്നാണ് സോഷ്യല്‍ മീഡിയായില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. വയനാട്ടിലെ ജനസംഖ്യയുടെ ഇരുപതുശതമാനംമാത്രമാണു ക്രൈസ്തവര്‍. വനമേഖലുടെ ഭൂരിഭാഗവും നിലനില്‍ക്കുന്ന പാലക്കാട്,
മലപ്പുറം ജില്ലകളില്‍ ക്രൈസ്തവര്‍ നാമമാത്രമാണ്. ഇടുക്കിജില്ലയില്‍ മാത്രമാണു ക്രൈസ്തവര്‍ നാല്പത്തെട്ടു ശതമാനം ജീവിക്കുന്നത്. ഇതെല്ലാം ഇടനാട്ടില്‍ ഇടംകിട്ടാത്തവരാണെന്ന ഓര്‍മ നല്ലതാണ്. ഇന്ത്യയിലെ തൊണ്ണൂറ്റെട്ടു ശതമാനം വനാതിര്‍ത്തികളും വനങ്ങളും ഉപയോഗിക്കുന്നത് അക്രൈസ്തവരായിരിക്കേ, ക്രൈസ്തവര്‍ വനംകൊള്ളക്കാര്‍ എന്ന പ്രചാരണത്തിലെ ഗൂഢലക്ഷ്യം എന്താണ്?
വോട്ടുബാങ്കുരാഷ്ട്രീയം
സംവരണമെന്നത് രാഷ്ട്രീയാധികാരത്തില്‍നിന്നു ചരിത്രപരമായി മാറ്റിനിര്‍ത്തപ്പെട്ട ജനസമൂഹങ്ങള്‍ക്കു നല്‍കാനുള്ളതാണ്.മുസ്ലീം മതവിഭാഗത്തിനു മുഴുവനായും സംവരണം നല്കിയിരിക്കുന്നുവെന്നത് എങ്ങനെയാണു ന്യായീകരിക്കാന്‍ കഴിയുക? വോട്ടുബാങ്കിനെ പ്രീണിപ്പിക്കുക എന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെ തന്ത്രം ക്രൈസ്തവസമൂഹത്തെ കാര്യമായി ബാധിച്ചിരിക്കുന്നു.
പല സ്ഥലങ്ങളിലും മുസ്ലീം ആരാധനാലയങ്ങള്‍ ആരംഭിക്കുന്നതിന് നിയമപരമായ യാതൊരു നടപടിക്രമങ്ങളും ആവശ്യമില്ല. എന്നാല്‍, ക്രൈസ്തവദൈവാലയങ്ങളുടെ മതില്‍ ഇടിഞ്ഞുവീണാല്‍ പുനര്‍നിര്‍മിക്കാന്‍ ഭരണപരമായ തടസ്സം നേരിടുന്നു. സംഘടിതവോട്ടുബാങ്കിനെ രാഷ്ട്രീയനേതൃത്വം ഭയക്കുന്നുവെന്നതിന്റെ തെളിവാണത്. പൂഞ്ഞാര്‍പള്ളിയില്‍ നടന്ന അക്രമത്തെ നിസ്സാരവത്കരിക്കുന്നതും പ്രതികളെ ഒളിപ്പിക്കാന്‍ ശ്രമിക്കുന്നതും അവരുടെ പേരുവിവരം പുറത്തുവിടാന്‍ ഭയക്കുന്നതുമെല്ലാം ഈ വോട്ടുബാങ്കുരാഷ്ട്രീയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.
മതപീഡനനാടുകള്‍
വടക്കേ ഇന്ത്യയില്‍ പതിനൊന്നു സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനബില്‍ പാസാക്കി. ഈ നിയമത്തിന്റെ മറവില്‍ വൈദികര്‍ക്കും സന്ന്യസ്തര്‍ക്കുമെതിരേ കള്ളക്കേസെടുക്കുന്നതു പതിവായിരിക്കുകയാണ്. ആസാമില്‍ ചില വര്‍ഗീയസംഘടനകള്‍ ക്രൈസ്തവസ്‌കൂളുകളില്‍ കന്യാസ്ത്രീകള്‍ സഭാവസ്ത്രം ധരിക്കരുതെന്നും സ്‌കൂളിലെ മതചിഹ്നങ്ങള്‍ എടുത്തുകളയണമെന്നും ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. ഭരണഘടന നല്കുന്ന മതസ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന വര്‍ഗീയപ്രവര്‍ത്തനങ്ങള്‍ക്കുനേരേ സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാര്‍ മൗനം പാലിക്കുന്നതു പതിവായിരിക്കുന്നു.
സംഘടിക്കൂ... ശക്തരാകൂ...
നിരന്തരമായ പ്രതിഷേധങ്ങള്‍ ഫലംകാണുമെന്ന പ്രതീക്ഷ നാം കൈവെടിയരുത്. തീരദേശമേഖലയില്‍ തുറമുഖനിര്‍മാണത്തിന്റെ അനന്തരഫലമായി വീടു നഷ്ടപ്പെട്ട ലത്തീന്‍ കത്തോലിക്കാസമുദായത്തിലെ അഞ്ഞൂറു കുടുംബങ്ങള്‍ സിമിന്റു ഗോഡൗണുകളിലാണു താമസിച്ചിരുന്നത്. വൈദികരുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ നടത്തിയ ബഹുജനപ്രക്ഷോഭത്തിനു ചില മാറ്റങ്ങള്‍ വരുത്താന്‍ കഴിഞ്ഞു. അവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ഫ്‌ളാറ്റുകളുടെ നിര്‍മിതി പുരോഗമിക്കുന്നു.
ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടു പ്രസിദ്ധീകരിക്കാനും നടപടിയെടുക്കാനും സര്‍ക്കാര്‍ അലംഭാവത്തെ ചേദ്യംചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേരളത്തെയും ഭാരതത്തെയും പുനര്‍നിര്‍മിക്കുന്നതില്‍ നിര്‍ണ്ണായകപങ്കു വഹിച്ച ക്രൈസ്തവര്‍ അസ്തിത്വം നഷ്ടപ്പെട്ടവരാകാതിരിക്കാന്‍ പ്രതിസന്ധികളെ നേരിടുന്ന ഒരു ക്രിയാത്മകന്യൂനപക്ഷത്തെ വളര്‍ത്താന്‍ കഴിയട്ടെ.