പ്രാര്‍ഥനയ്ക്കുശേഷം മുറ്റത്തുനില്‍ക്കുന്ന പുത്രനെ നോക്കി വാതില്‍പ്പടി ചാരിനില്‍ക്കേ ഗലീലിയിലെ സന്ധ്യയ്ക്കു ചുവപ്പുനിറം കൂടുതലാണെന്ന് മറിയത്തിനു തോന്നി. അവളുടെ ചുണ്ടുകള്‍ നിശ്ശബ്ദമായി സങ്കീര്‍ത്തനം ഉരുക്കഴിച്ചു. സന്ധ്യയുടെ നേര്‍ത്ത കാറ്റില്‍ യേശുവിന്റെ മുടിയിഴകള്‍ നിരതെറ്റിപ്പടര്‍ന്നു. മുനിഞ്ഞുകത്തുന്ന വിളക്കിന്റെ വെളിച്ചത്തില്‍ ആ മുഖം ചുവന്നിരുന്നു. യേശുവിന്റെ മുഖം അസാധാരണമാംവിധം അശാന്തമാണോയെന്ന് മറിയം ചിന്തിച്ചു.
''അത്താഴത്തിനു സമയമായോ നിനക്ക്?'' മറിയം ചോദിച്ചു.
''അല്പം കഴിയട്ടെ...''
ഒന്നു നിര്‍ത്തിയിട്ട് യേശു തുടര്‍ന്നു:
''ജറുസലെമിലേക്കു പോകാന്‍ ഒരുങ്ങുകയാണു ഞാന്‍.''
മറിയത്തിന്റെ കണ്ണുകളിലേക്കു നോക്കിക്കൊണ്ടാണ് യേശു പറഞ്ഞത്.
ഒരാശങ്കയില്‍ മറിയത്തിന്റെ കണ്ണുകള്‍ ചുരുങ്ങി. സ്‌തോഭം പുറത്തുകാണിക്കാതെ ശിരോവസ്ത്രം ഒതുക്കിവച്ചുകൊണ്ടിരുന്ന അവളുടെ വിരലുകള്‍ പതറി.
''ജറുസലെമിലേക്കുള്ള യാത്ര... അറസ്റ്റുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ഇന്നലെ ആരോ പറയുന്നതു കേട്ടു... അവിടിപ്പോള്‍ നിന്റെകൂടെ നില്‍ക്കാന്‍ ഗലീലിയക്കാര്‍ കുറവായിരിക്കും. പെസഹാ വരുന്നതുകൊണ്ട് നല്ല തിരക്കുമാവും... അറസ്റ്റുണ്ടായാല്‍ ഉടനെങ്ങാനും പിന്നെ...''
ആശങ്കയുടെ അര്‍ധോക്തിയില്‍ മറിയം നിര്‍ത്തി.
''തിരിച്ചുവരുന്ന കാര്യം അല്ലേ?'' യേശു പുഞ്ചിരിയോടെ ചോദിച്ചു.
''തിരിച്ചുവരുന്ന കാര്യമൊന്നും പറയാന്‍ പറ്റില്ല അമ്മേ... അമ്മയും ഒരുങ്ങിക്കോളൂ... നാളെ രാവിലെ പുറപ്പെടണം.''
''ജറുസലെമില്‍ വന്നിട്ട് ഞാന്‍...''
''ജറുസലെമിലേക്ക് ഇപ്പോള്‍ വേണ്ട... അമ്മയെ ബഥാനിയായില്‍ മാര്‍ത്തയുടെ വീട്ടിലാക്കിയിട്ടേ ഞാന്‍ പോകൂ... അമ്മയിവിടെ ഒറ്റയ്ക്ക്... അതു ശരിയാവില്ല.''
മറിയം തലയാട്ടി. കണ്ണുകളില്‍ വേദനയുടെ ഒരു മിന്നലൊളി മറഞ്ഞു. അമര്‍ത്തിക്കടിച്ചുപിടിച്ച ചുണ്ടുകളില്‍ പല്ലുകളമര്‍ന്നു പൊട്ടുമെന്നു തോന്നി.
''ഞാനൊന്നു നടന്നിട്ടുവരാം.''
യേശു പടികടന്ന് തെരുവിലേക്കു നടന്നു. മകന്‍ കണ്‍മുമ്പില്‍നിന്നു മറഞ്ഞപ്പോള്‍ മറിയം നിലത്തേക്കൂര്‍ന്ന് മുട്ടുകാലില്‍ മുഖം പൂഴ്ത്തിയിരുന്നു. മുമ്പും ഭയന്നോടിയിട്ടുണ്ട്.
പ്രസവത്തിന്റെ വേദന മായുംമുമ്പേ കുരുന്നുജീവന്‍ രക്ഷിക്കാന്‍ ജോസഫിന്റെ കരങ്ങളില്‍ചേര്‍ന്നുള്ള പലായനം. ഹെബ്രോണ്‍ കടന്ന് അങ്ങു ഗാസയിലെത്തിയപ്പോഴാണ് സമാധാനമായി ഒരിറ്റു വെള്ളമോ ഒരിറക്കു ഭക്ഷണമോ ഉള്ളില്‍ചെല്ലുന്നത്.
അലറിയടുക്കുന്ന വാള്‍മുനകള്‍മാത്രമായിരുന്നു ഉള്ളുനിറയെ.
പിന്നെ, ഈജിപ്തില്‍ ആശങ്കകളൊഴിയാത്ത അജ്ഞാതവാസം. വീണ്ടും തിരികെ ഇവിടെ...
ഇനി കാത്തിരിക്കുന്ന വേദന എത്രത്തോളം താങ്ങാനാവും?
തീവ്രവേദനയുടെ മുള്‍പ്പടര്‍പ്പില്‍ അങ്ങനെ എത്രനേരം കിടന്നുവെന്ന് മറിയം അറിഞ്ഞില്ല. എപ്പോഴോ പുറത്തുനിന്ന് കാലില്‍ വെള്ളമൊഴിച്ചു കഴുകുന്ന സ്വരം കേട്ട് അവള്‍ തിടുക്കത്തില്‍ എഴുന്നേറ്റു. ശിരോവസ്ത്രം നേരേയാക്കി, മുഖം തുടച്ചു. മേശമേല്‍ അത്താഴം വിളമ്പി.
അത്താഴമേശയിലിരുന്ന യേശു മറിയത്തിന്റെ കൈപിടിച്ചു.
''ഇന്ന് അമ്മയും ഒപ്പമിരിക്ക്... ഒരുമിച്ചു കഴിക്കാം.''
ഒപ്പമിരുന്ന മറിയം വേദന പടര്‍ന്ന പുഞ്ചിരിയോടെ മകനെ നോക്കി.
''നിന്നെക്കുറിച്ച് ആധിയൊടുങ്ങുന്നില്ലല്ലോ മകനേ...''
യേശു കുസൃതി നിറഞ്ഞ പുഞ്ചിരിയോടെ അപ്പമടര്‍ത്തി വായില്‍വച്ചു. മറിയത്തിന്റെ മനസ്സ് അപ്പോള്‍ ദൈവാലയത്തില്‍ യേശുവിനെ കാണാതായ ദിനങ്ങളിലായിരുന്നു. അനുഭവിച്ച ആധിയുടെ ആഴങ്ങളില്‍ ശ്വാസം നിലച്ചപോലെയിരുന്നു അന്ന്. വേദനയില്‍ ചോര വാര്‍ന്നൊഴുകുന്ന ഹൃദയവുമായി അന്നലഞ്ഞത്... ഒടുവില്‍ ദൈവാലയത്തില്‍ കണ്ടെത്തിയത്... ഇനിയൊരു കണ്ടെത്തലുണ്ടാവുമോ? എന്താണു സംഭവിക്കാന്‍ പോകുന്നതെന്ന് അവനു നന്നായി അറിയാം. പക്ഷേ, ഒന്നും പറയില്ല.
ഉറക്കമകന്ന കണ്‍പോളകള്‍ ചിമ്മിക്കിടന്ന മറിയത്തിന്റെ ഹൃദയം ചിറകൊടിഞ്ഞ പക്ഷിയെപ്പോലെ തളര്‍ന്നു. ജോസഫിന്റെ മരണം സൃഷ്ടിച്ച ശൂന്യത തന്നെ എത്രത്തോളം ദുര്‍ബലയാക്കുന്നുവെന്ന് മറിയം അപ്പോള്‍ തിരിച്ചറിയുകയായിരുന്നു. ഒന്നു ചേര്‍ന്നിരുന്നു കരയാന്‍പോലും ആരുമില്ല.
പുലര്‍ച്ചെ കഴുതപ്പുറത്ത് ഭാണ്ഡം മുറുക്കിക്കൊണ്ടിരുന്ന യേശുവിന്റെ ചുമലില്‍ മറിയം തൊട്ടു.
''അവരാരുമില്ലേ?''
ശിഷ്യന്മാരെക്കുറിച്ചാണ്. ബെഥാനിയായിലേക്കുള്ള യാത്രയെക്കുറിച്ചുമാത്രമല്ല അമ്മ ചോദിച്ചത് എന്ന് യേശുവിനു മനസ്സിലായി. ജറുസലെമിനു താന്‍ തനിച്ചാണോ പോകുന്നത് എന്ന ആശങ്ക... ബലം കൊടുക്കാനെന്നവണ്ണം യേശു മറിയത്തിന്റെ കൈകളില്‍ അമര്‍ത്തിപ്പിടിച്ചു.
''അവര്‍ ബഥാനിയായില്‍ ചേരും. അതുവരെ നമ്മള്‍ മതി.''
യേശു മറിയത്തെ എടുത്ത് കഴുതപ്പുറത്തിരുത്തി. കുളിരാര്‍ന്ന മഞ്ഞില്‍ നസ്രത്തിലെ ഭവനം അവര്‍ക്കു പിന്നില്‍ മറഞ്ഞകന്നു.
ബഥാനിയായില്‍ മര്‍ത്തയും മറിയവും ഭക്ഷണമൊരുക്കി കാത്തിരുന്നു. എല്ലാം നേരത്തേ പറഞ്ഞൊരുക്കിയിട്ടാണ് യേശു തന്നെ ഇങ്ങോട്ടു കൊണ്ടുവന്നതെന്ന് മറിയത്തിനു മനസ്സിലായി.
യേശു ജറുസലെമിലേക്കു പോകാനൊരുങ്ങവേ, ലാസറിനെ കെട്ടിപ്പിടിച്ച് യാത്ര പറയുമ്പോഴും അവന്റെ കണ്ണുകള്‍ കരുണയോടെ തന്റെ നേര്‍ക്കായിരുന്നുവെന്ന് മറിയം തിരിച്ചറിഞ്ഞു. യേശു നടന്നകലുമ്പോള്‍ അവന്റെ പാദങ്ങളില്‍ പുരണ്ട മണ്‍തരികള്‍പോലും എത്ര സ്‌നേഹത്തോടെയാണ് അവിടെ പറ്റിച്ചേര്‍ന്നിരിക്കുന്നതെന്ന് അവള്‍ക്കു തോന്നി.
ഉള്ളില്‍ ആകുലതയുടെയും അസ്വസ്ഥതയുടെയും നെരിപ്പോടെരിയുമ്പോള്‍ മറിയം സങ്കീര്‍ത്തനങ്ങളില്‍ ശാന്തയാകാന്‍ ശ്രമിച്ചു. യേശു രാജകീയമായി ജറുസലെമില്‍ പാദങ്ങള്‍ ചവിട്ടി എന്നു കേട്ടപ്പോള്‍ മറിയം ഒന്നു നെടുവീര്‍പ്പിട്ടു. കണ്ണുകളുയര്‍ത്തി ആകാശത്തേക്കു നോക്കി. ദൈവമേ...
മകനു പിറകേ ജറുസലെമിലേക്കുള്ള യാത്രയ്ക്ക് മറിയം ഒരുങ്ങവേ ബഥാനിയാ ശാന്തമായിരുന്നു. അങ്ങകലെ കാല്‍വരിയില്‍ അപ്പോള്‍ സൂര്യന്‍ ചുവക്കുന്നത് അവള്‍ കണ്ടില്ല.