•  16 May 2024
  •  ദീപം 57
  •  നാളം 10
കുടുംബവിളക്ക്‌

പങ്ക്

ങ്കിനെക്കുറിച്ചുള്ള അടിസ്ഥാനബോധ്യങ്ങളില്‍ അനുദിനം ആഴപ്പെടാന്‍ ക്രൈസ്തവകുടുംബങ്ങള്‍ക്കു കഴിയണം. കാരണം, കൂട്ടായ്മയിലും പങ്കുവയ്പിലുമൊക്കെ അടിത്തറയിട്ട സഭയുടെ അടിസ്ഥാനഘടകമാണ് ഓരോ കുടുംബവും. സന്തോഷവും സന്താപവും സമ്പത്തും ദാരിദ്ര്യവും ആരോഗ്യവും അനാരോഗ്യവും നേട്ടവും നഷ്ടവുമെല്ലാം ഒരുപോലെ പങ്കിട്ടനുഭവിച്ചുകൊള്ളാമെന്ന വാഗ്ദാനത്തോടെയല്ലേ വിവാഹജീവിതം ആരംഭിക്കുന്നതുതന്നെ. ശേഷമുള്ള ദിനങ്ങളില്‍ അതു മറന്നുപോകാന്‍ പാടില്ല. 
പങ്കുവയ്പിന്റെ മനോഭാവമുള്ളിടത്തേ സ്‌നേഹവായ്പിന്റെ അനുഭവമുണ്ടാകൂ. ഭവനാംഗങ്ങളെല്ലാവരും പരസ്പരം വീതംവച്ചു ജീവിക്കാന്‍ പഠിക്കണം. തങ്ങള്‍ക്കുള്ളതിന്റെയൊക്കെ ഓഹരി ബാക്കിയുള്ളവര്‍ക്കും അവകാശപ്പെട്ടതാണ് എന്ന ബോധ്യത്തില്‍ വളരണം. പകുത്തുനല്‍കപ്പെടുന്ന ഇല്ലായ്മകള്‍ക്കാണ് വീതം വയ്ക്കപ്പെടാത്ത ഉള്ളായ്മകളെക്കാള്‍ സ്വാദും സൗന്ദര്യവും. അപ്പന്റെ ഊട്ടുപാത്രത്തില്‍ പാതിയന്നം ബാക്കിവരുന്നത് കുഞ്ഞുനാളില്‍ കൂടെയിരുന്നപ്പോള്‍ കണ്ടിട്ടുണ്ട്. ഉണ്ടു തൃപ്തിവന്നാലും ഇല്ലെങ്കിലും ആ വിഹിതം അതില്‍ ഉണ്ടായിരുന്നു. വേവു തികയാഞ്ഞതുകൊണ്ടോ കറികള്‍ കുറഞ്ഞതുകൊണ്ടോ ഒന്നും വേണ്ടെന്നുവച്ചതല്ലായിരുന്നു ആ പകുതി. പിന്നെയോ, പാതിഭോജ്യത്തിലുപരിയായി തന്റെ പ്രാണന്റെ പകുതി തന്നെയായ ആ പങ്ക് അമ്മയ്ക്കുമാത്രമായി മിച്ചംവച്ചതായിരുന്നു. അവള്‍ അതു കഴിക്കുന്നതു കാണുമ്പോഴേ അപ്പന്റെ വയറു നിറഞ്ഞിരുന്നുള്ളൂ. ചങ്കേ, കരളേ എന്നൊന്നും പരസ്പരം വിളിച്ചില്ലെങ്കിലും ചങ്കിന്റെ പങ്കായിരുന്നു അവരിരുവരും. 
കാലമതൊക്കെ കഴിഞ്ഞു. ഇന്ന് ഭാര്യയ്ക്കു ഭക്ഷണത്തിന്റെ ഓഹരി കൊടുക്കുന്ന ഭര്‍ത്താവുണ്ടോ? കൊടുത്താല്‍, കഴിക്കുന്ന ഭാര്യയുണ്ടോ? അഥവാ വരുന്ന മിച്ചം എച്ചിലായി മാറുന്നുണ്ടോ? ഓര്‍ക്കണം, പങ്കുവയ്ക്കലിന്റെ അനുഭവമില്ലാത്ത കുടുംബം വെറും ഹോട്ടലോ തട്ടുകടയോമാത്രമാണ്. പങ്കുവയ്പിന്റെ പിന്നിലെ ചോതോവികാരം മറ്റുള്ളവരെക്കുറിച്ചുള്ള ഓര്‍മ തന്നെയാണ്. എന്നെക്കൂടാതെ, മറ്റു ചിലരും കൂടെയുണ്ട് എന്നുള്ള ചിന്ത. ഭക്ഷണകാര്യത്തില്‍മാത്രം ഒതുങ്ങിനില്‌ക്കേണ്ടതല്ലത്. സമ്പത്തിന്റെയും വസ്തുവകകളുടെയും അധ്വാനത്തിന്റെയും അങ്ങനെ കുടുംബത്തിന്റെ ഭാഗമായിട്ടുള്ള സകലതിന്റെയും കാര്യത്തില്‍ അതുണ്ടാകണം. പങ്കു കിട്ടാത്തതിന്റെ പരാതികളും പരിഭവങ്ങളും കുടുംബങ്ങളില്‍ ഇനി കേള്‍ക്കാതിരിക്കട്ടെ. ഒത്തിരിയൊന്നും ഇല്ലെങ്കിലും ഉള്ളതു പകുത്തുനല്‍കി കഴിയുന്നവരുള്ള കുടുംബങ്ങളില്‍ ദൈവവും തനിക്കുള്ളവ പകുത്തു നല്കും. അന്ത്യഭോജനവും മുറിച്ചേകിയവന്റെ അനുയായികളാണ് നാമെന്നു മറന്നുപോകരുത്.

 

Login log record inserted successfully!