•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കവര്‍‌സ്റ്റോറി

ഇന്ത്യയെ നേടാന്‍ ഇന്ത്യാസഖ്യത്തിനാവുമോ?

  • അനില്‍ ജെ. തയ്യില്‍
  • 18 April , 2024

ആശയങ്ങളെ ആശയങ്ങള്‍കൊണ്ടു നേരിടാനുള്ള ആശയസംഹിതകളില്ലാത്ത ഒരു പാര്‍ട്ടി ഭരിക്കുന്ന ആധുനിക ഇന്ത്യയില്‍ ആശയപോരാട്ടങ്ങള്‍ക്കപ്പുറം രാഷ്ട്രീയശത്രുതയുടെയും അതു വ്യക്തിനിഷ്ഠമായി മാറുന്ന നിര്‍മാര്‍ജനരാഷ്ട്രീയത്തിന്റെയും പകിടകളിക്കാണ് നിര്‍ഭാഗ്യവശാല്‍ നാം സാക്ഷികളാവുന്നത്. 37.36 ശതമാനം മാത്രം വോട്ടുപ്രാതിനിധ്യമുള്ള ബിജെപി എന്ന രാഷ്ട്രീയപ്പാര്‍ട്ടിയുടെ നയരൂപീകരണത്തിന് ഇരകളാണ് ബാക്കി ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യാക്കാരും എന്നതുദയനീയസ്ഥിതിതന്നെയാണ്. അതുതന്നെയാണ്, പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഗാന്ധിജിയുടെ ഫോട്ടോയ്‌ക്കൊപ്പം ഗാന്ധിവധത്തിലെ ആറാം പ്രതിയായ സവര്‍ക്കറിന്റെ ഫോട്ടോ സ്ഥാപിച്ചതിലൂടെ നാം മനസ്സിലാക്കേണ്ട ദുരന്തവും. 400 എന്ന മാന്ത്രികസംഖ്യയിലേക്കുള്ള ആര്‍ത്തിനിറഞ്ഞ ഓട്ടത്തില്‍ സമനില തെറ്റിയ ബിജെപിക്ക് അടിപതറുന്നുവോ?
അഹങ്കാരക്കുതിപ്പില്‍ ഉന്മാദിയായ മോദിക്കു കാലിടറിത്തുടങ്ങുന്നുവോ? എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) ഉപയോഗിച്ചുള്ള വേട്ടയാടല്‍ പലയിടങ്ങളിലും ബിജെപിയുടെ പ്രതിച്ഛായയ്ക്കു മങ്ങലേല്പിച്ചുതുടങ്ങിയിട്ടുണ്ട്. ബിജെപിപാളയത്തില്‍ അഭയം തേടുന്നവര്‍ അതോടെ സംശുദ്ധരാകുന്ന 'വാഷിങ് പൗഡര്‍ മാജിക്' എതിര്‍കക്ഷികള്‍ക്ക് ബിജെപി തങ്ങളെ അടിക്കാന്‍ കൊടുത്ത വടിയായി മാറിയെന്നതാണു വാസ്തവം.
ഇലക്ടറല്‍ ബോണ്ട് നാടകത്തിലൂടെ ബിജെപി സൃഷ്ടിച്ച സംശുദ്ധിയുടെ പുകമറ സുപ്രീംകോടതിയുടെ ഇടപെടലോടെ ഇല്ലാതായി. 6500 കോടിയോളം രൂപ കുത്തകകളുടെ താത്പര്യസംരക്ഷണാര്‍ഥവും ഭീഷണിയിലൂടെയും ബിജെപി ബോണ്ടുവഴി നേടി എന്നത് അവരുടെ പ്രതിച്ഛായയ്ക്ക് ഒട്ടൊന്നുമല്ല മങ്ങലേല്പിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ ഈ വേളയില്‍ത്തന്നെ അരവിന്ദ് കേജ്‌രിവാളിനെ അഴിമതിയാരോപിച്ച് അഴിക്കുള്ളിലാക്കിയതും ബിജെപിക്കു വിപരീതഫലമാണു സമ്മാനിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ വിദ്യാസമ്പന്നരും കേജ്‌രിവാള്‍ ഭരണത്തിന്റെ സദ്ഫലങ്ങള്‍ ആസ്വദിക്കുന്നവരുമായ ഉപരിവര്‍ഗ - മധ്യവര്‍ഗ ഡല്‍ഹി ജനതയുടെ തീരുമാനങ്ങള്‍ ബിജെപിക്ക്  എതിരാകാനേ ഈ നീക്കംകൊണ്ടു സാധിക്കൂ. രണ്ടുവര്‍ഷമായി ഇ.ഡി അന്വേഷണം
നടത്തുന്ന ഈ കേസില്‍ കഴിഞ്ഞ ആറുമാസമായി ജയിലിലായിരുന്ന ആം ആദ്മി പാര്‍ട്ടി മുന്‍മന്ത്രി സഞ്ജയ് സിങ്ങില്‍ ആരോപിച്ചിരുന്ന കുറ്റമനുസരിച്ച് ഒരു രൂപ പോലും കണ്ടെത്താന്‍ സാധിച്ചില്ല എന്ന കുറ്റപ്പെടുത്തലോടെ കോടതി ജയില്‍ മോചിതനാക്കിയതും, കേജ്‌രിവാളിന്റെ അറസ്റ്റില്‍ ലോകരാജ്യങ്ങള്‍ ആശങ്ക രേഖപ്പെടുത്തിയതും ബിജെപിയുടെ വേട്ടയാടല്‍നയത്തിനു തിരിച്ചടിയായി.
ഉത്തരേന്ത്യന്‍സംസ്ഥാനങ്ങളില്‍ നിലവില്‍ മേല്‍ക്കൈ ഉïെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളും കയ്യാളിയ ഹരിയാന, ബീഹാര്‍ സംസ്ഥാനങ്ങളില്‍ മുന്നണി പടലപിണക്കങ്ങള്‍ ഏറെയുണ്ട് എന്നത് അവരെ ആശങ്കാകുലരാക്കുന്നുണ്ട്. ഹരിയാനയില്‍ സ്ഥാനാര്‍ഥിനിര്‍ണയംപോലും കീറാമുട്ടിയായിരുന്നു. ജാര്‍ഖണ്ഡും ഉത്തരാഖണ്ഡും വലിയ ചാഞ്ചാട്ടങ്ങളില്ലാതെ നില്‍ക്കുമ്പോള്‍ കഴിഞ്ഞതവണ തൂത്തുവാരിയ രാജസ്ഥാനില്‍ അവസ്ഥ അത്രകണ്ടു ശുഭോദര്‍ക്കമല്ല. ശക്തിയാര്‍ജിച്ച വിമതശബ്ദങ്ങള്‍തന്നെ കാരണം. കോണ്‍ഗ്രസില്‍ നിന്നു ബിജെപിയിലേക്കു മലവെള്ളം പോലെ നേതാക്കളും അണികളും ഒഴുകുന്ന മധ്യപ്രദേശിലെ ആത്മവിശ്വാസം പക്ഷേ, പല വടക്കുകിഴക്കന്‍സംസ്ഥാനങ്ങളിലുമില്ല. ത്രിപുരയും അസ്സമും  മാത്രമാണ് അപവാദം. മണിപ്പൂര്‍പ്രശ്‌നം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത് കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്
എന്നതുകൊണ്ട് അത് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയെ ഏറെ ദോഷകരമായി ബാധിക്കുമെന്നും കരുതാനാവില്ല. ദക്ഷിണേന്ത്യയില്‍ കര്‍ണാടകയിലല്ലാതെ മറ്റൊരിടത്തും ശക്തിയില്ലാത്ത ബിജെപിക്ക് പിന്നെ ആകെ സാന്നിധ്യമുള്ളത് തെലങ്കാനയില്‍മാത്രമാണ്. കര്‍ണാടകയില്‍ മൃഗീയഭൂരിപക്ഷമുള്ള ബിജെപി, പക്ഷേ, കടുത്ത വിമതശല്യത്തിന്റെ പശ്ചാത്തലത്തില്‍ ആ മിന്നുംവിജയം നിലനിര്‍ത്തുമോ എന്നു സംശയിക്കണം. കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് കടുത്ത ബിജെപിഭക്തര്‍ പോലും പ്രതീക്ഷിക്കുന്നില്ല. ദാനധര്‍മപ്രചാരണങ്ങള്‍ക്കും വെള്ളിത്തിരയിലെ സൂപ്പര്‍ ഹീറോ ഇമേജിനുമൊക്കെ അപ്പുറമാണ് പ്രായോഗികരാഷ്ട്രീയത്തിന്റെ പോര്‍ക്കളം എന്നതുതന്നെ കാരണം. ഒപ്പം നില്‍ക്കാന്‍ അണിയായി ഒറ്റയാള്‍പോലുമില്ലാത്ത അനില്‍ ആന്റണിയും പത്മജയും ഒക്കെ രാഷ്ട്രീയപരമായി കേരളത്തിന് ഒരു തമാശമാത്രമാണ്. തമിഴ്‌നാട്ടിലാവട്ടെ ഡിഎംകെയോട് എതിര്‍ത്തൊരു നേട്ടം ഈ സാഹചര്യത്തില്‍ ബിജെപിക്ക്
അചിന്ത്യമാണ്. അങ്ങനെ പൊതുവില്‍ ഒരു വലിയ മുന്നേറ്റം സാധ്യമല്ലാത്ത ബിജെപി മുന്‍ നാളുകളിലെന്നപോലെ ഒരു പുല്‍വാമയോ ബാല്‍ക്കോട്ടോ ഒക്കെ സംഭവിപ്പിച്ച് വിജയത്തിന് ആക്കംകൂട്ടാന്‍ ശ്രമിക്കുമോ എന്നുകൂടി ചിന്തിക്കണം.
അധികാരത്തിലേക്കുള്ള യാത്രയില്‍ മാര്‍ഗം എത്ര ഹീനമായാലും അവര്‍ക്കു കുഴപ്പമില്ല. ഇന്ത്യ എന്ന രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ചെറുവിരല്‍ പോലും അനക്കാത്തവര്‍ തുടര്‍ച്ചയായ മൂന്നാം വട്ടവും രാജ്യഭരണം കയ്യാളാന്‍ ഒരുങ്ങുന്നു എന്നതിന്റെ വൈരുധ്യം ഒരു ജനതയ്ക്ക് അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരികളെയേ ലഭിക്കൂ എന്നതുതന്നെയാണോ?
മറുവശത്ത്, ഇന്ത്യാസഖ്യത്തിന്റെ നിലനില്പിനായി കോണ്‍ഗ്രസ് ഏറെ വിട്ടുവീഴ്ചകള്‍ ചെയ്തുകഴിഞ്ഞു. 300 ല്‍ താഴെ സീറ്റുകളില്‍മാത്രമാണ് അവര്‍ മത്സരിക്കുന്നത്. ദക്ഷിണേന്ത്യയില്‍ കേരളവും തമിഴ്‌നാടും തൂത്തുവാരുമെന്നു പ്രതീക്ഷിക്കുന്ന ഇന്ത്യാസഖ്യം,കര്‍ണാടകയിലും തെലങ്കാനയിലും പത്തിലേറെ സീറ്റുകള്‍ ലക്ഷ്യം വയ്ക്കുന്നു. രണ്ടിടത്തും നിയമസഭാതിരഞ്ഞെടുപ്പുകളില്‍ നേടിയ വിജയമാണ് പ്രതീക്ഷയുണര്‍ത്തുന്നത്. ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും നേര്‍ക്കുനേര്‍ വരുന്ന ആന്ധ്രയില്‍ വലിയ പ്രതീക്ഷയൊന്നും ഇന്ത്യാസഖ്യം വച്ചു പുലര്‍ത്തുന്നില്ല. വലിയ സംസ്ഥാനമായ മഹാരാഷ്ട്രയില്‍ വലിയ പ്രതീക്ഷകളാണ് സഖ്യം പുലര്‍ത്തുന്നത്. എന്‍സിപി യിലും ശിവസേനയിലും സംഭവിച്ച പിളര്‍പ്പ് ബിജെപിക്കു ദോഷം ചെയ്യുമ്പോള്‍ എന്‍സിപി ശരത്പവാര്‍പക്ഷവും ശിവസേനയുടെ താക്കറെപക്ഷവും ഒപ്പമുള്ളത് ഇന്ത്യാസഖ്യത്തിനു ഗുണം ചെയ്യും.
എന്നാല്‍, സഖ്യത്തില്‍നിന്നു മുഖംതിരിച്ച് മുഴുവന്‍ സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കു മത്സരിക്കുന്ന ബംഗാളില്‍ കോണ്‍ഗ്രസും ഇടതുമുന്നണിയും ഒരുമിച്ച് അവര്‍ക്കെതിരേ മത്സരിക്കേണ്ടി വരുന്നത് ബിജെപിവിരുദ്ധ വോട്ടുകള്‍ ചിതറിക്കും. അത് ബിജെപിയുടെ വോട്ടുവിഹിതം വര്‍ദ്ധിപ്പിക്കാന്‍ ഇടവരുത്തും. ഒഡീഷയും മധ്യപ്രദേശും സഖ്യത്തിനു വലിയ പ്രതീക്ഷയൊന്നും നല്‍കുന്നില്ല. നിയമസഭാതിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ തളര്‍ത്തിയിട്ടുണ്ട്. ബിജെപിയിലെ വിമതശല്യമാണ് ഇവിടെ സഖ്യത്തിന്റെ ഏകപ്രതീക്ഷ. ഉത്തര്‍പ്രദേശില്‍ ഒരദ്ഭുതവും സഖ്യം പ്രതീക്ഷിക്കുന്നില്ല. യോഗി ആദിത്യനാഥ് തനിയെ എടുത്ത ചില തിരഞ്ഞെടുപ്പുതീരുമാനങ്ങള്‍ ഒരു വിഭാഗം ബിജെപി അണികളില്‍ ചെറിയ നിഷ്ടമുളവാക്കിയിട്ടുണ്ടെങ്കിലും അതൊന്നും തിരഞ്ഞെടുപ്പില്‍ നിര്‍ണായകമല്ല. ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യം വോട്ടു ചിതറുന്നതു തടയുമെങ്കിലും അവിടെ മോദിപ്രഭാവത്തിനു തടയിടാനുതകുകയില്ല എന്നതു സത്യംതന്നെ. അതേസമയം, പഞ്ചാബില്‍ ആം ആദ്മിയുമൊത്തുള്ള സഖ്യം ഒരു മുന്നേറ്റത്തിനു വഴിതുറന്നേക്കാം. കേജ്രിവാളിനെ ജയിലില്‍ അടച്ചത് തങ്ങള്‍ക്ക് അനുകൂലമായി തിരിച്ചുവിടാന്‍ ഇന്ത്യാസഖ്യത്തിനു കഴിയണം; ഒപ്പം, കര്‍ഷകമുന്നേറ്റത്തെയും. കാശ്മീരില്‍ സഖ്യത്തിന് ഒരു സമവായത്തിലെത്താന്‍ കഴിയാതിരുന്നതിനു കാരണം പ്രത്യേകപദവി റദ്ദാക്കിയതു പോലുള്ള പ്രശ്‌നങ്ങളൊന്നും ഗുണകരമായി പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല. ഇവിടെ നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയുമായിനേരിട്ടു പോരാടേണ്ടിവരുന്നത് വോട്ടു ചിതറല്‍ സംഭവിക്കാന്‍ കാരണമാകുന്നു. പക്ഷേ, ഒന്നുണ്ട്: ഇന്ത്യാസഖ്യം ശക്തമാകേണ്ടിയിരിക്കുന്നു. ദേശീയതാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ അത് അത്യാവശ്യമാണെന്നതുപോലെ, അധികാരഗര്‍വില്‍ ഏകാധിപത്യത്തിലേക്കു നടന്നടക്കുന്ന ഒരു ഭരണകൂടത്തിനെതിരേ ശക്തമായ പ്രതിപക്ഷം ഉണ്ടാവേണ്ടത് അനിവാര്യമാണ്. കാരണം, ഭരണഘടന മാറ്റിയെഴുതും എന്നതുപോലുള്ള ചില പ്രഖ്യാപനങ്ങള്‍ ഇപ്പോള്‍ ഒറ്റപ്പെട്ട നാവുകളില്‍നിന്നാണെന്നു തോന്നുമെങ്കിലും അതൊരു യാഥാര്‍ഥ്യത്തിലേക്കുള്ള വഴിത്താരയിലെ പദചലനങ്ങളാവാം.

 

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)