•  25 Dec 2025
  •  ദീപം 58
  •  നാളം 42
കവര്‍‌സ്റ്റോറി

ചതിയുടെ സൈബറിടങ്ങള്‍

ല്പനാ ഗോവേകര്‍. ഗോവയിലെ പനജിയില്‍ തിരക്കുള്ള വനിതാഡോക്ടര്‍. ഓഹരിവിപണിയില്‍ കുറേ നിക്ഷേപമുണ്ട്. ഒരു സമൂഹമാധ്യമത്തിലൂടെയാണ് അവര്‍ ജിമി(GIMI)  ആപ്പിനെപ്പറ്റി അറിയുന്നത്.
ഓഹരികളില്‍നിന്നു വലിയ ആദായമുണ്ടാക്കാന്‍ ഈ ആപ്പിലൂടെ പറ്റുമെന്ന് ആ കൂട്ടായ്മയിലെ പലരും ചൂണ്ടിക്കാട്ടി. വിശ്വാസത്തിനായി പലരും തങ്ങളുടെ നിക്ഷേപത്തിന്റെ പുരോഗതി കാണിക്കുന്ന ഡാഷ്‌ബോര്‍ഡും (ഓഹരികളുടെ വില, ലാഭം/നഷ്ടം കാണിക്കുന്ന സ്‌ക്രീന്‍ ഷോട്ട്) ഡോക്ടര്‍ക്ക് അയച്ചുകൊടുത്തു. ദിവസങ്ങള്‍ക്കകം ഡോക്ടര്‍ ആ ആപ്പ് വഴിയാക്കി നിക്ഷേപം. ദിവസേന വലിയ ലാഭം ഉണ്ടാകുന്നതായി ഡാഷ് ബോര്‍ഡ് കാണിച്ചു. കുറേ ലാഭം തിരിച്ചെടുക്കാന്‍ ശ്രമിച്ചപ്പോള്‍ വലിയ ഫീസ് നല്‍കിയാലേ ഇപ്പോള്‍ ലാഭമെടുക്കാനാകൂ എന്നായി ആപ്പില്‍നിന്നുള്ള മറുപടി. ചതി മണത്ത ഡോ. കല്പന പോലീസില്‍ പരാതിപ്പെട്ടു. ഡോക്ടറുടെനഷ്ടം 90 ലക്ഷം രൂപ. ചെന്നൈ ടി നഗറിലെ 70 വയസ്സു കഴിഞ്ഞ സരോജയെ, നിങ്ങള്‍ കള്ളപ്പണക്കേസില്‍ പെട്ടിരിക്കുന്നു എന്നു പറഞ്ഞാണ് അപരിചിതര്‍ ബന്ധപ്പെട്ടത്. മുംബൈ പോലീസില്‍നിന്നാണെന്ന് അവര്‍ പറഞ്ഞു. സ്ത്രീയുടെ ബാങ്ക് അക്കൗണ്ടും മൊബൈല്‍നമ്പറും ഉപയോഗിച്ചു മുംബൈയിലാണത്രേ തട്ടിപ്പു നടത്തിയത്. താന്‍ നിരപരാധിയാണെന്നും മുംബൈയില്‍ ഇടപാടുകളില്ലെന്നും സ്ത്രീ പറഞ്ഞു. പക്ഷേ, എഫ്‌ഐആറില്‍ നിങ്ങളാണു പ്രതി, എന്‍ഐഎ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാന്‍ പണം നല്‍കണമെന്നായി അപരിചിതര്‍. തന്റെ ബാങ്കില്‍ ബന്ധപ്പെടാനോ ആരോടെങ്കിലും പറയാനോ തുനിഞ്ഞാല്‍ ഉടനെ അറസ്റ്റ് എന്ന ഭീഷണിയുമുണ്ടായി. ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീയില്‍നിന്ന് മൂന്ന് അക്കൗണ്ടുകളിലേക്കായി ഒരു കോടിയോളം രൂപ വാങ്ങിച്ചെടുത്തു.
രാജ്യത്തു സൈബര്‍തട്ടിപ്പു കേസുകളിലെ വര്‍ധനയുടെ തോത് ഞെട്ടിപ്പിക്കുന്നതാണ്. 2021 ല്‍ 4.52 ലക്ഷം സൈബര്‍ തട്ടിപ്പുകേസുകളാണു രാജ്യത്തു രജിസ്റ്റര്‍ ചെയ്തത്. 2022-ല്‍ ഇത് 9.66 ലക്ഷമായി. 2023- ല്‍ 15.56 ലക്ഷവും. രണ്ടു വര്‍ഷത്തെ ശരാശരി വര്‍ധന 72 ശതമാനം.
സാങ്കേതികവിദ്യയിലെ വളര്‍ച്ച തട്ടിപ്പുകള്‍ കൂടുതല്‍ എളുപ്പമാക്കി. തട്ടിപ്പുകള്‍ തടയാനും കൂടുതല്‍ വഴികള്‍ തെളിഞ്ഞു. എങ്കിലുംതട്ടിപ്പുകള്‍ കൂടിവരികയാണ്. ഉള്ളതുപറഞ്ഞാല്‍ ആര്‍ക്കും ഇഷ്ടപ്പെടില്ല. തട്ടിപ്പുകാരുടെ കഴിവല്ല ഇരകളുടെ അത്യാര്‍ത്തിയാണു ഭൂരിപക്ഷം അവസരങ്ങളിലും തട്ടിപ്പിനു കാരണം. ഇരകളില്‍ ഡോക്ടര്‍മാരും ടെക്പ്രഫഷണലുകളും അഭിഭാഷകരും അധ്യാപകരുമൊക്കെയുണ്ട്. വിദ്യാഭ്യാസം കൂടിയാലും ആര്‍ത്തി കുറയില്ലല്ലോ.
നാട്ടിലെ ശരാശരി നിരക്കിനെക്കാള്‍ കൂടിയ പലിശ കിട്ടുന്ന പദ്ധതികള്‍ അന്വേഷിക്കുന്നതും അവയില്‍ ചേരുന്നതും അത്യാര്‍ത്തിയല്ല. എന്നാല്‍, നാട്ടുനടപ്പുള്ളതിലും വളരെ കൂടിയ നിരക്ക് തേടിപ്പോയി നിക്ഷേപിക്കുന്നത് അപകടത്തെ വിളിച്ചുവരുത്തലാണ്. വാണിജ്യബാങ്കുകള്‍ എട്ടുവരെ ശതമാനം പലിശ നല്‍കുമ്പോള്‍ ഇരുപതും ഇരുപത്തിനാലും ശതമാനം പലിശ ഓഫര്‍ ചെയ്യുന്നവര്‍ നടത്തുന്നതു തുടര്‍ന്നുപോകാവുന്ന ബിസിനസ് അല്ല. അതില്‍ ചേരുന്നതു പണം നഷ്ടപ്പെടുത്താന്‍മാത്രമേ സഹായിക്കൂ. ഈയിടെ കേരളത്തില്‍ മാസംതോറും എന്നോണമാണ് ഇത്തരം നിക്ഷേപക്കമ്പനികള്‍ പൊളിഞ്ഞത്.
ഇതുപോലെയാണ് അറിയാത്ത ബിസിനസില്‍ പണം നിക്ഷേപിക്കുന്നത്. എന്താണ് ഒരു പ്രസ്ഥാനം ചെയ്യുന്നത്, എങ്ങനെയാണ് അവര്‍ പണം ഉണ്ടാക്കുന്നത്, അവര്‍ ആരാണ്എന്നൊന്നും അറിയാതെ പണംനിക്ഷേപിക്കരുത്. നിയമവിരുദ്ധകാര്യങ്ങള്‍മുതല്‍ അപ്രായോഗികകാര്യങ്ങള്‍വരെ അവയില്‍ ഉണ്ടാകാം. എന്തിനാണു പണം കളഞ്ഞ് അബദ്ധത്തില്‍ വീഴുന്നത്?
നിര്‍മിതബുദ്ധിയും (എഐ) റോബട്ടിന്റെ ചുരുക്കപ്പേരായ ബോട്ടും (bot)േ വന്നതോടെ അവ ചേര്‍ത്താണു തട്ടിപ്പുകള്‍ അരങ്ങേറുന്നത്. ഓഹരികള്‍, അവയുടെ ഡെറിവേറ്റീവുകള്‍, ഇവയുടെ അവധി - ഓപ്ഷന്‍സ് വ്യാപാരങ്ങള്‍, സ്വര്‍ണം, ക്രൂഡ് ഓയില്‍, മറ്റ് ഉത്പന്നങ്ങള്‍ എന്നിവയുടെ അവധിവ്യാപാരം തുടങ്ങി എല്ലാം നിര്‍മിതബുദ്ധി - ബോട്ട് - അല്‍ഗോരിഥം ത്രയത്തിന്റെ മാര്‍ഗനിര്‍ദേശത്തില്‍ വ്യാപാരം നടത്തി നിങ്ങളെ സമ്പന്നരാക്കുന്നു എന്നാണു വാഗ്ദാനം.  
വെറുതേ പറയുകയല്ല. ഈ നവീനകമ്പനിയുടെ നിക്ഷേപവിദഗ്ധര്‍, പണം നിക്ഷേപിച്ചവര്‍, നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തുടങ്ങിയവരെല്ലാം ചേര്‍ന്ന മീറ്റ് - സൂം മീറ്റിംഗുകള്‍ നടത്തുന്നു. അവിടെ നിശിതമായ വിമര്‍ശനവും വിശദീകരണവും തിരുത്തലും എല്ലാം നടക്കുന്നു. നിക്ഷേപത്തിനു ക്ഷണിക്കപ്പെട്ടവരും ഇതില്‍ പങ്കെടുക്കുന്നു. ലാഭം നേടിയവര്‍ തങ്ങളുടെ പോര്‍ട്ട് ഫോളിയോയുടെ ഡാഷ് ബോര്‍ഡ് (ഓഹരികളുടെ വിലയും മാറ്റവും കാണിക്കുന്ന ഷോട്ട്) കാണിക്കുന്നു. ഇതെല്ലാം തിരക്കഥയ്ക്കനുസരിച്ചു നടത്തുന്നതാണ്.
ചേരുന്നദിവസം മുതല്‍ ആദായം വാഗ്ദാനമായുണ്ട്. പറയുന്നത് ആഴ്ചയില്‍ ഇരട്ടയക്കനേട്ടവും ഓരോ ത്രൈമാസത്തിലും ഇരട്ടിക്കലും ഒക്കെയാകാം. മാര്‍ക്കറ്റിലെ വലിയ ബ്രോക്കറേജുകളോ പോര്‍ട്ട്‌ഫോളിയോ മാനേജര്‍മാരോ മ്യൂച്വല്‍ ഫണ്ടുകളോ ഒരിക്കലും നല്‍കാത്ത ആദായം. ജീവിതത്തില്‍ ഈ സംഘത്തെ കണ്ടുമുട്ടിയതു ജന്മസാഫല്യമായി എന്നു കരുതുന്ന ദിവസങ്ങള്‍. കൂടുതല്‍ ആലോചന വേണ്ട, പങ്കാളികളും വേണ്ട. ആരോടും ചോദിക്കണ്ടാ. വലിയ ലാഭം തനിയേ അനുഭവിക്കാം എന്നു കരുതി നീങ്ങും. സാധ്യമായത്ര പണം നിക്ഷേപിക്കും. നിര്‍മിതബുദ്ധിയും ബോട്ടും അല്‍ഗോരിഥവും ഉണ്ടല്ലോ. എല്ലാം ഭദ്രം.
കുറച്ചുദിവസത്തേക്കു ഡാഷ്‌ബോര്‍ഡില്‍ ലാഭം വര്‍ധിക്കുന്നു. കൂടുതല്‍ പണം നിക്ഷേപിക്കുന്നു. ഇടയ്ക്കു ചില ഓഹരികളോ ഉത്പന്നങ്ങളോ വിറ്റു ലാഭം അക്കൗണ്ടില്‍ ചേര്‍ക്കുന്നു. എല്ലാം സന്തോഷകരം ഒരു ദിവസം ഡാഷ്‌ബോര്‍ഡ് തെളിയുന്നില്ല. സൈറ്റില്‍ കയറാന്‍ പറ്റുന്നില്ല. മൊബൈലുകള്‍ പ്രവര്‍ത്തിക്കുന്നില്ല. നൂറുകണക്കിനുപേരുടെ  കോടിക്കണക്കിനു രൂപയുമായി ഏതോ സംഘം മുങ്ങിയെന്നു പിന്നീടു പരാതിക്കാര്‍ പോലീസിനെ സമീപിക്കുമ്പോള്‍ മാത്രമാണു മനസ്സിലാകുക.
വികാരം ചൂഷണം ചെയ്യും. 
പ്രതിവിധി സംശയം

മാധ്യമം ഏതായാലും തട്ടിപ്പിന് ഒരു പൊതു സ്വഭാവമുണ്ട്. ആദ്യപടിയായി ഇരയുടെ വിശ്വാസം ആര്‍ജിക്കും. അതിനുശേഷം കദനകഥ പറഞ്ഞു സഹതാപം ജനിപ്പിക്കുന്നു. അല്ലെങ്കില്‍ വലിയ ലാഭസാധ്യത ചൂണ്ടിക്കാട്ടി ആര്‍ത്തി ജനിപ്പിക്കുന്നു. ഈ വികാരങ്ങളെ ചൂഷണം ചെയ്യുന്നതിനിടെ സമ്മര്‍ദം ചെലുത്തി വേഗം തീരുമാനം എടുപ്പിക്കുന്നു. ഇരയ്ക്ക് സ്വയം ആലോചിക്കാനോ മറ്റുള്ളവരുടെ ഉപദേശം തേടാനോ സമയം നല്‍കുന്നില്ല.
നേരിട്ടു സമീപിച്ചായാലും സമൂഹമാധ്യമംവഴി ബന്ധപ്പെട്ടായാലും ഫോണ്‍വഴിയായാലും ഇതാണു തട്ടിപ്പിന്റെ ഉള്ളടക്കം. ഇവിടെ സംശയം തോന്നിയാല്‍ 'ഇല്ല' എന്നു പറയാന്‍ ശീലിക്കുകയാണ് ആവശ്യം. അത് ഏതു ഘട്ടത്തിലും ഏതു സാഹചര്യത്തിലുമാകാം. 
(കോവര്‍ കഴുതകളുടെ)
അക്കൗണ്ടുകള്‍ വാടകയ്ക്ക്

നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലൂടെ കുറേ പണം സ്വീകരിക്കണം അല്ലെങ്കില്‍ അയയ്ക്കണം. അത്യാവശ്യമാണ്. സഹായിക്കണം. വെറുതേവേണ്ട. മതിയായ പ്രതിഫലം നല്‍കാം. ഇങ്ങനെ ഓഫര്‍ വന്നാല്‍ അതു സ്വീകരിക്കുന്നവരാണ് ഏറെപ്പേരും. വെറുതേ കിടക്കുന്ന അക്കൗണ്ട് അങ്ങനെ ആദായമാര്‍ഗം ആകട്ടെ എന്നു കരുതും.
സൂക്ഷിക്കുക: നിരുപദ്രവിയല്ല ഇത്. വന്നുപോകുന്ന പണം ചിലപ്പോള്‍ ക്രിമിനല്‍ നടപടികളില്‍ ഉണ്ടാക്കിയതാകാം. അല്ലെങ്കില്‍ മയക്കുമരുന്നുവ്യാപാരത്തിലേതാകാം. രാജ്യദ്രോഹപ്രവര്‍ത്തനത്തിനുള്ളതാകാം. 
ഇത്തരം കേസുകളില്‍ ഞാനൊന്നുമറിഞ്ഞില്ല എന്ന വാദം നിലനില്‍ക്കില്ല. പണം കിട്ടാനിടയാക്കിയ കുറ്റത്തില്‍ തുല്യപങ്കാളിയാണ് അക്കൗണ്ട് ഉടമ. കള്ളപ്പണം വെളുപ്പിക്കല്‍തടയല്‍ നിയമപ്രകാരമുള്ള കേസ് പുറമേയും.
ഇങ്ങനെ വാടകയ്ക്കു നല്‍കുന്നവയെ മ്യൂള്‍ ((Mule  കോവര്‍കഴുത) അക്കൗണ്ടുകള്‍ എന്നാണു പറയുക. വല്ലവരുടെയും കുറ്റം ചുമക്കാന്‍ പോകുന്നവരെ കോവര്‍ കഴുത എന്നല്ലാതെ എന്തു വിളിക്കാന്‍?
പണം വാങ്ങി മുങ്ങല്‍

ഏതെങ്കിലും കാര്യത്തിനായി മുന്‍കൂര്‍ പണം അടയ്ക്കാന്‍ നിര്‍ബന്ധിക്കുന്ന തട്ടിപ്പുകള്‍ പലതരമുണ്ട്.
'നിങ്ങള്‍ക്കു ഞാന്‍ കുറേ തുക ബാങ്കിലൂടെ അയച്ചു, അതു വേണ്ടതിലും കൂടുതലാണ്, അധികതുക തിരിച്ചു ട്രാന്‍സ്ഫര്‍ ചെയ്യുക.' വിശ്വസിപ്പിക്കാനായി ട്രാന്‍സ്ഫറിന്റെ സ്‌ക്രീന്‍ഷോട്ടും ഉണ്ടാകും. അതു തട്ടിപ്പാകും. ബാങ്കില്‍ വരാത്ത പണം നിങ്ങള്‍ തിരിച്ചടയ്ക്കും. (ട്രാന്‍സ്ഫര്‍ നടന്നോ എന്നു നേരിട്ടു പരിശോധിക്കാന്‍ ശ്രമിക്കാത്തതിന്റെ ഫലം.)
തട്ടിപ്പിനുപിന്നാലെ തട്ടിപ്പ്. നിങ്ങള്‍ തട്ടിപ്പിനിരയായി എന്നറിഞ്ഞു പണം തിരിച്ചുകിട്ടാന്‍ സഹായിക്കാമെന്നു പറഞ്ഞു വരുന്നവര്‍ മുന്‍കൂര്‍ ഫീസു വാങ്ങി തട്ടിക്കുന്നു.
ഒസ്യത്തോ ദാനമോ ആയി നല്ല തുക കിട്ടാനുണ്ട്, അതു കിട്ടാന്‍ നിശ്ചിത ഫീസ് അടയ്ക്കൂ എന്നു പറഞ്ഞ് നടത്തുന്ന തട്ടിപ്പ്. നിങ്ങള്‍ എടുക്കാത്ത ലോട്ടറിയുടെ സമ്മാനത്തുക പറഞ്ഞുള്ള തട്ടിപ്പുകളും ഇതില്‍പ്പെടും.
നൂലാമാലകളില്ലാതെ വായ്പ നല്‍കാം, നിശ്ചിത ശതമാനം ഫീസ് നല്‍കണം എന്നു പറഞ്ഞും പണം വാങ്ങുന്നു. വായ്പ ഒരിക്കലും കിട്ടാന്‍ പോകുന്നില്ല.
ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍
1. കാര്‍ഡ് മറ്റാളുകളുടെ കൈയില്‍ കൊടുക്കരുത്. അടിയന്തരഘട്ടത്തില്‍ കൊടുക്കേണ്ടിവന്നാല്‍ അതു മോണിട്ടര്‍ ചെയ്യണം. പാസ്‌വേഡ്/പിന്‍ വേഗംതന്നെ മാറ്റണം.
2. പാസ്‌വേഡും പിന്നും മറ്റും വേറേ ആര്‍ക്കും നല്‍കരുത്. മറ്റുള്ളവര്‍ക്കു കാണാവുന്ന വിധം സൂക്ഷിക്കരുത്. 
3. ബാങ്കോ കാര്‍ഡ് ഇഷ്യു ചെയ്യുന്ന സ്ഥാപനമോ റിസര്‍വ് ബാങ്കോ ധനമന്ത്രാലയമോ ഒക്കെയാണെന്നു പറഞ്ഞ് ആവശ്യപ്പെട്ടാലും കാര്‍ഡ് വിവരങ്ങള്‍ നല്‍കരുത്. ആ സ്ഥാപനങ്ങള്‍ കാര്‍ഡ്‌വിവരങ്ങള്‍ ചോദിക്കാറില്ല. ചോദിക്കുന്നപക്ഷം സ്ഥാപനത്തില്‍ നേരിട്ടു ബന്ധപ്പെടുകയും പരാതി നല്‍കുകയും വേണം.  
4. പെട്ടെന്ന് ഊഹിച്ചെടുക്കാവുന്ന പാസ്വേഡുകള്‍ ഉപയോഗിക്കരുത്.
5. ബാങ്ക് ഇടപാടുകള്‍ പബ്ലിക് വൈഫൈ ഉപയോഗിച്ചു നടത്താതിരിക്കുക.
നല്ല സമരിയാക്കാരെ സൂക്ഷിക്കുക
'നിങ്ങളുടെ കംപ്യൂട്ടറിലെ/മൊബൈലിലെ സോഫ്റ്റ്വേറില്‍ തകരാര്‍/വൈറസ് ഉണ്ട്. ഞങ്ങള്‍ ശരിയാക്കി ത്തരാം' എന്നു പറഞ്ഞ് വലിയ കമ്പനികളുടെയോ ഇന്റര്‍നെറ്റ് സേവനദാതാക്കളുടെയോ പേരില്‍ സമീപിക്കുന്നവരുണ്ട്. 
നിങ്ങളറിയാത്ത നിങ്ങളുടെ പ്രശ്‌നം നിങ്ങള്‍ ആവശ്യപ്പെടാതെ പരിഹരിക്കാന്‍ വരുന്നവര്‍ നല്ല സമരിയാക്കാരല്ല. അവര്‍ നിങ്ങളുടെ സിസ്റ്റത്തില്‍ നുഴഞ്ഞുകയറി വിവരങ്ങള്‍ ചോര്‍ത്താനും കംപ്യൂട്ടറിനെ തങ്ങളുടെ നിയന്ത്രണത്തില്‍ ആക്കാനും (ഹാക്ക് ചെയ്യാന്‍) വരുന്നവരാണ്. വിദൂരനിയന്ത്രണസോഫ്റ്റ് വേര്‍ സിസ്റ്റത്തില്‍ സ്ഥാപിക്കും. 
കംപ്യൂട്ടര്‍ സേവനകമ്പനികള്‍ ഇങ്ങോട്ടു ബന്ധപ്പെടാറില്ല. നമ്മള്‍ ആവശ്യപ്പെട്ടാലേ അവര്‍ ബന്ധപ്പെടൂ. അല്ലാതെ ബന്ധപ്പെടുന്നവര്‍ തട്ടിപ്പുകാരാണെന്നു മനസ്സിലാക്കി പ്രവര്‍ത്തിക്കുക. നിങ്ങളുടെ സിസ്റ്റത്തില്‍ ആര്‍ക്കും റിമോട്ട് ആക്‌സസ് അനുവദിക്കരുത്.
തട്ടിപ്പാണെന്നു തോന്നിയാല്‍...
ഒരു ഓണ്‍ലൈന്‍ സ്‌കീമോ നിക്ഷേപപദ്ധതിയോ ഒരു ധനാഭ്യര്‍ഥനയാേ സംശയകരമായി തോന്നിയാല്‍ ആദ്യംതന്നെ സൈബര്‍ സെല്ലില്‍ അറിയിക്കുക. ഓഫ് ലൈന്‍ കാര്യങ്ങള്‍ സാധാരണ പോലീസ് സ്റ്റേഷനില്‍ അറിയിക്കാം.
സൈബര്‍ പോലീസിന്റെ ഇമെയില്‍:
cyberdome.pol@kerala.gov.in
ഫേയ്‌സ് ബുക്ക്, വാട്‌സാപ്, എക്‌സ് (ട്വിറ്റര്‍) എന്നിവയിലൂടെയും പരാതി നല്‍കാം.
വെബ് സൈറ്റ്: cyberdome.kerala.gov.in
ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ നമ്പര്‍: 1930
സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടല്‍: 
cybercrime.gov.in

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)