ക്രൈസ്തവവിശ്വാസത്തിന്റെ മൂലക്കല്ല് നമ്മുടെ കര്‍ത്താവിന്റെ ഉത്ഥാനമാണ് കര്‍ത്താവ് ഉയിര്‍ത്തെഴുന്നേറ്റില്ലായിരുന്നെങ്കില്‍ ക്രൈസ്തവവിശ്വാസം അസ്ഥിരവും അര്‍ഥശൂന്യവുമാകുമായിരുന്നു. ക്രൈസ്തവജീവിതം ഉത്ഥാനത്തിന്റെ ആഘോഷമാണ്. എല്ലാ സഹനത്തിനും ഒരവസാനമുണ്ട്. ആ അവസാനം വ്യാഖ്യാനിക്കാന്‍ നമുക്കു നല്കുന്ന താക്കോല്‍വചനമാണ് കര്‍ത്താവ് ഉയിര്‍ത്തെഴുന്നേറ്റു എന്ന സദ്വാര്‍ത്ത.
വി. യോഹന്നാന്റെ സുവിശേഷം ഇരുപതാം അധ്യായം ഉത്ഥാനസത്യം നമ്മെ അറിയിക്കുന്ന വിവരണങ്ങളാണ്. കര്‍ത്താവിന്റെ ഉത്ഥാനത്തിന് ആദ്യം സാക്ഷികളാകുന്നത് കല്ലറ അന്വേഷിച്ചുപോയ സ്ത്രീകളാണ്. അവരില്‍ പ്രധാനി മഗ്ദലേനമറിയമാണ്. അവളുടെകൂടെ മറ്റൊരു മറിയവുമുണ്ടായിരുന്നു. കര്‍ത്താവ് അടക്കപ്പെട്ടത് സാബത്തിലാണ്. സാബത്തിന്റെ കഠിനമായ നിയമങ്ങള്‍മൂലം കര്‍ത്താവിന്റെ ശവകുടീരത്തില്‍ ആവശ്യത്തിനു സുഗന്ധദ്രവ്യങ്ങള്‍ വയ്ക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. സാബത്ത് അവസാനിച്ചപ്പോള്‍ അവന്റെ കല്ലറയില്‍ കുറവുള്ള സുഗന്ധദ്രവ്യങ്ങള്‍ വയ്ക്കാനാണ് സ്ത്രീകള്‍ അവിടേക്കു പോയത്. ഈ സ്ത്രീകളാണ് തുറക്കപ്പെട്ട കല്ലറ ആദ്യമായി കണുന്നത്. അന്വേഷിക്കുന്നവര്‍ക്കാണ് കര്‍ത്താവു സംലഭ്യനാകുന്നത്.
ഹൃദയത്തില്‍ കര്‍ത്താവിനോട് ഒരുപാടു സ്‌നേഹം സൂക്ഷിച്ചിരുന്ന ഈ സ്ത്രീകള്‍ അവിടത്തെ അന്വേഷിച്ചിറങ്ങി.കല്ലറ മൂടിയിരുന്ന കല്ല് ആര് ഉരുട്ടിമാറ്റുമെന്ന ചോദ്യം അവരുടെ മനസ്സിലുണ്ട്. പക്ഷേ, അവര്‍ കണ്ടത് ഉരുട്ടിമാറ്റപ്പെട്ട കല്ലും തുറന്ന കല്ലറയുമാണ്. നമ്മുടെ എല്ലാ പ്രതിസന്ധികളുടെ നടുവിലും ഉത്ഥാനത്തിരുനാള്‍ നല്കുന്ന സന്ദേശം ഇതാണ്: എല്ലാ പ്രതിസന്ധിയും ഉരുട്ടിമാറ്റപ്പെടേണ്ട കല്ലുകളാണ്. ഒരു കല്ലും ഉരുട്ടിമാറ്റപ്പെടാതിരിക്കില്ല.
കര്‍ത്താവിന്റെ ഉത്ഥാനം നമുക്കു നല്കുന്ന ഏറ്റവും വലിയ ശക്തി, പരിഹരിക്കാന്‍ പറ്റാത്ത ഒരു പ്രതിസന്ധിയും നമ്മുടെ ജീവിതത്തിലില്ല എന്നതാണ്. ഈ സന്ദേശം നിങ്ങളോടു പങ്കുവയ്ക്കുമ്പോള്‍ സഭ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പല പ്രതിസന്ധികളെക്കുറിച്ചും എനിക്ക് ഓര്‍മ വരുന്നുണ്ട്. ഞാന്‍ ഈ ശുശ്രൂഷ നിര്‍വഹിക്കുമ്പോള്‍ എന്റെ മുമ്പിലുമുണ്ട്, ഈ പ്രതിസന്ധികള്‍ക്ക് ഒരു പരിഹാരമില്ലേ എന്ന ചോദ്യം. പരിഹരിക്കപ്പെടാത്തതായി ഒരു പ്രതിസന്ധിയുമില്ല എന്നതാണ് ഉത്തരം. ഒരു കല്ലും ഉരുട്ടിമാറ്റപ്പെടാതിരിക്കില്ല.
നമ്മുടെ കര്‍ത്താവ് എത്ര വ്യക്തിപരമായാണ് നാമോരോരുത്തരുമായി ബന്ധപ്പെടുന്നതെന്നോര്‍ക്കണം. കര്‍ത്താവിനെ തേടിപ്പോയ മഗ്ദലേനമറിയത്തെ കര്‍ത്താവു പേരുചെല്ലി വിളിക്കുന്നു: ''മറിയം!'' എത്ര ഹൃദ്യമായ ഇടപെടലാണത്. ഉത്ഥാനത്തിരുനാള്‍ നമുക്കു നല്കുന്ന ഒരു വലിയ സന്തോഷം, നമ്മുടെയൊക്കെ പ്രതിസന്ധികളില്‍ നമ്മെ പേരുചൊല്ലി വിളിക്കുന്ന ഒരു കര്‍ത്താവുണ്ട് എന്നതാണ്.
'മറിയം!' ആ പേരു കേട്ടപ്പോള്‍ സുപരിചിതമായ ശബ്ദമായി അവള്‍ക്ക് അനുഭവപ്പെട്ടു. അവള്‍ പറഞ്ഞു: ''കര്‍ത്താവേ!''ഒരു അപരിചിതത്വവും അവള്‍ക്കു തോന്നിയില്ല. എന്നൊക്കെയാണോ പ്രതിസന്ധികള്‍ കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുന്നത്, പ്രതിസന്ധികളുടെ തിരമാലകള്‍ സഭാനൗകയെ ആടിയുലയ്ക്കുന്നത്, അന്നൊക്കെ നാം ശ്രദ്ധിച്ചാല്‍ മനസ്സിലാകും, കര്‍ത്താവ് നമ്മെ പേരുചൊല്ലി വിളിക്കുന്നുണ്ടെന്ന്.
ചിലപ്പോഴൊക്കെ എന്റെ മനസ്സില്‍ തോന്നാറുള്ള ഒരു കാര്യമുണ്ട്; നാം ആഗ്രഹിച്ചതുപോലെയെല്ലാം കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ കര്‍ത്താവിന്റെ സാന്നിധ്യം നമുക്കു തിരിച്ചറിയാന്‍ കഴിയാറില്ല. ആഗ്രഹിച്ചതൊന്നും നടക്കാതെ വരുമ്പോഴും വഴിമുട്ടുമ്പോഴും ചെവിയോര്‍ത്താല്‍ കര്‍ത്താവ് നമ്മെ പേരുചൊല്ലി വിളിക്കുന്നതു കേള്‍ക്കാനാവും. കര്‍ത്താവ് നമ്മെ ഒരിക്കലും മറക്കുകയോ മാറ്റിനിര്‍ത്തുകയോ ചെയ്യുന്നില്ല. കര്‍ത്താവ് നമ്മോടുകൂടെ ഉണ്ടെന്നുള്ള ശുഭാപ്തിവിശ്വാസത്തിന്റെ തിരുനാളാണ് ഈസ്റ്റര്‍. കര്‍ത്താവ് എല്ലാവരോടും അറിയിക്കാനായി മറിയത്തെ പറഞ്ഞേല്പിച്ചത്, ഞാന്‍ മരണത്തെ കീഴടക്കി ഉത്ഥാനം ചെയ്തിരിക്കുന്നു എന്ന സദ്വാര്‍ത്തയാണ്.
ഒരു ക്രൈസ്തവന്‍ ലോകത്തിനു കൈമാറുന്ന സന്ദേശം ഉത്ഥാനത്തിന്റെ സന്ദേശമാണ്. എന്തൊക്കെ പ്രതിസന്ധികളുണ്ടായാലും, എന്തൊക്കെ അസ്വസ്ഥതകളുടെ നടുവിലായാലും, എന്റെയും നിങ്ങളുടെയും കൈകളില്‍ സൂക്ഷിക്കേണ്ട ഒരു പതാകയുണ്ട്: വിജയശ്രീലാളിതനായി ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിന്റെ പതാക. കര്‍ത്താവു നമുക്കു നല്കുന്ന സമാധാനം മറ്റുള്ളവര്‍ക്കുകൂടി കൊടുക്കാനുള്ളതാണ്. നമ്മുടെ കുര്‍ബാനയില്‍, 'സമാധാനം നമ്മോടുകൂടെ' എന്ന് എത്ര പ്രാവശ്യമാണ് നാം പറയുന്നത്! സമാധാനത്തിന്റെ സന്ദേശം കൈമാറാന്‍ കഴിയുന്നവര്‍ക്കാണ് വിശ്വാസം ജീവിതത്തില്‍ പ്രായോഗികമാക്കാന്‍ കഴിയുക. ജീവിതത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി എന്നു പറയുന്നത് സമാധാനം ആസ്വദിക്കാനും മറ്റുള്ളവര്‍ക്കു കൊടുക്കാനും കഴിയുക എന്നതാണ്. അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് ഇങ്ങനെ പ്രാര്‍ഥിച്ചു: ''എന്നെ നിന്റെ സമാധാനത്തിന്റെ ഉപകരണമാക്കണമേ. എവിടെയാണോ അന്ധകാരം, അവിടെ ഞാന്‍ പ്രകാശം പരത്തട്ടെ. എവിടെയാണോ അസ്വസ്ഥത, അവിടെ ഞാന്‍ ശാന്തി പകരട്ടെ. എവിടെയാണോ കൊടുങ്കാറ്റ്, അവിടെ ഞാന്‍ കുളിര്‍ത്തെന്നലാകട്ടെ. എവിടെയാണോ കാര്‍മേഘം, അവിടെ ഞാന്‍ തെളിഞ്ഞുകാണട്ടെ.''
സമാധാനം കൈമാറാനുള്ള നമ്മുടെ ഉത്തരവാദിത്വമാണ് ഉത്ഥാനത്തിരുനാള്‍ നമുക്കു നല്കുന്നത്. സമാധാനമില്ലാത്ത ലോകം, സമാധാനമില്ലാത്ത സമൂഹങ്ങള്‍, സമാധാനമില്ലാത്ത കുടുംബങ്ങള്‍, സമാധാനമില്ലാത്ത വ്യക്തികള്‍... ഇവിടെയൊക്കെ ഉത്ഥാനത്തിരുനാളിനു നല്കാനുള്ള ഏകസദ്വാര്‍ത്ത, നിങ്ങളുടെ കഷ്ടപ്പാടുകളുടെ നടുവില്‍ കര്‍ത്താവിന്റെ സമാധാനം നിങ്ങള്‍ക്കു കരഗതമാകും എന്നുള്ളതാണ്. കര്‍ത്താവിന്റെ സമാധാനത്തിനുവേണ്ടി നമുക്കു പ്രാര്‍ഥിക്കാം. സമാധാനം കൈമാറുന്ന ഉപകരണങ്ങളായി നാം തീരുന്നില്ലെങ്കില്‍ നമ്മുടെ ക്രൈസ്തവവിശ്വാസത്തിനു സമൂഹമധ്യത്തില്‍ അര്‍ഥമോ മൂല്യമോ ഇല്ല.
നമ്മള്‍ എല്ലായിടത്തും തോറ്റുകൊടുക്കുന്നവരാണ്. മാനസികമായി കണക്കു കൂട്ടിയാല്‍ നാം പലപ്പോഴും വിജയിക്കുന്നതിനെക്കാള്‍ കൂടുതലായി തോല്‍ക്കുന്നവരാണ്. തോല്‍വി ഉത്ഥാനത്തിന്റെ ആരംഭമാണ്. തോല്‍ക്കുന്നിടത്താണ് ഉത്ഥാനം വിജയക്കൊടി പാറിക്കുന്നത്. ഈ കാലഘട്ടം ഒരുപാട് അസ്വസ്ഥമാണ്. സാമ്പത്തികമായി വളരെ കഷ്ടനഷ്ടങ്ങള്‍ നമുക്കുണ്ട്. സാമുദായികമായി ഒരുപാടു വിഭജനങ്ങളുണ്ട്. സഭാത്മകമായും ധാരാളം കഷ്ടപ്പാടുകളും കണ്ണീരുമൊക്കെയുണ്ട്. ഇതിന്റെ നടുവിലും ഒരു പുതിയ ഉത്ഥാനത്തിരുനാള്‍ നാം ആഘോഷിക്കുകയാണ്. തുറക്കപ്പെട്ട കല്ലറയും ഉരുട്ടിമാറ്റപ്പെട്ട കല്ലുകളും കാണുന്നവരും അതു കാണാന്‍ മറ്റുള്ളവരെ ക്ഷണിക്കുന്നവരുമാണ് ക്രൈസ്തവര്‍.
ഉത്ഥാനത്തിരുനാള്‍ നാം കൊണ്ടാടുമ്പോള്‍ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ പ്രാര്‍ഥന നമ്മള്‍ പ്രായോഗികമാക്കണം: കര്‍ത്താവേ, എന്നെ നിന്റെ സമാധാനത്തിന്റെ ഉപകരണമാക്കണമേ.