•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
പ്രതികരണങ്ങള്‍

തോല്‍വിയെ അംഗീകരിക്കുക പ്രധാനമാണ്

  • അനില്‍ ജെ. തയ്യില്‍
  • 20 June , 2024

നിങ്ങളുടെ തോല്‍വിയാല്‍ നിങ്ങള്‍ നിര്‍വചിക്കപ്പെടരുത്. ആ തോല്‍വി നിങ്ങള്‍ പാഠങ്ങളാക്കി മാറ്റണം - ബരാക് ഒബാമ.
വന്‍ തോല്‍വിയും അതിലേക്കു നയിച്ച വസ്തുതകള്‍ക്കു നേര്‍ക്കുള്ള വിമര്‍ശനവും പരാജിതനായ ഒരു നേതാവിനെയോ പ്രസ്ഥാനത്തെയോ വിറളി പിടിപ്പിക്കുന്നെങ്കില്‍ അതു ജനാധിപത്യത്തിനു ചേര്‍ന്നതല്ല. അത്തരമൊരു സവിശേഷവും നിര്‍ഭാഗ്യകരവുമായ അവസ്ഥയ്ക്കാണ് ലോകസഭാതിരഞ്ഞെടുപ്പിന്റെ ഫലം വന്നതിനിപ്പുറം കേരളം സാക്ഷ്യം വഹിക്കുന്നത്.
ഇക്കഴിഞ്ഞ ലോകസഭാതിരഞ്ഞെടുപ്പില്‍ കേരളത്തില്‍ പരാജയപ്പെട്ടതിന്റെ ജാള്യം മറയ്ക്കാനോ എന്തോ, ഈശോയുടെ മുഖത്ത് സുരേഷ് ഗോപിയുടെ മുഖം മോര്‍ഫ് ചെയ്ത് 'സുയേശു ഈ കുടുംബത്തിന്റെ നാഥന്‍' എന്ന അടിക്കുറിപ്പോടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഒരു ഇടതുപക്ഷസഹയാത്രികന്‍. സാമാന്യജനങ്ങളില്‍നിന്നുള്ള കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് ഈ പോസ്റ്റ് പിന്‍വലിച്ചെങ്കിലും, ഇടതുപക്ഷത്തിന്റെ ഒരു നേതാവുപോലും ഇതിനെ അപലപിച്ചില്ലായെന്നതു ശ്രദ്ധേയം. ഇതിനെതിരേ സീറോ മലബാര്‍ സഭാ പ്രോലൈഫ് അപ്പോസ്തലേറ്റ് രംഗത്തെത്തി. മതപരമായ പ്രതീകങ്ങളെ വികൃതമാക്കി അവതരിപ്പിക്കുന്നതിനെ സര്‍ക്കാര്‍ ശക്തമായ നിയമനടപടികളിലൂടെ നേരിടണമെന്ന് സംഘടന ആവശ്യപ്പെടുകയുണ്ടായി. 
ജനാധിപത്യമൂല്യങ്ങളെയും ഭരണഘടനയെയുംകുറിച്ച് നാഴികയ്ക്കു നാല്പതുവട്ടം മൊഴിയുന്ന ഇടതുപക്ഷം, ഒരു ജനാധിപത്യപ്രക്രിയയിലൂടെയാണ് സുരേഷ് ഗോപി തിരഞ്ഞെടുക്കപ്പെട്ടതും കേരളമൊട്ടാകെ ഇടതുപക്ഷം തോല്‍പ്പിക്കപ്പെട്ടതും എന്നു മനസ്സിലാക്കണം. തിരഞ്ഞെടുപ്പുപ്രക്രിയ സംബന്ധിച്ചു യാതൊരുവിധ പരാതിയും അവര്‍ ഇതേവരെ ഉന്നയിച്ചിട്ടുമില്ല. മുഖ്യമന്ത്രി ജനങ്ങളെ അസ്പൃശ്യരായിക്കണ്ട് വിരാജിച്ചപ്പോള്‍, സുരേഷ് ഗോപി തൃശൂരില്‍ സാമാന്യജനങ്ങള്‍ക്കിടയിലായിരുന്നു. അതുകൊണ്ടാണ് കേരളത്തില്‍നിന്ന് ആദ്യ ബിജെപി ലോകസഭാ എംപി ഉണ്ടായത്. തിരഞ്ഞെടുപ്പുപ്രചാരണതന്ത്രം എന്ന നിലയില്‍ എതിരാളികളെ വ്യക്തിഹത്യ ചെയ്തു തകര്‍ക്കാന്‍ യാതൊരു നിയന്ത്രണവുമില്ലാതെ തങ്ങള്‍ കെട്ടഴിച്ചുവിടുന്ന സൈബര്‍ കടന്നലുകളും മുഖ്യമന്ത്രി കേരളജനതയോടു കാണിക്കുന്ന ധാര്‍ഷ്ട്യവുമാണ് തങ്ങളുടെ പരാജയത്തിനു കാരണമെന്നു തിരിച്ചറിയാത്തതാണ് ഇടതുപക്ഷദുരന്തം.
അടുത്തകാലത്ത് സിപിഎം സൈബര്‍സേന അതിഹീനമാംവിധം പരിധികള്‍ക്കപ്പുറം വ്യക്തിഹത്യ നടത്തിയവരാണ് അമ്പരപ്പിക്കുന്ന ഭൂരിപക്ഷത്തില്‍ വിജയതീരം തൊട്ടത്. പുതുപ്പള്ളിയും വടകരയും തൃശൂരും അതിനുദാഹരണമായി കണ്മുന്നില്‍ നില്‍ക്കുന്നു. മറ്റൊരു ശ്രദ്ധേയമായ കാര്യം കേരളത്തില്‍ ബിജെപിയെക്കാള്‍ സിപിഎം എതിര്‍ത്തത് കോണ്‍ഗ്രസിനെയും, ബിജെപി മുന്നോട്ടുവച്ച ഫാസിസ്റ്റുഭരണനയത്തിനെതിരേ സന്ധിയില്ലാസമരം നടത്തുന്ന രാഹുല്‍ ഗാന്ധിയെയുമാണ് എന്നുള്ളതാണ്. ഇതും ജനങ്ങള്‍ക്കിടയില്‍ സിപിഎമ്മിന്റെ നിലപാട് സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിച്ചു എന്നു പറയാതെവയ്യ. 
സുരേഷ് ഗോപിക്കു പുറമേ കേരളത്തില്‍നിന്നു കേന്ദ്രമന്ത്രിയായിരിക്കുന്ന ജോര്‍ജ് കുര്യന്‍ ക്രിസ്ത്യാനിയാണെന്നിരിക്കേ, പ്രീണനനയമാണെന്ന് ആക്ഷേപമുയര്‍ന്നാലും ആ മന്ത്രിസ്ഥാനം കേരള ക്രൈസ്തവസമൂഹത്തിന് ഒരു പരിഗണന എന്ന നിലയിലും വായിക്കാം.
മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് ഇത്തവണ ഇരയായത് യാക്കോബായസഭ നിരണം ഭദ്രാസനം മുന്‍ തലവന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയാണ്. സഭാപരമായ ചുമതലകളില്‍നിന്നു വിരമിച്ച് സേവനപാതയിലേക്കു തിരിഞ്ഞിരിക്കുന്ന മാര്‍ കൂറിലോസ് ജനപ്രിയനും ഇടതുപക്ഷസഹയാത്രികനുമാണ്. എന്നാല്‍, തിരഞ്ഞെടുപ്പുഫലത്തിനുശേഷം  ഭരണവിരുദ്ധവികാരത്തില്‍ ഊന്നിയുള്ള അദ്ദേഹത്തിന്റെ വിമര്‍ശനാത്മകഫേസ്ബുക്ക് പോസ്റ്റിനുള്ള മറുപടിയായി മുഖ്യമന്ത്രി അദ്ദേഹത്തെ വിശേഷിപ്പിച്ചത് 'വിവരദോഷിയായ ഒരു മുന്‍ പുരോഹിതന്‍' എന്നാണ്. 
'ജനങ്ങള്‍ നല്‍കുന്ന തുടര്‍ച്ചയായ ആഘാത ചികിത്സയില്‍നിന്ന് ഇനിയും പാഠം പഠിക്കാന്‍ തയ്യാറായില്ലെങ്കില്‍ കേരളത്തിലെ ഇടതുപക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ വരും... എന്നു തുടങ്ങി ഇടതുപക്ഷം 'ഇടത്ത്' തന്നെ നില്‍ക്കണം, വലത്തോട്ട് ഇന്‍ഡിക്കേറ്റര്‍ ഇട്ട് വലത്തോട്ടു വണ്ടിയോടിച്ചാല്‍ അപകടം ഉണ്ടാകും, ലക്ഷ്യസ്ഥാനത്ത് എത്തുകയും ഇല്ല' എന്നു പറഞ്ഞാണ്  മാര്‍ കൂറിലോസിന്റെ പോസ്റ്റ് അവസാനിക്കുന്നത്. ഇപ്പോള്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്നവര്‍ കേരള സ്റ്റോറി സിനിമ സംബന്ധിച്ച മാര്‍ കൂറിലോസിന്റെ  ഒരു ഫേസ്ബുക്ക് പോസ്റ്റ്  സീറോ മലബാര്‍ സഭയ്‌ക്കെതിരേ ആഘോഷമാക്കിയിരുന്നു. 
പല സിപിഎം പ്രവര്‍ത്തകരും മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനശൈലിയില്‍ അതൃപ്തരാണ്. വിമര്‍ശകരെല്ലാം ശത്രുക്കളല്ല എന്ന് മുഖ്യമന്ത്രിക്കെതിരേ ഒളിയമ്പെയ്തുകൊണ്ട് സിപിഎം തിരുവല്ല ഏരിയ കമ്മിറ്റിയംഗം കെ. പ്രകാശ് ബാബു ഫേസ്ബുക്കില്‍ എഴുതി. സിപിഐയും മുഖ്യമന്ത്രി തിരുത്തണമെന്നുള്ള നിലപാടിലാണ്. 
ജനങ്ങളുടെ ഗതികേടുകാലത്ത് കിറ്റിനുപകരം വോട്ടുപദ്ധതിയില്‍ രണ്ടാം വട്ടവും ഭരണമേറിയതിന്റെ ധാര്‍ഷ്ട്യത്തില്‍ ധൂര്‍ത്തിനും മാസപ്പടിക്കും തങ്ങള്‍ക്കു മൗലികാവകാശമുണ്ടെന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. സ്തുതിപാടല്‍മാത്രമല്ല, വിമര്‍ശനംകൂടി തുറന്ന മനസ്സോടെ സ്വീകരിക്കുന്നതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. വിമര്‍ശനത്തിന്റെ കാതല്‍ ഉള്‍ക്കൊള്ളാന്‍ നമുക്കു സാധിക്കുന്നില്ലെങ്കില്‍ പദവിയില്‍ തുടരാന്‍ നാം അര്‍ഹരല്ല എന്നുതന്നെയാണ് അര്‍ഥം. വിമര്‍ശനം നമ്മെ കൂടുതല്‍ പാകപ്പെടുത്തേണ്ടതിനുപകരം അസഹിഷ്ണുവാക്കുന്നതും ചരിത്രം മറക്കുന്നതും ആത്മഹത്യാപരമാണ്.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)