•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
എഡിറ്റോറിയല്‍

ഇനിയും അരുതേ ഈ ഗുരുനിന്ദകള്‍!

  • ചീഫ് എഡിറ്റര്‍ & മാനേജിങ് ഡയറക്ടര്‍ : ഫാ. കുര്യന്‍ തടത്തില്‍
  • 18 July , 2024

വിദ്യാര്‍ഥിരാഷ്ട്രീയം കലാപകലുഷിതമാക്കുന്ന കലാലയങ്ങള്‍ കേരളത്തിലല്ലാതെ ലോകത്തു മറ്റൊരിടത്തുമുണ്ടെന്നു തോന്നുന്നില്ല. മാനവികതയുടെയും ജനാധിപത്യത്തിന്റെയും മൂല്യശ്രേണികളിലൂടെ കാമ്പസുകളില്‍ സംവാദത്തിന്റെ ആരോഗ്യപാഠങ്ങള്‍ അഭ്യസിക്കേണ്ട നമ്മുടെ കുട്ടികളില്‍ വെറുപ്പിന്റെ രാഷ്ട്രീയം വേരുപിടിച്ചു തഴച്ചുവളര്‍ന്നുകൊണ്ടിരിക്കുന്നു. പ്രതികാരരാഷ്ട്രീയത്തിന്റെ വൈറസുകളെ വിദ്യാര്‍ഥിമനസ്സുകളില്‍ കടത്തിവിട്ട് അവരെ അക്രമത്തിലേക്കും അരാജകത്വത്തിലേക്കും വലിച്ചിഴയ്ക്കുന്നതു നാം കണ്ടുകൊണ്ടിരിക്കുന്ന യാഥാര്‍ഥ്യമാണ്. 

     മാതാപിതാഗുരുദൈവം എന്നു സകലരും വാഴ്ത്തിനമിച്ച ആര്‍ഷഭാരതചിന്ത ഇന്നു പഴഞ്ചൊല്ലുമാത്രമായി പരിണമിച്ചിരിക്കുന്നു! മാതാപിതാക്കളുടെ സ്ഥിരസ്ഥാനീയ രക്ഷാകര്‍ത്തൃത്വത്തിന്റെ മുകളില്‍ രാഷ്ട്രീയയജമാനന്മാരെ പൂവിട്ടുപൂജിക്കുന്ന വിപ്ലവാഹ്വാനങ്ങള്‍ വിദ്യാര്‍ഥിമനസ്സുകളില്‍ ബലപ്പെട്ടുകഴിഞ്ഞിരിക്കുന്നു! ഗുരുക്കന്മാരെയും ഗുരുസ്ഥാനീയരെയും ആദരവോടെ നോക്കിക്കണ്ടിരുന്ന കാലങ്ങളൊക്കെ ഇനി പഴങ്കഥകള്‍മാത്രമാകുമോയെന്നും നാം ഭയപ്പെട്ടുപോകുന്നു. നമ്മുടെ കുട്ടികളുടെ ചിന്തയിലും ശൈലികളിലും അനാരോഗ്യകരമായ കുറേയേറെ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നുവെന്നത് നമ്മെ ചിന്തിപ്പിക്കുന്നതും നൊമ്പരപ്പെടുത്തുന്നതുമാണ്. 
     എറണാകുളം മഹാരാജാസ്, പാലക്കാട് ഗവ. വിക്‌ടോറിയ, കാസര്‍കോട് ഗവ. കോളജ് എന്നിവിടങ്ങളിലൊക്കെ പ്രിന്‍സിപ്പല്‍മാര്‍ക്കു നേരേയുണ്ടായ അതിക്രമങ്ങളുടെ അഭിശപ്തമായ ഓര്‍മകളില്‍നിന്നു കേരളം കരകയറുന്നതിനുമുമ്പേ വീണ്ടുമിതാ വിദ്യാര്‍ഥിരാഷ്ട്രീയത്തിന്റെ നെറികേടുകള്‍ വാര്‍ത്തയായി വരുന്നു. കോഴിക്കോടുജില്ലയിലെ കൊയിലാണ്ടി ഗുരുദേവ കോളജില്‍ അരങ്ങേറിയ ഗുരുനിന്ദ മര്യാദയുടെ സകല സീമകളും ലംഘിക്കുന്നതായിരുന്നു. പ്രിന്‍സിപ്പലിനെയും സഹാധ്യാപകനെയും ഒരു സംഘം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൈയേറ്റംചെയ്തതും, വേണ്ടിവന്നാല്‍ പ്രിന്‍സിപ്പലിന്റെ ദേഹത്ത് അടുപ്പുകൂട്ടുമെന്ന ഡിവൈഎഫ്‌ഐയുടെ ഭീഷണിയും ഗുരുനിന്ദയുടെ ഒടുവിലത്തെ ഉദാഹരണമാണ്. കോളജില്‍ ബിരുദപ്രവേശനത്തിനെത്തുന്നവര്‍ക്കായി ഹെല്‍പ് ഡെസ്‌ക് സ്ഥാപിക്കാന്‍ എസ്എഫ്‌ഐ ശ്രമിച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്കു നയിച്ചത്. പരിക്കേറ്റ പ്രിന്‍സിപ്പലിനെ ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍പോലും അനുവദിച്ചില്ലെന്നും പിന്നീട് മറ്റ് അധ്യാപകരുടെ ഇടപെടലിനെത്തുടര്‍ന്നാണ് ആശുപത്രിയിലേക്കു മാറ്റിയെന്നുമാണ് അറിയാന്‍ കഴിഞ്ഞത്. കോളജുവിദ്യാര്‍ഥികളല്ല, പുറത്തുനിന്നെത്തിയ രാഷ്ട്രീയഗുണ്ടകളാണ് തങ്ങളെ ആക്രമിച്ചതെന്നുള്ള പ്രിന്‍സിപ്പലിന്റെ ഭാഷ്യം നമ്മുടെ കാമ്പസുകളെ വരുതിയില്‍ നിറുത്തുന്ന രാഷ്ട്രീയരക്ഷാകര്‍ത്തൃത്വത്തിന്റെ നെറികെട്ട തേര്‍വാഴ്ചയുടെ നേര്‍സാക്ഷ്യമാണെന്നത് നാം ഗൗരവബുദ്ധ്യാ നിരീക്ഷിക്കേണ്ടതാണ്. 
പാലക്കാട് വിക്‌ടോറിയ കോളജില്‍ 2016 ല്‍ വനിതാപ്രിന്‍സിപ്പലിന്റെ റിട്ടയര്‍മെന്റുദിനത്തിലാണ് ഒരു സംഘം വിദ്യാര്‍ഥികള്‍ അവര്‍ക്കു കുഴിമാടമൊരുക്കി റീത്തുവച്ചത്. 2017 ലാണ് എറണാകുളം മഹാരാജാസ് കോളജില്‍ വിദ്യാര്‍ഥിസംഘടനക്കാര്‍ പ്രിന്‍സിപ്പലിന്റെ കസേര പ്രധാന കവാടത്തിനുമുന്നില്‍ കത്തിച്ചത്. വനിതാപ്രിന്‍സിപ്പലിനെ യാത്രയയയ്ക്കുന്ന ചടങ്ങിനിടെ അവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് കാമ്പസില്‍ പോസ്റ്റര്‍ പതിച്ചത് 2018 ല്‍ കാസര്‍കോടുജില്ലയിലെ കാഞ്ഞങ്ങാട് നെഹ്‌റുകോളജിലാണ്. 31 വര്‍ഷം നെഹ്‌റുകോളജില്‍ അധ്യാപികയും രണ്ടു വര്‍ഷം പ്രിന്‍സിപ്പലുമായിരുന്ന വ്യക്തിയുടെ യാത്രയയപ്പുചടങ്ങിനിടെയായിരുന്നു ഈ സംഭവമെന്ന് ഓര്‍മിക്കണം. മക്കളെപ്പോലെ സ്‌നേഹിച്ച വിദ്യാര്‍ഥികളില്‍നിന്നുണ്ടായ ഇത്തരം നെറികെട്ട പ്രതിഷേധം തന്നെ വല്ലാതെ നൊമ്പരപ്പെടുത്തിയെന്ന് പ്രിന്‍സിപ്പല്‍ അന്നു മാധ്യമങ്ങളോടു പറഞ്ഞു. 
     ആചാര്യന്മാരെ ദേവതുല്യരായി കാണണമെന്നു പഠിപ്പിക്കുന്ന നമ്മുടെ നാട്ടിലെ കലാലയങ്ങളിലാണ് ഇത്തരം ആഭാസങ്ങള്‍ അരങ്ങുതകര്‍ക്കുന്നത്. കലാലയരാഷ്ട്രീയവും സംഘടനാപ്രവര്‍ത്തനങ്ങളും ആരെയും ഒന്നിനെയും തകര്‍ക്കുകയും തച്ചുടയ്ക്കുകയുമല്ല, സര്‍ഗാത്മകമായ സത്പ്രവൃത്തികളിലേക്കും ഹൃദയനവീകരണത്തിലേക്കും വഴിതുറക്കുകയാണു വേണ്ടത്. ഈശ്വരചിന്തയും സഹോദരസ്‌നേഹവും സഹിഷ്ണുതയും സമഭാവനയുമൊക്കെ വിരിയാന്‍ കാമ്പസുകളിലെ വിദ്യാര്‍ഥിസംഘടനാപ്രവര്‍ത്തനങ്ങള്‍ കാരണമാകണം. ജനാധിപത്യമതേതരചിന്തകളും മൂല്യബോധവും അരക്കിട്ടുറപ്പിക്കുന്ന ക്രിയാത്മകചര്‍ച്ചകളും സംവാദങ്ങളുമാണ് കുട്ടികളെ നല്ല പൗരന്മാരും നല്ല നേതാക്കന്മാരും ഭാവിയിലെ നല്ല ഭരണകര്‍ത്താക്കളുമാക്കിത്തീര്‍ക്കുന്നത്. അത്തരം കാഴ്ചപ്പാടുകളിലേക്കാണ് വിദ്യാര്‍ഥിരാഷ്ട്രീയത്തിന്റെ രക്ഷാകര്‍ത്തൃത്വം പേറി നടക്കുന്നവര്‍ വിദ്യാര്‍ഥികളെ വഴിനടത്തേണ്ടത്. വെറുപ്പിന്റെ വൈറസുകളെ പരത്തുന്ന ഹിംസാത്മകപ്രവണതകളും ചോരരാഷ്ട്രീയവും എന്തുവില കൊടുത്തും ചെറുത്തുതോല്പിക്കാന്‍ വിദ്യാഭ്യാസപ്രവര്‍ത്തകരും അധ്യാപകരും പൊതുസമൂഹവും കൈകോര്‍ക്കണം. ക്രിമിനലുകളെ പോറ്റിവളര്‍ത്തുന്ന ഇടിമുറിവിപ്ലവങ്ങള്‍ക്കു വാഴ്ചയൊരുക്കുന്ന 'രാഷ്ട്രീയഗുരുക്കന്മാരെ' നിലയ്ക്കുനിര്‍ത്താനുള്ള ആര്‍ജവം സര്‍ക്കാരിനോ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കോ ഇല്ലെങ്കില്‍ കോടതികള്‍ക്കെങ്കിലും ഉണ്ടാവേണ്ടേ? നാളിതുവരെയുള്ള വിദ്യാര്‍ഥിരാഷ്ട്രീയത്തിന്റെ അപചയങ്ങളില്‍നിന്നു പാഠങ്ങളുള്‍ക്കൊണ്ട് സ്വയം വിമര്‍ശനം നടത്താനും തിരുത്തല്‍ശക്തിയാകാനും വിദ്യാര്‍ഥിസംഘടനകളെ ബോധവത്കരിക്കാനുള്ള ഇച്ഛാശക്തി രാഷ്ട്രീയനേതൃത്വത്തിലുള്‍പ്പെടെയുള്ള ഉത്തരവാദിത്വപ്പെട്ടവര്‍ക്ക് ഉണ്ടാകട്ടെ. 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)