•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
എഡിറ്റോറിയല്‍

ഒളിമങ്ങാതെ ഇന്ത്യന്‍ ജനാധിപത്യം

  • ചീഫ് എഡിറ്റര്‍ & മാനേജിങ് ഡയറക്ടര്‍ : ഫാ. കുര്യന്‍ തടത്തില്‍
  • 13 June , 2024

പതിനെട്ടാം ലോകസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിലെ ജനവിധി പുറത്തുവന്നിരിക്കുന്നു. (റിസല്‍ട്ട് അറിഞ്ഞയുടന്‍ എഴുതിയതാണ് ഈ മുഖപ്രസംഗമെന്ന് ആമുഖത്തില്‍ സൂചിപ്പിക്കട്ടെ.) ഫലമറിഞ്ഞപ്പോള്‍ സകല എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങളും നിഷ്പ്രഭമായിരിക്കുന്നു. ഇന്ത്യന്‍ജനാധിപത്യത്തിന്റെ സുഭദ്രമായ ഭരണത്തിനുള്ള  ജനങ്ങളുടെ സ്വതന്ത്രമായ വിധിയെഴുത്താണുണ്ടായത്. സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും ഭരണഘടനാമൂല്യങ്ങളും ഉയര്‍ത്തി ഉദ്‌ഘോഷിക്കുന്ന ഒരു ചരിത്രവിജയംകൂടിയാണിത്. 
     രാജ്യമെമ്പാടും ഒരു ഭരണവിരുദ്ധവികാരം അലയടിച്ചതിന്റെ പ്രതിഫലനമാണ് ഈ തിരഞ്ഞെടുപ്പുവിജയം. മൃഗീയഭൂരിപക്ഷത്തിന്റെയും അധികാരപ്രമത്തതയുടെയും ഉത്തുംഗശൃംഗത്തില്‍നിന്നാണ് ബിജെപിയെ ജനം താഴേക്കു വലിച്ചിറക്കിയത്. ഭരണാധികാരിയുടെ സര്‍വാധികാരപ്രമത്തത ഇനിയും വച്ചുപൊറുപ്പിക്കാനാവില്ലെന്ന് പ്രധാനമന്ത്രി മോദിയോട് ജനം വിളിച്ചുപറഞ്ഞ വിധിയാണിത്. കഴിഞ്ഞ ഒരു ദശകത്തിലേറെയായി കൊട്ടിഘോഷിച്ചുകൊണ്ടു നടന്ന മോദിപ്രഭ രാജ്യത്തൊരിടത്തും കാണാനായില്ല. സ്വന്തം തട്ടകമായ വാരാണസിയില്‍പ്പോലും നിറംമങ്ങിയ ജയമാണ് അദ്ദേഹത്തിനുണ്ടായത്. 2014 ല്‍ മൂന്നേമുക്കാല്‍ ലക്ഷവും 2019 ല്‍ നാലേമുക്കാല്‍ ലക്ഷവും വോട്ട് ഭൂരിപക്ഷമുണ്ടായിരുന്നിടത്ത് 2024 ലെ മൂന്നാമങ്കത്തില്‍ ഏഴു ലക്ഷം മോഹിച്ചെങ്കിലും ഒന്നരയില്‍ ഒതുങ്ങേണ്ടിവന്നു. 
     വിദ്വേഷപ്രചാരണത്തിന്റെയും കുതിരക്കച്ചവടത്തിന്റെയും കുറുക്കുവഴികളുപേക്ഷിക്കാനുള്ള മുന്നറിയിപ്പാണ് രാജ്യം ഭരിച്ചവര്‍ക്ക് ഈ തിരഞ്ഞെടുപ്പു നല്‍കിയത്. സ്വേച്ഛാധിപതിയുടെ വേഷമണിഞ്ഞു മോദി നടത്തിയ പ്രതിപക്ഷ വേട്ട രാജ്യത്തിന് അപരിചിതവും താങ്ങാനാവാത്തതുമായിരുന്നു. വര്‍ഗീയതയുടെയും ന്യൂനപക്ഷവിരുദ്ധതയുടെയും വായാടിത്തങ്ങള്‍കൊണ്ട് മോദി മതേതര ഇന്ത്യയുടെ മനസ്സിനെ വല്ലാതെ മുറിവേല്പിച്ചു. വികസനസ്വപ്നങ്ങള്‍ വാരിവിതറിയും കരുത്തനായ ഭരണാധികാരിയെന്ന താരപ്രഭ ചാര്‍ത്തിയും അദ്ദേഹം നടത്തിയ നയപരിപാടികളില്‍ ഹിന്ദുത്വ അജണ്ടകള്‍ നടപ്പാക്കുകയെന്ന ഗൂഢതന്ത്രമാണ് കഴിഞ്ഞ പത്തുവര്‍ഷമായി പയറ്റിക്കൊണ്ടിരുന്നത്. രാമക്ഷേത്രമടക്കമുള്ള വിഷയങ്ങള്‍ പ്രചാരണത്തില്‍ മുന്‍നിരയിലേക്കു വന്നത് ജനം തള്ളിയെന്നത് ആദ്യഘട്ടവോട്ടെടുപ്പു കഴിഞ്ഞപ്പോള്‍ വിലയിരുത്തലുണ്ടായതോടെയാണ് പച്ചയായ വര്‍ഗീയപരാമര്‍ശങ്ങളടങ്ങുന്ന പ്രസംഗങ്ങള്‍ തുടരെത്തുടരെ നടത്തി മോദി രാജ്യത്തെ  ഞെട്ടിച്ചത്. അയോധ്യ രാമക്ഷേത്രം ഉള്‍പ്പെടുന്ന ഫൈസാബാദ് മണ്ഡലത്തില്‍ ബിജെപിക്കു തിരിച്ചടി നേരിട്ടത് വര്‍ഗീയതയെന്ന ഭൂതത്താനോട് ജനം കൈകോര്‍ത്തില്ല എന്നതിന്റെ ഉദാഹരണമാണ്. അയോധ്യനവീകരണത്തിന്റെ പേരില്‍ സാധാരണക്കാരെ കുടിയൊഴിപ്പിച്ചതും തൊഴിലില്ലായ്മപ്രശ്‌നവും തിരഞ്ഞെടുപ്പില്‍ വന്‍തിരിച്ചടിയായി. 
     ഇന്ത്യാസഖ്യത്തിന്റെയും കോണ്‍ഗ്രസിന്റെയും മുന്നേറ്റം ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള കൂട്ടായ പരിശ്രമത്തിന്റെയും അത്യധ്വാനത്തിന്റെയും വിജയമാണ്. കഴിഞ്ഞ തവണത്തേതില്‍നിന്നു വിഭിന്നമായി കരുത്തുറ്റ ഒരു പ്രതിപക്ഷത്തെയാണ് ഈ തിരഞ്ഞെടുപ്പ് ലോകസഭയിലെത്തിക്കുന്നത്. അഭിപ്രായവ്യത്യാസങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ലോകസഭ തുറന്ന വേദിയാവുകയാണ്. പ്രതിപക്ഷത്തിന്റേതാണു പാര്‍ലമെന്റ് എന്നു ഭരണഘടനയില്‍ ഡോ. ബി. ആര്‍. അംബേദ്കര്‍ കുറിച്ചത് ഒരര്‍ഥത്തില്‍ യാഥാര്‍ഥ്യമാവുകയാണ്.
      ഇന്ത്യാസഖ്യത്തിന്റെ ഉള്‍ക്കരുത്തും നടുനായകനും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയല്ലാതെ മറ്റാരുമല്ല. നരേന്ദ്രമോദിയെന്ന അതികായനെതിരേ പ്രതിപക്ഷ ഐക്യനിരയെ കെട്ടിപ്പടുക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വം രാഹുല്‍ ചുമലിലേറ്റി. പലപ്പോഴും മോദിക്കെതിരേ ഒറ്റയാള്‍പോരാട്ടം നടത്താനും പ്രധാനമന്ത്രിയുടെ കോര്‍പറേറ്റ് മാഫിയാബാന്ധവങ്ങള്‍ തുറന്നുകാട്ടാനും രാഹുല്‍ ഭയപ്പെട്ടില്ല. പരമാധികാരികളെയും അവരുടെ താവളങ്ങളെയും വിറപ്പിച്ച് ചരിത്രവിജയം നേടിയ രാഹുല്‍ ഗാന്ധിയാണ് ഈ തിരഞ്ഞെടുപ്പിലെ താരം. 
രാഹുല്‍-ഖാര്‍ഗെ-പ്രിയങ്ക നേതൃത്വത്തിന്റെ വിജയം കോണ്‍ഗ്രസില്‍മാത്രമല്ല, ഇന്ത്യാസഖ്യത്തിനാകെ ആശയും ആവേശവുമുണര്‍ത്തി. ഉത്തര്‍പ്രദേശില്‍ തരംഗം സൃഷ്ടിച്ച എസ്പി നേതാവ് അഖിലേഷ് യാദവിന്റെയും, സഖ്യത്തിന്റെ കരുത്തുറ്റ മുഖങ്ങളിലൊന്നായ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെയും പങ്ക് ഈ വിജയത്തിളക്കത്തില്‍ ആര്‍ക്കും നിഷേധിക്കാനാവില്ല. 
      അടുത്ത അഞ്ചുവര്‍ഷം ഇന്ത്യ ആരു ഭരിക്കും എന്നറിയാന്‍ ഇനിയും മണിക്കൂറുകളും ഒരുപക്ഷേ ദിവസങ്ങളും കാത്തിരിക്കേണ്ടിവന്നേക്കാം. അധികാരത്തില്‍ കേറിയാലും ഒറ്റയ്ക്കു ഭൂരിപക്ഷമില്ലാത്തതിനാല്‍ മുന്നണിസംവിധാനങ്ങള്‍ക്കു വഴങ്ങിക്കൊണ്ടുമാത്രമേ ബിജെപിക്കു ഭരണം നിര്‍വഹിക്കാന്‍ കഴിയൂ. ഇന്ത്യാസഖ്യവും മന്ത്രിസഭാരൂപീകരണസാധ്യതകള്‍ അന്വേഷിക്കുന്നുണ്ട്. ചന്ദ്രബാബു നായിഡുമായും നിതീഷ് കുമാറുമായും ശരദ്പവാര്‍ നടത്തിയ ചര്‍ച്ചകള്‍ കൗതുകമുണര്‍ത്തുന്നതാണെങ്കിലും ഫലമുണ്ടോയെന്നു കാത്തിരുന്നു കാണണം. ആര്‍ക്കും ഒന്നും പ്രവചിക്കാനാവാത്തവിധം ചിത്രം മാറിമറിയുന്ന മണിക്കൂറുകള്‍ക്ക് ഇന്ത്യ സാക്ഷ്യം വഹിക്കുകയാണ്. എന്തായാലും, ജനാധിപത്യത്തിന്റെ മഹിമ വാനോളമുയര്‍ത്തുന്ന ചരിത്രപരമായ ഈ വിധിയെഴുത്തില്‍ ഇന്ത്യാമഹാരാജ്യത്തിനു പ്രതീക്ഷവയ്ക്കാം.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)