''പെറുക്കി...'' എന്നും അയാളുടെ വിളിപ്പേര് അതായിരുന്നു.
പള്ളിപ്പറമ്പുകളുടെയും ഉത്സവപ്പറമ്പുകളുടെയും പിന്നാമ്പുറത്ത് അയാളുണ്ടായിരുന്നു. സദ്യവട്ടങ്ങള്‍ക്കുശേഷം എച്ചിലുകള്‍ക്കായി അയാള്‍ തലനീട്ടും. എല്ലാം പെറുക്കി തുരുമ്പിച്ച ഉന്തുവണ്ടിയില്‍ ചത്ത ശവശരീരങ്ങള്‍ കൂട്ടിയടുക്കുന്നതുപോലെ അടുക്കും. അവയില്‍ പൊട്ടിയൊലിക്കുന്നവയുമുണ്ടാകും. ഇലകള്‍ക്കിടയിലൂടെ ഒലിച്ചിറങ്ങുന്ന അവിയലിന്റ ഉച്ചിഷ്ടങ്ങള്‍... മാദകഫ്‌ളേവറുകള്‍ ചേര്‍ത്ത ഐസ്‌ക്രീം പഴച്ചാറുകള്‍... ആകെക്കൂടി മനംമടുപ്പിക്കുന്ന ഗന്ധം തിരിച്ചറിയാനാവാത്ത വിധം അയാളുടെ നാസാരന്ധ്രങ്ങളില്‍ അലയടിക്കും. അവയിങ്ങനെ ഇരച്ചുകയറി അടക്കിവച്ച വിശപ്പൊലികളെ തട്ടിയുണര്‍ത്തും. ആരുംകാണാതെ പകുതി ചവച്ച എല്ലിന്‍കഷണങ്ങള്‍ ഒന്നുകൂടി ചവച്ചുതുപ്പും അയാള്‍. അപ്പോഴും വിയര്‍പ്പുതുള്ളികള്‍ നെറ്റിത്തടത്തിലൂടെ ഓവുചാല്‍ തീര്‍ക്കുന്നുണ്ടാകും. വിയര്‍പ്പിന്റെ ഉപ്പുരസവും ആരുടെയൊക്കെയോ ഉമിനീരും ചേര്‍ന്ന് ആകെക്കൂടി ഒരവിഞ്ഞ സ്വാദ്. എങ്കിലും പെറുക്കിയല്ലേ. എല്ലാം വൃത്തിയാക്കുന്നവനായ കറുത്ത കാക്കയുടെ പണി.
ചില പൊതിക്കെട്ടുകള്‍ ശരീരസൗന്ദര്യം നോക്കുന്ന കൊച്ചമ്മമാര്‍... അപ്പാടെ കളഞ്ഞിരിക്കുന്നു. കൊടുക്കാം... അടിച്ചുതളിക്കാരിയായ ഭാര്യ അമ്മിണിക്ക്, ബാര്‍മുതലാളിയുടെ വിഴുപ്പലക്കി നടുവൊടിഞ്ഞ് വീട്ടിലിരുപ്പാണ്. വേണം കുഞ്ഞുങ്ങള്‍ക്കും... അയാള്‍ ധൃതിയില്‍ എച്ചില്‍കഷണങ്ങളില്‍ കുറേയെണ്ണം ട്രൗസറിന്റെ പോക്കറ്റിലാക്കി. ആരും കാണുന്നില്ലല്ലോ..? അയാള്‍ക്കു സമാധാനമായി.
''അച്ഛാ... അച്ഛന്റെ കൈയ്ക്ക് ഇന്നു നല്ല മണമാണല്ലോ'' മൂത്തവള്‍ എച്ചില്‍വാരിയ അയാളുടെ കൈകള്‍ മുഖത്തോടു ചേര്‍ത്തു. ''വേണ്ട...'' അയാള്‍ വിലക്കാന്‍ നോക്കി. ''ദേ.. കസാട്ടയുടെ നല്ല മണം. ദേ... കുഞ്ഞൂ...'' അവള്‍ ഉറക്കെ വിളിച്ചു. ഉമ്മറത്ത് എഞ്ചുവടി ഹൃദിസ്ഥമാക്കിക്കൊണ്ടിരുന്ന കുഞ്ഞരിപ്പല്ലുകാരി എല്ലാം നിര്‍ത്തി ചാടിയെണീറ്റു.
''കുഞ്ഞൂ... ഹായ് നല്ല കസാട്ടയുടെ, മോതിരവിരലിന് ബിരിയാണിയുടെ, ഹായ്... ഹായ്...'' അവളങ്ങനെ തുള്ളിച്ചാടുകയാണ്. ഉമ്മറത്തെ വടക്കേ ജനാലയിലെ കുശുത്ത തടിയിഴകളിലൊന്നില്‍ അയാള്‍ തൂക്കിയിരുന്ന വിയര്‍പ്പില്‍ കുതിര്‍ന്ന തോര്‍ത്തുമുണ്ടുകളിലൊരെണ്ണം കഴുത്തില്‍ ചുറ്റി അവളോടിവരുവാണ്...
ഉറക്കെവിളിച്ചുപറഞ്ഞുകൊണ്ട്:
''എനിക്കീ മണമാണ്, അച്ഛന്റെ വിയര്‍പ്പിന്റെ മണമാണ് ഏറെയിഷ്ടം.''
കഥ
വിയര്‍പ്പ്
