•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
എഡിറ്റോറിയല്‍

വിദ്വേഷത്തിന്റെ വിഷവൃക്ഷങ്ങള്‍ നാടിനാപത്ത്

  • ചീഫ് എഡിറ്റർ: റവ. ഫാ. കുര്യൻ തടത്തിൽ
  • 9 May , 2024

വിദ്വേഷപ്രസംഗങ്ങളാലും വര്‍ഗീയപരാമര്‍ശങ്ങളാലും ശബ്ദമുഖരിതമാണ് ഇന്നത്തെ ഇന്ത്യന്‍രാഷ്ട്രീയം. അതു തിരഞ്ഞെടുപ്പുകാലത്ത് കുറച്ചുകൂടി ചൂടുപിടിച്ചെന്നുമാത്രം. മതനിരപേക്ഷതകൊണ്ടു പുകള്‍പെറ്റ ആര്‍ഷഭാരതത്തിന്റെ നെഞ്ചത്തേക്കാണ്  നമ്മുടെ നേതാക്കള്‍ മതസ്പര്‍ധയുടെ വിഷംപുരട്ടിയ ശരപ്രയോഗങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. വിദ്വേഷത്തിന്റെ 'ഇന്ത്യാസ്റ്റോറി'കള്‍ മെനഞ്ഞെടുത്താഘോഷിക്കുന്നവരില്‍ പ്രധാനമന്ത്രിയടക്കമുള്ളവര്‍ തങ്ങളുടേതായ പങ്കുവഹിക്കുന്നു എന്നതാണു ലജ്ജാകരം.
    രാജ്യത്തെ ആദ്യപൊതുതിരഞ്ഞെടുപ്പുവിജയത്തിനുശേഷം പാര്‍ലമെന്റില്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞു: ''മതവെറിയുടെ ബലിക്കല്ലില്‍ ഇന്ത്യയെ കൊത്തിനുറുക്കാന്‍ നാം അനുവദിക്കില്ല.'' തിരഞ്ഞെടുപ്പിനുള്ള പ്രചാരണയാത്രയ്ക്കു തുടക്കംകുറിച്ച പഞ്ചാബിലെ ലുധിയാനയില്‍ 'വര്‍ഗീയതയ്‌ക്കെതിരേ സമ്പൂര്‍ണയുദ്ധം' നെഹ്‌റുജി പ്രഖ്യാപിച്ചു. ചുരുക്കത്തില്‍, മതനിരപേക്ഷതയില്‍ അടിയുറച്ച ഒരു വിശ്വാസദര്‍ശനവും ചിന്താധാരയും ഇന്ത്യയുടെ ആദ്യഭരണകര്‍ത്താക്കള്‍ക്കുണ്ടായിരുന്നു.
ആദ്യപ്രധാനമന്ത്രിയില്‍നിന്നു നവയുഗപ്രധാനമന്ത്രിയിലേക്ക് ഇന്ത്യയുടെ ഭരണം കൈമാറിയപ്പോള്‍ എവിടെയൊക്കെയോ ക്രമവും താളവും തെറ്റിയിരിക്കുന്നു. വെറുപ്പിന്റെ വാക്കുകളും വിഭജനത്തിന്റെ പ്രത്യയശാസ്ത്രങ്ങളും തെരുവുകളില്‍ മുഴങ്ങിക്കേട്ടത് ഇന്ത്യയുടെ മാറുപിളര്‍ക്കുംവിധമായിരുന്നു. കോണ്‍ഗ്രസ് അധികാരത്തില്‍വന്നാല്‍ ജനങ്ങളുടെ ഭൂമിയം സ്വത്തും മുസ്ലീംകള്‍ക്കു വീതിച്ചുകൊടുക്കുമെന്നാണ് രാജസ്ഥാനിലെ ബല്‍സ്വാഡയിലും ജലോറിലും നടത്തിയ പ്രസംഗങ്ങളില്‍ പ്രധാനമന്ത്രി ആരോപിച്ചത്. ഇതു വന്‍രാഷ്ട്രീയവിവാദമായശേഷവും ഉത്തര്‍പ്രദേശിലെ അലിഗഡിലും രാജസ്ഥാനിലെ ടോങ്കിലും സമാനാരോപണം അദ്ദേഹം ആവര്‍ത്തിച്ചു.
     പ്രധാനമന്ത്രിയുടെ വര്‍ഗീയപരാമര്‍ശം തിരഞ്ഞെടുപ്പുപെരുമാറ്റച്ചട്ടങ്ങളുടെയും ജനപ്രാതിനിധ്യനിയമത്തിലെ വിവിധ വകുപ്പുകളുടെയും നഗ്നമായ ലംഘനമാണെങ്കിലും, തിരഞ്ഞെടുപ്പുകമ്മീഷന്‍ നടപടിയെടുക്കാന്‍ മടിക്കുകയാണ്. നടപടിയുണ്ടാകണമെന്ന് കോണ്‍ഗ്രസും സിപിഎമ്മും കമ്മീഷനോട് ആവശ്യപ്പെട്ടതിനു  മറുപടിയും ലഭിച്ചിട്ടില്ല. പ്രതിപക്ഷനേതാക്കള്‍ക്കെതിരേ സമയത്തും അസമയത്തും നോട്ടീസയയ്ക്കാന്‍ വെപ്രാളം കൊള്ളുന്ന കമ്മീഷന്റെ ഇത്തരം നീക്കങ്ങള്‍ ദുരൂഹവും പ്രതിഷേധാര്‍ഹവുമാണ്. ഒരു ഭരണഘടനാസ്ഥാപനത്തിന്റെ നിഷ്പക്ഷതയെ വെല്ലുവിളിക്കുന്ന നിലപാടാ
ണ് കമ്മീഷന്‍ സ്വീകരിക്കുന്നതെന്നു പറയാതെവയ്യ.
     വര്‍ഗീയപരാമര്‍ശം നടത്തുകയെന്നത് പെരുമാറ്റച്ചട്ടത്തിന്റെയും ജനപ്രാതിനിധ്യനിയമത്തിന്റെയും ലംഘനംമാത്രമല്ല, ക്രിമിനല്‍ക്കുറ്റംകൂടിയാണ്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 എ അനുച്ഛേദപ്രകാരം കുറ്റം ശിക്ഷാര്‍ഹമാണെങ്കിലും, ഈ രാജ്യത്തെ നിയമസംവിധാനങ്ങള്‍ പ്രധാനമന്ത്രിക്കെതിരേ എന്തു നടപടിയെടുക്കുമെന്ന കാര്യത്തില്‍ കാത്തിരുന്നു മുഷിയാമെന്നുമാത്രം. നമ്മുടെ നിയമവാഴ്ചയുടെയും ജനാധിപത്യത്തിന്റെയും പരാജയമാണ് ഇവിടെ മണക്കുന്നത്.
     സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ അടിസ്ഥാനമൂല്യങ്ങളെയാണു വിദ്വേഷപ്രസംഗങ്ങള്‍ തകര്‍ക്കുന്നതെന്ന് സുപ്രീംകോടതിയിലെ ജസ്റ്റീസ് ബി. വി. നാഗരത്‌ന അഭിപ്രായപ്പെട്ടത് 2023 ജനുവരിയിലാണ്. വിദ്വേഷപ്രസംഗങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, പരാതി ലഭിച്ചില്ലെങ്കിലും സ്വമേധയാ കേസെടുക്കണമെന്നു സുപ്രീംകോടതി സംസ്ഥാനങ്ങള്‍ക്കൊട്ടാകെ നിര്‍ദ്ദേശം നല്‍കിയത് കഴിഞ്ഞവര്‍ഷം ഏപ്രില്‍ 29 നായിരുന്നു. മതവെറിപ്രസംഗങ്ങള്‍ നടത്തുന്നവര്‍ ഏതു മതത്തില്‍പ്പെട്ട ആളായാലും നടപടിയെടുക്കണമെന്നും അതില്‍ ഉപേക്ഷ കാട്ടിയാല്‍ കോടതിയലക്ഷ്യമായി കാണുമെന്നും  അന്നു കോടതി വ്യക്തമാക്കിയിരുന്നു. മതാടിസ്ഥാനത്തിലുള്ള വേര്‍തിരിവിന്റെ രാഷ്ട്രീയവും അതു പ്രകടമാക്കുന്ന വാക്കുകളും തിരഞ്ഞെടുപ്പുകാലത്തുമാത്രമല്ല, ഏതു സാഹചര്യത്തിലും പ്രയോഗിക്കാന്‍ പാടില്ലാത്തതാണ്. മതനിരപേക്ഷതയുടെ മഹനീയമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ഭരണകര്‍ത്താക്കളാണ് ബഹുസ്വരരാഷ്ട്രമായ ഇന്ത്യയെ പടുത്തുയര്‍ത്തിയതെന്ന സത്യം നാം വിസ്മരിച്ചുകൂടാ.
      രാജ്യപുരോഗതിക്കുള്ള ഒട്ടേറെ ആശയങ്ങള്‍ ചര്‍ച്ച ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടതിനുപകരം, വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും പരാമര്‍ശങ്ങളും വ്യക്തിഹത്യപ്രയോഗങ്ങളും ഒരു സാംസ്‌കാരികസമൂഹത്തിനും നേതാക്കള്‍ക്കും ഭൂഷണമല്ല. ഇന്ത്യ മതനിരപേക്ഷരാജ്യമാണെന്ന തിരിച്ചറിവ് നമ്മുടെ ഭരണത്തലപ്പത്തുള്ളവര്‍ക്കും രാഷ്ട്രീയനേതാക്കള്‍ക്കും ഉണ്ടാകുന്നപക്ഷം അവരുടെ വാക്കും പ്രവൃത്തിയും മതേതര,ജനാധിപത്യമര്യാദകള്‍ക്കു നിരക്കുന്നതായിരിക്കും.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)