•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
എഡിറ്റോറിയല്‍

സാഹിത്യനഗരത്തിന് നമോവാകം!

  • ചീഫ് എഡിറ്റര്‍ & മാനേജിങ് ഡയറക്ടര്‍ : ഫാ. കുര്യന്‍ തടത്തില്‍
  • 4 July , 2024

ഇന്ത്യയിലെ ആദ്യസാഹിത്യനഗരമായി കോഴിക്കോട് അന്താരാഷ്ട്രസാഹിത്യഭൂപടത്തില്‍ മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നു.  കഴിഞ്ഞ വര്‍ഷത്തെ കേരളപ്പിറവിദിനത്തലേന്ന് അപ്രതീക്ഷിതമായെത്തിയ യുനെസ്‌കോ(യുണൈറ്റഡ് നേഷന്‍സ് എജ്യുക്കേഷണല്‍, സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍)യുടെ അംഗീകാരമുദ്രയ്ക്കു കിരീടം ചാര്‍ത്തപ്പെട്ടിരിക്കുന്നു. കോഴിക്കോടിനെ സാഹിത്യനഗരമെന്നു പേരു ചൊല്ലി വിളിക്കുന്ന ഔപചാരികപ്രഖ്യാപനം ജൂണ്‍ 23 ന് തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരകജൂബിലിഹാളില്‍ മന്ത്രി എം.ബി. രാജേഷ് നിര്‍വഹിച്ചപ്പോള്‍ അഭിമാനപുളകിതമായത് കോഴിക്കോടു മാത്രമല്ല, മലയാളിമക്കള്‍ മുഴുവനുമാണ്. സാംസ്‌കാരികവൈവിധ്യത്തിലും മതസൗഹാര്‍ദത്തിലും പുകള്‍പെറ്റ കോഴിക്കോട് സാഹിത്യത്തറവാട്ടുസ്വത്തിന്റെയും സ്വത്വബോധത്തിന്റെയും അക്ഷയഖനിയായും ചരിത്രത്തിലിടം നേടുകയാണ്.
      യുനെസ്‌കോയുടെ സാഹിത്യനഗരമെന്ന അംഗീകാരത്തിന് കോഴിക്കോട് തിരഞ്ഞെടുക്കപ്പെട്ടത് 2023 ഒക്‌ടോബര്‍ 31 നാണ്. ലോകത്തെ സര്‍ഗാത്മകനഗരങ്ങളുടെ പട്ടികയില്‍ യുനെസ്‌കോ പുതുതായി ചേര്‍ത്ത 55 സ്ഥലങ്ങളിലാണ് കോഴിക്കോടിനെയും ഉള്‍പ്പെടുത്തിയത്. നൂറിലേറെ രാജ്യങ്ങളില്‍നിന്നായി 350 നഗരങ്ങളാണ് ഇപ്പോള്‍ യുനെസ്‌കോയുടെ സര്‍ഗാത്മകനഗരങ്ങളുടെ പട്ടികയിലുള്ളത്. 2004 ല്‍ സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബറോയാണ് യുനെസ്‌കോയുടെ സാഹിത്യനഗരപദവി ലോകത്ത് ആദ്യം നേടുന്നത്. 
     2014 ല്‍ യുനെസ്‌കോയുടെ സാഹിത്യനഗരമെന്ന അംഗീകാരം ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനഗരമായ പ്രാഗ് (ജൃമഴൗല) നേടിയിരുന്നു. പ്രാഗ്  സര്‍വകലാശാലയിലെ ഗവേഷണവിദ്യാര്‍ഥി ലുഡ്മില കോഴിക്കോട് നഗരത്തിലെത്തി നടത്തിയ ഗവേഷണപഠനം കോഴിക്കോടിന്റെ അക്ഷരപ്രൗഢി വെളിപ്പെടുത്തുന്നതായിരുന്നു. അഞ്ഞൂറിലേറെ ഗ്രന്ഥശാലകളും എഴുപതിലേറെ പുസ്തക പ്രസാധകരുമുള്ള കോഴിക്കോടിനെ ലോകത്തിനുമുമ്പില്‍ വിളിച്ചറിയിച്ചതില്‍ ലുഡ്മിലയുടെ പങ്കു ചെറുതല്ല.  
      ഭാഷയെയും സാഹിത്യത്തെയും നെഞ്ചോടു ചേര്‍ത്തുപിടിച്ച നഗരമാണ് എക്കാലവും കോഴിക്കോട്. പുസ്തകച്ചന്തകള്‍, സാഹിത്യസാംസ്‌കാരികകൂട്ടായ്മകള്‍, ഭാഷാപഠനക്ലബുകള്‍ തുടങ്ങിയവ വര്‍ഷത്തില്‍ ഒട്ടേറെത്തവണ സംഘടിപ്പിക്കുന്ന ഒരു പാരമ്പര്യം കോഴിക്കോടിന് അവകാശപ്പെടാനുണ്ട്. കൊളംബിയന്‍ എഴുത്തുകാരന്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ് (1927-2014) കാന്‍സര്‍രോഗബാധിതനാണെന്ന് അറിഞ്ഞ കോഴിക്കോട്ടെ സാഹിത്യലോകം ഒരു പരിപാടി സംഘടിപ്പിച്ചു. മാര്‍ക്കേസിന് ആയുരാരോഗ്യം ആശംസിക്കാനും ആദരം അര്‍പ്പിക്കാനുമാണ് 2000 സെപ്റ്റംബറില്‍ കോഴിക്കോട്ടെ അളകാപുരിയില്‍ അവര്‍ ഒത്തുചേര്‍ന്നത്. വിശ്വം മുഴുവന്‍ ആരാധകരുള്ള മാര്‍ക്കേസിനെ ആദരിക്കാനും അദ്ദേഹത്തിന് രോഗശാന്തിനേരാനും കോഴിക്കോട്ടുകാര്‍ മറന്നില്ല എന്നത് അവരുടെ സാഹിത്യബോധത്തിന്റെയും ഹൃദയനന്മയുടെയും തെളിവായി കാണേണ്ടതാണ്. കോഴിക്കോടുനഗരത്തിലെ പൊതുപരിപാടികളില്‍ സാഹിത്യനായകരുടെയും സാഹിത്യപ്രതിഭകളുടെയും സാന്നിധ്യം നിര്‍ണായകഘടകമാണ്. സിനിമാരംഗത്തുള്ളവര്‍ക്കു കല്പിച്ചുനല്കിയ താരമൂല്യം സാഹിത്യപ്രതിഭകള്‍ക്കും എഴുത്തുകാര്‍ക്കും നല്കിയ ചരിത്രമുള്ള മണ്ണാണ് കോഴിക്കോടിന്റേത്. 
     എസ്.കെ. പൊറ്റെക്കാട്ട്, വൈക്കം മുഹമ്മദ് ബഷീര്‍, എം.ടി. വാസുദേവന്‍നായര്‍, തിക്കൊടിയന്‍, എന്‍.എന്‍. കക്കാട്, വത്സല, യു.എ. ഖാദര്‍ തുടങ്ങിയ അനേകമനേകം എഴുത്തുകാര്‍ കോഴിക്കോടിനെ കോള്‍മയിര്‍ കൊള്ളിച്ചിട്ടുണ്ട്. മണ്‍മറഞ്ഞ എഴുത്തുകാരുടെ സ്മാരകങ്ങള്‍, സാഹിത്യപൈതൃകമ്യൂസിയം, അവരുടെ എഴുത്തുകളുടെ പുതുവായനകള്‍ തുടങ്ങിയുള്ള ഒട്ടേറെ ഉത്തരവാദിത്വങ്ങള്‍ കോഴിക്കോടിനെ കാത്തിരിക്കുന്നുണ്ട്. പുസ്തകപ്രസാധകരെയും വായനക്കാരെയും ആകര്‍ഷിക്കാനുതകുന്ന നൂതനസംരംഭങ്ങള്‍ക്ക് സര്‍ക്കാരും മുനിസിപ്പല്‍ കോര്‍പ്പറേഷനും തുടക്കം കുറിക്കണം. പൈതൃകനഗരമാകുന്നതിന്റെ ആദ്യഘട്ടപ്രവര്‍ത്തനങ്ങള്‍ എന്ന നിലയില്‍ ലിറ്ററേച്ചര്‍ മ്യൂസിയം, വായനത്തെരുവ്, മലബാര്‍ ലിറ്റററി സര്‍ക്യൂട്ട്, പുസ്തകമൂലകള്‍, സാഹിത്യമത്സരങ്ങള്‍, പുസ്തകമേളകള്‍ എന്നിവ ഉടന്‍ ആരംഭിക്കുമെന്ന് കോര്‍പ്പറേഷന്‍ മേയര്‍ ഡോ. എം. ബീനാ ഫിലിപ്പ് പറഞ്ഞിരിക്കുന്നു. ആനക്കുളം സാംസ്‌കാരിനിലയം സാഹിത്യനഗരകേന്ദ്രമായി കൈതപ്രം ദാമോദരന്‍ നമ്പൂതിരി പ്രഖ്യാപിച്ചുകഴിഞ്ഞിരിക്കുന്നു. 
      അക്ഷരകലയ്ക്കു കിട്ടിയ ഈ സ്ഥാനലബ്ധി എഴുത്തിനെ സ്‌നേഹിക്കുന്ന എല്ലാ മലയാളികളുടെയും അഭിമാനവും ആഹ്ലാദവുമാണ്. വരുംനാളുകളില്‍ ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള എഴുത്തുകാര്‍ കോഴിക്കോട്ടെ സാഹിത്യഹൃദയഭൂമിയിലേക്ക് സംവദിക്കാനെത്തും. ആ അര്‍ഥത്തില്‍ സാഹിത്യനഗരംമാത്രമല്ല, സഹൃദയനഗരംകൂടിയായി കോഴിക്കോട് വായിക്കപ്പെടാന്‍ പോവുകയാണ്. 
ഇതൊക്കെയാണെങ്കിലും, സാഹിത്യനഗരമെന്ന അംഗീകാരമികവിനെ മലയാളികള്‍ വാനോളം വാഴ്ത്തിപ്പുകഴ്ത്തുമ്പോഴും, ആ ആഘോഷച്ചടങ്ങില്‍ പങ്കെടുക്കാനും പ്രഖ്യാപനം നടത്താനും ഏറ്റവും അര്‍ഹതയും യോഗ്യതയും ഉത്തരവാദിത്വവും ഉണ്ടായിരുന്ന മുഖ്യമന്ത്രി ചടങ്ങില്‍നിന്നു വിട്ടുനിന്നത്, ന്യായീകരണങ്ങള്‍ എന്തൊക്കെ നിരത്തിയാലും, മലയാളത്തിളക്കത്തിനും മലയാളികളുടെ ആഹ്ലാദാരവങ്ങള്‍ക്കും ചെറുതല്ലാത്ത മങ്ങലേല്പിച്ചുവെന്ന് വിമര്‍ശനമബുദ്ധ്യാ പറയേണ്ടിയിരിക്കുന്നു.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)