•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
എഡിറ്റോറിയല്‍

കണ്ണീരൊപ്പാം കരങ്ങള്‍ കോര്‍ക്കാം

  • ചീഫ് എഡിറ്റര്‍ & മാനേജിങ് ഡയറക്ടര്‍ : ഫാ. കുര്യന്‍ തടത്തില്‍
  • 15 August , 2024

    കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തത്തിനുമുമ്പില്‍ ഞെട്ടിത്തകര്‍ന്നിരിക്കുകയാണ് രാജ്യവും ലോകമെമ്പാടുമുള്ള മലയാളികളും. വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലുമുണ്ടായ ഉരുള്‍പൊട്ടലിനെ പിറ്റേദിവസം (ജൂലൈ 31) എല്ലാ പ്രമുഖ പത്രങ്ങളും വിശേഷിപ്പിച്ചത് ഒരേ ശീര്‍ഷകത്തിലായിരുന്നു - ഉള്ളുപൊട്ടി... അതേ, ഒരൊറ്റ രാത്രികൊണ്ട് ഒരു നാടാകെ നാമാവശേഷമായത് ആരുടെയും ഉള്ളുലയ്ക്കുന്നതാണ്. പിഴുതെറിയപ്പെട്ട ഒട്ടനവധി കുടുംബങ്ങളുടെ കരള്‍പിളര്‍ക്കുന്ന ദുരനുഭവങ്ങള്‍ക്കും ഓര്‍മകള്‍ക്കുംമുന്നില്‍ കണ്ണീരണിഞ്ഞ് കൈകൂപ്പിനില്‍ക്കുകയാണ് കൊച്ചുകേരളം.
    2018 ലെ പ്രളയത്തിനുശേഷം കേരളം നേരിടുന്ന ഏറ്റവും വലിയ ആഘാതമാണിത്. 2019 ഓഗസ്റ്റ് എട്ടിന് വയനാട്ടിലെ  പുത്തുമലയിലും അന്നുതന്നെ മലപ്പുറത്തെ കവളപ്പാറയിലും, 2020 ഓഗസ്റ്റ് ആറിന് ഇടുക്കി പെട്ടിമുടിയിലും ഉണ്ടായ ഉരുള്‍പൊട്ടലുകള്‍ നമുക്കു നടുക്കുന്ന ഓര്‍മകളാണ്. 
     ദുരന്തമുഖത്തു പകച്ചുനില്‍ക്കാതെ അതിജീവനത്തിനായി കൈകോര്‍ക്കേണ്ട സമയമാണിത്. സൈന്യവും ദേശീയ ദുരന്തനിവാരണവിഭാഗവും അഗ്നിരക്ഷാസേനയും പൊലീസും വനംവകുപ്പുദ്യോഗസ്ഥരുമൊക്കെ ദുരന്തഭൂമിയില്‍ നടത്തിയത് കൈമെയ് മറന്നുള്ള രക്ഷാപ്രവര്‍ത്തനമാണെന്ന് ഇവിടെ സ്മരിക്കാതിരിക്കാനാവില്ല. കുതിച്ചെത്തിയ മലവെള്ളപ്പാച്ചില്‍ വകവയ്ക്കാതെ ആദ്യമണിക്കൂറുകളില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ നല്ലവരായ നാട്ടുകാരുടെ മനോധൈര്യത്തെയും എത്ര പ്രശംസിച്ചാലും മതിയാവില്ല. ഇപ്പോള്‍ മാത്രമല്ല, ഇനിയങ്ങോട്ട് കരുതലിന്റെ വികാരവായ്‌പോടെ കേരളം ഒന്നിച്ചൊഴുകാന്‍ കാലം നിര്‍ബന്ധിക്കുന്നു. ജീവിതം പാതിവഴിയില്‍ നിലച്ചുപോയവരെ തിരികെക്കൊണ്ടുവരാന്‍ ജാതിമതഭേദമെന്യേ, കക്ഷിരാഷ്ട്രീയമാത്സര്യമില്ലാതെ സാഹോദര്യച്ചരടില്‍ സകലമനുഷ്യരും ഒന്നിച്ചുകെട്ടപ്പെടേണ്ട മാനവികതയുടെ കാലമാണിത്. 
     വയനാട് ദുരന്തത്തലകപ്പെട്ടവര്‍ക്ക് സുരക്ഷിതമായ മറ്റൊരു പ്രദേശം കണ്ടെത്തി ടൗണ്‍ഷിപ്പ് നിര്‍മിച്ച് പുനരധിവസിപ്പിക്കുമെന്നും സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞതില്‍ വിശ്വാസമര്‍പ്പിക്കുകയാണു കേരളം. അടിയന്തരസ്വഭാവത്തോടെയുള്ള പുനരധിവാസപാക്കേജ് സര്‍ക്കാരിന്റെമുമ്പില്‍ വലിയ വെല്ലുവിളിയാണെങ്കിലും, രാജ്യത്തിനകത്തും പുറത്തുംനിന്നായിഅനേകം സഹായഹസ്തങ്ങള്‍ കൈകോര്‍ക്കുന്നത് ആശ്വാസദായകമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലക്ഷങ്ങളും കോടികളുമാണ് ഒഴുകിയെത്തുന്നത്. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് നൂറു വീടുകള്‍ നിര്‍മിച്ചുനല്കുമെന്ന് കെ.സി.ബി.സി. പറഞ്ഞുകഴിഞ്ഞു. സമാനമായ സഹായപദ്ധതികളുമായി സന്നദ്ധസംഘടനകളും പ്രസ്ഥാനങ്ങളും വ്യക്തികളും രംഗത്തെത്തിയത് പ്രതീക്ഷയുണര്‍ത്തുന്ന കാര്യമാണ്.  
     മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് ഉദാരമായി സംഭാവന നല്‍കണമെന്ന് പ്രതിപക്ഷവും ജനങ്ങളെ ബോധവത്കരിച്ചുകഴിഞ്ഞു. പക്ഷേ, ഒന്നുകൂടി അവര്‍ തറപ്പിച്ചു പറയുന്നുണ്ട്. അതു മറ്റൊന്നുമല്ല, പണം കൈകാര്യം ചെയ്യുന്നതില്‍ സുതാര്യത വേണം. അതു പറയാനുള്ള അവകാശം അവര്‍ക്കുണ്ട്, അതവരുടെ ഉത്തരവാദിത്വമാണുതാനും. ദുരിതാശ്വാസനിധിയിലേക്കു ലഭിക്കുന്ന ധനസഹായത്തിന്റെ ലിസ്റ്റ് സകലമാധ്യമങ്ങളിലും പരസ്യപ്പെടുത്തുന്നതില്‍ കാണിക്കുന്ന ഉത്സാഹം  ധനവിനിയോഗത്തിന്റെ കാര്യത്തിലും ഉണ്ടാവണമെന്നാണ് പൊതുവികാരം. 
      നാട്ടിലെ റോഡ്, പാലം പണികളുടെ അവസ്ഥയും ഇതില്‍നിന്നു ഭിന്നമല്ല. ഫണ്ടുതുക രാഷ്ട്രീയക്കാര്‍ കവലതോറും പരസ്യപ്പെടുത്തി കൊട്ടിഘോഷിച്ചാല്‍പ്പോരാ, ഫണ്ട് വിനിയോഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നുള്ളത് കാലങ്ങളായുള്ള ജനങ്ങളുടെ ആവശ്യമാണ്. വരവുചെലവു കണക്കുകള്‍ സത്യസന്ധമായി അവതരിപ്പിക്കാനുള്ള ജനാധിപത്യമര്യാദയും ആത്മാര്‍ഥതയും രാഷ്ട്രീയക്കാര്‍ പ്രകടിപ്പിക്കാതെ വരുമ്പോഴാണ് ജനം പൊറുതിമുട്ടി കല്ലെറിയേണ്ടിവരുന്നത്. ഇതേ പ്രതികരണരീതി ദുരിതാശ്വാസനിധിയെക്കുറിച്ചും ഉന്നയിക്കുക സ്വാഭാവികം. 
     പ്രളയവും മഹാമാരിയുമെല്ലാം അനുഭവിക്കുന്നവര്‍  നാളിന്നോളം സര്‍ക്കാരിന്റെ മുമ്പില്‍ കണ്ണീരൊഴുക്കിയതിനും സങ്കടഹര്‍ജി ബോധിപ്പിച്ചതിനും കൈയോ കണക്കോ ഇല്ല. ഒന്നിനും ശാശ്വതമായ പരിഹാരമുണ്ടാകുന്നില്ല എന്നുള്ളതാണ് പഴയ ചില ദുരനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. കൊട്ടിഘോഷിക്കപ്പെടുന്ന പല പുനരധിവാസപദ്ധതികളും ഫയലുകളില്‍ കുരുങ്ങി പൊടിപിടിച്ച കഥകളും കേരളം കേട്ടിട്ടുണ്ട്. സര്‍ക്കാര്‍ തീരുമാനങ്ങളുടെ മെല്ലെപ്പോക്കുനയങ്ങളും കക്ഷിരാഷ്ട്രീയക്കൂറുകളും ദുരിതബാധിതരുടെ മുമ്പിലും പുനരധിവാസപദ്ധതികളിലും ആവര്‍ത്തിക്കരുത് എന്നോര്‍മിപ്പിക്കാനാണ് ഇത്രയുമൊക്കെ എഴുതേണ്ടിവരുന്നത്. 
     രാജ്യത്ത് ഉരുള്‍പൊട്ടലുണ്ടാകുന്ന പത്തൊമ്പതു സംസ്ഥാനങ്ങളില്‍ കേരളംആറാം സ്ഥാനത്താണെന്നാണ് ഐ.എസ്.ആര്‍.ഒ.യുടെ പുതിയ റിപ്പോര്‍ട്ട്. അതിതീവ്രമഴ, പ്രളയം, ഭൂകമ്പം, ചെരിഞ്ഞപ്രദേശത്തെ മണ്ണെടുപ്പ്, മണ്ണിട്ടുനികത്തല്‍, അശാസ്ത്രീയവികസനപ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ഉരുള്‍പൊട്ടലിനുള്ള മുഖ്യകാരണങ്ങള്‍. വയനാട്ടിലെ പതിമ്മൂന്നുവില്ലേജുകള്‍ അടക്കം കേരളത്തിലെ 9993.7 ചതുരശ്രകിലോമീറ്റര്‍ പ്രദേശം പരിസ്ഥിതിലോലമേഖലയായി ശിപാര്‍ശ ചെയ്ത് കേന്ദ്രസര്‍ക്കാര്‍ ജൂലൈ 31 ന് കരടുവിജ്ഞാപനം പുറത്തിറക്കി.
     കാലാവസ്ഥാമാറ്റവും മഴയുടെ സ്വഭാവത്തിന്റെ വ്യത്യാസവും പരിസ്ഥിതിലോലമേഖലയിലുള്ളവര്‍ക്ക് ഇനിയങ്ങോട്ടു ഭീഷണിതന്നെയാണ്. ഇത്തരം ദുരന്തങ്ങള്‍ നേരിടുന്നതിന് ഒരുങ്ങിയിരിക്കണമെന്ന ഓര്‍മപ്പെടുത്തലാണ് നമുക്കു മുമ്പിലുള്ളത്. മഴയുടെ അളവും ക്രമവും രൂപവുമൊക്കെ മുന്‍കൂട്ടി മനസ്സിലാക്കാനുള്ള ശാസ്ത്രീയരീതികള്‍ കാര്യക്ഷമമാക്കുകയാണു വേണ്ടത്. പ്രകൃതിദുരന്തങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകളും അതിന്‍പ്രകാരമുള്ള മാറ്റിപ്പാര്‍പ്പിക്കലും പ്രതിരോധവും അത്യന്തം കാര്യക്ഷമമാക്കാന്‍ സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുകളും കണ്ണിലെണ്ണയൊഴിച്ച് ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത് അടിയന്തരാവശ്യമായിരിക്കുന്നു. പ്രകൃതിയുടെ വികൃതികളെ തടഞ്ഞുനിര്‍ത്താന്‍ നമുക്കാവില്ലെങ്കിലും അവയുടെ ആഘാതം ലഘൂകരിക്കാനെങ്കിലുമുള്ള കൂട്ടായ പരിശ്രമങ്ങളിലും പഠനങ്ങളിലും പ്രതിരോധപ്രവര്‍ത്തനങ്ങളിലും സര്‍ക്കാരിനൊപ്പം നമുക്കും പങ്കുചേരാം.

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)