•  25 Apr 2024
  •  ദീപം 57
  •  നാളം 7
പുഴയൊഴുകും വഴി

യാങ്‌സി നദി

ഷ്യയിലെ ഏറ്റവും നീളമേറിയ നദിയാണ് ചൈനയിലെ യാങ്‌സി. നീളത്തിന്റെ കാര്യത്തില്‍ ലോകത്തില്‍ മൂന്നാംസ്ഥാനവും. ഒരു രാജ്യത്തിലൂടെ മാത്രം ഒഴുകുന്ന നദികളില്‍ ഏറ്റവും നീളമുള്ള നദിയെന്ന സ്ഥാനപ്പേരും യാങ്‌സിക്കു തന്നെ. ഏകദേശം 6300 കി.മീ. നീളം.
ചൈനയില്‍ ചാങ്ജിയാങ് എന്നും യാങ്‌സിക്കു വിളിപ്പേരുണ്ട്. നീളമുള്ള നദി എന്നാണ് ആ ചൈനീസ്‌വാക്കിനര്‍ത്ഥം. യാങ്‌സിനദീതടത്തിനു പതിനെട്ടു ലക്ഷത്തിലേറെ ചതുരശ്ര കി.മീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. അതായത്, ചൈനയുടെ അഞ്ചിലൊന്നു പ്രദേശമെന്നു ചുരുക്കം.  ചൈനയിലെ ഏതാണ്ട് മൂന്നിലൊന്നു ജനങ്ങള്‍ താമസിക്കുന്നതും യാങ്‌സിയുടെ തീരപ്രദേശങ്ങളിലാണ്.
ചൈനയുടെ ചരിത്രം, സംസ്‌കാരം, സാമ്പത്തികരംഗം എന്നിവയുമായി അഭേദ്യബന്ധമുള്ള യാങ്‌സിനദി ടിബറ്റന്‍ പീഠഭൂമിയുടെ കിഴക്കന്‍പ്രദേശത്തുനിന്നാണുദ്ഭവിക്കുന്നത്. അഗാധമായ മലയിടുക്കുകളിലൂടെ ഒഴുകുന്ന യാങ്‌സിനദിക്കു ചിലയിടങ്ങളില്‍ 150 മുതല്‍ 180 മീറ്റര്‍ വരെ ആഴം കാണാം. ലോകത്തിലെതന്നെ ആഴം കൂടിയ നദികളിലൊന്നായ യാങ്‌സി, ഷാങ്ഹായ് എന്ന സ്ഥലത്തുവച്ച് ഈസ്റ്റ് ചൈന കടലില്‍ ചേരുന്നു. എട്ട് പ്രധാന പോഷകനദികളും മറ്റനേകം ചെറുപുഴകളും ഈ നദിക്കുണ്ട്. യാലോങ്, മിന്‍, ജിയാലിങ്, ഹാന്‍ തുടങ്ങിയവയാണ് പ്രധാനപോഷകനദികള്‍.
ചൈനയുടെ ചരിത്രത്തില്‍ ഉടനീളം യാങ്‌സി കരകവിഞ്ഞൊഴുകി ഒട്ടേറെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. പില്‍ക്കാലത്ത് യാങ്‌സിയിലെ വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ ഒട്ടനവധി ഡാമുകള്‍ നിര്‍മ്മിക്കപ്പെട്ടു. 2006 ല്‍ പൂര്‍ത്തിയായ ത്രീ ഗോര്‍ജസ് ഡാം അതില്‍ വളരെ പ്രധാനം. ലോകത്തെ ഏറ്റവും വലിയ ജലസേചനപദ്ധതികൂടിയാണത്.

 

Login log record inserted successfully!