•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
എഡിറ്റോറിയല്‍

മനുഷ്യബന്ധങ്ങള്‍ക്കു വിലകല്പിക്കാത്തതെന്തേ?

  • ചീഫ് എഡിറ്റർ: റവ. ഫാ. കുര്യൻ തടത്തിൽ
  • 16 May , 2024

മനുഷ്യബന്ധങ്ങള്‍ക്കു വിലകല്പിക്കാത്ത ഒരു ലോകത്താണ് നാമിന്നു ജീവിക്കുന്നത്. എല്ലാവരും അവരവരുടെ സ്വകാര്യതകളില്‍ ലോകങ്ങള്‍ സൃഷ്ടിക്കാന്‍ പരക്കംപായുകയാണ്. ഇവിടെ സ്വന്തവും ബന്ധവുമെല്ലാം മറന്നുപോവുന്നു അഥവാ മറക്കാന്‍ നിര്‍ബന്ധിതരാകുന്നു. എന്തോ! കെട്ട കാലംതന്നെയാണിത്.
എറണാകുളം പനമ്പള്ളിനഗറിലെ ഫ്‌ളാറ്റില്‍നിന്ന് നവജാതശിശുവിനെ നടുറോഡിലേക്ക് എറിഞ്ഞു കൊലപ്പെടുത്തിയ സംഭവം നാടിനെ നടുക്കി. നൊന്തുപെറ്റ അമ്മയാണ് ഈ ക്രൂരകൃത്യം നടത്തിയതെന്നറിയുമ്പോഴാണ് മനുഷ്യത്വമുള്ളവന്റെ മനസ്സാക്ഷി മരവിച്ചുപോകുന്നത്. പ്രസവിച്ചു മൂന്നുമണിക്കൂര്‍ തികയുംമുമ്പേയാണ് അവിവാഹിതയായ ഇരുപത്തിമൂന്നുകാരി പൊക്കിള്‍ക്കൊടി മുറിച്ച് ചോരക്കുഞ്ഞിനെ വലിച്ചെറിഞ്ഞത്. കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞിന്റെ കഴുത്തില്‍ തുണി മുറുക്കിക്കെട്ടിയിരുന്നു. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിനുശേഷമേ കൃത്യമായ നിഗമനത്തിലെത്താന്‍ കഴിയൂവെന്ന് പൊലീസ്.
ജനിച്ചു നിമിഷങ്ങള്‍ക്കകം ജീവിതം നിഷേധിക്കപ്പെട്ട ആ കുഞ്ഞിന്റെ പക്ഷംചേര്‍ന്നാണ് മനസ്സാക്ഷിയുള്ള ഓരോ മനുഷ്യനും. എന്തിനാണ് അവനെ നിഷ്‌കരുണം കൊന്നുതള്ളിയത്... ആ നിഷ്‌കളങ്കരക്തം എന്തപരാധമാണു ചെയ്തത്... ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങള്‍ ബാക്കിയാകുന്നു. 
പനമ്പള്ളി നഗറിലെ റോഡിലൂടെ കാറോടിച്ചുപോയ ഡ്രൈവറാണ് കുഞ്ഞിന്റെ മൃതദേഹം ആദ്യം കണ്ടത്. ആ സങ്കടക്കാഴ്ചയെക്കുറിച്ചു കണ്ഠമിടറിയാണ് ആ മനുഷ്യന്‍ സംസാരിച്ചത്. 'ഇങ്ങു തരാമായിരുന്നില്ലേ ആ കുഞ്ഞിനെ...' എന്ന അദ്ദേഹത്തിന്റ ചോദ്യം മനുഷ്യപ്പറ്റുള്ള ഓരോരുത്തരുടെയും ഹൃദയനോവാണ്.
ലൈംഗികപീഡനത്തിനിരയായി ഒറ്റപ്പെട്ടുപോയ ഒരു യുവതിയുടെ പരാക്രമങ്ങള്‍ അല്പം വിചിത്രമായിത്തോന്നാം. ഗര്‍ഭം അലസിപ്പിക്കാന്‍ ആവതു ശ്രമം നടത്തിയെങ്കിലും അവള്‍ പരാജയപ്പെട്ടു. പ്രസവശേഷം കുഞ്ഞിനെ എന്നന്നേക്കുമായി ഒഴിവാക്കാനായിരുന്നു തീരുമാനം. ഇന്റര്‍നെറ്റിലൂടെ പ്രസവമെടുക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പഠിച്ചു. ഗര്‍ഭിണിയാണെന്ന് പുറത്തറിയാതിരിക്കാന്‍ വലിപ്പംകൂടിയ വസ്ത്രങ്ങള്‍ ധരിച്ചു. പരസഹായമില്ലാതെ പ്രസവിക്കാനും പൊക്കിള്‍ക്കൊടി മുറിക്കാനും ഇന്റര്‍നെറ്റ് സഹായകമായെന്നാണ് യുവതിയുടെ മൊഴി. യുവതി ഗര്‍ഭിണിയായതും പ്രസവിച്ചതുമൊന്നും മാതാപിതാക്കള്‍ അറിഞ്ഞില്ലെന്ന കാര്യത്തില്‍ ദുരൂഹത മണക്കുന്നുണ്ടെങ്കിലും, കുഞ്ഞിനെ കൊലപ്പെടുത്തിയതില്‍ അവര്‍ക്കു പങ്കില്ലെന്നാണ് പൊലീസ്‌സാക്ഷ്യം. 
കൊന്നുതള്ളിയ അമ്മയുടെ കൊടുംക്രൂരതയെയും കുഞ്ഞിന്റെ ജീവിക്കാനുള്ള അവകാശനിഷേധത്തെയുംകുറിച്ചുമാത്രം പറഞ്ഞാല്‍ മതിയോ? പീഡനത്തിനിരയായ ഒരു അവിവാഹിതയുടെ കടുത്ത മാനസികസംഘര്‍ഷങ്ങളും വായനക്കാരന്റെ മുമ്പിലുണ്ടാകണം. തക്കസമയത്തെ ചില തുറന്നുപറച്ചിലുകള്‍ക്കുള്ള സാമൂഹികപരിസരം ഉണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ, ഇത്തരം കൊടിയ പാതകത്തിലേക്ക് ഈ സംഭവം കൂപ്പുകുത്തില്ലായിരുന്നു.
അവിഹിതഗര്‍ഭം ചുമക്കാന്‍ വിധിക്കപ്പെട്ട ഇവളെ മാനഹാനിയെന്ന മഹാഭീതി വല്ലാതെ ഉലച്ചിട്ടുണ്ടാവണം. ഒരര്‍ഥത്തില്‍, ഇതൊരു ദുരഭിമാനക്കൊലയാണ്. മാനംനഷ്ടപ്പെട്ട ഒരു പെണ്ണിന്റെ അതിജീവനത്തിനായുള്ള നെട്ടോട്ടം. മനസ്സിന്റെ ഭാരം ഇറക്കിവയ്ക്കാന്‍ ഒരിടം ഉണ്ടായിരുന്നെങ്കില്‍, സങ്കടങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ ഒരു ഹൃദയവാതില്‍ എവിടെയെങ്കിലും തുറന്നു കിട്ടിയിരുന്നെങ്കില്‍, ഒരു പിഞ്ചുകുഞ്ഞിന്റെ നിഷ്ഠുരമായ കൊലപാതകത്തിലേക്ക്, അതും സ്വന്തം ചോരയെ തച്ചുടയ്ക്കുന്ന പൈശാചികഹിംസയിലേക്ക് ഒരമ്മയ്ക്ക് എത്തിപ്പെടേണ്ടിവരില്ലായിരുന്നു. 
ലൈംഗികപീഡനത്തിനിരയായവള്‍ ആരോടും ഒന്നും പറയാന്‍ പാടില്ല... ഗാര്‍ഹികപീഡനത്തിനിരയായാലോ പുറത്തറിയിക്കാതെ കുടുംബത്തിന്റെ മാനംകാക്കണം... ഇങ്ങനെ എത്രയെത്ര സമൂഹനിര്‍മിതവിലക്കുകളാണ് നിസ്സഹായയായ ഒരു സ്ത്രീ ചുമക്കേണ്ടിവരുന്നത്. മാതാപിതാക്കളോടുപോലും മനസ്സുതുറക്കാന്‍ പറ്റാതെ ഉള്ളിലൊതുക്കി വേദന കടിച്ചുതിന്നാന്‍ വിധിക്കപ്പെട്ടവര്‍. അവസാനം ദുരന്തസാഹചര്യങ്ങളിലേക്ക് അവര്‍ നയിക്കപ്പെടുന്നു. കൊടുംപാതകങ്ങളിലേക്ക് സാഹചര്യങ്ങള്‍ അവരെ എത്തിക്കുന്നു. 
ആരും തെറ്റിധരിക്കേണ്ട. യുവതി ചെയ്തുകൂട്ടിയ സമാനതകളില്ലാത്ത കൊടുംക്രൂരതയെ ന്യായീകരിക്കുകയല്ല. അവര്‍ നിയമത്തിന്റെ മുമ്പില്‍ കുറ്റക്കാരിയാണ്. ചെയ്ത തെറ്റിനു തക്കതായ ശിക്ഷ അനുഭവിക്കുകയും വേണം. പക്ഷേ, നമ്മുടെ സാമൂഹികപരിസരം കുറച്ചുകൂടി വിസ്തൃതമായാല്‍ സ്ത്രീകളുടെയെന്നല്ല, ഓരോ മനുഷ്യന്റെയും മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ നമുക്കാവുമെന്നുള്ള ഒരോര്‍മപ്പെടുത്തലാണിത്. 
പുരുഷന്മാരെക്കാള്‍ മാനസികാരോഗ്യത്തില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ ഏറെയാണ്, ഏതാണ്ട് മൂന്നിരട്ടിയുണ്ടെന്നാണ് പഠനങ്ങള്‍. സ്ത്രീകളുടെ വൈകാരികവും മനഃശാസ്ത്രപരവും ജൈവശാസ്ത്രപരവുമായ ആരോഗ്യവിചാരങ്ങളില്‍ കുടുംബത്തില്‍നിന്നും സമൂഹത്തില്‍നിന്നും പിന്തുണയുണ്ടാവണം. മനഃശാസ്ത്രജ്ഞന്മാരും കൗണ്‍സിലേഴ്‌സും മോട്ടിവേഷണല്‍ ട്രെയിനേഴ്‌സും മറ്റും ആവശ്യത്തിലധികമുള്ള ഈ നാട്ടില്‍ ഭയപ്പാടുകളില്ലാതെ സ്വാഭാവികസ്വാതന്ത്ര്യത്തോടെ കടന്നുചെല്ലാവുന്ന വിശ്വസ്ത ഇടങ്ങളും സുഹൃദ്ബന്ധങ്ങളും നമ്മുടെ പെണ്‍സമൂഹത്തിനുണ്ടാവണം. ആരോഗ്യകരമായ ആണ്‍-പെണ്‍ സൗഹൃദങ്ങള്‍ വളര്‍ത്തുന്നതോടൊപ്പം ജാഗ്രതയും വിവേകവും പുലര്‍ത്താനുള്ള വിദ്യാഭ്യാസാവബോധവും നമ്മുടെ പെണ്‍കുട്ടികള്‍ ആര്‍ജിക്കട്ടെ.   

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)