•  2 May 2024
  •  ദീപം 57
  •  നാളം 8
പ്രണയ പാഠാവലി

താളം തെറ്റുന്ന പ്രതീക്ഷകള്‍

വ്യക്തമായ ബോധ്യങ്ങളില്ലാതെ കുടുംബജീവിതത്തിലേക്കു കടന്നുവരുന്നവര്‍ക്ക് എങ്ങനെയാണു പ്രശ്‌നങ്ങള്‍ വന്നുകൂടുകയെന്നു കാണുകയുണ്ടായി. ഇനിയുള്ളത് സ്വന്തമായ കാഴ്ചപ്പാടുകളുമായി എത്തുന്നവരാണ്. ആദര്‍ശങ്ങളാണ് അവരുടെ കര്‍മ്മപഥത്തിലെ വിളക്കുമരങ്ങള്‍.
ഭര്‍ത്താവ് ആഗ്രഹിക്കും - എനിക്കല്പം കുറവുവന്നാലും അവള്‍ക്കു മുട്ടുണ്ടാകരുത്.
ഭാര്യ സ്വപ്നം കാണും- എങ്ങനെയും പ്രിയനെ സന്തോഷിപ്പിക്കണം. എന്റെ സ്വര്‍ഗ്ഗം അവന്റെ മുഖപ്രസാദത്തിലാണ്.
എന്നാല്‍, ഈ മാതൃകാജീവിതത്തിന്റെ നാള്‍വഴികളിലെവിടെയോ വച്ച് കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുകയുണ്ടായി. കാരണങ്ങള്‍ അനവധിയാകാം. എങ്കിലും, ഒട്ടും അപ്രസക്തമല്ലാത്ത ഒന്ന് 'വ്യക്തിനിഷ്ഠമായ പ്രതീക്ഷകള്‍' ( Personal Expectations ) എന്ന ആശയവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഈ പ്രതീക്ഷകള്‍ പങ്കാളികള്‍ അന്യോന്യം വച്ചുപുലര്‍ത്തുന്നതാണ്. അതിനൊത്ത് പങ്കാളി ഉയരാതിരിക്കുമ്പോള്‍, കുടുംബകലഹത്തിന്റെ ജാതകം കുറിക്കപ്പെട്ടു എന്നു കരുതാം.
ഒരു ദൃഷ്ടാന്തം നോക്കുക. ദമ്പതിമാര്‍ സസന്തോഷം ജീവിച്ചു വന്ന ഒരു കുടുംബം. ഭര്‍ത്താവ് എല്ലാക്കാര്യങ്ങളിലും അവള്‍ക്കൊപ്പമുണ്ട്. മുറ്റമടിക്കും, വീട് വൃത്തിയാക്കും, അടുക്കളജോലികളിലൊക്കെ സഹായിക്കും. ഇഷ്ടമുള്ള സ്ഥലങ്ങളിലൊക്കെ അവളെയുംകൊണ്ട് യാത്രയും പോകും. ഇതൊന്നും അയാള്‍ നിര്‍വാഹക്കേടുകൊണ്ട് ചെയ്തുപോരുന്നതല്ല എന്നു പ്രത്യേകം ഓര്‍ക്കണം. അതാണയാളുടെ സന്തോഷം! അങ്ങനെയിരിക്കെ അവരുടെ സമാധാനനിര്‍ഭരമായ പരിസരങ്ങളില്‍ ഒരു ചുഴലി രൂപമെടുത്തു... കാര്യമറിയാതെ ഭര്‍ത്താവ് ചിന്താക്കുഴപ്പത്തിലായി. ആദ്യമൊക്കെ അടക്കിയൊതുക്കി വച്ചിരുന്നെങ്കിലും, പിന്നെപ്പിന്നെ താളഭംഗങ്ങള്‍ പതിവായി. അവളുടെ സ്വതഃസിദ്ധമായ സൗമ്യത കുറ്റപ്പെടുത്തലിനും അസംതൃപ്തിക്കും വഴിമാറിക്കൊടുത്തു.
അത്യന്തം നാടകീയമായ സംഭവപരമ്പരകളെ പടലവള്ളി കണക്കെ അഴിച്ചെടുത്താല്‍ ഒരു കാര്യം നമ്മെ വിസ്മയിപ്പിക്കും. സാമാന്യബുദ്ധിക്കതീതമായ പ്രഹേളികകളൊന്നുമായിരുന്നില്ല അവളുടെ പ്രശ്‌നം. വെറും നിസ്സാരവും, ഒരു പക്ഷേ, ബാലിശവുമായ ഒന്ന്. വീട്ടില്‍ (അവളുടെ) നമുക്കൊന്നു പോകണേ്ട, എന്ന് ഭര്‍ത്താവ് ഇതുവരെ ചോദിച്ചിട്ടില്ലത്രേ! എല്ലാ ഞായറാഴ്ചയും മുടങ്ങാതെ അവരിരുവരും വീട്ടില്‍ പോകാറുണ്ട്. എന്നിട്ടുമെന്താണ് ഇങ്ങനെയൊരാരോപണം?
പ്രശ്‌നത്തിന്റെ ഉറവിടം അവളുടെ വ്യക്തിനിഷ്ഠമായ പ്രതീക്ഷയിലാണ്. താന്‍ ആവശ്യപ്പെടാതെ, ഭര്‍ത്താവ് മുന്‍കൈയെടുത്തുവേണം ആ യാത്ര ക്രമീകരിക്കുവാന്‍. അവിടെയാണ് അവള്‍ക്കു പ്രണയസാക്ഷാത്കാരം! ഈ മനോഭാവത്തെ ഉള്‍ക്കൊള്ളുവാന്‍ ഭര്‍ത്താവിനു പെട്ടെന്നൊന്നും സാധിച്ചെന്നു വരില്ല. അയാള്‍, തന്റെ കടമ എത്ര കൃത്യമായി നിറവേറ്റിയെന്ന നിലപാടിലായിരിക്കും ഉറച്ചുനില്‍ക്കുക.
വ്യക്തിനിഷ്ഠമായ പ്രതീക്ഷകള്‍ ആണിനും പെണ്ണിനും ഉണ്ടാകും. 'അറിഞ്ഞു നല്‍കല്‍' എന്ന പ്രണയപാഠമാണ് വിജയം വരിക്കാനുള്ള വഴികാട്ടി. പിന്നെ പങ്കാളിയെ ഒരു പുസ്തകംപോലെ വായിച്ചെടുക്കലും. ആ വായനയില്‍ ഹൈലൈറ്റ് ചെയ്ത ചില വരികള്‍ കണെ്ടത്താന്‍ കഴിയും. അതവള്‍ (അവന്‍) നല്‍കുന്ന പരോക്ഷസൂചനകളാണ്. അല്ലെങ്കില്‍ ഉദാഹരണങ്ങളാണ്. ചിലപ്പോള്‍ അനിയത്തിയുടെ ഭര്‍ത്താവിനെ ഉദ്ധരിക്കാം: ''അവന്‍ എല്ലാ ഞായറാഴ്ചയും രാവിലെ തന്നെ ചോദിക്കും; ഇന്നെപ്പഴാ വീട്ടില്‍ പോകുന്നതെന്ന്.''
വ്യക്തിനിഷ്ഠപ്രതീക്ഷകളുടെ സഫലീകരണത്തിനുള്ള വിളിയാണത്. ഇങ്ങനെ പരശതം ഉദാഹരണങ്ങള്‍ ഭാര്യയും, ഭര്‍ത്താവ് പരസ്പരം നിരത്തിവയ്ക്കാം. അതിനു ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. വലിയ കാര്യങ്ങള്‍ ചെയ്യുമ്പോഴും, അത്യപൂര്‍വ്വമായ നേട്ടങ്ങള്‍ കൈവരിക്കുമ്പോഴും ഓര്‍ക്കുക - തീര്‍ത്തും നിസ്സാരവും ബാലിശവുമായ 'വ്യക്തിനിഷ്ഠത'യായിരിക്കാം, വലിയ കോലാഹലങ്ങള്‍ക്കു കോപ്പുകൂട്ടുക.

 

Login log record inserted successfully!