ന്യൂഡല്‍ഹി: പ്രശസ്ത ഭരതനാട്യം, കുച്ചിപ്പുഡി നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി (84) അന്തരിച്ചു. ഓഗസ്റ്റ് 3 ശനിയാഴ്ച വൈകിട്ടായിരുന്നു അന്ത്യം.
ന്യൂഡല്‍ഹി ഹോസ്ഖാസില്‍ യാമിനി സ്‌കൂള്‍ ഓഫ് ഡാന്‍സ് എന്ന നൃത്തവിദ്യാലയം നടത്തി വരികയായിരുന്നു അവര്‍. ഏഴുമാസമായി യാമിനി അപ്പോളോ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.
ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ മദനപ്പള്ളിയില്‍ കൃഷ്ണമൂര്‍ത്തി-ലക്ഷ്മിദമ്പതിമാരുടെ മകളായി 1940 ഡിസംബര്‍ 20 ന് ജനനം. അവിവാഹിതയാണ്. 2016 ല്‍ രാജ്യം പദ്മവിഭൂഷണ്‍ നല്കി ആദരിച്ചു.
രമാ വൈദ്യനാഥനുള്‍പ്പെടെ ഒട്ടേറെ പ്രശസ്തരായ ശിഷ്യസമ്പത്തിന് ഇവര്‍ ഉടമയാണ്. 28-ാം വയസ്സില്‍ പദ്മശ്രീ നേടിയ യാമിനി ചെറുപ്രായത്തില്‍ ഈ ബഹുമതി നേടുന്ന ആദ്യകലാകാരിയായി. കേന്ദ്രസംഗീതനാടക അക്കാദമി പുരസ്‌കാരമുള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ അവരെ തേടിയെത്തി. കേരളത്തില്‍ സൂര്യ നൃത്തസംഗീതവേദിയിലടക്കം പല തവണ നൃത്തമവതരിപ്പിച്ചിട്ടുണ്ട്.