•  25 Dec 2025
  •  ദീപം 58
  •  നാളം 42
കവര്‍‌സ്റ്റോറി

പരീക്ഷാക്രമക്കേടുകള്‍ തുടര്‍ക്കഥയാകുമ്പോള്‍

ട്ടും നീറ്റല്ലാത്തവിധം രാജ്യത്തിന്റെ ഉന്നതവിദ്യാഭ്യാസയോഗ്യതാനിര്‍ണയമേഖല ലോകത്തിനുമുമ്പില്‍ അപഹാസ്യമാക്കപ്പെടുമ്പോള്‍ തലകുനിക്കുന്നത് രാഷ്ട്രംതന്നെയാണ്. വരുംതലമുറയ്ക്കു ഭാവിയുടെ ഔന്നത്യങ്ങളിലേക്കുള്ള കോണിപ്പടിയാവേണ്ട സുപ്രധാന പരീക്ഷാസംവിധാനം അവരെ ഇരുളാണ്ട വാരിക്കുഴിയിലേക്കു തള്ളിയിടുന്ന അധഃപതനത്തിന്റെ ലജ്ജയില്ലാക്കാഴ്ചയ്ക്കാണ് രാജ്യം സാക്ഷ്യംവഹിക്കുന്നത്.പഠിച്ചില്ലെങ്കിലും പണം ഉണ്ടായാല്‍ മതി ആ കുറവ് നികത്താനെന്ന നെറികെട്ട കാലത്തേക്ക് യുവത്വത്തെ തള്ളിവിടുന്ന അവസ്ഥയിലേക്കു കാര്യങ്ങള്‍ മാറിമറിയുന്നു.
മേയ് 5 നു നടന്ന മെഡിക്കല്‍ ബിരുദപ്രവേശനത്തിനുള്ള നീറ്റ് - യു.ജി. പരീക്ഷയില്‍ നടന്ന ക്രമക്കേടുകള്‍ വിദ്യാര്‍ഥികളടക്കം 24 പേരുടെ അറസ്റ്റിലേക്കും ദേശീയ പരീക്ഷാ ഏജന്‍സിയുടെ വിശ്വാസ്യതയും സുതാര്യതയും ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലേക്കും എത്തിയിരിക്കുകയാണ്. ആദ്യഘട്ടത്തില്‍ കുറ്റകരമാംവിധം നിശ്ശബ്ദത പുലര്‍ത്തിയകേന്ദ്രസര്‍ക്കാര്‍ പിന്നീട് എന്‍.ടി.എയ്‌ക്കൊപ്പം ചേര്‍ന്ന് ക്രമക്കേട് നിഷേധിച്ചു. എന്നാല്‍, ബീഹാര്‍ ഇക്കണോമിക്‌സ് ഒഫന്‍സ് യൂണിറ്റ് (ഇ.ഒ.യു) നടത്തിയ അന്വേഷണത്തിലെ കണ്ടെത്തല്‍പ്രകാരം പിന്നീട് കേന്ദ്രസര്‍ക്കാരിനു ചോദ്യപ്പേപ്പര്‍ ചോര്‍ന്നതായി സമ്മതിക്കേണ്ടിവന്നു. ഇതോടെ, കേന്ദ്രവും ദേശീയ പരീക്ഷാ ഏജന്‍സിയും കെട്ടിപ്പൊക്കിയ പ്രതിരോധമതില്‍ തകര്‍ന്നുവീഴാനും ഏജന്‍സിയുടെ പരീക്ഷാനടത്തിപ്പുവീഴ്ചകള്‍ ഓരോന്നായി പുറത്തുവരാനും തുടങ്ങി.
തട്ടിപ്പിന്റെ കുതന്ത്രവഴികള്‍
നീറ്റ് - യു.ജിയില്‍ ക്രമക്കേടു സംഭവിച്ചുവെന്ന് സംശയം ജനിപ്പിച്ചത് ചില അസാധാരണ കാര്യങ്ങളായിരുന്നു. 
1. ഒന്നാംറാങ്കുകാരുടെ എണ്ണം അസാധാരണമാംവിധം വര്‍ധിച്ചു. 67 ഒന്നാം റാങ്കുകാര്‍ക്ക്മുഴുവന്‍ മാര്‍ക്കും (720) ലഭിച്ചു
എന്നുമാത്രമല്ല, ഒരു കേന്ദ്രത്തില്‍ പരീക്ഷയെഴുതിയ അനേകം പേര്‍ക്ക് ഒന്നാം റാങ്കു ലഭിക്കുകയുമുണ്ടായി. പലര്‍ക്കും 718, 719 മാര്‍ക്കുകള്‍ ലഭ്യമായത് നീറ്റ് മൂല്യനിര്‍ണയസംവിധാനരീതിയനുസരിച്ച് സംഭവ്യമായിരുന്നില്ല. 
2. നിര്‍ദിഷ്ടസമയം ലഭ്യമായില്ല എന്ന പേരില്‍ 1563 പേര്‍ക്ക്‌ഗ്രേസ്മാര്‍ക്കു നല്‍കിയത് അഴിമതിയാണെന്ന നിലയില്‍ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ ഇവരുടെ മുന്റാങ്ക് റദ്ദാക്കി പുനഃപരീക്ഷയ്ക്ക് അവസരം ഒരുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ സമ്മതിക്കുകയുണ്ടായി.
3.  പ്രഖ്യാപിച്ചതിലും പത്തു ദിവസംമുമ്പേ ലോക്‌സഭാറിസള്‍ട്ടിനൊപ്പം നീറ്റ് റിസള്‍ട്ട് പ്രഖ്യാപിച്ചത് മാധ്യമശ്രദ്ധ തിരിക്കാനായിരുന്നുവെന്നു വ്യക്തമായി. ആരോപണങ്ങള്‍ സംബന്ധിച്ച് ഇക്കണോമിക്‌സ് ഒഫന്‍സ് യൂണിറ്റ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭി
ച്ചതോടെ അറസ്റ്റുകളുടെ ഘോഷയാത്രയായി.
ഇ.ഒ.യു. ഒമ്പതു വിദ്യാര്‍ഥികളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതോടെ ഒരു ചോദ്യക്കടലാസിന് 30 മുതല്‍ 35 വരെ ലക്ഷം രൂപ നല്‍കിയതായി തെളിയുകയും ആറു ചെക്കുകള്‍ കണ്ടെടുക്കുകയും ചെയ്തു. ഇതോടെ, ഇ.ഡിയും അന്വേഷണവുമായി
സഹകരിച്ചു രംഗത്തെത്താനുള്ളസാഹചര്യമൊരുങ്ങി. ബീഹാറിലെ  സ്വകാര്യസ്‌കൂളില്‍ വിദ്യാര്‍ഥികള്‍ കൂട്ടംചേര്‍ന്നു ചോര്‍ത്തിയ ചോദ്യപ്പേപ്പര്‍ പഠിക്കുന്ന വീഡിയോദൃശ്യവും പോലീസിനു ലഭിച്ചു. ബീഹാറിലെ ധാനാപ്പുര്‍ നഗരസഭാ ജൂനിയര്‍ എന്‍ജിനീയറായ സിക്കന്ദര്‍ യാദവേന്ദുവാണ് ക്രമക്കേടിന്റെ മുഖ്യസൂത്രധാരനെന്നും ഗോപാല്‍പുര്‍ സ്വദേശി നിതീഷ് കുമാര്‍ മുഖേനയാണ് ചോദ്യപ്പേപ്പര്‍ ലഭ്യമാക്കിയതെന്നും അന്വേഷണസംഘം വെളിപ്പെടുത്തി. ബീഹാര്‍ പബ്ലിക് സര്‍വീസ് പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ന്ന കേസില്‍ ശിക്ഷയനുഭവിച്ച ആളാണ് നിതീഷ് കുമാര്‍. കുറ്റകൃത്യങ്ങള്‍ തടയാനുള്ള നമ്മുടെ
രാജ്യത്തെ നിരീക്ഷണസംവിധാനം എത്ര ദുര്‍ബലമാണെന്ന് ഇതു തെളിയിക്കുന്നു.
പാറ്റ്‌നയില്‍ നടന്ന പരിശോധനയില്‍ ലഭിച്ച കത്തിച്ചനിലയിലുള്ള ചോദ്യക്കടലാസുകളും ഹസാരിബാഗ്പരീക്ഷാകേന്ദ്രത്തിനു കീഴില്‍ വരുന്ന 636488 നമ്പറിലുള്ള ഉത്തരസൂചികയും ലഭിച്ചതോടെ ചോദ്യക്കടലാസ്ചോര്‍ന്നത് ജാര്‍ഖണ്ഡിലെ ഹസാരിബാഗ് പരീക്ഷാകേന്ദ്രത്തില്‍നിന്നാണെന്നു വ്യക്തമായി.
ഹാജരില്ലാതെ ജൂണ്‍ 23-ാംതീയതി നടന്ന നീറ്റ് - യു.ജി. പുനഃപരീക്ഷ, ക്രമക്കേടു സംബന്ധിച്ച സംശയങ്ങള്‍ അരക്കിട്ടുറപ്പിക്കുന്നതായി. ഗ്രേസ്മാര്‍ക്കു ദാന  വിവാദത്തെത്തെുടര്‍ന്ന്1563 വിദ്യാര്‍ഥികള്‍ക്കായി നടന്ന പുനഃപരീക്ഷയില്‍ ആകെ പങ്കെടുത്തത് 813 വിദ്യാര്‍ഥികള്‍മാത്രം. ബാക്കിയുള്ളവര്‍ എഴുതാത്തതു ചോദ്യചിഹ്നമായി നില്‍ക്കേ, കഴിഞ്ഞദിവസങ്ങളില്‍ കാരണമറിയിക്കാതെ എന്‍.ടി.എ. 93 വിദ്യാര്‍ഥികളെ അയോഗ്യരാക്കുകയുണ്ടായി. അതേസമയം, ക്രമക്കേടു കാണിച്ച ബീഹാറില്‍നിന്നുള്ള 17 വിദ്യാര്‍ഥികളെ പുറത്താക്കിയത് ജൂണ്‍ 23-ാം തീയതിമാത്രം.
വീണ്ടും ചോര്‍ച്ച
രാജ്യത്ത് 125 കേന്ദ്രങ്ങളിലായി 11.21 ലക്ഷം പേരെഴുതിയകോളജ് അധ്യാപന യോഗ്യതാപരീക്ഷയായ യുജിസി - നെറ്റ് റദ്ദാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ദേശീയ പരീക്ഷാഏജന്‍സിയുടെ പിടിപ്പുകേടിനാലുണ്ടായ അടുത്ത ആഘാതമായി.ജൂണ്‍ 18 ന് രാവിലെ നടന്ന പരീക്ഷ, ചോദ്യപ്പേപ്പര്‍ചോര്‍ച്ചയെത്തുടര്‍ന്ന് 19 ന് അര്‍ധരാത്രിയോടെ അപ്രതീക്ഷിതമായി റദ്ദാക്കുകയായിരുന്നു. നെറ്റ് പരീക്ഷയ്ക്ക് ആറു ദിവസംമുമ്പ് ടെലിഗ്രാം ചാനലില്‍ ആയിരം മുതല്‍ മൂവായിരംവരെ രൂപ നിരക്കില്‍ ചോദ്യപ്പേപ്പര്‍ ലഭ്യമായിരുന്നു. നാഷണല്‍ സൈബര്‍ ക്രൈം ത്രേട്ട് അനലിസ്റ്റിക് യൂണിറ്റ് പരീക്ഷയിലെ ക്രമക്കേടു സംബന്ധിച്ചു നല്‍കിയ സൂചനകള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം റദ്ദാക്കല്‍ നടപടിക്കു മുതിര്‍ന്നത്. നെറ്റ് യോഗ്യത ഇത്തവണ മുതല്‍ പിഎച്ച്.ഡി. പ്രവേശനത്തിനും പരിഗണിച്ചിരുന്നു.
മാറ്റിവെക്കലുകള്‍ തുടര്‍ക്കഥയാകുമ്പോള്‍ 
ഏതാനും ദിവസങ്ങള്‍ക്കിടെ മുന്‍കൂട്ടി പ്രഖ്യാപിച്ച നാലു പരീക്ഷകള്‍ മാറ്റിവച്ചുകൊണ്ടാണ് എന്‍.ടി.എ. തങ്ങളുടെ കെടുകാര്യസ്ഥത വിളംബരം ചെയ്തത്. ചോദ്യപ്പേപ്പര്‍ ചോര്‍ന്ന നെറ്റ് പരീക്ഷയ്ക്കു പുറമേ, ജൂണ്‍ 12 നു നടത്തിയ നാലുവര്‍ഷ ബി.എഡ്. പ്രോഗ്രാമിനുള്ള നാഷണല്‍ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (എന്‍.സി.ഇ.ടി) സാങ്കേതികപ്രശ്‌നങ്ങളെത്തുടര്‍ന്ന് റദ്ദാക്കിയപ്പോള്‍ വലഞ്ഞത് 29,000 പേരാണ്.  ജൂണ്‍ 25 മുതല്‍ 27 വരെ നടക്കേണ്ടിയിരുന്ന ജോയിന്റ് സി.എസ്.ഐ.ആര്‍. നെറ്റും മാറ്റിവച്ചു. രണ്ടു ലക്ഷത്തിലേറെ പേര്‍ രജിസ്റ്റര്‍ ചെയ്ത പരീക്ഷ മാറ്റിവച്ചത് അടിസ്ഥാനസൗകര്യങ്ങളിലെ പരിമിതി കണക്കിലെടുത്താണ്. ജൂണ്‍ 23 നു നടക്കേണ്ടിയിരുന്ന ദേശീയ മെഡിക്കല്‍ പിജി പ്രവേശനപ്പരീക്ഷയായ നീറ്റ് പി.ജി. മൂന്നാംവട്ടമാണ് നീട്ടിവച്ചത്. ഇതില്‍ ദുരിതമനുഭവിച്ചത് 228757 പേരാണ്.
പരിണതഫലങ്ങള്‍
നമ്മുടെ ഉന്നതവിദ്യാഭ്യാസസമ്പ്രദായത്തിന്റെ വിശ്വാസ്യതയും സുതാര്യതയും ചോദ്യം ചെയ്യപ്പെടുന്ന ദുരവസ്ഥയാണിത്. കഠിനാധ്വാനം ചെയ്തു പഠിക്കുന്ന കുട്ടികളെ പിന്നിലാക്കി അനര്‍ഹര്‍ ആനുകൂല്യങ്ങള്‍ നേടുന്നതു രാജ്യത്തിന്റെ ഗതിനിര്‍ണയിക്കേണ്ട തലമുറയില്‍ നൈരാശ്യം ഉളവാക്കുന്നതിനൊപ്പം പൗരന്മാര്‍ക്കു തുല്യനീതി ഉറപ്പാക്കുന്ന ഭരണഘടനയിലെ പതിനാലാം വകുപ്പിന്റെ ലംഘനംകൂടിയാണ്.
 തട്ടിപ്പിനു വഴിതെളിച്ചവര്‍ ഒരു തലമുറയ്ക്ക് സ്വന്തം രാജ്യത്തോടുള്ള വിശ്വാസമായിരുന്നു തകര്‍ത്തത്. നക്കാപ്പിച്ചയ്ക്കായി എത്ര കൊടിയ വഞ്ചനയ്ക്കും കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥവര്‍ഗം ക്രൂരമായി വഞ്ചിച്ചത് ഈ രാജ്യത്തു ജീവിക്കാന്‍ കൊതിക്കുന്ന ഒരു തലമുറയെയാണ്. രാഷ്ട്രത്തിന്റെ ജീവനാഡികളാവേണ്ട യുവതലമുറ രാജ്യംവിട്ടോടുന്നതിന്റെ കാരണങ്ങള്‍ക്കായി അധികമാഴത്തില്‍ ചികയേണ്ടതില്ല. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ മാനദണ്ഡം കഴിവല്ല, പണമാണ് എന്ന കളങ്കിതമാര്‍ഗം പൊതുജനാരോഗ്യത്തെ അപകടകരമാംവിധം ബാധിക്കുന്നതാണെന്ന സത്യം എല്ലാം മറച്ചുവയ്ക്കാന്‍ വെമ്പല്‍കൊള്ളുന്ന ഭരണവര്‍ഗം മനസ്സിലാക്കണം.
സര്‍ക്കാര്‍നടപടികള്‍ 
ദേശീയ പരീക്ഷാ ഏജന്‍സി മേധാവിയായ സുബോധ് കുമാര്‍ സിങ്ങിനെ നീക്കി ഇന്ത്യ ട്രേഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ പ്രദീപ്കുമാര്‍ ഖരോലയെ തല്‍സ്ഥാനത്ത് നിയമിച്ചു മുഖം രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായി. നീറ്റ് - യു.ജിയുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ സംബന്ധിച്ച കേസില്‍ സി.ബി.ഐ., എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബീഹാറിനു പുറമേ ജാര്‍ഖണ്ഡ്, ഗുജറാത്ത് സംസ്ഥാനങ്ങളും സിബിഐയുടെ അന്വേഷണപരിധിയില്‍ വരും. 
പൊതുപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാനുള്ള പരിഷ്‌കാരനിര്‍ദേശങ്ങള്‍ക്കായി ഐ.എസ്.ആര്‍.ഒ. മുന്‍ചെയര്‍മാന്‍ ഡോക്ടര്‍ കെ. രാധാകൃഷ്ണന്‍ അധ്യക്ഷനായി വിദ്യാഭ്യാസവിദഗ്ധരുടെ അഞ്ചംഗ ഉന്നതതലസമിതി രൂപീകരിച്ചു. രണ്ടു മാസത്തിനുള്ളില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ലോകത്തിലെതന്നെ ഏറ്റവും വലിയ പരീക്ഷാ ഏജന്‍സികളിലൊന്നായ എന്‍.ടി.എ. തങ്ങളുടെ മഹത്ത്വം തിരിച്ചറിയാന്‍ കഴിയാത്ത വെറുമൊരു കെട്ടുകാഴ്ചമാത്രമായി മാറിയിരിക്കുന്നു. സാങ്കേതികമുന്നേറ്റത്തെ വേണ്ടവിധം ഉപയോഗപ്പെടുത്താന്‍ അവര്‍ക്കു സാധിക്കുന്നില്ല. ചോദ്യപ്പേപ്പര്‍ തയ്യാറാക്കുന്നതുമുതല്‍ മൂല്യനിര്‍ണയംവരെയുള്ള വിവിധ ഘട്ടങ്ങളില്‍ എന്‍.ടി.എ. വന്‍പരാജയമായി മാറിയിരിക്കുകയാണ്. മത്സരപ്പരീക്ഷകളുടെ മാത്രമല്ല, രാജ്യത്തെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെയും അവിടെനിന്നു പുറത്തിറങ്ങുന്ന വിദ്യാര്‍ഥികളുടെയുംകൂടി വിശ്വാസ്യതയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)