പാലാ രൂപത പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം ജൂലൈ 26 ന്
ഭരണങ്ങാനം: ഭാരതത്തിന്റെ പ്രഥമവിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ഥാടനകേന്ദ്രത്തില്‍ ജൂലൈ 19 ന് തുടക്കംകുറിക്കും. 28 വരെയാണു തിരുനാള്‍.
തിരുനാളിനോടനുബന്ധിച്ച് പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയുടെ ഉദ്ഘാടനവും തീര്‍ഥാടനകേന്ദ്രത്തില്‍ നടക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, കര്‍ദിനാള്‍മാരായ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, മാര്‍ ജോര്‍ജ് ആലഞ്ചേരി എന്നിവരും വിവിധ രൂപതകളിലെ 11 ബിഷപ്പുമാരും തിരുനാള്‍ ദിവസങ്ങളില്‍ വിശുദ്ധകുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും. 19 മുതല്‍ 27 വരെ എല്ലാ ദിവസവും വൈകുന്നേരം 6.15 ന് ഭരണങ്ങാനത്തെ ഭക്തിസാന്ദ്രമാക്കുന്ന ജപമാല-മെഴുകുതിരിപ്രദക്ഷിണവുമുണ്ട്.
19 നു രാവിലെ 11.15 ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാളിനു കൊടിയേറ്റും. തുടര്‍ന്ന്, ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം വിശുദ്ധകുര്‍ബാനയര്‍പ്പിച്ചു സന്ദേശം നല്‍കും.
19 മുതല്‍ 27 വരെ എല്ലാ ദിവസവും പുലര്‍ച്ചെ 5.30, 6.45, 8.30, 10, 11.30 ഉച്ചകഴിഞ്ഞ് 2.30, വൈകുന്നേരം നാല്, അഞ്ച്, രാത്രി ഏഴ് എന്നീ സമയങ്ങളില്‍ വിശുദ്ധകുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കും. പ്രധാന തിരുനാള്‍ദിനമായ 28 നു പുലര്‍ച്ചെ 4.45 മുതല്‍ രാത്രി 9.30 വരെ ഓരോ മണിക്കൂറിലും വിശുദ്ധകുര്‍ബാനയുണ്ടായിരിക്കും.
24 ന് രാവിലെ 11.30 ന് സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ വിശുദ്ധകുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും.
27 ന് വൈകുന്നേരം 6.30 ന് അല്‍ഫോന്‍സാമ്മയുടെ മഠത്തിലേക്കു ജപമാലപ്രദക്ഷിണം. പ്രധാന തിരുനാള്‍ദിനമായ 28 ന് രാവിലെ 6.45 ന് നെയ്യപ്പനേര്‍ച്ചവെഞ്ചരിപ്പും തുടര്‍ന്ന് നേര്‍ച്ചവിതരണവും ആരംഭിക്കും. രാവിലെ 10.30 ന് ഇടവകപ്പള്ളിയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശുദ്ധകുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും. തുടര്‍ന്ന് 12.30 ന് തിരുനാള്‍പ്രദക്ഷിണം.
പാലാ രൂപത പ്ലാറ്റിനം ജൂബിലി
ഭരണങ്ങാനം: പ്ലാറ്റിനം ജൂബിലിവര്‍ഷത്തിലേക്കു കടക്കുന്ന പാലാ രൂപതയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലിയാഘോഷത്തിന് ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് തുടക്കമാകും. ജൂലൈ 26 ന് ഉച്ചകഴിഞ്ഞ് മൂന്നിന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ തീര്‍ഥാടനകേന്ദ്രത്തില്‍ വിശുദ്ധകുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കി ജൂബിലിയാഘോഷം ഉദ്ഘാടനം ചെയ്യും. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ എന്നിവര്‍ക്കൊപ്പം രൂപതയിലെ എല്ലാ വൈദികരും വിശുദ്ധകുര്‍ബാനയില്‍ സഹകാര്‍മികരാകും.