•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കഥ

ഒരു മുഖം മാത്രം

  • കാരിത്തടം വര്‍ക്കി
  • 15 October , 2020


റോഡിലൂടെ വേഗത്തില്‍ വാഹനങ്ങള്‍ പാഞ്ഞുപൊയ്‌ക്കൊണ്ടിരുന്നു. കോണ്‍ക്രീറ്റ്പാലത്തിന്റെ കൈപ്പിടിക്കരികിലൂടെ അയാള്‍ നടന്നുനീങ്ങി. ഒട്ടും ശാന്തമല്ലാതെ പുഴ കുത്തിയൊഴുകുകയാണ്. കുറച്ചുമുമ്പ് പെയ്തു തീര്‍ന്ന മഴ കാരണമായിരിക്കാം പുഴയിലെ വെള്ളം കലങ്ങിയിരുന്നു, അയാളുടെ മനസ്സുപോലെ. ആ പ്രദേശം അയാള്‍ക്കു തികച്ചും അപരിചിതമായിരുന്നു. അയാളുടെ മുഖം ദയനീയമായിരുന്നു. പല നാടുകള്‍ താണ്ടി, പല മനുഷ്യരെയും പിന്നിട്ട് ഇവിടെവരെയെത്തി. എന്നിട്ടും എവിടെയും ഒരു ആശ്രയം കിട്ടിയില്ല. ഒരു തുണിസഞ്ചി മാത്രം കൈയില്‍, കൂട്ടെന്നു പറയാന്‍ സ്വന്തം നിഴല്‍മാത്രം. തനിക്കെ തിരേ വീശുന്ന കാറ്റിനെ അതിജീവിച്ച് അയാള്‍ നടന്നുകൊണ്ടിരുന്നു.
പാലത്തിനപ്പുറമുള്ള ചായക്കട അയാളുടെ ശ്രദ്ധയില്‍പ്പെട്ടു. കണ്ഠം വരണ്ടുതുടങ്ങിയിരുന്നു. അയാള്‍ തന്റെ കാലുകളുടെ വേഗം കൂട്ടി, ചായക്കടയുടെ പുറത്തെ ബെഞ്ചില്‍ അയാള്‍ ശാന്തനായി ഇരുന്നു. ചായയ്ക്കു പറഞ്ഞിട്ട് ദീര്‍ഘനിശ്വാസത്തോടെ മുഖം കുനിച്ചിരുന്നു. താടിരോമങ്ങള്‍ ചൊറിഞ്ഞുകൊണ്ട് ഏകനായിരുന്ന അയാളുടെ ഓര്‍മ്മകള്‍ പിന്നോട്ടോടി.
ഒരുപാട് സമ്പത്തൊന്നുമില്ലെങ്കിലും തന്റെ സ്‌നേഹം തിരിച്ചറിഞ്ഞ് അവള്‍ ഇറങ്ങിവന്നു. അത് എല്ലാം ഉപേക്ഷിച്ചുകൊണ്ടുള്ള വരവായിരുന്നു. ചോര്‍ന്നൊലിക്കുന്ന ആ ഒറ്റമുറിവീട്ടില്‍ തന്നോടൊപ്പം നിലത്തുകിടന്നുറങ്ങിയപ്പോഴും അവള്‍ തന്നെ ദേഷ്യത്തോടെ നോക്കിയിട്ടില്ല. തുച്ഛമായ വേതനംകൊണ്ട് ജീവിതം ഉന്തിത്തള്ളി നീക്കുമ്പോഴും അവളുടെ അധരങ്ങള്‍ പരാതിക്കോ പരിഭവത്തിനോ ചലിച്ചിട്ടില്ല. ആഡംബരസമൂഹത്തിനു നടുവില്‍ ജീവിക്കുമ്പോഴും അവള്‍ ഒന്നും ആഗ്രഹിച്ചിരുന്നില്ല. അവള്‍ തന്റെ പഴയ ജീവിതത്തെ ഒരിക്കലും കൊതിയോടെ ഓര്‍ത്തിട്ടില്ല. സ്‌നേഹിക്കാന്‍ മാത്രമറിയുന്ന ആ മനസ്സ് എപ്പോഴോ തന്റേതു മാത്രമാകുകയായിരുന്നു. തങ്ങള്‍ സ്‌നേഹിച്ചുതുടങ്ങിയ കാലംമുതല്‍തന്നെ അവള്‍ക്ക് തന്നെക്കുറിച്ച് അറിയാമായിരുന്നു. ഒരിക്കലും ഒന്നാകില്ലെന്നറിഞ്ഞിട്ടും ഒന്നായാല്‍ത്തന്നെ ജീവിതം സുഖകരമായിരിക്കില്ലെന്നറിഞ്ഞിട്ടും അവള്‍ തന്നെ സ്‌നേഹംകൊണ്ടു കീഴടക്കി. വീട്ടുകാരെല്ലാം എതിര്‍ത്തിട്ടും ഇറങ്ങിവന്നു. അവള്‍ക്കുവേണ്ടിയുള്ളതായിരുന്നു പിന്നീട് തന്റെ ജീവിതം. ഒരിക്കലും നിനക്കു കരയേണ്ടിവരില്ല എന്ന് അവള്‍ക്കു വാക്കുകൊടുത്തപ്പോഴും തനിക്ക് അതേപ്പറ്റി സംശയമുണ്ടായിരുന്നു. 
''ചേട്ടാ ചായ.'' കടക്കാരന്‍ അയാളുടെ നേരേ ചായഗ്ലാസ് നീട്ടി. ക്ഷീണിച്ച കൈകളോടെ അയാള്‍ അതു വാങ്ങി. അവന്റെ മുഖത്തേക്കു നോക്കി. എങ്കിലും അവനതു ശ്രദ്ധിക്കാതെ അകത്തേക്കു  കയറിപ്പോയി. വൈകുന്നേരമായതുകൊണ്ട് കടയില്‍ നല്ല തിരക്കുണ്ട്. ശബ്ദമുഖരിതമായ അന്തരീക്ഷത്തിലും അയാള്‍ ഏകനായിരുന്നു.
ഒന്നരവര്‍ഷത്തിനുശേഷം തങ്ങളുടെ വീട്ടില്‍ പുതിയൊരു അതിഥിയെത്തി. കുഞ്ഞിനെ നന്നായി വളര്‍ത്താന്‍ കഴിയാത്ത ഒരു പിതാവായി താന്‍ മാറരുതെന്നു കരുതി രാപകലില്ലാതെ ഓടി. ഒരിക്കല്‍ പണി കഴിഞ്ഞ് സന്ധ്യയ്ക്കു വീട്ടിലെത്തിയപ്പോള്‍ അവള്‍ ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. അവളുടെ കണ്ണുകളില്‍നിന്ന് ഇറ്റുവീണ ആ കണ്ണുനീര്‍ത്തുള്ളികളുടെ കാരണവും താനറിഞ്ഞു. രണ്ടു വര്‍ഷത്തിനുശേഷം സ്വന്തം വീട്ടില്‍ തിരിച്ചെത്താനുള്ള അനുവാദം കിട്ടിയിരിക്കുന്നു. അവളോടൊപ്പം താനും സന്തോഷിച്ചു. പക്ഷേ, എവിടെയോ ഒരു അപകര്‍ഷതാബോധം തന്നെ വേട്ടയാടി. അവള്‍ക്ക് വീട്ടില്‍ പോകാന്‍ സന്തോഷമായിരുന്നു. അനാഥനായിരുന്ന തനിക്ക് അവളുടെ സന്തോഷത്തിന്റെ ആഴമളക്കാന്‍ കഴിഞ്ഞില്ല. ആ യാത്രയില്‍ തന്റെ മനസ്സ് മറ്റെവിടേക്കോ പോയത് താനറിഞ്ഞില്ല. ആ യാത്രയില്‍ അവളെയും കുഞ്ഞിനെയും നഷ്ടപ്പെടുമെന്നു വിചാരിച്ചില്ല. വേഗത്തില്‍ വന്ന ഒരു ബസിന്റെ മുമ്പില്‍ ഭാര്യയും കുഞ്ഞും ഇല്ലാതാകുമ്പോള്‍ ചലിച്ചുകൊണ്ടിരുന്ന മൊബൈല്‍ ക്യാമറക്കണ്ണുകള്‍ക്കിടയില്‍ നിസ്സഹായനായി താന്‍ കിടന്നു. തികച്ചും ഏകനായി മാറിയ തന്റെ വേദനകള്‍ക്കുള്ളില്‍ അവര്‍ അടക്കപ്പെട്ടു. ഇന്ന് താന്‍ തികച്ചും ഏകനാണ്.
ചൂടാറിത്തുടങ്ങിയ ചായ അയാള്‍ ചുണ്ടോടടുപ്പിക്കുമ്പോഴും അയാളുടെ കണ്ണുകളില്‍നിന്നു കണ്ണുനീര്‍ വീണുതുടങ്ങി. അയാള്‍ പകുതി കുടിച്ച ആ ഗ്ലാസ്സ് ബെഞ്ചിന്മേല്‍ വച്ച് അവശതയോടെ എണീറ്റു. ചായയുടെ കാശു കൊടുത്തിട്ട് അയാള്‍ റോഡിലേക്കു നടന്നു. പെട്ടെന്നൊരു ബസ് അയാളുടെ അരികിലൂടെ പാഞ്ഞുപോയി. താന്‍ മറക്കാനാഗ്രഹിക്കുന്ന ആ ദുരന്തനിമിഷം അയാളുടെ മനസ്സില്‍ ഉദിച്ചുയര്‍ന്നു. അയാള്‍ അതു മറക്കാന്‍ ശ്രമിച്ചുകൊണ്ട് മുമ്പോട്ടു നടന്നു.
ഒരു ഭീകരശബ്ദം കേട്ട് അയാള്‍ തിരിഞ്ഞുനോക്കി. ആളുകളെല്ലാം പാലത്തിലേക്ക് ഓടുന്നതൊഴികെ മറ്റൊന്നും അയാള്‍ കണ്ടില്ല. ക്ഷീണിച്ച ആ ശരീരം ഒരുവിധത്തില്‍ അവിടെ ഓടിയെത്തി. പുഴയിലേക്കാഴ്ന്നിറങ്ങിയ ബസ്സിന്റെ ഒരു മൂലമാത്രമേ എല്ലാവരുടെയും ദൃഷ്ടിപഥത്തിലുണ്ടായിരുന്നുള്ളൂ. ഒരുകൂട്ടം ജനങ്ങള്‍ അവര്‍ക്കുവേണ്ടി അര്‍ത്ഥമില്ലാതെ വിലപിച്ചപ്പോള്‍ അവിടെയും ഒരു ഗണം മനുഷ്യര്‍ ക്യാമറക്കണ്ണുകള്‍ ചലിപ്പിച്ചു. നിസ്സംഗത നിറഞ്ഞ ഒരാള്‍ക്കൂട്ടത്തെ അയാള്‍ അവിടെയും കണ്ടുമുട്ടി. ജീവിതത്തില്‍ ഇനിയൊന്നും നേടാനില്ലാത്ത, ആരും കാത്തിരിക്കാനില്ലാത്ത അയാള്‍ മറ്റൊന്നും ചിന്തിക്കാതെ പുഴയിലേക്ക് എടുത്തുചാടി. ഒരുപാടു തവണ വെള്ളത്തില്‍ മുങ്ങിയും താഴ്ന്നും പല ജീവനുകള്‍ കൈപ്പിടിയിലൊതുക്കി. പല ശരീരങ്ങളും കരയ്ക്കടുപ്പിച്ചു. അവശനായിരുന്ന അയാള്‍ക്ക് എവിടെയോ ഒരു ഉന്മേഷം വളര്‍ന്നു.
എവിടെനിന്നോ ഒരു കുഞ്ഞിന്റെ നിലവിളി അയാളുടെ കാതുകളില്‍ പതിച്ചു. ആ ശബ്ദത്തിന്റെ ഉറവിടംതേടി അയാള്‍ മുങ്ങി. ആഴങ്ങളിലേക്കു പോകുന്തോറും ആ ശബ്ദം അകന്നകന്നുപോയി. തിരിച്ചറിയാനാകാത്ത ഒരു മുഖം അയാള്‍ക്കു മുന്നിലൂടെ മിന്നിമറഞ്ഞു. അയാള്‍ വീണ്ടും ആഴങ്ങളില്‍ പരതിയിട്ടും ആ മുഖം  കൈകളിലെത്തിയില്ല. ആ തിരച്ചിലിന്റെ ഏതോ ഇരുണ്ട വഴിയില്‍ അയാളുടെ ശരീരവും ഒഴുക്കിനൊപ്പം അലിഞ്ഞു...

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)